top of page

സമാന്തരങ്ങള്‍

Mar 3

1 min read


യേശുവും ശിഷ്യരും കൂടി യെരുശലേം വിട്ട് ബഥനിയിലേക്ക് മടങ്ങിപ്പോകുന്ന രാത്രിയായിരുന്നു അത്. അപ്പോള്‍ ശിഷ്യന്മാര്‍ കാലാവസ്ഥാവ്യതിയാനത്തിന്‍റെ പൊരുള്‍ മനസ്സിലാക്കി ഒരു ചോദ്യം ചോദിക്കുന്നുണ്ട്. അവരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരമായി ക്രിസ്തു പറയുന്നത്, വലിയ ഭൂകമ്പങ്ങളും ക്ഷാമങ്ങളും യുദ്ധങ്ങളും ഉണ്ടാവും എന്നൊക്കെയാണ്. പലവിധത്തിലുളള പ്രതിസന്ധികളിലൂടെ ഈ ഭൂമി മുഴുവന്‍ കടന്നുപോകാനുള്ള സാധ്യതയുണ്ടെന്നാണ് ക്രിസ്തു ഇവിടെ വ്യക്തമാക്കുന്നത്. പ്രവാചകദൗത്യം എല്ലാ കാലത്തും എല്ലാ പ്രവാചകരിലും ഒരുപോലെയാണ്. ക്രിസ്തുവിലും ഈ പ്രവാചകദൗത്യം അന്തര്‍ലീനമായിരുന്നു.


ഈറ്റുനോവിന്‍റെ ആരംഭമാണ് ഇതെല്ലാം എന്ന ചെറിയൊരു സൂത്രവാക്യത്തിലൂടെ പുതിയ ആകാശത്തിലേക്കും പുതിയ ഭൂമിയിലേക്കുമുള്ള വഴി, അന്ധകാരം നിറഞ്ഞ അവരുടെ മനോവിചാരത്തിലേക്ക് തുറന്നുകൊടുക്കുകയാണ് ക്രിസ്തു ചെയ്തത്. ഇതെല്ലാകാലത്തിലെയും പ്രവാചകപാരമ്പര്യമാണ്. പഴയനിയമത്തിലെ നായകസ്ഥാനങ്ങളായ രാജാവും പുരോഹിതനും പ്രവാചകനും പുതിയ നിയമത്തിലെ ക്രിസ്തുവില്‍ ഒരുപോലെ സമ്മേളിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ തിന്മയുടെ ഏതുസാഹചര്യത്തിലും ശുഭവചനങ്ങളേ പറയുകയുള്ളുവെന്നാണ് പ്രവാചക പാരമ്പര്യം. പ്രവചനം എന്ന വാക്കിന്‍റെ നിരുക്തം തന്നെ പ്രചോദിപ്പിക്കുന്ന എന്നാണ്. inspiring word. അങ്ങനെ ശുഭവചനം പറയാനുളള ആര്‍ജവം ചരിത്രത്തില്‍ കാണിച്ചിട്ടുള്ളവരാണ് വേദപുസ്തകത്തിലെ എല്ലാ പ്രവാചകന്മാരും.


അത്തരമൊന്നാണ് എസെക്കിയേല്‍ പ്രവാചകന്‍റെ പുസ്തകം. ആ പ്രവചനപുസ്തകത്തിന്‍റെ പ്രാരംഭത്തില്‍ പ്രവാചകന്‍റെ നിയോഗത്തെയും ഒരുക്കത്തെയും കുറിച്ചൊക്കെ പറഞ്ഞതിന് ശേഷം ദൈവജനത്തിന്‍റെ ന്യായവിധിയെക്കുറിച്ചും അവരുടെ മഹത്വം പൊയ്പ്പോകുന്നതിനെക്കുറിച്ചുമൊക്കെയാണ് പറയുന്നത്. പക്ഷേ ആ പുസ്തകം അവസാനിക്കുന്നതാവട്ടെ വലിയൊരു പ്രത്യാശ നല്‍കിക്കൊണ്ടാണ്. ദേവാലയത്തിന്‍റെ പുനനിര്‍മ്മാണം, നിയമത്തിന്‍റെ പുനര്‍നിര്‍മ്മാണം എന്നിങ്ങനെ നഷ്ടപ്പെട്ടുപോയ പലതിനെയും തിരിച്ചെടുക്കാന്‍ സഹായിക്കുന്ന ഒരു ദൈവമുണ്ട് എന്നും നമ്മളില്‍ നിന്ന് അന്യമായിപോയിരിക്കുന്ന സകലമഹത്വവും തിരികെ വരാനും ലഭിക്കാനുമുള്ള സാധ്യത എത്ര ഇരുട്ടു പിടിച്ച കാലാവസ്ഥയിലും ഉണ്ടെന്നും പ്രവാചകന്‍ പറയുന്നു.


എസെക്കിയേലിന്‍റെ പുസ്തകത്തിലൂടെ സഞ്ചരിക്കുമ്പോള്‍ കണ്ടുമുട്ടുന്ന ഒരു വരിയുണ്ട്. യഹോവയുടെ അരുളപ്പാടെനിക്കുണ്ടായത് എന്തെന്നാല്‍ മനുഷ്യപുത്രാ, ഒരു ദേശമെന്നോട് ദ്രോഹിച്ച് പാപം ചെയ്യുമ്പോള്‍ ഞാന്‍ അതിന്‍റെ നേരെ കൈനീട്ടി അപ്പമെന്ന കോലൊടിച്ച് ക്ഷാമം വരുത്തി മനുഷ്യനെയും മൃഗത്തെയും അതില്‍നിന്ന് ഛേദിച്ചുകളയും. നോഹ, ദാനിയേല്‍, ഇയ്യോബ് എന്നീ മൂന്ന് പുരുഷന്മാര്‍ അവിടെ ഉണ്ടായിരുന്നാലും തങ്ങളുടെ നീതിയാല്‍ സ്വന്തം ജീവനെ മാത്രമേ രക്ഷിക്കുകയുള്ളുവെന്ന് യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട്, ഞാന്‍ ദുഷ്ടമൃഗങ്ങളെ ദേശത്തു വരുത്തുകയും ആ മൃഗങ്ങളെ പേടിച്ച് ആരും ആ വഴിപോകാതെ നിര്‍ജ്ജനമാക്കിയിട്ടും അതു ശൂന്യമാക്കുകയും ചെയ്താല്‍ ആ മൂന്നു പുരുഷന്മാര്‍ അതിലുണ്ടായാലും എന്നാലേ അവര്‍ പുത്രന്മാരെയോ പുത്രിമാരെയോ രക്ഷിക്കാതെ അവര്‍ മാത്രമേ രക്ഷപ്പെടുകയുള്ളൂ. ദേശമോ ശൂന്യമായിപ്പോകും എന്ന് യഹോവയായ കര്‍ത്താവിന്‍റെ അരുളപ്പാട് (എസെക്കിയേല്‍ 14:12) വലിയൊരു ന്യായവിധിയെക്കുറിച്ച് ഓര്‍മ്മപ്പെടുത്തുന്ന പശ്ചാത്തലത്തിലാണ് നക്ഷത്രസ്ഥാനങ്ങളെപ്പോലെ മൂന്നു പുരുഷന്മാരെ പ്രവാചകന്‍ അവരുടെ പൂര്‍വ്വചരിത്രത്തില്‍ നിന്ന് ഓര്‍മ്മിപ്പിക്കുന്നത്. നോഹ, ദാനിയേല്‍, ഇയോബ്. താന്താങ്ങള്‍ ജീവിച്ചുപോന്ന കാലത്ത് കൃത്യമായ ഒരു പാഠപുസ്തകമായി പരിണമിച്ചിട്ടുള്ള മനുഷ്യരാണ് ഇവര്‍ മൂന്നുപേരും. ഒരുപക്ഷേ അതുകൊണ്ടായിരിക്കണം എസെക്കിയേല്‍ പ്രവാചകന്‍ ഈ മൂന്നു മഹാത്മാക്കളെയും ഈയൊരുസാഹചര്യത്തില്‍ അവരുടെ ഓര്‍മ്മയെ തിരികെപിടിക്കാന്‍ അവരോട് ആവശ്യപ്പെടുന്നത്.

Featured Posts

bottom of page