top of page

സമാധാന പ്രാര്‍ത്ഥന

Oct 4, 1980

3 min read

ജദ

St. Francis is playing violine with sticks
St. Francis is playing violine with sticks

ഫ്രാന്‍സിസ്കന്‍ ദര്‍ശനത്തിന്‍റെ 'മാനിഫെസ്റ്റോ'യാണ് സമാധാന പ്രാര്‍ത്ഥന. അനവദ്യസുന്ദരമായ ആ കാവ്യശില്പം ഫ്രാന്‍സിസ്കന്‍ ചൈതന്യത്തിന്‍റെ 'ഗിരിപ്രഭാഷണ'മത്രേ. അതിന്‍റെ ഏറ്റവും സുന്ദരമായ ഈ രൂപരേഖ ഫ്രാന്‍സിസ്കന്‍ ജീവിതത്തിന്‍റെ ജീവത്തായ ആവിഷ്ക്കരണമാണ്. സ്വര്‍ഗ്ഗോന്മുഖമായി ചരിക്കുന്ന ഒരു മഹാസിദ്ധന്‍റെ വ്യക്തിത്വം ഇതിലുടനീളം ഓളംതല്ലുന്നു. അരുതുകളുടെ സമാഹാരമല്ലിത്. പ്രത്യുത തികച്ചും ഭാവാത്മകമായ വിധം ഒരുന്നതമായ ആദര്‍ശം മനുഷ്യര്‍ക്ക് തിരുമുല്‍ക്കാഴ്ച വയ്ക്കുന്നു. അതു സംപ്രാപ്യമാണുതാനും. എന്നാല്‍ ലക്ഷ്യത്തിലെത്തുവാന്‍ വൈതരണികള്‍ പലതും തരണം ചെയ്തേ മതിയാവൂ. ഫ്രാന്‍സിസ് വരച്ചുവച്ച സമാധാനഗീതയിലെ ഈ മഹോന്നതാദര്‍ശം പ്രാവര്‍ത്തികമാക്കുക എന്നതിലുപരി ഫ്രാന്‍സിസ്ക്കന്മാര്‍ക്ക് സമാധാന സംസ്ഥാപനത്തില്‍ കൂടുതലൊന്നും ചെയ്യാനില്ല.

1. ദൈവമേ, എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഒരുപകരണമാക്കണമേ

സംഘട്ടനങ്ങളും സംഘര്‍ഷങ്ങളും കൊണ്ടു കലുഷിതമായ ഈ കാലയളവില്‍ യേശുവിന്‍റെ അനുയായികള്‍ സമാധാനത്തിന്‍റെ ശക്തമായ ഉപകരണങ്ങളായിരിക്കണം. സമാധാനകാംക്ഷികളായാല്‍ പോരാ, സമാധാന സ്ഥാപകരുമാകണം. അവരില്‍ നിന്നു ശാന്തിയുടെ അലമാലകള്‍ ചുറ്റുപാടുമുള്ളവരിലേക്ക് ആഞ്ഞടിക്കണം അതുകൊണ്ടാണ് സാക്ഷാല്‍ സമാധാനദൂതനായ ഫ്രാന്‍സീസ് പറഞ്ഞത്; "എന്നെ അങ്ങയുടെ സമാധാനത്തിന്‍റെ ഉപകരണമാക്കേണമേ"യെന്ന്.

2. വിദ്വേഷമുള്ളിടത്ത് സ്നേഹം

വിദ്വേഷത്തിന്‍റെ തീജ്വാലകള്‍ ജിഹ്വ നീട്ടുന്ന എത്രയോ പ്രതലങ്ങളുണ്ടീ ലോകത്തില്‍! ദേശീയവും അന്തര്‍ദേശീയവുമായ മണ്ഡലങ്ങളില്‍ മാത്രമല്ല വ്യക്തികളിലും, കുടുംബങ്ങളിലും, സമൂഹങ്ങളിലുംവിദ്വേഷത്തിന്‍റെ തീ തുപ്പിക്കൊണ്ടിരിക്കുകയാണ്. എത്ര ഹതഭാഗ്യരാണ് ആ ഹോമകുണ്ഡത്തില്‍ അനുദിനം വെന്തെരിഞ്ഞുകൊണ്ടിരിക്കുന്നത്. ഒരുതുള്ളി സ്നേഹം! അതിനേക്കാള്‍ മനുഷ്യാത്മാവിനു കുളിര്‍മ്മ നല്‍കുന്ന മറ്റൊന്നില്ല. ആ സ്നേഹം എല്ലാവരിലും നിറഞ്ഞുകവിയട്ടെ. വിദ്വേഷത്തെ പാദപീഠമാക്കുന്ന സ്നേഹം, അതൊരു വല്ലാത്ത പ്രതിഭാസംതന്നെ, നാഥാ, വിദ്വേഷമുള്ളിടത്തു സ്നേഹം വിതയ്ക്കുവാന്‍ കനിഞ്ഞാലും.

3. ദ്രോഹമുള്ളിടത്തു ക്ഷമ

സഹിക്കുന്ന യേശുവിന്‍റെ സ്പന്ദനം -അതാണു ക്ഷമ. സഹനത്തിന്‍റെ പാരമ്യത്തിലും അവിടുന്നു വിളിച്ചുപറഞ്ഞു: "പിതാവേ, അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. അവരോടു ക്ഷമിക്കേണമേ!' ദ്രോഹത്തെ ദ്രോഹംകൊണ്ടല്ല, ക്ഷമകൊണ്ടു പകരം വീട്ടണമെന്നു പഠിപ്പിച്ച പരംപൊരുളാണവിടുന്ന്, ഏഴ് എഴുപതുപ്രാവശ്യം ക്ഷമിക്കണമെന്ന കംപ്യൂട്ടര്‍ കണക്കുമായി കടന്നുവന്ന യേശു മൗനമുദ്രിതമായി എല്ലാം സഹിച്ചു, ക്ഷമിച്ചു. സപ്തസമുദ്രം നീന്തിക്കടക്കുവാന്‍ കഴിഞ്ഞാലും ദ്രോഹിച്ചവനോടു ക്ഷമിക്കുക ദുഷ്കരം. ഒരു കരണത്തടിച്ചവന് അതു തിരിച്ചു കൊടുത്തില്ലെങ്കില്‍ ഭീരുത്വമായി! ദ്രോഹിക്കുന്നവനോടു ക്ഷമിക്കുക. വീണ്ടും ക്ഷമിക്കുക. അപ്പോള്‍ ഹൃദയത്തിന്‍റെ ശ്രീകോവിലില്‍ ശാന്തിയുടെ ഭദ്രദീപം തെളിഞ്ഞുനില്‍ക്കും.

4. സന്ദേഹമുള്ളിടത്തു വിശ്വാസം

വഴിയും സത്യവും ജീവനുമായ യേശു മനുഷ്യന്‍റെ ഒരിക്കലും തെറ്റാത്ത ലക്ഷ്യമാണ്. എന്നാല്‍ ആ വഴികള്‍ പലപ്പോഴും ദൂരുഹങ്ങളാണുതാനും. അതിന് ഒരു പോംവഴിയേയുള്ളു. ലോകത്തിന്‍റെ വെളിച്ചമായ അവിടുത്തേയ്ക്ക് നമ്മെത്തന്നെ സമര്‍പ്പിക്കുക. ദൈവവും മനുഷ്യനും തമ്മിലുള്ള  ആ സമാഗമം ഏതു കൊടുങ്കാറ്റിനെ നേരിടുന്നതിനും, ഏതു പ്രതിസന്ധിയെ തരണം ചെയ്യുന്നതിനുമുള്ള കരുത്ത് പ്രദാനം ചെയ്യും. ഭാവിയെക്കുറിച്ച് ഉത്ക്കണ്ഠയോ വ്യഗ്രതയോ കൂടാതെ ദൈവത്തിന്‍റെ കരുണാര്‍ദ്രമായ കരങ്ങളില്‍, സുഭദ്രമായും സുരക്ഷിതമായും കഴിയുവാനുള്ള മാര്‍ഗ്ഗമാണ് വിശ്വാസം.

5. നിരാശയുള്ളിടത്തു പ്രത്യാശ

ആശ നശിച്ച, പ്രതീക്ഷ തകര്‍ന്നിടഞ്ഞ ഒരു ലോകമാണിത്. എവിടെയും അനിശ്ചിതത്വത്തിന്‍റെ മരുമരീചികകള്‍. ഏതുവഴിക്കു നീങ്ങിയാലും അപകടം പതിയിരിക്കുന്നു. എല്ലായിടത്തും പ്രശ്നങ്ങളുടെ തീനാക്കുകള്‍തന്നെ, ഏതു രംഗത്തും തിന്മയുടെ വിത്ത് പാകിയിരിക്കുന്നു. പ്രത്യാശ വറ്റിവരണ്ട ഈ ലോകത്തിന് സച്ചിദാനന്ദസ്വരൂപനായ ദൈവമാണ് ഒരേയൊരു ശരണം. കണ്ണുനീരിന്‍റെ താഴ്വരയില്‍ നിന്നുള്ള ഞങ്ങളുടെ ഗദ്ഗദമിതാണ് "ജീവേശാ നിരാശയുള്ളിടത്തു പ്രത്യാശ വിതയ്ക്കേണമേ."

6. അന്ധകാരമുള്ളിടത്തു പ്രകാശം

രാത്രിയും പകലുമുണ്ട്. ഇരുളും വെളിച്ചവുമുണ്ട്. എന്നാല്‍ വേറൊരുതരം അന്ധകാരമുണ്ട്. മനസ്സിന്‍റെ ഇരുട്ട് ആത്മാവിന്‍റെ കൂരിരുട്ട്. സൂര്യകിരണങ്ങള്‍ക്കുപോലും കീറിത്തുളയ്ക്കാന്‍ കഴിയാത്ത തമസ്സാണത്. അതാണ് ഭീകരമായ പാപാന്ധകാരം. അതിനെ ഭേദിക്കുവാന്‍ ഒരൊറ്റ കിരണമേയുള്ളു - യേശുവാകുന്ന പ്രകാശം. ഞങ്ങളുടെ ആത്മാവില്‍ ഇരുട്ടുനിറയുന്ന കാളരാത്രിയില്‍ സാന്ത്വനപ്രകാശമായ യേശുവേ, കൂരിരുട്ടില്‍ ഒരു മിന്നാമിനുങ്ങിനെപ്പോലെയെങ്കിലും  മിന്നിത്തിളങ്ങുന്നതിന് അങ്ങയുടെ പ്രകാശത്തിന്‍റെ ഒരു കൊച്ചുകിരണമെങ്കിലും തന്നാലും!

7. സന്താപമുള്ളിടത്തു സന്തോഷം

എങ്ങും ദുഃഖത്തിന്‍റെ ചീളുകള്‍! വേദനയുടെ മുള്ളുകള്‍; ക്ളേശത്തിന്‍റെ മുനകള്‍, കണ്ണീരിന്‍റെ പാനപാത്രങ്ങള്‍. എല്ലാത്തരം ആളുകളും ഒരുവിധത്തില്‍ പറഞ്ഞാല്‍ തുല്യദുഃഖിതര്‍തന്നെ. വേദനയുടെ ഭാണ്ഡവുംപേറി വ്യാകുലം നിറഞ്ഞ വഴികളിലൂടെ നടന്നുനീങ്ങുകയാണ് മനുഷ്യനെന്ന ഏകാന്തപഥികന്‍. രോഗികള്‍, മരണാസന്നര്‍, ആലംബഹീനര്‍, അംഗവൈകല്യംവന്നവര്‍, മര്‍ദ്ദിതര്‍, ചൂഷിതര്‍ എന്നു വേണ്ട നീതിക്കുവേണ്ടി പീഡയനുഭവിക്കുന്ന സമസ്ത മനുഷ്യനും വേദനയുടെ ലോകത്തില്‍ വഴിയാത്രക്കാരാണ്. എന്നാല്‍ മുള്ളിനിടയിലെ പനിനീര്‍പൂപോലെ വേദനയുടെ പിടിയിലും പുഞ്ചിരിയുടെ പൂനിലാവ് പൊഴിക്കുന്നവനാണ് യഥാര്‍ത്ഥ ക്രൈസ്തവന്‍. ക്ളേശങ്ങളുടെ മദ്ധ്യേ ആന്തരികമായ ആനന്ദം  അല്പമെങ്കിലും നുകരാതെ ഉരുകി ദഹിക്കുന്നവര്‍ യേശുവിനെയല്ല, ഇടതുഭാഗത്തു തൂക്കപ്പെട്ട കള്ളനെയാണ് പ്രതിഫലിപ്പിക്കുന്നത്. സന്താപമുള്ളിടത്ത് സന്തോഷം വിതയ്ക്കുന്നവര്‍ ക്രിസ്തുവിന്‍റെ ഉത്ഥാനത്തിനു നിതാന്തസാക്ഷികളാണ്.

8. ഓ! ദിവ്യനാഥാ, ആശ്വസിപ്പിക്കപ്പെടുന്നതിനേക്കാള്‍ ആശ്വസിപ്പിക്കുന്നതിനും

"അദ്ധ്വാനിക്കുകയും ഭാരം വഹിക്കുകയും ചെയ്യുന്ന നിങ്ങളെ സമാശ്വസിപ്പിക്കാം." ജീവിത വഴിയാത്രയില്‍ തല തല്ലി വീഴുന്നവരുടെ ആശാകേന്ദ്രമായ ക്രിസ്തുവിന്‍റെ സാന്ത്വനോക്തിയാണിത്. ആശ്വാസം തേടുന്നതിനേക്കാള്‍ ആശ്വസിപ്പിക്കുന്നതിനാണ് അവിടുന്ന് ആഗതനായത്. സുവിശേഷത്തിലെ ഓരോ താളും ഇതിന് സാക്ഷ്യം വഹിക്കുന്നു. തോളില്‍ ഭാരമുള്ള കുരിശു വഹിച്ചപ്പോഴും ഓറശ്ളെമിലെ ഭക്തസ്ത്രീകളെ ആശ്വസിപ്പിക്കുവാന്‍ അവിടുന്നു മറന്നില്ല. ക്രിസ്തുവിന്‍റെ ചുവടുപിടിച്ചു സഹജീവികള്‍ക്ക് ആശ്വാസതൈലം പകര്‍ന്നു കൊടുക്കുവാന്‍ ബാദ്ധ്യസ്ഥനാണ് ഒരു ക്രിസ്ത്യാനി. ആശ്വസിപ്പിക്കപ്പെടുന്നതിനുവേണ്ടി പിച്ചപ്പാത്രവുമായി നടക്കുന്നവര്‍ യേശുവിനു തന്നെ കളങ്കം ചാര്‍ത്തുന്നവരാണ്. തങ്ങളോടുതന്നെ പരുഷമായും ക്രൂരമായും പെരുമാറിയാലും അന്യരോടുള്ള വ്യാപാരങ്ങളില്‍ ദയവും കനിവും കാരുണ്യവും പ്രദര്‍ശിപ്പിക്കുന്നത് ഒരു ക്രൈസ്തവന്‍റെ ഒഴിച്ചുകൂടാത്ത കടമയാണ്. ഒരു പുഞ്ചിരി, ഒരു നല്ലവാക്ക്, ഒരു നെടുനിശ്വസനം, കരുണാര്‍ദ്രമായ ഒരു നോട്ടം ഇതെല്ലാം മറ്റുള്ളവരില്‍ ആശ്വാസവും പ്രത്യാശയും പകരും. സഹോദരങ്ങളുടെ ഏതാവശ്യങ്ങളിലും സഹായഹസ്തം നീട്ടുന്നത് തികച്ചും ദൈവികമായ പ്രവൃത്തിയാണ്. പരസ്പരം ഭാരം വഹിക്കുന്നവര്‍ക്കാണ് യേശുനാഥന്‍ ആശ്വാസം വാഗ്ദാനം ചെയ്യുന്നത്.

9. മനസ്സിലാക്കപ്പെടുന്നതിനേക്കാള്‍ മനസ്സിലാക്കുന്നതിനും

പ്രസിദ്ധ മനഃശാസ്ത്രജ്ഞനായ ഗബ്രിയേല്‍ മാര്‍സലിന്‍റെ വീക്ഷണത്തില്‍ ഓരോ വ്യക്തിയും ഓരോ രഹസ്യമാണ്. ഒരു വ്യക്തിയെ അറിയണമെങ്കില്‍ അയാളുടെ ഹൃദയരഹസ്യങ്ങളുടെ ചുരുളുകള്‍ നിവരണം. അതിന് ആ വ്യക്തിയെ ശ്രദ്ധിക്കണം. അങ്ങനെ ചെയ്യാത്തതുകൊണ്ടാണ് അവര്‍ പ്രശ്നമനുഷ്യരായി തരംതാഴ്ത്തപ്പെടുന്നത്. തെറ്റിദ്ധാരണകള്‍ക്ക് തീ കൊളുത്തപ്പെടുമ്പോള്‍ ഓരോരുത്തനും പറയുക 'എന്നെ മനസ്സിലാക്കണ' മെന്നാണ്. സൂക്ഷ്മമായ അപഗ്രഥനത്തില്‍ അങ്ങനെയുള്ളവര്‍പോലും മറ്റുള്ളവരെ മനസ്സിലാക്കുവാന്‍ ശ്രദ്ധിക്കാറില്ല എന്നതാണ് സത്യം. മനസ്സിലാക്കപ്പെടുന്നതിനേക്കാള്‍ മനസ്സിലാക്കുന്നതിലായിരിക്കട്ടെ നമ്മുടെ ഇനിയുള്ള ശ്രമം.

10. സ്നേഹിക്കപ്പെടുന്നതിനേക്കാള്‍ സ്നേഹിക്കുന്നതിനും

"ഞാന്‍ നിങ്ങളെ സ്നേഹിച്ചതുപോലെ നിങ്ങളും തമ്മില്‍ത്തമ്മില്‍ സ്നേഹിപ്പിന്‍" ഒരു വ്യക്തി തന്നെത്തന്നെ മറന്ന് സേവന സന്നദ്ധമായി മറ്റുള്ളവരിലേയ്ക്ക് ഇറങ്ങിച്ചെല്ലണം. സ്വാര്‍ത്ഥത നരകം സൃഷ്ടിക്കും. സ്നേഹം വ്യക്തിനിഷ്ഠമാണ്. പരസ്പരം സ്നേഹിക്കുന്ന വ്യക്തികള്‍ക്കു മാത്രമേ സ്നേഹത്തില്‍ ലയിച്ചൊന്നാകുന്നതിനു സാധിക്കയുള്ളു. സ്നേഹം കൊടുക്കുന്നതിനേക്കാള്‍ അതു വാങ്ങുന്നതിനാണ് ഇന്നത്തെ ഓട്ടം. കൊടുക്കുന്നതിനു ഭയം, കൊടുത്താല്‍ പോയല്ലോ എന്നാണ് വിചാരം. എന്നാല്‍ വാസ്തവത്തില്‍ കൊടുക്കുമ്പോഴാണ് സ്നേഹം തിരിച്ചു കിട്ടുന്നത്. താല്ക്കാലികമായ നഷ്ടം സഹിക്കേണ്ടി വന്നാലും ശാശ്വതമായ ലാഭം അവന്‍റെ സന്തോഷത്തിന് മറ്റു വര്‍ദ്ധിപ്പിക്കും.

11. കൊടുക്കുമ്പോഴാണ് ലഭിക്കുന്നത്

കംപ്യൂട്ടര്‍ സിദ്ധാന്തമനുസരിച്ച് കൊടുക്കുന്നതോടെ അവസാനിച്ചു. എന്നാല്‍ ജീവിതം കംപ്യൂട്ടറിനേക്കാള്‍ വ്യാപകമാണ്. സ്നേഹത്തിന്‍റെ അടിസ്ഥാന ഘടകമാണ് കൊടുക്കുക എന്നത്. സ്നേഹിക്കുക എന്നാല്‍ കൊടുക്കുക എന്നര്‍ത്ഥം. ഇനി ഒന്നുംതന്നെ കൊടുക്കുവാനില്ലാത്ത സ്ഥിതിവിശേഷം വരുമ്പോള്‍ സ്നേഹം പരിപൂര്‍ണ്ണമായി. സ്നേഹം കൊടുക്കുന്നതിന് ആഗ്രഹിക്കുമ്പോള്‍ സ്വാര്‍ത്ഥത കിട്ടുന്നതിനെപ്പറ്റിത്തന്നെ ചിന്തിക്കുന്നു. അതുകൊണ്ട് എല്ലാവര്‍ക്കും എപ്പോഴും കൊടുത്തുകൊണ്ടേയിരിക്കുക. ദൈവദത്തമായ എല്ലാ സിദ്ധികളും മറ്റുള്ളവരുടെ സമ്പൂര്‍ണ്ണ വികസനത്തിനായി കൊടുക്കുക. പ്രതിഫലേച്ഛ കൂടാതെ കൊടുക്കുക. കൊടുക്കുന്നവര്‍ക്കു ലഭിക്കുന്ന ഏറ്റവും വലിയ പ്രതിഫലം സ്വര്‍ഗ്ഗമത്രെ.

12. ക്ഷമിക്കുമ്പോഴാണ് ഞങ്ങള്‍ ക്ഷമിക്കപ്പെടുന്നത്

"സ്വര്‍ഗ്ഗസ്ഥനായ ഞങ്ങളുടെ പിതാവേ" എന്ന പ്രാര്‍ത്ഥനയില്‍ 'ഞങ്ങളോടു തെറ്റു ചെയ്യുന്നവരോട് ഞങ്ങള്‍ ക്ഷമിക്കുന്നതുപോലെ, ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോടും ക്ഷമിക്കണമേ' എന്നാണ് ക്രിസ്തുനാഥന്‍ പഠിപ്പിച്ചിരിക്കുന്നത്. മാനുഷികമായിപ്പറഞ്ഞാല്‍ ക്ഷമിക്കുന്നിടത്തോളം പ്രയാസമുള്ള കാര്യങ്ങള്‍ മനുഷ്യജീവിതത്തില്‍ നന്നേ വിരളമാണ്. തെറ്റുചെയ്താല്‍ തന്നെ ക്ഷമായാചനം ചെയ്യുകയെന്നത് മനുഷ്യ പ്രകൃതിക്ക് വലിയ ബുദ്ധിമുട്ടുണ്ടാകുന്ന ഒന്നാണ്. ദൈവം ഓരോരുത്തന്‍റെയും ബലഹീനതകള്‍ കണ്ടുകൊണ്ടാണ് ഓരോ പ്രാവശ്യവും ക്ഷമിക്കുക. മറ്റുള്ളവരെ ദൈവത്തിന്‍റെ മകനോ മകളോ ആയി കാണുമ്പോള്‍ ക്ഷമിക്കുവാനും പൊറുക്കുവാനും എളുപ്പമായിരിക്കും. നമ്മുടെ ക്ഷമയുടെ മാനദണ്ഡം വച്ചുകൊണ്ടാണ് ദൈവം നമ്മോടു ക്ഷമിക്കുന്നതെങ്കില്‍ എത്രയെത്ര കാര്യങ്ങളില്‍ നാമും ശിക്ഷാര്‍ഹരാകും. മറ്റുള്ളവരോട് ക്ഷമിക്കുമ്പോള്‍ മാത്രമേ നമ്മുടെ തെറ്റുകളും ക്ഷമിക്കപ്പെടുകയുള്ളു.

13. മരിക്കുമ്പോഴാണ് ഞങ്ങള്‍ നിത്യജീവിതത്തിലേക്ക് പ്രവേശിക്കുന്നത്.

മനുഷ്യജീവിതം പുല്‍ക്കൊടിക്കു തുല്യമാകുന്നു എന്നു പറയുന്നത് ഏത്രയോ ശരി. ജീവിതത്തിന്‍റെ ഏറ്റവും അവസാനം ആറടി മണ്ണാണ്. ജനിച്ചു വീഴുന്ന ഓരോ ശിശുവും മരിക്കുവാന്‍ പ്രായമെത്തിയ ആളാണ്. ഒരു ക്രൈസ്തവനെ സംബന്ധിച്ചിടത്തോളം മരണം ആനന്ദദായകമായ അനുഭവമത്രെ മരണം അവന് ഒരന്ത്യമല്ല; പുതു ജീവനിലേയ്ക്കുള്ള രൂപാന്തരീകരണമാണ്. ഈയര്‍ത്ഥത്തില്‍ മരണം അവനെ സംബന്ധിച്ചിടത്തോളം വിമോചനമാണ്, ക്രൈസ്തവന്‍ തനിച്ചു മരിക്കുന്നില്ല. ക്രിസ്തുവിനോടുകൂടി അവന്‍ മരിക്കുകയും അവിടുത്തോടുകൂടി ഉയിര്‍ക്കുകയും ചെയ്യും. ഈ വസ്തുത സന്താപത്തേക്കാള്‍ സന്തോഷമല്ലേ നമുക്കു പ്രദാനം ചെയ്യുക?

Featured Posts

bottom of page