top of page

മരണം-ചില ദാർശനികചിന്തകൾ

Mar 11, 2007

3 min read

ഡോ. സിപ്രിയന്‍ ഇല്ലിക്കമുറി കപ്പൂച്ചിന്‍

ദൈവശാസ്ത്രവേദി

Dead rose representing death

ജീവിതത്തിൽ മരണം


മനുഷ്യചരിത്രത്തിൻ്റെ ആരംഭം മുതൽ തന്നെ മനുഷ്യനെ അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ് മരണം. മറ്റനേകം രംഗങ്ങളിൽ അവൻ അത്ഭുതാവഹമായ പുരോഗതിപ്രാപിക്കയും ജീവിതത്തിൽ അനുഭവപ്പെട്ടിരിക്കുന്ന നിരവധി പ്രതിബന്ധങ്ങളിൽനിന്നു വിമുക്തി നേടുകയും ചെയ്തെങ്കിലും, മരണത്തിൽനിന്നും മരണഭയത്തിൽനിന്നും മോചനം നേടാൻ അവന് ഇനിയും കഴിഞ്ഞിട്ടില്ല. മരണത്തെയും മരണത്തെപ്പറ്റിയുള്ള ചിന്തയെയും കഴിയുന്നിടത്തോളം അകറ്റിനിർത്താനുള്ള വ്യഗ്രതയിലാണ് പലരും. അമേരിക്കൻ, യൂറോപ്യൻ രാജ്യങ്ങളിൽ ഒരു "മരണവിജ്ഞാനീയം" (mortuary science) തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. മനഃശാസ്ത്രപരവും സാമൂഹ്യശാസ്ത്രപരവും സൗന്ദര്യശാസ്ത്രപരവുമായ സാങ്കേതികത്വങ്ങളും ഉൾക്കാഴ്‌ചകളും ഉപയോഗിച്ച്, മരണമുളവാക്കുന്ന അസുഖകരമായ അനുഭവത്തിൽനിന്ന് പരേതന്റെ ഉറ്റവരെയും ഉടയവരെയും അകറ്റി നിർത്തുക എന്നതാണ് ഈ ശാസ്ത്രശാഖയുടെ ലക്ഷ്യം. ജീവിതത്തിൽനിന്നു മരണത്തെ അകറ്റി നിർത്താൻ എത്രമാത്രം ശ്രമിച്ചാലും, ജീവിതത്തിൻ്റെ പ്രതിഭാസങ്ങളിൽ തന്നെ ഒളിഞ്ഞും തെളിഞ്ഞും മരണം തൻ്റെ സാന്നിധ്യം വെളിപ്പെടുത്തുന്നു. രോഗങ്ങൾ, ദുരിതങ്ങൾ, പരാജയങ്ങൾ, വിട പറയലുകൾ, ഉദ്യോഗത്തിൽനിന്നുള്ള വിരമിക്കൽ, വാർദ്ധക്യത്തിന്റെ ആഗമനം തുടങ്ങിയ വിവിധ രൂപങ്ങളിലായിരിക്കാം ഈ വെളിപ്പെടുത്തൽ. അവ മരണത്തിന്റെ മുന്നറിയിപ്പുകളും മുന്നോടികളും മാത്രമല്ല, പ്രത്യുത ജീവിതത്തിൽ തന്നെ അന്തർലീനമായിരിക്കുന്ന മരണമാണെന്നു പറയാം.


മരണത്തിൽ ജീവിതം


ജീവിതത്തിൽ മരണം സന്നിഹിതമായിരിക്കുന്നതു പോലെ തന്നെ മരണത്തിൽ ജീവിതവും സന്നിഹിതമത്രേ. മരണത്തിന്റെ ആഗമനത്തിനു മുമ്പ് ജീവിതം, സോപാധികവും സന്ദിഗ്ദ്ധതകൾ നിറഞ്ഞതും തിരിമറിവുകൾക്ക് വിധേയവുമാണ്. മരണമാണ് ജീവിതത്തിനു നിർണ്ണായകത്വവും സമഗ്രതയും അന്തിമ രൂപവും നൽകുന്നത്. ജീവിതം അടിയന്തിര സ്വഭാവമുള്ളതും നീട്ടിവെക്കാൻ അസാദ്ധ്യവുമാണെന്നു മരണം വെളിപ്പെടുത്തുന്നു. മരണമില്ലായിരുന്നങ്കിൽ ജീവിതം ഭാവനാതീതമായ വിധം ആവർത്തന വിരസവും ഉദാസീനവുമായി അനുഭവപ്പെട്ടേനെ. W.Kaufmann എന്ന തത്ത്വചിന്തകൻ്റെ വാക്കുകൾ ശ്രദ്ധേയമത്രേ: "മരണവുമായുള്ള കൂടിക്കാഴ്‌ചയ്ക്ക് ഒരു തീയതി നിശ്ചയിച്ചുകഴിഞ്ഞാൽ ജീവിതം കൂടുതൽ സുന്ദരമാകും. താമസിയാതെ മരണമടയുമെന്ന തിരിച്ചറിവ് സ്നേഹത്തെ ആഴമേറിയതും ആന്തരികവും തീക്ഷ്‌ണവുമാക്കുമെന്നു മാത്രമല്ല; ജീവിതത്തെ മുഴുവൻ കൂടുതൽ സമൃദ്ധവുമാക്കും". മറ്റു വാക്കുകളിൽ പറഞ്ഞാൽ, മരണത്തിൻ്റെ സാമീപ്യം ജീവിതത്തിന് ആഴം നൽകുന്നു. ജീവനെ കഴിയുന്നതും നീട്ടിക്കൊണ്ടു പോകാനും മരണത്തെ അതിവാർദ്ധക്യത്തിലേക്ക് അകറ്റി നിർത്താനുമുള്ള ശാസ്ത്രത്തിന്റെ പരിശ്രമങ്ങൾ ലോകത്തിൽ കൂടുതൽ മനുഷ്യത്വം വളരാൻ സഹായിക്കുമോ എന്നു കണ്ടുതന്നെ അറിയണം. മരണചിന്ത മനസ്സിൽ നിന്നു മാഞ്ഞുപോയാൽ ജീവിതം തന്നെ ദിശാബോധം നഷ്ടപ്പെട്ടതും ഉത്തരവാദിത്വരഹിതവും ഉപരിപ്ലവവുമാകാനാണ് സാധ്യത. ജീവിതം നമുക്ക് അവകാശപ്പെട്ട എന്തോ ഒന്നല്ല പ്രത്യുത ഒരു ദാനമാണെന്നു മരണം നമ്മെ അനുസ്‌മരിപ്പിക്കുന്നു. മരണം ഒരു സാധ്യതയായി നിരന്തരം മുമ്പിലുള്ളതുകൊണ്ടാണ് ജീവിതം അമൂല്യമായ ഒരവസരവും, സാഹസികമായ ഒരു സംരംഭവുമായി നമുക്ക് അനുഭവപ്പെടുന്നത്.


ജീവിതമരണങ്ങളെ കൂട്ടിയിണക്കുന്ന പ്രത്യാശ


അങ്ങനെ ഗാഢമായി ഇഴുകിച്ചേർന്നിട്ടുള്ള പ്രതിഭാസങ്ങളത്രേ ജീവിതവും മരണവും. എന്നാൽ, മരണം പ്രത്യക്ഷത്തിൽ ഈ ഐക്യത്തിന് അറുതി കുറിക്കുന്നു; എല്ലാം അർത്ഥശൂന്യവും നിഷ്‌ഫലവുമാക്കുന്നുവെന്ന പ്രതീതിയാണ് അത് ഉളവാക്കുക. എങ്കിലും, കാലദേശങ്ങൾക്ക് അതീതമായി എല്ലാ ജനപദങ്ങളും മരണത്തെ എല്ലാറ്റിന്റെയും അന്ത്യമായി കാണുവാൻ വിസമ്മതിക്കുന്നു. മരണത്തെക്കാൾ ശക്തിയുറ്റതാണു ജീവിതമെന്ന പ്രത്യാശയും പ്രതീക്ഷയും മനുഷ്യകുലത്തിൻ്റെ കൂടെപ്പിറപ്പുകളാണെന്നു പറയാം. വിവിധ പ്രതീകങ്ങളിലൂടെയും സാദൃശ്യങ്ങളിലൂടെയുമാണ് ഈ പ്രത്യാശയും പ്രതീക്ഷയും അവർ പ്രകടിപ്പിക്കുക. പുരാതന സുമേറിയരും പുരാതന പേർഷ്യാക്കാരും പുരാതന ഈജിപ്തു‌കാരുമെല്ലാം മരണാനന്തരജീവിതത്തിൽ വിശ്വസിച്ചിരുന്നുവെന്നതിന്റെ രേഖകളും പ്രതീകങ്ങളുമൊക്കെ ലഭ്യമാണ്. "മൃത്യോർമ അമൃതം ഗമയ" (മരണത്തിൽനിന്ന് അമർത്യതയിലേക്ക് എന്നെ നയിക്കുക) എന്ന ബൃഹദ്ഭരണ്യകോപനിഷത്തിലെ പ്രാർത്ഥന ആർഷഭാരതത്തിന്റെ ഈ പ്രത്യാശയെയാണല്ലോ പ്രദ്യോതിപ്പിക്കുക.


ആത്മാവിന്റെ അമർത്യത പ്ലേറ്റോയുടെ ദർശനത്തിൽ


മരണത്തെയും മരണാനന്തര ജീവിതത്തെയുംപ്പറ്റി വിശദമായ ഒരു താത്ത്വിക വിശകലനം നടത്തിയ വ്യക്തിയാണ് ഗ്രീക്കു തത്ത്വചിന്തകനായ പ്ലേറ്റോ. ആത്മാവിന്റെ അമർത്യതയെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ വിചിന്തനങ്ങൾ ക്രൈസ്ത‌വ ദൈവശാസ്ത്ര പാരമ്പര്യത്തെ നിർണ്ണായകമായി സ്വാധീനിച്ചിട്ടുണ്ട്. Phaidos എന്ന ഗ്രന്ഥത്തിലാണ് അദ്ദേഹത്തിന്റെ ചിന്ത മുഖ്യമായി നാം കാണുക. തന്റെ ഗുരുവായ സോക്രട്ടീസ് മരണത്തെ മുഖാമുഖം കണ്ടപ്പോഴും യാതൊരു ഭാവഭേദവുമില്ലാതെ ശാന്തനായിരുന്നതിൻ്റെ അടിസ്ഥാനമെന്തെന്ന അന്വേഷണം പ്ലേറ്റോയെ എത്തിച്ചത് ആത്മാവിന്റെ അമർത്യതയെന്ന ആശയത്തിലാണ്. മനുഷ്യൻ ജീവിക്കുന്നത് ബാഹ്യവും പാഞ്ചന്ദ്രിയങ്ങൾക്കു വിഷയീഭൂതവുമാകുന്ന യാഥാർത്ഥ്യങ്ങളിൽ മാത്രമല്ല, പ്രത്യുത അമർത്യമായ ആശയങ്ങളിൽ പങ്കുകൊള്ളുന്നവനായിട്ടാണ്. അമർത്യമായ ആശയങ്ങളിൽ പങ്കുകൊള്ളുവാൻ കഴിയുക അമർത്യമായ ആത്മാവിൻ്റെ സവിശേഷതയത്രേ. മനുഷ്യൻ സത്യവും നന്മയും സൗന്ദര്യവും അറിയുന്നു. ഈ ആശയങ്ങൾ അമർത്യമാണ്. ആത്യന്തികമായി സത്യവും നന്മയും സൗന്ദര്യവും ദൈവം തന്നെയത്രേ. ഈ ആശയങ്ങളാൽ ജീവിക്കുന്ന ആത്മാവും അവയെപ്പോലെതന്നെ അമർത്യമാണ്, ദൈവികമാണ്. അങ്ങനെ പ്ലേറ്റോ ആത്മാവിന്റെ അമർത്യതയ്ക്ക് അടിസ്ഥാനം കാണുന്നത് നശീകരണക്ഷമമല്ലാത്ത ഒരു 'ആത്മസത്ത'യിലല്ല, പ്രത്യുത ആത്മാവിന് അമർത്യമായ ആശയങ്ങളോടുള്ള സത്താപരമായ ബന്ധത്തിലാണ്, ഈ അമർത്യാശയങ്ങളുടെ ഉറവിടമായ ദൈവത്തോടുള്ള ബന്ധത്തിലാണ്.


വി. ആഗസ്‌തീനോസും വി. തോമസ് അക്വീനാസും ചിന്തിക്കുന്നതും ഈ ദിശയിൽ തന്നെയത്രേ. വി. അക്വിനാസ് എഴുതുന്നു: "മാലാഖമാരും അരൂപികളായ ആത്മാക്കളും അനശ്വരരാണ്, കാരണം സത്യത്തോടു സദ്യശമാണ് അവരുടെ പ്രകൃതം" (Summa Theol q.61, 3 a 3). പ്രബോധോദയ ചിന്തകരാണ് ഈ പശ്ചാത്തലത്തിൽ നിന്ന് ആത്മാവിന്റെ അമർത്യതയെ അടർത്തിയെടുത്ത് അമർത്യമായ ഒരു ആത്മസത്തയിൽ അതിനെ പ്രതിഷ്‌ഠിച്ചത്. എന്നാൽ ബോധ്യത്തിലേക്കു നയിക്കുന്ന ന്യായീകരണങ്ങൾ നൽകാൻ അവർക്കു കഴിഞ്ഞില്ല. Immanuel Kant-ന്റെ അഭിപ്രായത്തിൽ, താത്ത്വിക യുക്തി കൊണ്ട് ആത്മാവിൻ്റെ അമർത്യത തെളിയിക്കാൻ സാധ്യമല്ല. പ്രായോഗികബുദ്ധിയുടെ ഒരു നിഗമനം (postulate) ആയിട്ടു മാത്രമേ അതിനെ അംഗീകരിക്കാനാവൂ.


മരണം സ്വതന്ത്രമായ പ്രവൃത്തി: ഹൈഡഗ്ഗർ


ജീവിതത്തെയും മരണത്തെയും പറ്റി ആഴത്തിൽ ചിന്തിച്ച മറ്റൊരു വ്യക്തിയാണ് അസ്തിത്വചിന്തകനായ മാർട്ടിൻ ഹൈഡഗ്ഗർ (Martin Heidegger). "അസ്‌തിത്വവും സമയവും" (Zein and Zeit ) എന്ന പുസ്‌തകത്തിലാണ് ഈ ചിന്ത അദ്ദേഹം അവതരിപ്പിക്കുന്നത്. തൻ്റെ സാകല്യാസ്‌തിത്വത്തിൻ്റെ അർത്ഥത്തെപ്പറ്റിയുള്ള അന്വേഷണം മനുഷ്യൻ്റെ അവശ്യസ്വഭാവമാണ്. എന്നാൽ, തന്റെ സാകല്യാസ്തിത്വത്തെ തന്റെ മുൻപിൽ കൊണ്ടുവന്നു പഠനവിധേയമാക്കുന്നതിനു അവനു കഴിയുകയില്ല. കാരണം അതിൻ്റെ സമഗ്ര സാക്ഷാത്ക്കാരം സംഭവിക്കാനിരിക്കുന്നതേയുള്ളൂ.അതു സാക്ഷാൽക്കരിക്കുന്നതു മരണത്തിൽ മാത്രമാണ്. അതു സാക്ഷാത്‌ക്കരിച്ചു കഴിയുമ്പോൾ മനുഷ്യൻ്റെ സ്വത്വവും നഷ്‌ടപ്പെട്ടു കഴിഞ്ഞിരിക്കും. ഒരുവനും തന്റെ സ്വന്തം മരണം അനുഭവിക്കുന്നില്ല. മറ്റുള്ളവരുടെ മരണത്തിൽനിന്നു മാത്രമേ നമുക്കു സംഭവിക്കാനിരിക്കുന്നതിനെ നമുക്ക് അനുഭവിക്കാൻ കഴിയുകയുള്ളൂ. മറ്റുള്ളവരുടെ മരണത്തിൽ നിന്ന് നമ്മുടെ അസ്തിത്വം മരണോന്മുഖമാണെന്നു നാമറിയുന്നു.


അതിനാൽ മരണത്തിന് വ്യാഖ്യാനശാസ്ത്രപരമായ ഒരു ധർമ്മമുണ്ട് (a hermeneutical function). മരണത്തിനു മുമ്പിലാണു മനുഷ്യൻ തന്നെത്തന്നെ കണ്ടെത്തുക. മരണം ജീവിതത്തിലെ ഒരു യാദൃച്ഛികതയല്ല, ജീവിതത്തിന്റെ ഗുരുതരമായ ഒരവശ്യനിമിഷമാണ്. അവശ്യഭാഗമാണ്. മരണമാണ് ജീവിതത്തിന്റെ സമഗ്രത സാധ്യമാക്കുന്നത്. മരണത്തിന്റെ മുമ്പിൽ തൻ്റെ അസ്‌തിത്വത്തിന്റെ അർത്ഥമെന്തെന്ന് ഓരോരുത്തരും തീരുമാനിക്കേണ്ടിയിരിക്കുന്നു. മരണമാണ് മനുഷ്യനെ സമ്പൂർണ്ണസ്വതന്ത്രനാക്കുന്നതും തൻ്റെ അസ്‌തിത്വത്തെ സമഗ്രതയായി ഏറ്റെടുക്കുന്നതിനുള്ള സാധ്യത നൽകുന്നതും. ഇവിടെ തൻ്റെ അസ്‌തിത്വത്തെ മരണോന്മുഖവും പരിമേയവുമായ അസ്‌തിത്വമായി സ്വീകരിക്കുവാൻ അവനു കഴിയുന്നു. ദൃഢമായ നിശ്ചയത്തോടും വെല്ലുവിളിക്കുന്ന ധീരതയോടുംകൂടെ മരണത്തെ വരിക്കുവാൻ അവൻ പ്രാപ്‌തനാകുന്നു. അങ്ങനെ മനുഷ്യാസ്‌തിത്വത്തിന്റെ അവശ്യഘടകമായ മരണത്തെ സ്വതന്ത്രമായി വരിക്കുന്നതിനും മനുഷ്യസ്വാതന്ത്ര്യത്തിന്റെ ഉദാത്ത സാധ്യതയാക്കി തീർക്കുന്നതിനും മനുഷ്യനു കഴിയുന്നു. ഏതാണ്ടിങ്ങനെ പോകുന്നു മരണത്തെപ്പറ്റിയുള്ള ഹൈഡഗ്ഗറിന്റെ ചിന്താധാര.

ഡോ. സിപ്രിയൻ ഇല്ലിക്കമുറി കപ്പുച്ചിൻ

അസ്സീസി മാ‌ർച്ച് 2007

Featured Posts

Recent Posts

bottom of page