top of page

നിങ്ങള്‍ക്കു സമാധാനം

Jun 7, 2019

1 min read

a white dove  is flowing

ബെത്ലെഹെം മുതല്‍ കാല്‍വരിയോളം

വേട്ടയാടപ്പെട്ട ഒരുവന്‍

തിരിച്ചുപോക്കിനൊരുങ്ങുകയാണ്.

അവന്‍ ലോകത്തെ നോക്കി

സഹതാപത്തോടെ വിളിച്ചുപറയുന്നു:

'ഞാനെന്‍റെ സമാധാനം നിങ്ങള്‍ക്കു നല്കുന്നു.'

ലോകം അവനോടു ചെയ്തതിനുള്ള

ശാപമോ എന്ന് സംശയിക്കാനിടയുള്ള അനുഗ്രഹം.

ആര്‍ക്കുണ്ട് അതേറ്റുവാങ്ങാനുള്ള ധൈര്യം

അവന്‍റെ കാരുണ്യം ഉപരിപ്ലവമായ

നമ്മുടെ ശാന്തിസങ്കല്പങ്ങള്‍ക്കുമേല്‍

കുറ്റബോധത്തിന്‍റെ ലാവയൊഴുക്കുന്ന

അഗ്നിപര്‍വ്വതസ്ഫോടനമാകുന്നു...

അവന്‍റെ വാഗ്ദാനം വാട്ടത്തിന്‍റെ

പൊറ്റനടര്‍ത്തി ചലം ഞെക്കിക്കളയുന്ന

ഭിഷഗ്വരന്‍റെ നിര്‍ദ്ദാക്ഷിണ്യസ്നേഹമാകുന്നു.

സമാധാനം എന്ന ഒരൊറ്റവാക്കുകൊണ്ട്

ഒരു മനുഷ്യന് ഒരു സമൂഹത്തിനുമേല്‍

ഇത്രമാത്രം പരുക്കേല്പിക്കാനാവുമോ!

ഒരു പെണ്‍കുട്ടിയുടെ പൊട്ടിക്കരച്ചിലിന്

ഒരു ലോകമഹായുദ്ധത്തിന്‍റെ തിരശ്ശീലയാകാനാവുമോ

ചില ആയുധങ്ങള്‍ അങ്ങനെയാണ്; അവയ്ക്കുത്തരമില്ല.

ലോകം അതിനുമുന്നില്‍ അസ്തപ്രജ്ഞമാകുന്നു,

മനുഷ്യന്‍ ഭീതിദമായ ഒരു കനവില്‍ നിന്നുണരുന്നു.

എല്ലാ യുദ്ധവും ആരംഭിക്കുന്നത് മനുഷ്യനുറങ്ങുമ്പോഴാണ്,

മനുഷ്യത്വമുറങ്ങുമ്പോഴാണ്; അതിനെ ഉണര്‍ത്താന്‍

നിസ്സഹായമായ നിലവിളികള്‍ വേണം.

ഒരു നിലവിളിക്ക് പലപ്പോഴും നിലവിളക്കിനേക്കാള്‍

ശോഭയുണ്ട്; ക്രൗര്യത്തിന്‍റെ നെഞ്ചുപിളര്‍ക്കാനുള്ള

കരുത്തതിനുണ്ട്... പക്ഷേ അതിനുള്ള ധൈര്യമാര്‍ക്കുണ്ട്!

കരയാന്‍ കരുത്തുള്ള ഒരു സമൂഹത്തിന്

ആത്മഹത്യയില്‍ അഭിരമിക്കാനാവില്ല.

പാപികള്‍ നീരാടി മലിനമാക്കിയ ഗംഗ

ചാതകം മഴവെള്ളത്തിനു കാക്കുംപോലെ

ഒരിറ്റു കണ്ണീരിനുവേണ്ടി അലയുകയാണ്...

തന്നെ പരിശുദ്ധയാക്കുവാന്‍!

മരത്തിന്‍റെ മൃദുവായ വേരുകള്‍ പാറകളെ

വകഞ്ഞുമാറ്റി കുടിനീരു തിരയുന്നു.

നീരോട്ടം കൂടുമ്പോഴാണ് വേരോട്ടം കുറയുന്നത്;

ഒരു ചെറിയ കാറ്റിനെപ്പോലും അതിജീവിക്കാനാവാതെ

മരം കടപുഴങ്ങുന്നു... എല്ലാം സുലഭമാകുമ്പോള്‍

ജീവിതം വേരില്ലാത്ത മരമാകുന്നു; സ്വര്‍ഗ്ഗത്തിലെ

ദേവകളെപ്പോലെ അസുരന്മാരെ ഭയന്ന്

കഴിയേണ്ടിവരുന്നു.

തപിക്കുന്ന മനുഷ്യന്‍

ഇന്ദ്രത്വം നേടിയേക്കുമെന്ന് ഭയന്ന്

അപ്സരസ്ത്രീകളെ കൂട്ടിക്കൊടുത്ത് തന്‍റെ സ്ഥാനം

ഉറപ്പിക്കേണ്ടിവരുന്നു- കരയാന്‍

ആരും ആരെയും അനുവദിക്കുകയില്ല; കാരണം

കരയാന്‍ ധൈര്യമുള്ള ഒരുവന്‍ ധ്യാനിക്കാതെ

തന്നെ യോഗിയാവുന്നു; അവന്‍ എല്ലാവരെക്കാളും

ഉന്നതനാകുന്നു; കാലത്തെ ജയിക്കുന്നു.

ഒരു പ്രളയം ഒരുമിപ്പിച്ചു ചേര്‍ത്തവ

പത്തുവെയില്‍ കൊള്ളുമ്പോഴേയ്ക്കും

പല തുരുത്തായി മാറുന്നു; ഓരോ തുരുത്തും

പരസ്പരം പോരടിക്കുന്നു.

അധികാരത്തിന്‍റെ മഞ്ഞച്ചിരിയില്‍

വെയില്‍ നാണിക്കുന്നു; പ്രകൃതി ഒന്നിച്ചു

കൂട്ടിയതിനെ ഭരണം തട്ടുകളാക്കിത്തിരിച്ച്

കൃഷിയിറക്കുന്നു; ദുരിതം ആശ്വാസത്തോടെ പിന്‍വാങ്ങുന്നു.

മനുഷ്യന്‍റെ ദുരയോളം വളരാന്‍ പ്രകൃതിയിലെ

ഒരു ദുരന്തത്തിനും ഇന്നോളമായിട്ടില്ല;

ദൈവം തോറ്റുപോയിരിക്കുന്നു...

കരയാന്‍ മറന്ന ഒരു തലമുറയിലേക്ക്

ഇറങ്ങാന്‍ വഴികാണാതെ ദൈവം നെടുവീര്‍പ്പിടുന്നു.

ഏതോ പഴയസിനിമയിലെ ഡയലോഗ് ഓര്‍ത്തുപോകുന്നു...

'നീയൊന്ന് ഒച്ചവച്ചിരുന്നെങ്കില്‍

ഒന്നുറക്കെ കരഞ്ഞിരുന്നെങ്കില്‍

ഞാനുണര്‍ന്നേനെ...'

ഇല്ല, ആര്‍ക്കും ആരെയും ഉണര്‍ത്താന്‍ ആഗ്രഹമില്ല;

കാരണം, വേട്ടയാടപ്പെട്ട ഒരു മനുഷ്യന്‍റെ

വാഗ്ദാനം ഡമോക്ലീറ്റസിന്‍റെ വാളുപോലെ

തലയ്ക്കുമുകളില്‍ തൂങ്ങിനില്‍ക്കുന്നുണ്ട് -

'ഞാനെന്‍റെ സമാധാനം നിങ്ങള്‍ക്കു നല്കുന്നു.'

ഉണര്‍ന്നാല്‍ അതിനെ സ്വീകരിക്കേണ്ടി വന്നേക്കാം

അതോടെ തീരും എല്ലാ കച്ചവടവും

വിനീതമായിപ്പറയട്ടെ, നമുക്കു വേണ്ടത്

ചിരിക്ലബ്ബുകളല്ല...

Featured Posts

bottom of page