
"ചോദിക്കുവിൻ - നൽകപ്പെടും; അന്വേഷിപ്പിൻ -കണ്ടെത്തും; മുട്ടുവിൻ - തുറന്നു കിട്ടും" എന്ന് യേശു ഒരവസരത്തിൽ പറയുന്നുണ്ട്. പ്രാർത്ഥനയെക്കുറിച്ചാണ് സൂചന. അതേത്തുടർന്ന്, കുട്ടികൾ ഓരോന്ന് ചോദിക്കുന്നതും അപ്പന്മാർ ചിലത് നൽകുന്നതും, ചിലപ്പോൾ നൽകാതിരിക്കുന്നതും യേശു പഠനവിധേയമാക്കുന്നുണ്ട്.
'ചോദിക്കുക, അന്വേഷിക്കുക, മുട്ടുക' എന്നിവ പ്രാർത്ഥനയുടെയും ആത്മീയ ജീവിതത്തിന്റെയും മൂന്ന് ഘട്ടങ്ങളായി കാണാൻ കഴിയും.
പരമ്പരാഗത ക്രിസ്ത്യൻ ആത്മീയ ബോധനമനുസരിച്ച് ആത്മീയ ജീവിതത്തിന് 3 ഘട്ടങ്ങളാണ് ഉള്ളത്: പർഗേറ്റീവ് ഘട്ടം, ഇല്യൂമിനേറ്റീവ് ഘട്ടം, യൂണിറ്റീവ് ഘട്ടം എന്നിവയാണവ.
1 - തൻ്റെതന്നെയും മറ്റുള്ളവരുടെയും ആവശ്യങ്ങൾക്ക് വേണ്ടി യാചനാ പ്രാർത്ഥനകൾ നടത്തുന്ന ഘട്ടമാണ് ആദ്യത്തേത്. പ്രസ്തുത ഘട്ടത്തിൽ നാം നമ്മുടെ സ്വാർത്ഥതകളെ തിരിച്ചറിയും. നമ്മുടെ അഹന്തകൾക്ക് എങ്ങനെ കടിഞ്ഞാണിടും എന്ന് ആകുലപ്പെടും. സ്വാർത്ഥതകളും അഹന്തകളുമായി മല്പിടുത്തം നടത്തും. സ്വന്തം വിമലീകരണത്തിൻ്റെ ഘട്ടം ആയതിനാലാണ് പർഗറ്റീവ് ഘട്ടം എന്നതിനെ വിളിക്കുന്നത്. ഈ ഘട്ടത്തിൽ ഒരാൾ തെരയുന്നത് അവനവനെത്തന്നെയാണ്.
2 - 'അന്വേഷിക്കുക - കണ്ടെത്തും.'
ദൈവത്തിന്റെ തിരുഹിതം എന്തെന്ന് അന്വേഷിച്ച്, അത് കണ്ടെത്തി, അതനുസരിച്ച് പ്രാർത്ഥനയെ ക്രമീകരിക്കുന്ന ഘട്ടമാണ് രണ്ടാമത്തേത്. ദൈവസ്വഭാവവും ദൈവമനസ്സും കൂടുതൽ അടുത്തറിയുന്ന ഘട്ടം. വചനത്തിലും അറിവിലും ജ്ഞാനത്തിലും ആഴപ്പെടുന്ന ഘട്ടം. അതുകൊണ്ടാണ് ഇല്ല്യുമിനറ്റീവ് ഘട്ടം എന്ന് പറയുന്നത്.
ഈ ഘട്ടത്തിൽ ഒരാൾ തെരയുന്നത് ദൈവത്തെത്തന്നെയാ ണ്.
3 - 'മുട്ടുക - തുറന്നുകിട്ടും!'
മുട്ടുക എന്നുള്ളത് അകത്ത് പ്രവേശിക്കാനാണ്. അകത്ത് പ്രവേശിക്കുന്ന ത് ഒന്നാകലിനാണ്. ദൈവത്തോടും മറ്റുള്ളവരോടുമുള്ള സ്നേഹത്തിൽ ആഴപ്പെടുന്നതാണീ ഘട്ടം. ചോദിക്കലുകൾ മിക്കവാറും ഉണ്ടാവില്ല; അന്വേഷണങ്ങളും. വിശ്വാസവും സ്നേഹവും മാത്രമാണിപ്പോൾ. ഒന്നാകലിനാണ് ഇപ്പോൾ പ്രാമുഖ്യം. അതുകൊണ്ടുതന്നെയാണ് യൂണിറ്റീവ് ഘട്ടം എന്നു പറയുന്നതും.