top of page

നമുക്കു പ്രാര്‍ത്ഥിക്കാം, സമാധാനം നമ്മോടുകൂടെ

Dec 10, 2024

2 min read

ടോംസ് ജോസഫ്
a hand, white doves

ക്രിസ്തുമതത്തിന്‍റെ സാരസത്തയെ ഒറ്റവാക്കില്‍ സംഗ്രഹിക്കുക എന്ന ദൗത്യമേറ്റെടുത്താല്‍ ഭൂരിപക്ഷവും കുറിക്കുക സ്നേഹമെന്ന പദമാകും; തുല്യതയെ ചിലര്‍ ഉയര്‍ത്തിക്കാട്ടും. പക്ഷേ തന്‍റെ ജീവിതത്തെ, സാന്നിധ്യത്തെ, സന്ദേശത്തെ ഒറ്റവാക്കിലൊതുക്കാന്‍ ക്രിസ്തു ഉപയോഗിക്കുന്ന പദം മറ്റൊന്നാണ്: സമാധാനം. കാലങ്ങളുടെ കാത്തിരിപ്പിനു വിരാമമിട്ട് രക്ഷകന്‍ പുല്‍ത്തൊഴുത്തില്‍ പിറന്നപ്പോള്‍ മാലാഖമാര്‍ പാടിയൊഴുക്കിയ വരികളിലും തെളിഞ്ഞു നിന്നത് സമാധാനസന്ദേശം (ലൂക്കാ 2, 14). 'ഞാന്‍ നിങ്ങള്‍ക്കു സമാധാനം തന്നിട്ടു പോകുന്നു. എന്‍റെ സമാധാനം നിങ്ങള്‍ക്കു ഞാന്‍ നല്‍കുന്നു" (യോഹ. 14, 27) എന്ന ആശംസയോടെ കുരിശിലേക്കു നടന്നുനീങ്ങിയവന്‍ ഉത്ഥാനാനന്തരം ശിഷ്യര്‍ക്കു പ്രത്യക്ഷപ്പെട്ട വേളകളിലെല്ലാം ആവര്‍ത്തിക്കുന്നതും സമാധാനത്തിന്‍റെ ആശ്വാസവചസ്സുകളാണ്.

യു.എസ് നിര്‍മിത മിസൈലുകളാല്‍ യുക്രെയിന്‍ റഷ്യന്‍ പ്രവിശ്യകളില്‍ പോരാട്ടം കടുപ്പിക്കയും മറുപടിയെന്നോളം റഷ്യ അണ്വായുധഭീഷണി മുഴക്കുകയും ചെയ്യുന്ന നാളിലാണ് ലോകത്തിന്‍റെ മറ്റൊരു കോണിലിരുന്ന് സമാധാനത്തെ സ്വപ്നം കാണുകയും സമാധാനക്കുറിപ്പെഴുതുകയും ചെയ്യുന്നത് വിരോധാഭാസമായി ബുദ്ധിക്കു തോന്നുമ്പോഴും മനസ്സ് ക്രിസ്തുവിലുറയ്ക്കുകയാണ്; സമാധാനം പ്രത്യാശിക്കുകയാണ്.


ലോകസമാധാനത്തിനുള്ള ദാഹമാണ് പ്രത്യാശയുടെ അടയാളമെന്ന് പരിശുദ്ധ പിതാവ് ഫ്രാന്‍സിസ് പാപ്പാ ലോകത്തെ ഉദ്ബോധിപ്പിക്കുന്നത് കാലത്തിന്‍റെ അടയാളങ്ങളെ വായിച്ചെടുത്തു കൊണ്ടാണ്. 2025-ലെ സാധാരണ ജൂബിലിയുടെ സ്ഥാപനപത്രത്തില്‍ അദ്ദേഹം തുടരുന്നു: "ശാശ്വതമായ സമാധാധത്തിനുള്ള ചര്‍ച്ചകള്‍ ഏറ്റെടുക്കുന്നതിനുള്ള എല്ലാ സാധ്യതകളും ശാന്തതയോടെയും ധീരതയോടെയും സര്‍ഗ്ഗാത്മകതയോടെയും അന്വേഷിക്കുന്നതിനുള്ള പ്രതിബദ്ധതയാല്‍ നയതന്ത്രം വിശ്രമരഹിതമാകട്ടെ" (Spes non Confundit -12). സമാധാനത്തിനുള്ള ആഗ്രഹത്തില്‍ തുടരുമ്പോഴും പ്രവൃത്തിയിലേക്കവയെ പരിവര്‍ത്തിപ്പിക്കുന്നതില്‍ പരാജയപ്പെടുന്ന നാമെല്ലാവരോടുമാണ് സമാധാന സംസ്ഥാപനത്തിനായി വിശ്രമരഹിതരായി അധ്വാനിക്കാന്‍ അദ്ദേഹം ആഹ്വാനം ചെയ്യുന്നത്. അസ്സീസിയിലെ വിശുദ്ധ നിസ്വനൊപ്പം പ്രാര്‍ത്ഥിക്കാം... ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഒരു ഉപകരണമാക്കണമേ.


ചുറ്റുമുള്ളവര്‍ എന്തു ചെയ്തുവെന്നും എന്തൊക്കെ ചെയ്യണമെന്നുമുള്ള ആലോചനകളവസാനിപ്പിച്ച് നമുക്കു നമ്മിലേക്കു തിരിയാം. സമാധാന പൂര്‍വകമായ ജീവിതാവസ്ഥകള്‍ സൃഷ്ടിക്കുന്നതില്‍ നാമെത്ര തത്പരരാണ്? കുടുംബത്തിലും തൊഴിലിടങ്ങളിലും സമൂഹത്തിലും നമ്മുടെ ചുറ്റുമുള്ളവര്‍ക്ക് സമാധാനമാകാന്‍ -ക്രിസ്തുവിന്‍റെ പരിമളമാകാന്‍- നമുക്കായിട്ടുണ്ടോ എന്ന ആത്മശോധനയോടെ ക്രിസ്തുമസിനൊരുക്കമായ നോമ്പ് നമുക്കു ജീവിച്ചു തുടങ്ങാം. മാമ്മോദീസായില്‍ ദൈവപുത്രരായിത്തീര്‍ന്നവരാണു നാം എന്നു കരുതി അഭിമാനം കൊള്ളുന്നുവെങ്കില്‍ സുവിശേഷമോര്‍മിപ്പിക്കുന്നു: സമാധാനം സ്ഥാപിക്കുന്നവര്‍ ഭാഗ്യധനര്‍; അവര്‍ ദൈവപുത്രരെന്നു വിളിക്കപ്പെടും (മത്തായി 5, 9). നമ്മുടെയും ചുറ്റുമുള്ളവരുടെയും ജീവിതങ്ങളില്‍ സമാധാനമുളവാക്കാനായില്ലെങ്കില്‍, അതിനുള്ള ശ്രമങ്ങള്‍ നടത്തിയില്ലായെങ്കില്‍ അവന്‍ നമ്മെ അറിയുകയില്ല എന്ന ഓര്‍മ നമ്മെ പ്രചോദിപ്പിക്കണം.


യുക്രെയിനും ഗാസയും മണിപ്പൂരുമൊക്കെ അശാന്തിയാല്‍ നീറിപ്പുകയുമ്പോള്‍ അതൊക്കെയങ്ങു ദൂരെയെന്നു കരുതി നാമാശ്വസിക്കുന്നെങ്കില്‍ അറിയണം നാമിനിയും ക്രിസ്തുമാര്‍ഗ്ഗത്തിലായിട്ടില്ലെന്ന്; സമാധാനത്തിന്‍റെ ദൈവം നമ്മുടെ ഹൃദയങ്ങളില്‍ പിറന്നിട്ടില്ലെന്ന്. ആഗോളവിഷയങ്ങളില്‍ ചര്‍ച്ചകള്‍ നടത്തിയും പ്രതികരണങ്ങള്‍ നല്കിയും മുന്നേറുമ്പോള്‍ നമ്മുടെ വീട്ടകങ്ങളില്‍ അവഗണനയാലും തിരസ്കരണത്താലും മുറിപ്പെട്ടവരോട് സമാധാനത്തിന്‍റെ സുവിശേഷമറിയിക്കുവാന്‍ നാം മറന്നുകൂടാ. നോമ്പ് സ്നേഹത്താല്‍ പ്രചോദിതമായ ഇത്തരം ഇറങ്ങിനടപ്പുകളാകുമ്പോഴാണ് ക്രിസ്തു ഹൃദയങ്ങളില്‍ പിറക്കുന്നത്; മനുഷ്യാവതാരം രക്ഷാകരമാകുന്നത്.


ഭൗതികസുസ്ഥിതി നമ്മെയാരെയും സ്വസ്ഥരാക്കുന്നില്ല എന്ന തിരിച്ചറിവില്‍ ജീവിതത്തെ ക്രമപ്പെടുത്താന്‍ ഈ നോമ്പുകാലത്ത് പരിശ്രമിക്കാം. തന്‍റെ രാജ്യത്താകെ വലിയൊരു ചിത്രരചനാമത്സരം സംഘടിപ്പിച്ച രാജാവിന്‍റെ കഥ സുപ്രസിദ്ധമാണ്. വലിയ സമ്മാനങ്ങള്‍ക്കായി ആയിരങ്ങള്‍ വാശിയോടെ മത്സരിച്ചു. പല ഘട്ടങ്ങള്‍... പല വിധിനിര്‍ണയങ്ങള്‍... ശാന്തതയെ / സമാധാനത്തെ ചിത്രീകരിക്കാനായിരുന്നു മത്സരത്തിന്‍റെ അവസാനഘട്ടത്തിലെത്തിയ രണ്ടു പ്രതിഭകള്‍ക്കു മുമ്പില്‍ രാജാവുയര്‍ത്തിയ വെല്ലുവിളി. മത്സരം പൂര്‍ത്തിയായെന്നറിയിച്ച മന്ത്രിയോട് ആ ചിത്രങ്ങള്‍ ജനസാഗരത്തിനു മുമ്പില്‍ പ്രദര്‍ശിപ്പിക്കാന്‍ രാജാവ് ഉത്തരവിട്ടു. ശാന്തസുന്ദരമായൊരു പുല്‍മേടും സ്ഫടിക സമാനമായ ജലത്താല്‍ അതിന് അതിരിട്ടൊഴുകുന്ന അരുവിയുമൊക്കെച്ചേര്‍ന്ന് ചിത്രം വരച്ച ഒന്നാമന്‍ വിജയിയാകുമെന്ന് ജനമൊന്നാകെ കണക്കുകൂട്ടി. കാരണം രണ്ടാമന്‍ വരച്ച ചിത്രം പ്രക്ഷുബ്ധതയില്‍ കുത്തിയൊലിച്ചൊഴുകുന്ന നദിയും അതിനരികെ കാറ്റിലുലയുന്ന വൃക്ഷവും ചേര്‍ന്നതായിരുന്നു. എന്നാല്‍ ജനത്തെയാകെ വിസ്മയിപ്പിച്ച് രാജാവ് രണ്ടാമനെ വിജയിയായി പ്രഖ്യാപിച്ചപ്പോള്‍ മന്ത്രി വിധിയുടെ പൊരുള്‍തേടി രാജാവിന്നരികിലെത്തി. സമ്മാനാര്‍ഹമായ ചിത്രത്തിനരികിലെത്തി കാറ്റിലുലയുന്ന വൃക്ഷത്തിന്‍റെ ശിഖരത്തിലേക്ക് രാജാവ് വിരല്‍ ചൂണ്ടി. മന്ത്രിയുടെ കണ്ണുകള്‍ വിടര്‍ന്നു: ആ മരച്ചില്ലയില്‍ ഒരു കൊച്ചുകിളിക്കൂട്. അതില്‍ അമ്മക്കിളിയുടെ ചുണ്ടില്‍നിന്ന് പുഞ്ചിരിയോടെ ഭക്ഷണമേറ്റു വാങ്ങുന്ന രണ്ടു കുഞ്ഞിക്കിളികള്‍. രാജാവ് പറഞ്ഞു: ശാന്തതയുള്ളിടത്തു നില്ക്കുന്നു എന്നതു കൊണ്ട് നാം സമാധാനമുള്ളവരാകണമെന്നില്ല; ചുറ്റുപാടുകള്‍ പ്രക്ഷുബ്ധമാകുമ്പോഴും, ഇളകിയാര്‍ക്കുമ്പോഴും ഉള്ളില്‍ ശാന്തതയുള്ളവരാകുക എന്നതാണ് സുപ്രധാനം.


ചുറ്റുമുള്ള സാഹചര്യങ്ങളല്ല, ഉള്ളിലെ ബോധ്യങ്ങളാണ് നമ്മുടെ ശാന്തതയെ നിര്‍ണയിക്കുക. ഇളകിയാര്‍ക്കുന്ന കടലിലും മുങ്ങാറായ തോണിയിലുമാണ് നോട്ടമെങ്കില്‍ പരിഭ്രമമേറും; നിലവിളിയുയരും. എന്നാല്‍ നോട്ടം കൂടെയുള്ള കര്‍ത്താവിങ്കലേക്കായാല്‍ കടലിണങ്ങും, കാറ്റു ശമിക്കും, ശാന്തി പരക്കും. യുദ്ധവെറിയുടെയും വര്‍ഗീയതയുടെയും അപരവിദ്വേഷത്തിന്‍റെയുമൊക്കെ മുറവിളികള്‍ ലോകസമാധാനത്തിനു ഭീഷണിയാകുമ്പോള്‍ കണ്ണുകള്‍ കര്‍ത്താവിങ്കലേക്കുയര്‍ത്താം. കാരണം, അവന്‍ നമ്മുടെ സമാധാനമാണ് (എഫേ. 2, 14). ക്രിസ്തുമസ് നമ്മെ ഓര്‍മപ്പെടുത്തുന്നു: ദൈവം - സമാധാനം - നമ്മോടുകൂടെ.

Featured Posts

Recent Posts

bottom of page