top of page

അശാന്തപര്‍വ്വം

Feb 1, 2015

1 min read

സുദര്‍ശനന്‍ ഗോപി
Harassment against women

നേരം വെളുത്തുവരുന്നതെയുള്ളൂ.അയാള്‍ ഉമ്മറമുറ്റത്ത് അങ്ങോട്ടുമിങ്ങോട്ടും ഉലാത്തിക്കൊണ്ടിരിക്കുന്നു. ഇടയ്ക്കിടയ്ക്ക് പടിക്കല്‍ പോയി റോഡിലേക്കു നോക്കി നില്‍ക്കുന്നത് കാണാം!


ഒരു സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ കണക്കെഴുത്തുകാരനാണ് അയാള്‍. നാല്പ്പതുവയസ്സു പ്രായം. ഭാര്യയും രണ്ടു പെണ്‍കുട്ടികളും അടങ്ങിയ അണുകുടുംബത്തിലെ ഗൃഹനാഥന്‍. മൂത്ത കുട്ടി നാലിലും ഇളയവള്‍ ഒന്നിലും പഠിക്കുന്നു.


പടിക്കല്‍ പത്രക്കാരന്‍റെ മണിയടിയൊച്ച കേട്ടപ്പോള്‍ അയാള്‍ തിടുക്കത്തില്‍ പടിക്കലേക്കു നടന്നു. പത്രവുമെടുത്തു വരാന്തയില്‍ വന്നിരുന്നു. അയാള്‍ അതു വായിക്കുവാന്‍ തുടങ്ങി.


അയാള്‍ അങ്ങനെയാണ്. ദിവസവും അതിരാവിലെ ഉണര്‍ന്നു പത്രക്കാരന്‍ വരുന്നതും നോക്കി മുറ്റത്ത് നില്‍ക്കും! പത്രം കിട്ടിയാല്‍ അത് അരിച്ചു പെറുക്കി വായിക്കും! പത്രം ആദ്യം അയാള്‍ക്കുതന്നെ വായിക്കണം. അതയാള്‍ക്കു നിര്‍ബന്ധമായിരുന്നു.


ഇടയ്ക്ക് അയാള്‍ മടിയില്‍ നിന്നും കത്രികയെടുത്ത്, പത്രത്തില്‍ നിന്നും ഒരുഭാഗം വെട്ടിയെടുത്തു. കുറച്ചു കഴിഞ്ഞ് അതു വീണ്ടും ആവര്‍ത്തിച്ചു.


അതയാളുടെ പതിവാണ്. പത്രം വായിക്കുന്നതിനിടയില്‍ പത്രത്തിന്‍റെ ചില ഭാഗങ്ങള്‍ വെട്ടിയെടുക്കും. ചില ദിവസങ്ങളില്‍ ഒന്ന്. ചിലപ്പോള്‍ കുറെയുണ്ടാകും. ചിലപ്പോള്‍ ഒന്നുമുണ്ടാകില്ല. അങ്ങനെ ഒന്നും വെട്ടിയെടുക്കുവാനില്ലാത്ത ദിവസങ്ങളില്‍ അയാള്‍ പതിവിലേറെ സന്തോഷവാനായിരിക്കും.


പത്രം ഒരു പ്രാവശ്യം വായിച്ചു കഴിഞ്ഞ് വീണ്ടും ഒരാവര്‍ത്തി കൂടി അരിച്ചുപെറുക്കി നോക്കി. അതിനിടയില്‍ മടിയിലിരിക്കാന്‍ വന്ന ഇളയകുട്ടിയെ അയാള്‍ ആട്ടിയോടിച്ചു.


അയാള്‍ അങ്ങനെയാണ്. പത്രം വായിക്കുമ്പോള്‍ ആരും അടുത്തുവരാന്‍ പാടില്ല. കുട്ടികളോടൊപ്പം ഒരു കൊച്ചുകുട്ടിയെപോലെ കളിക്കുകയും കഥ പറയുകയും ചെയ്യുന്ന അയാള്‍ പത്രം വായിക്കുമ്പോള്‍ മറ്റൊരാളാകുന്നു! അടുത്തെത്തുന്ന കുട്ടികളെ അയാള്‍ ആട്ടിയകറ്റുന്നു.


വായിച്ചു കഴിഞ്ഞ പത്രം മടക്കി കസേരയില്‍ ഇട്ട്, വെട്ടിയെടുത്ത കടലാസുകഷണങ്ങള്‍ മടക്കി കൈയിലെടുത്തു. അയാള്‍ കസേരയിലിട്ട പത്രം വായിക്കാനെത്തിയ മൂത്ത കുട്ടിയുടെ തലമുടിയില്‍ വാത്സല്യത്തോടെ ഒന്നു തലോടി ഒരു ദീര്‍ഘനിശ്വാസമുതിര്‍ത്തു.


മടക്കിയ കടലാസുകഷണങ്ങള്‍ അയാള്‍ ഒരു പെട്ടിയിലടച്ചു ഭദ്രമായി പൂട്ടിവച്ചു. അയാള്‍ അങ്ങനെയാണ്. കടലാസുകഷണങ്ങള്‍ ഒരു പെട്ടിയിലാക്കി പൂട്ടി വച്ചിരിക്കും. ഒരിക്കല്‍ അങ്ങനെ കൂട്ടിവച്ച കടലാസുകഷണങ്ങള്‍ ആരും കാണാതെ അയാള്‍ കത്തിക്കുന്നത് അയാളുടെ ഭാര്യ കണ്ടിരുന്നു.


അയാളും കുട്ടികളും പോയിക്കഴിഞ്ഞപ്പോളാണ് പെട്ടിയുടെ താക്കോല്‍ പെട്ടിയില്‍ തന്നെയിരിക്കുന്നത് അയാളുടെ ഭാര്യ കണ്ടത്! അന്നാദ്യമായിട്ടായിരുന്നു അയാളതു മറന്നത്. അതിലെന്തായിരിക്കും? ഇതുവരെ ചോദിച്ചിട്ടും തന്നോടതു പറഞ്ഞിട്ടില്ല! അവള്‍ ആകാംക്ഷയോടെ പെട്ടി തുറന്നുനോക്കി. അതിലെ കടലാസുകഷണങ്ങള്‍ കണ്ടു. അവളുടെ തല കറങ്ങിപ്പോയി! അധ്യാപകന്‍ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചു! അച്ഛന്‍ മകളെ പീഡിപ്പിച്ചു! കാമുകിയോടൊപ്പം കഴിയാന്‍ അച്ഛന്‍ മകളെ കൊലപ്പെടുത്തി! മൂന്നു വയസ്സുകാരിയെ പീഡിപ്പിച്ചു!....


അവള്‍ ആ പെട്ടി ഭദ്രമായി അടച്ചുവച്ചു.


പിറ്റേന്നു രാവിലെ പത്രം വായിക്കുവാന്‍ ചെന്നിരുന്ന അയാളുടെ സമീപം അയാളുടെ ഭാര്യ ചെന്നിരുന്നു. ഒരിക്കലും പത്രം വായിക്കുന്ന ശീലമില്ലാതിരുന്ന അവളുടെ കൈയിലും ഒരു കത്രിക ഉണ്ടായിരുന്നു!

സുദര്‍ശനന്‍ ഗോപി

0

0

Featured Posts

Recent Posts

bottom of page