top of page

പാരഡൈസ് ലോസ്റ്റ്

Jan 1, 2011

4 min read

സഗ
Image : Global Pollution
Image : Global Pollution

ദൈവം ആദ്യം സൃഷ്ടിച്ചത് ആകാശമാണ്. ഏകവും അനാദിയും അനന്തവുമാണ് അത്. ദൈവം പിന്നെ ഭൂമിയുണ്ടാക്കി. ആകാശം ഭൂമിക്കുമേല്‍ ദൈവം നിവര്‍ത്തിയ സുരക്ഷയുടെ കുടയാകുന്നു. സമാധാനവും സൗഖ്യവും ഭൂമിയിലെത്തിയത് ആകാശത്തുനിന്നാണ്. ഇപ്പോള്‍ ആകാശത്ത് അതിരുകളുണ്ട്. ആകാശാതിര്‍ത്തി ലംഘനം വലിയ കുറ്റമാണ്. അതിനാല്‍ യുദ്ധങ്ങള്‍ പോലുമുണ്ടാവാം. ആകാശം വിണ്ടുകീറി വികൃതമായി. ആകാശത്ത് മാലിന്യം നിറഞ്ഞിരിക്കുന്നു. ആഗോളമലിനീകരണമാണ് ഇക്കാലത്തെ മുഖ്യപ്രശ്നം. ആഗോളതാപന ചര്‍ച്ചകള്‍ എങ്ങുമെത്തിയിട്ടില്ല. അതിപ്പോഴും പെരുവഴിയില്‍ത്തന്നെ. അശുദ്ധിനിറഞ്ഞ ആകാശത്ത് ദൈവം കുടികൊള്ളുന്നതെങ്ങനെ? അവിടെയിപ്പോള്‍ ദൈവസാന്നിധ്യമില്ല. ഭൂമിക്ക് ദൈവത്തിന്‍റെ സംരക്ഷണം നഷ്ടപ്പെട്ടിരിക്കുന്നു. അതിനാല്‍ ഭൂമിയില്‍ അക്രമവും അശാന്തിയും മുഴുത്തിരിക്കുന്നു. എന്‍റെ സങ്കല്പത്തില്‍ ഇതാണ് ആകാശത്തിന്‍റെ നഷ്ടം. കാരണം അശുദ്ധിയാണ്. ഉപഭോഗ ധൂര്‍ത്തുകള്‍ക്കായി ഭൂമിയിലെ ഉപജീവനവിഭവങ്ങള്‍ ആസക്തിയുടെ പെരുംചൂളകളില്‍ എരിഞ്ഞൊടുങ്ങുന്ന വിഷപ്പുകയാണ് ഇപ്പോള്‍ ഭൂമിയുടെ ആവരണം. ആസക്തിയില്‍ നിന്നാണ് അശുദ്ധിയുണ്ടാകുന്നത്. അപ്പോള്‍ പ്രശ്നം ആത്മീയമാണ്. ഇതറിയാതെയും അംഗീകരിക്കാതെയുമുള്ള മാലിന്യനിവാരണ ശ്രമങ്ങള്‍ പരാജയപ്പെടും.

ആകാശംപോലെ ഭൂമിയും ഭൂമിയിലെ പഞ്ചഭൂതങ്ങളും പൊതു ഇടമാണ്. അതായത് ദൈവം സൃഷ്ടിച്ചത് ഭൗതിക പ്രപഞ്ചം മാത്രമാണ്. അതാണ് പൊതു ഇടം. ഭൂമിയില്‍ കാടും കടലും പുഴയും മലയുമുണ്ട്. വായുവും ജലവും മണ്ണും ഹരിതവും ജീവനും ഉണ്ട്. ഇതൊക്കെ പൊതു ഇടത്തിന്‍റെ ഭാഗങ്ങളാണ്. മലിനീകരണമാണ് നാശത്തിനും നഷ്ടത്തിനും കാരണം.

കാട് ദൈവനിര്‍മ്മിതിയാണ്. കാരണം അത് മനുഷ്യനുണ്ടാക്കിയതല്ല, താനേ ഉണ്ടായതാണ്. അതുകൊണ്ട് പൊതു ഇടം. ഇതാണ് പൊതു ഇടത്തിന്‍റെ മാനദണ്ഡം.

കാട് പൊതു ഇടമായിരുന്നു. കാട്ടില്‍ ആര്‍ക്കും കടക്കാമായിരുന്നു. വനവിഭവങ്ങള്‍ ശേഖരിക്കാം. ഫലമൂലങ്ങള്‍ പെറുക്കിത്തിന്നാം. കാട്ടുറവകളില്‍നിന്ന് വെള്ളം കുടിക്കാം. കാട്ടാറുകളില്‍ കുളിക്കാം. കുടിലു കെട്ടി പാര്‍ക്കാം. ആനയും പുലിയും വാഴുന്ന കാട്ടില്‍ അവയ്ക്കൊപ്പം സഹവര്‍ത്തിക്കാം. യത്നരഹിതമായ, അല്ലലില്ലാത്ത ലളിതജീവിതം കാട്ടില്‍ മാത്രം സാധ്യം. യത്നരഹിതവും പ്രശാന്തവുമായ ഈ അരണ്യവാസത്തിലാണ് മനുഷ്യനില്‍ ആത്മീയതയുടെ ആകാശങ്ങള്‍ തെളിഞ്ഞുവന്നത്. അവിടെയാണ് നരന്‍റെ സര്‍ഗാത്മകപ്രഭാവങ്ങള്‍ ശക്തിപ്പെടുന്നത്. അവയുടെ ഫലങ്ങളാണ് നമ്മുടെ ഇതിഹാസപുരാണങ്ങളും വേദോപനിഷത്തുക്കളും തത്ത്വചിന്തയും മറ്റും. വിശ്വോത്തരം എന്നു ഗാന്ധി വിശേഷിപ്പിച്ച ഭാരതസംസ്കാരത്തിന്‍റെ ഈറ്റില്ലം ആരണ്യങ്ങളായിരുന്നു.പ്രവാഹം അനുസ്യൂതം തുടര്‍ന്നു. എല്ലാ മാലിന്യങ്ങളും അതേറ്റുവാങ്ങി. വൈകൃതങ്ങളെ കഴുകിത്തുടച്ചു വൃത്തിയാക്കി വീണ്ടും പുഷ്ടിപ്പെടുത്തി അതൊഴുകി. ആ പ്രവാഹം തടസ്സപ്പെട്ടത് പാശ്ചാത്യ പരിഷ്കാരത്തിന്‍റെ സംക്രമണത്തോടെയാണ്. ആസക്തിയില്‍, അധികാരത്തില്‍ അധിഷ്ഠിതമായ ഒരു ജീവിതശൈലിയായിരുന്നു അത്. ഇംഗ്ലീഷുകാരാണ് അതിവിടെ കൊണ്ടുവന്നത്. അതിന്‍റെ സുസ്ഥിരതയ്ക്കായി അവര്‍ അനേകമനേകം അധികാരസ്ഥാനങ്ങളുണ്ടാക്കി. അവയുടെ കേന്ദ്രീകൃത രൂപമാണ് അവരുണ്ടാക്കിയ സര്‍ക്കാര്‍. അധികാരം വിഷമാണ്. അതു ദുഷിപ്പിക്കും. ഈ ദുഷിപ്പിന്‍റെ വ്യാപനം അവര്‍ സാധ്യമാക്കിയത് മൂല്യങ്ങളുടെ വസ്തുവല്‍ക്കരണത്തിലൂടെയാണ്. അറിവ് മൂല്യമാണ്. അത് നിര്‍മ്മിക്കാവുന്നതും അളക്കാവുന്നതും വില്ക്കാവുന്നതും വാങ്ങാവുന്നതുമായി. വസ്തുവായി. അറിവിന്‍റെ ഉല്പാദനകേന്ദ്രമായി സ്കൂള്‍. സ്കൂള്‍ അറിവ് ഉല്പാദിപ്പിച്ചു. ആശുപത്രി ആരോഗ്യമുണ്ടാക്കി. സ്കൂള്‍ അറിവുണ്ടാക്കി വിറ്റു. ആശുപത്രി ആരോഗ്യമുണ്ടാക്കി വിറ്റു വാധ്യാനും വൈദ്യനും അധികാരിയും വില്പനക്കാരുമായി. മൂല്യം നിര്‍മ്മിക്കാനുള്ള ജനങ്ങളുടെ അധികാരം സ്ഥാപനങ്ങള്‍ കണ്ടുകെട്ടി നിര്‍മ്മിക്കാനുള്ള ജനങ്ങളുടെ അധികാരം -സ്വാതന്ത്ര്യം- നഷ്ടപ്പെട്ടു. ഇത് സ്വാതന്ത്ര്യത്തിന്‍റെ നഷ്ടം. സ്വാതന്ത്ര്യം പൊതു ഇടമാണ്. സ്വാതന്ത്ര്യനഷ്ടം പൊതു ഇടത്തിന്‍റെ നഷ്ടമാണ്. മലിനീകരണം തന്നെയാണ് ഈ നഷ്ടത്തിനും മൂലമായത്. അധികാര വിഷത്തിന്‍റെ വ്യാപനമാണ് ഇവിടെ മലിനീകരണം.

ഇനി അല്പം തമാശ. ആഗോള മലിനീകരണം എന്ന ആകാശ നഷ്ടത്തിന്‍റെ മൂലം ആത്മീയമാണെന്ന് നമ്മുടെ ആത്മീയനേതാക്കള്‍ പോലും സമ്മതിക്കുകയില്ല. 'വികസനം' അവര്‍ക്കും വേണം. ആത്മീയത ഉല്പന്നം എന്ന നിലയില്‍ മൊത്തമായി നിര്‍മിച്ച് വിതരണം നടത്തുന്ന മതസ്ഥാപനങ്ങളുടെ അധിപന്മാരാണവര്‍. അവര്‍ക്ക് മറ്റൊരു നിലപാട് അസാധ്യം. ആത്മീയത ഉണ്ടാക്കി വിറ്റ് കൂടുതല്‍ കാശുണ്ടാക്കുന്നത് മതസ്ഥാപനങ്ങളല്ലെന്നത് മറ്റൊരു തമാശ. ഭരണകൂടമാണ് ആ ഭാഗ്യവാന്‍. ഭരണകൂടത്തിന്‍റെ തലപ്പത്ത് നാസ്തികന്‍ വന്നാലും 'നമുക്കിനി ഈ കച്ചവടം വേണ്ട' എന്ന് അദ്ദേഹവും പറയുകയില്ല.

മാലിന്യനിവാരണത്തിന് ആഗോളതലത്തില്‍ പല സൂത്രപ്പണികളും നടക്കുന്നുണ്ട്. കേരളത്തിലെ ചെറിയ വര്‍ത്തമാനങ്ങള്‍:

"ഇനി നമുക്ക് ജൈവകൃഷി തുടങ്ങാം" സര്‍ക്കാര്‍ പറയുന്നു. നല്ലകാര്യം. ആര്‍ക്കും എതിര്‍പ്പില്ല. പരിസ്ഥിതി സംരക്ഷകരും പ്രകൃതിസ്നേഹികളും ഈ ആവശ്യം മുന്നോട്ടുവച്ച് കലാപക്കൊടിയുയര്‍ത്തി പണ്ടേ രംഗത്തുണ്ട്. അവര്‍ക്കും സന്തോഷമായി. അംഗീകരിച്ചിരിക്കുന്നു. സര്‍വകലാശാലകളില്‍ കൃഷിശാസ്ത്രം വേണ്ടമട്ടില്‍ പഠിച്ച് പയറ്റുന്നവരുണ്ട് കൂട്ടത്തില്‍. പയറ്റുകഴിഞ്ഞ് മുന്‍കാല വീരസ്യങ്ങള്‍ നുണഞ്ഞ് വിശ്രമിക്കുന്നവരും കൂട്ടത്തിലുണ്ട്. "ഇനി കേരളത്തിന്‍റെ പ്രതീക്ഷ ജൈവകൃഷിയിലും ബയോടെക്നോളജിയിലുമാണ്" എന്ന് അവരില്‍ ഒരാള്‍. "എന്‍ഡോസള്‍ഫാന്‍ നിരോധിക്കണമെന്നു പറയുന്നവര്‍ ഒന്നുമറിയാത്തവര്‍. അതിനെക്കാള്‍ മാരകമായ വിഷങ്ങള്‍ ധാരാളമായി ഇപ്പോഴും കേരളത്തില്‍ തളിച്ചുകൊണ്ടിരിക്കുന്നു" എന്ന് മറ്റൊരു ശബ്ദം. ഫുക്കുവോക്ക കണ്ടത്തില്‍ കോഴിക്കാഷ്ഠമിടുന്നതുകൊണ്ടാണ് കൂടുതല്‍ വിളവുണ്ടാകുന്നത് എന്നു പണ്ടു പറഞ്ഞ വിദ്വാന്‍റെ ശബ്ദമാണോ അതെന്നു ഞാന്‍ സംശയിച്ചു. ഉറപ്പില്ല. എന്തായാലും സര്‍ക്കാര്‍ 'ജൈവകൃഷി' പൊതുവില്‍ ഇഷ്ടപ്പെട്ടു.

എന്നാല്‍ ഒരു സംശയം ബാക്കി. എന്താണീ 'ജൈവകൃഷി?' ശ്രീകണ്ഠേശ്വരത്തിന്‍റെ പഴയ 'ശബ്ദതാരാവലി'യിലും, ഡി. സി. യുടെ പുതിയ 'ശബ്ദസാഗര'ത്തിലും 'ജൈവകൃഷി' ഇല്ല. അതായത് മലയാളിയുടെ സാമാന്യ വ്യവഹാരത്തിലും സങ്കല്പത്തിലും ഉള്ള ഒരു ഏര്‍പ്പാടല്ല അത്. പുതിയ തലമുറക്കാര്‍ക്ക് കൃഷിയില്‍ താത്പര്യമില്ല. നമ്മുടെ കലാലയങ്ങളിലും വിദ്യാലയങ്ങളിലും പഠിക്കുന്ന ലക്ഷക്കണക്കായ യുവതീയുവാക്കള്‍ക്കും കൃഷി ഇഷ്ടവിഷയമല്ല. അടിച്ചുപൊളിക്കുന്ന ഒരു ജീവിതശൈലിയിലാണ് അവര്‍ക്കു താത്പര്യം. എന്നാല്‍ ഇപ്പോഴും മരിക്കാതിരിക്കുന്ന പഴയകൃഷിക്കാര്‍ക്ക് 'കൃഷി' എന്തെന്നറിയാം. അതു ജൈവകൃഷിയല്ല. 'കൃഷി'യാണ്. മാവും പിലാവും പുഴയും കരിമ്പും തെങ്ങും 'കൃഷി'യാണ്. ഫലം തിങ്ങുമിളംകവുങ്ങും വാഴയും ഇഞ്ചിയും മുളകും വേലിയില്‍പ്പടര്‍ന്ന് പൈതങ്ങളെ പെറ്റുകൂട്ടുന്ന കയ്പവല്ലിയും ഉള്ള ബഹുവിളത്തോപ്പുകള്‍ അവരുടെ ഓര്‍മ്മയിലുണ്ടാകും. വിരിപ്പിലും മുണ്ടകനിലും പുഞ്ചയിലും വിളയുന്ന അനേകശതം നെല്ലിനങ്ങളെക്കുറിച്ചും അവര്‍ കേട്ടിട്ടുണ്ടാകും. നിലയറ്റ വെള്ളത്തില്‍ തലയുയര്‍ത്തി നില്ക്കുന്ന നെല്‍ക്കതിരുകള്‍ കൊച്ചുവള്ളങ്ങളില്‍ അറുത്തറുത്തു കൂട്ടുന്ന പൊക്കാളിക്കൊയ്ത്തും അവരുടെ സ്മരണയില്‍ കൊഴിഞ്ഞിട്ടുണ്ടാവില്ല. ഇപ്പോഴിവിടെ വിഷത്തില്‍ കുഴയാത്ത മണ്ണില്ല. ജലാശയങ്ങള്‍ ജലജീവികളുടെ ശ്മശാനമായി. ഹരിതം മഞ്ഞളിപ്പായി. കൃഷിക്കു താങ്ങും തണലുമായിരുന്ന നാടന്‍ കന്നുകാലിവര്‍ഗം കുറ്റിയറ്റു. നാടന്‍ വിത്തുകളില്ല. പിന്നെ കൃഷിയുടെ സൗഭാഗ്യം മാത്രമല്ല ഭാഗ്യക്കേടുകളും ഭാവഭേദമില്ലാതെ ഏറ്റുവാങ്ങുന്ന കൃഷിമനസ്സും ഇന്നില്ല. ഇതൊക്കെ ഇല്ലാതാക്കിയതാണ്. കേരളമിന്ന് കൃഷിയുടെ നഷ്ടഭൂമിയാണ്. കൃഷിയുടെ വഴിയോര മരണം പുത്തന്‍ കൃഷിയുടെ ആശാന്മാരും അമരക്കാരും പഞ്ചനക്ഷത്രങ്ങളില്‍ ആഘോഷിച്ചാചരിച്ചു. കേരളത്തിലെ കൃഷി നശിപ്പിച്ച കൂട്ടരാണ് ഇപ്പോള്‍ ജൈവകൃഷിയുടെ പ്രചാരകരും പ്രയോക്താക്കളുമായി 'ജൈവകൃഷി ജയ്' ആരവത്തോടെ അരങ്ങത്തെ ത്തിയിട്ടുള്ളത്. ഫണ്ടുവെട്ടിപ്പിന്‍റെ കഥകള്‍ തുടക്കത്തില്‍ത്തന്നെ കേട്ടുതുടങ്ങിയിട്ടുണ്ട്.

വനവത്കരണമാണ് മറ്റൊരു പരിപാടി. മുടിച്ച കാടുകള്‍ക്കു പകരമായി മരം നട്ടുണ്ടാക്കുന്ന പദ്ധതിയാണത്. മരക്കൂട്ടമല്ല കാട് എന്ന് കുട്ടികള്‍ക്കുപോലുമറിയാം. കാട് മനുഷ്യന്‍ ഉണ്ടാക്കുന്നതല്ല. അതു താനേ രൂപപ്പെടുന്നതും രൂപപ്പെടേണ്ടതും ആണ്. അതിന് ശതാബ്ദങ്ങളുടെ സമയം വേണ്ടിവരും.

ഇതുപോലുള്ള മറ്റൊരു പരിപാടിയണ് പ്ലാസ്റ്റിക്കു പെറുക്കല്‍. അത് മാലിന്യ നിര്‍വ്യാപനത്തിന്‍റെ ഭാഗമാണത്രെ. ചില ദിവസങ്ങളില്‍ കോളേജിലും സ്കൂളിലും പഠിക്കുന്ന കുട്ടികള്‍ കൂട്ടംകൂട്ടമായി നിരത്തുകളിലിറങ്ങും. കുറച്ചുനേരം പെറുക്കുമ്പോഴേക്കും അവരുടെ സഞ്ചികള്‍ നിറയും. അവ വല്ലയിടത്തും നിക്ഷേപിച്ച് അവര്‍ ക്ലാസ്സുകളില്‍ തിരിച്ചെത്തും. പ്ലാസ്റ്റിക്കു പെറുക്കികള്‍ക്ക് പ്രകൃതിസ്നേഹികള്‍ എന്ന മുദ്ര ചാര്‍ത്തിക്കൊടുത്താല്‍ കൂലിയില്ലാത്ത പണിക്ക് ആളെക്കൂട്ടാന്‍ വിഷമമുണ്ടാവില്ല.

പൊതു ഇടം നഷ്ടപ്പെടുത്തുന്നത് മലിനീകരണമാണെന്നും മനുഷ്യന്‍റെ ആത്മീയതലം ദുഷിപ്പിക്കുന്ന ആസക്തിയില്‍ നിന്നാണതിന്‍റെ പുറപ്പാടെന്നും അതിനാല്‍ പ്രശ്നം ആത്മീയമാണെന്നും ഇതറിയാതെയും അംഗീകരിക്കാതെയുമുള്ള മാലിന്യ നിവാരണശ്രമങ്ങള്‍ പരാജയപ്പെടുമെന്നും മുമ്പേ സൂചിപ്പിച്ചതാണ്. ഇതൊരു ഗാന്ധിയന്‍ സങ്കല്പമാണ്. നൂറുകൊല്ലം മുമ്പ് ഗാന്ധി ആഗോളമലിനീകരണം പ്രവചിക്കുകയും അതിനു പരിഹാരം നിര്‍ദ്ദേശിക്കുകയും ചെയ്തിട്ടുണ്ട്. പൊതു ഇടങ്ങള്‍ എങ്ങനെ തിരിച്ചുപിടിക്കാം എന്ന ചോദ്യത്തിന് വ്യക്തമായ ഉത്തരം ഗാന്ധിയിലുണ്ടെന്ന് ഞാന്‍ കരുതുന്നു.

"സമുദ്രത്തിന്‍റെ ഒരിറമ്പേ ദൂഷിതമായിട്ടുള്ളൂ. അതേ വൃത്തിയാക്കാനുള്ളൂ. ദൂഷിതരായിട്ടുള്ള നിങ്ങള്‍ക്കുമെനിക്കും സ്വയം ശുദ്ധീകരിക്കാം." (ഹിന്ദ്സ്വരാജ് - പേ. 59 - പൂര്‍ണോദയ)

മലിനീകരണം ഒരു രോഗമാണ്. പാശ്ചാത്യ പരിഷ്കാരമാണ് അതു പരത്തുന്നത്. അതുകൊണ്ട് പാശ്ചാത്യ പരിഷ്കാരത്തെ പുറത്താക്കണം. പിന്നെയെല്ലാം ശരിയായിക്കൊള്ളുമെന്നും ഗാന്ധി പറഞ്ഞു. പക്ഷേ അതു സംഭവിച്ചില്ല. പാശ്ചാത്യര്‍ പോയെങ്കിലും അവരുടെ പരിഷ്കാരം ഇവിടെ പടര്‍ന്നു. വികസനം പരിഷ്കാര രോഗത്തെ കഠിനമാക്കി. ഇന്ത്യയില്‍ മാത്രമല്ല. ആഗോളതലത്തിലും സമുദ്രത്തിന്‍റെ ചെറിയൊരു ഭാഗം മാത്രമേ മലിനമായിട്ടുള്ളു. നൂറുവര്‍ഷത്തിനുള്ളില്‍ ജീവിത പാരാവാരം ആകമാനം മലിനമായി.

പ്രശ്നത്തിന്‍റെ പുതിയ പേര് പരിസ്ഥിതി മലിനീകരണം എന്നാണ്. ഗാന്ധി നല്കിയ പേര് പരിഷ്കാരമലിനീകരണം എന്നാണ്. പുതിയ പേര് മലിനീകരണത്തെ ഒരു ഭൗതികപ്രശ്നം മാത്രമായി സംഗ്രഹിക്കുന്നു. ഇത് ഹിമാനിയെ അതിന്‍റെ ദൃശ്യതലം മാത്രമായി ചുരുക്കിയ ഭാഗികദര്‍ശനമാണ്. പരിഷ്കാരമലിനീകരണം എന്നത് മലിനീകരണത്തിന്‍റെ ഭൗതികവും ആത്മീയവുമായ തലങ്ങളെ സമന്വയിപ്പിച്ചുകൊണ്ടുള്ള സമഗ്രദര്‍ശനമാണ്. ആധുനിക പരിഷ്കാരത്തിന്‍റെ അതിഭീകരവും വികൃതവുമായ പൂര്‍ണരൂപം ഈ ദര്‍ശനത്തിലാണ് തെളിയുക. സമൂഹത്തില്‍ അശാന്തിയും സംഘര്‍ഷവും ഹിംസയും മുഴുത്തിരിക്കുന്നു. പൊതുജീവിതം തട്ടിപ്പും വെട്ടിപ്പും അഴിമതിയും മോഷണവും നിറഞ്ഞ മാലിന്യത്താവളമായി മാറിക്കഴിഞ്ഞു. പരിസ്ഥിതി മലിനീകരണം എന്ന പുറംകാഴ്ചയില്‍ മലിനീകരണത്തിന്‍റെ ഈ അകത്തളം പെടുന്നില്ല.

മലിനീകരണത്തിന്‍റെ മുഖ്യപ്രതികള്‍ ധനികവര്‍ഗവും വികസിതരാജ്യങ്ങളുമാണ്. ഇവരുടെ കുറ്റം മുക്കാല്‍ പങ്കും കുറയ്ക്കുന്ന മൃദുല സമീപനവും പരിസ്ഥിതി മലിനീകരണം എന്ന സംജ്ഞയിലുണ്ട്. ആഗോളമലിനീകരണത്തിന്‍റെ ഒന്നാംപ്രതി ലോകത്തിലെ ഏറ്റവും സമ്പന്നമായ രാജ്യം തന്നെ. ഉപഭോഗധൂര്‍ത്തുകള്‍ക്കായി അതിജീവന വിഭവങ്ങള്‍ മുടിച്ചൊടുക്കുന്ന പരിഷ്കാരക്കളിയില്‍ മുമ്പന്മാര്‍ ധനിക രാഷ്ട്രങ്ങളാണല്ലോ. ക്യോട്ടോയിലും കോപ്പന്‍ഹേഗനിലും ഒടുവില്‍ കാന്‍കൂണിലും ആഗോളതാപന ചര്‍ച്ചകള്‍ അട്ടിമറിച്ചത് ഇക്കൂട്ടരായിരുന്നല്ലോ.

ഇനി ഗാന്ധിയുടെ ആത്മകഥയില്‍നിന്ന് ഒരു ഭാഗം:

'ആത്മ ശുദ്ധീകരണം കൂടാതെ സമദര്‍ശനം സാധ്യമല്ല. അതുകൂടാതെയുള്ള അഹിംസാചരണം വന്ധ്യമായ സ്വപ്നമാണ് നിര്‍മ്മലമായ മനസ്സിലെ ദൈവസാന്നിധ്യമുള്ളൂ. ആത്മശുദ്ധീകരണത്തിന് ജീവിതത്തിലെ എല്ലാ തലങ്ങളുടെയും ശുദ്ധീകരണം എന്നാണര്‍ത്ഥം. ശുദ്ധീകരണം അത്യധികം സാംക്രമികമാണ്. സ്വത്വശുദ്ധി പരിസരശുദ്ധിയായി പടരും.'


(എന്‍റെ സത്യാന്വേഷണ പരീക്ഷണങ്ങള്‍ - പേജ് 432. ഡി. സി. ബുക്സ്)

Featured Posts

bottom of page