top of page
സ്വന്തം അനുഭവങ്ങള്‍, മറ്റുള്ളവരുടെ വാക്കുകള്‍, സൃഷ്ടപ്രപഞ്ചത്തിന്‍റെ ക്രമബദ്ധത ഇവയിലൊക്കെ വിശ്വസിക്കാതെ ആര്‍ക്കാണ് ജീവിക്കാനാവുക? എന്നാല്‍, വിശ്വാസിച്ചതുകൊണ്ടുമാത്രം കാര്യമായില്ല. നാം വിശ്വാസം അര്‍പ്പിക്കുന്ന കാര്യങ്ങള്‍ വിശ്വാസയോഗ്യമായിരിക്കുകകൂടി വേണം. പൊള്ളയായ വക്കുകളില്‍ വിശ്വസിച്ചതിനാല്‍ നഷ്ടം സഹിക്കേണ്ടിവന്നവര്‍ അനേകരാണ്. അങ്ങനെ നോക്കുമ്പോള്‍, വിശ്വാസത്തിന്‍റെ വിശ്വാസ്യതയാണ് എല്ലാ മാനുഷികവ്യാപാരങ്ങളുടേയും അടിസ്ഥാനം എന്ന് പറയേണ്ടതായിവരും. സംഘര്‍ഷരഹിതമായ ഒരു സാധാരണ ജീവിതം സാധ്യമാക്കുന്ന ഇത്തരം വിശ്വാസത്തെڔമാനുഷികമായ വിശ്വാസം എന്ന് പൊതുവില്‍ വിളിക്കാം. ജീവിതത്തെ മുന്നോട്ട് നയിക്കുന്ന ഒരു മാനുഷികശക്തിതന്നെയാണിത്. എന്നാല്‍, നാം നമ്മിലും മറ്റുള്ളവരിലും പ്രപഞ്ചത്തിന്‍റെ ക്രമത്തിലും വിശ്വസിക്കുന്നതു പോലെയല്ല ദൈവത്തില്‍ വിശ്വസിക്കുക എന്നുപറയുന്നത്. ദൈവികമായ വിശ്വാസം മാനുഷികമായ വിശ്വാസത്തില്‍ നിന്ന് വ്യത്യസ്തമാണ്. അത് കേവലം ഒരു മാനുഷിക ശക്തിയല്ല; മനുഷ്യനില്‍ അനാവൃതമാവുന്ന ദൈവിക ശക്തിയാണ്. എന്നെ അയച്ച പിതാവ് ആകര്‍ഷിച്ചാലല്ലാതെ ഒരുവനും എന്‍റെ അടുക്കലേക്ക് വരാന്‍ സാധിക്കുകയില്ലڈ എന്ന തിരുവചനം ദൈവവിശ്വാസത്തില്‍ മാനുഷിക ശക്തിക്കപ്പുറത്തുള്ള ഒരു ദൈവിക ഇടപെടലിനെ സൂചിപ്പിക്കുന്നുണ്ട്. ദൈവികമായ വിശ്വാസം എന്‍റെ സ്വതന്ത്രമായ സഹകരണത്തോടെ എന്നില്‍ പ്രകടമാകുന്ന ദൈവികശക്തിയാണ്. അത് ദൈവമുണ്ട് എന്ന കേവലബോധ്യം മാത്രമല്ല; ദൈവം എനിക്ക് ആരാണ് എന്ന തിരിച്ചറിവുകൂടിയാണ്.
ദൈവം വെളിപ്പെടുത്തുന്നത് വിശ്വസിക്കുന്നതിനെയാണ് ദൈവികമായ വിശ്വാസം എന്ന് ലളിതമായി പറയാമെങ്കിലും അതിലൊരു സങ്കീര്‍ണ്ണത ഒളിച്ചിരിപ്പുണ്ടന്ന് നാം മറക്കരുത്. ഒരു സാധാരണ ജീവിതത്തിന് ആവശ്യമായ മാനുഷികമായ വിശ്വാസംڔനൈസര്‍ഗ്ഗികമാണന്ന് നമുക്കറിയാം. എന്നാല്‍, ദൈവികമായ വിശ്വാസത്തിന്‍റെ കാര്യം അങ്ങനെയല്ല.ڔവെളിപ്പെടുത്തപ്പെട്ട സത്യങ്ങളെ ഞാന്‍ ബൗദ്ധികമായി ആദ്യമേ സ്വീകരിക്കണം. അങ്ങനെ നോക്കുമ്പോള്‍, ദൈവം വെളിപ്പെടുത്തുന്നവ ഞാന്‍ ബൗദ്ധികമായി സ്വീകരിക്കുന്നതോടെയാണ് വിശ്വാസ ജീവിതത്തിന്‍റെ തുടക്കം. എന്തിനെയെങ്കിലും ബൗദ്ധികമായി സ്വീകരിക്കുക എന്നതിനര്‍ത്ഥം അതിനെ നമ്മുടെ ബോധത്തിന്‍റെ ക്രിയാത്മക തലങ്ങളിലേക്ക് എടുക്കുക എന്നാണ്. ഇങ്ങനെ ബൗദ്ധികമായി നാം സ്വീകരിക്കുന്ന കാര്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ചലനങ്ങളുണ്ടാക്കും. കടലില്‍ മഴപെയ്യുന്നുണ്ടെന്ന കേട്ടറിവും സ്വന്തമുടലില്‍ മഴവീഴുന്നുണ്ടെന്ന നേരറിവും തമ്മിലുള്ള വ്യത്യാസത്തെ പരിശോധിച്ചു നോക്കിയാല്‍ ബൗദ്ധികമായി ഒരു കാര്യം സ്വീകരിക്കുക എന്നുപറയുന്നതിന്‍റെ അര്‍ത്ഥവ്യാപ്തി മനസ്സിലാക്കാം. ദൈവം വെളിപ്പെടുത്തിയിട്ടുള്ളവ എന്‍റെ മെയ്യില്‍ തൊട്ടാലെന്നവണ്ണം സ്വീകരിക്കാന്‍ എനിക്ക് കഴിയുന്നുണ്ടോ എന്നതാണ് പ്രശ്നം.
മനുഷ്യരെയും പ്രപഞ്ചത്തെയും വിശ്വസിക്കുന്ന നമ്മള്‍ എന്തുകൊണ്ടാണ് ദൈവിക വെളിപാടുകളെ - കൃത്യമായിപ്പറഞ്ഞാല്‍, ക്രിസ്തുവിനെ - വിശ്വസിക്കാത്തത്? വാസ്തവത്തില്‍, സര്‍വ്വജ്ഞാനിയും സര്‍വ്വശക്തനും സര്‍വ്വനന്മ സ്വരൂപിയുമായ ദൈവമല്ലേ ഏറ്റവും വിശ്വസനീയനായിട്ടുള്ളത്? ദൈവമാണ് ഏറ്റവും വിശ്വസനീയനെങ്കിലും ദൈവം നമ്മോട് വിശ്വസിക്കാന്‍ ആവശ്യപ്പെടുന്ന കാര്യങ്ങള്‍ നമ്മുടെ ബുദ്ധിക്ക് അതീതമാണെന്നതാണ് ദൈവികമായ വിശ്വാസത്തില്‍ നാം പുറകോട്ട് പോകുന്നതിന്‍റെ കാരണം. "ആരെങ്കിലും ഈ മലയോട് ഇവിടെ നിന്ന് മാറി കടലില്‍ ചെന്നുവീഴുക എന്നു പറയുകയും ഹൃദയത്തില്‍ ശങ്കിക്കാതെ താന്‍ പറയുന്നത് സംഭവിക്കുമെന്ന് വിശ്വസിക്കുകയും ചെയ്താല്‍ അവന് അത് സാധിച്ചുകിട്ടും" എന്ന വചനം നമ്മിലെത്രപേര്‍ ഗൗരവമായിട്ടെടുത്തിട്ടുണ്ട്? ക്രിസ്തുവില്‍ വെളിവാക്കപ്പെട്ട ഇതും ഇതുപോലുള്ള മറ്റനേകം ദൈവ വചനങ്ങളും സത്യമാണോ എന്ന് പലരും സംശയിക്കുന്നു. ഇത് ദൈവനിഷേധമല്ല; മറിച്ച്, ദൈവത്തോട് സംവദിക്കുന്ന മനുഷ്യന്‍റെ സങ്കടകരമായ ഒരുڔമാനസികാവസ്ഥയാണ്. അബ്രാഹം മുതല്‍ പരിശുദ്ധമറിയംവരെയുള്ള പലരിലും ഈ മാനസികാവസ്ഥ വളരെ പ്രകടമായിക്കാണാം. എന്തു തന്നെയായാലും, ദൈവമനുഷ്യബന്ധത്തിനകത്ത് പൊട്ടിയമരുന്ന ഒരു സംശയമായതിനാല്‍ ഇതിനെ ആത്മീയ സന്ദേഹം എന്നാണ് പരക്കെ വിളിക്കുന്നത്. ഈ ആത്മീയ സന്ദേഹം നമ്മുടെ (ദൈവികമായ) വിശ്വാസത്തിന്‍റെ സ്ഥായിയായ രണ്ടാം ഭാവമാണന്ന് കര്‍ത്താവിനറിയാമായിരുന്നുവെന്നുവേണം കരുതാന്‍. അതിനാലത്രെ വിശ്വാസം വര്‍ദ്ധിപ്പിക്കേണ്ടതിനെപ്പറ്റി അവിടുന്ന് പലപ്പോഴും ഊന്നിപ്പറഞ്ഞിരുന്നത്.
വിശ്വാസപ്രതിസന്ധിയുടെ അനുഭവതലങ്ങള്‍
ക്രിസ്തുവില്‍ ദൈവം വെളിപ്പെടുത്തിയ സത്യങ്ങള്‍ ഉയര്‍ത്തുന്ന വെല്ലുവിളികളാണ് നമ്മുടെ വിശ്വാസ ത്തിന്‍റെ അടിസ്ഥാനപരമായ പ്രതിസന്ധികളുടെ പശ്ചാത്തലകാരണം. ചരിത്രത്തിലെ ക്രിസ്തുസംഭവത്തിന്‍റെ അര്‍ത്ഥ വ്യാപ്തിയെന്തെന്നതിനെക്കുറിച്ച് (പ്രത്യേകിച്ച് എന്‍റെ വ്യക്തി ജീവിതത്തില്‍) അവ്യക്തതയുണ്ടാകുമ്പോള്‍ അത് ആത്മീയവ്യഥക്കും, വൈകാരികവും ബൗദ്ധികവുമായ അരക്ഷിതാവസ്ഥക്കും കാരണമാകും. ഈ ആത്മീയവും വൈകാരികവും ബൗദ്ധികവുമായ (അതിനാല്‍തന്നെ, സമൂഹികമാനങ്ങളുമുള്ള) അസന്ദിഗ്ദ്ധാവസ്ഥയാണ് വിശ്വാസപ്രതിസന്ധിയുടെ അനുഭവതലം. വിശ്വാസപ്രതിസന്ധിയുടെ അനുഭവതീവത പല വ്യക്തികളിലും സമൂഹങ്ങളിലും പല തരത്തിലായിരിക്കും. അനുഭവതീവ്രതയുടെ വ്യത്യസ്തത വ്യക്തികളുടെ വിശ്വാസശൈലിയിലുള്ള വ്യത്യസ്തകളുമായും ബന്ധപ്പെട്ടാണിരിക്കുന്നത്. അത്തികള്‍ പൂചൂടുന്നില്ലെങ്കിലും മുന്തിരി ഫലം നല്കുന്നില്ലെങ്കിലും ആലയില്‍ ആടുകള്‍ അറ്റുപോയാലും എന്‍റെ കര്‍ത്താവില്‍ ഞാന്‍ ആനന്ദിക്കും എന്നുപറയാന്‍ ഒരാളെ പ്രേരിപ്പിക്കുന്ന ഒരു വിശ്വാസശൈലിയെ തികച്ചും ദൈവികമായ വിശ്വാസമെന്ന് സാധാരണ വിശേഷിപ്പിക്കാറുണ്ട്. എന്നാല്‍, അത്തികളല്ലാം പൂചൂടുക തന്നെ വേണം എന്നു ശഠിച്ച് പ്രാര്‍ത്ഥിക്കുന്ന പ്രതീക്ഷയിലടിസ്ഥാനമിട്ട വിശ്വാസജീവിതശൈലിയുണ്ട്. ഇവയ്ക്കുപുറമെ, എല്ലാം വിശ്വസിക്കുന്ന, എല്ലാം സ്വീകരിക്കുന്ന ഭക്തിനിര്‍ഭരമായ ഒരു ശൈലിയുമുണ്ട്. ആത്മീയ ചിന്തകര്‍ ഈ വിശ്വാസശൈലികളെ യഥാക്രമം ദൈവികമായ വിശ്വാസം, പ്രതീക്ഷാനിര്‍ഭരമായ വിശ്വാസം, ഭക്തിനിര്‍ഭരമായ വിശ്വാസം എന്നിങ്ങനെ വിശേഷിപ്പിക്കാറുണ്ട്. വിശ്വാസത്തിന്‍റെ ശൈലീ വൈവിധ്യം മനസ്സിലാക്കിയാലെ വിശ്വാസ പ്രതിസന്ധിയുടെ അനുഭവതീവ്രതയിലുള്ള വ്യത്യാസവും വ്യക്തമാവുകയുള്ളു.
പരമ്പരാഗത വിശ്വാസങ്ങളെയും ആചാരങ്ങളെയും പച്ചയായിട്ടെതിര്‍ക്കുന്നവരുണ്ട്. ഇവര്‍ക്കാണ് ഏറ്റവും തീവ്രമായ വിശ്വാസപ്രതിസന്ധി ഉണ്ടാകുന്നത്. മനശ്ശാസ്ത്രത്തിന്‍റെയും സാമൂഹികശാസ്ത്രത്തിന്‍റെയും മറ്റുപല പ്രത്യയശാസ്ത്രങ്ങളുടേയും വീക്ഷണ കോണില്‍ നിന്നാണ് പലപ്പോഴും ഇക്കൂട്ടര്‍ മതനിരാസത്തിന് ശ്രമിക്കുന്നത്. അവരില്‍ ചിലര്‍ ആത്മീയതയെ അംഗീകരിക്കുകയും എന്നാല്‍ മതത്തിന്‍റെ വിശ്വാസങ്ങളെയും ചര്യകളെയും തള്ളിക്കളയുകയും ചെയ്യും. മതത്തെ പൊതുവില്‍ അംഗീകരിക്കുന്നവര്‍ക്കിടയിലും വിശ്വാസ പ്രതിസന്ധി അനുഭവിക്കുന്നവരുണ്ടാകാം. അവര്‍ മതത്തിന്‍റെ വിശ്വാസങ്ങളേയും ചര്യകളേയും തന്നിഷ്ടാനുസരണം മാത്രം സമീപിക്കുന്നവരാണ്. ഇക്കൂട്ടര്‍ ചിലത് വിശ്വസിക്കും; മറ്റ് ചിലതിനെ എതിര്‍ക്കും. പ്രബുദ്ധരെന്ന് കരുതപ്പെടുന്ന ഇവര്‍, ഉള്ളില്‍ പുകയുന്ന സംഘര്‍ഷം മൂലം, വിശ്വാസജീവിതത്തിന്‍റെ മധുര്യവും ആനന്ദവും ഒരിക്കലും അനുഭവിക്കാതെ പോകുന്നു. മൂന്നാമതൊരു കൂട്ടര്‍, ഒന്നും എതിര്‍ക്കുന്നില്ലെന്ന് മാത്രമല്ല, സ്വന്തമതത്തിന്‍റെ വിശ്വാസങ്ങളെയും, അനുഷ്ഠാന ങ്ങളെയും, അധികാരസംവിധാനങ്ങളെയും പൂര്‍ണ്ണമായി സ്വീകരിക്കുന്നവരുമാണ്. എന്നാല്‍ ഇവരും ഒരുതരം ഗൗരവമേറിയ വിശ്വാസപ്രതിസന്ധിയിലൂടെ കടന്നുപോകാം. പ്രബോധനങ്ങളിലും ആചാരാനുഷ്ഠാനങ്ങളിലും വിശ്വാസത്തിന്‍റെ പ്രകടനങ്ങളിലും അധികാരപ്രയോഗശൈലികളിലും കാലാകാലങ്ങളിലു ണ്ടാകുന്ന മാറ്റങ്ങള്‍ക്ക് മുന്‍പില്‍ ഇക്കൂട്ടര്‍ അന്തിച്ച് നിന്നുപോകുന്നു. ശരാശരി മതവിശ്വാസികള്‍ പരിചയിച്ചതും പ്രതീക്ഷിക്കുന്നതുമായ ആത്മീയശൈലികള്‍ക്ക് വിരുദ്ധമായവ കാണുമ്പോള്‍ ആശങ്ക കള്‍ ഉടലെടുക്കുന്നു. തന്‍റെ അറിവില്ലായ്മയണോ അതോ താനൊഴികെയുള്ളവരുടെ ഭാഗത്തുനിന്നുള്ള അപാകതയാണോ തന്‍റെ അങ്കലാപ്പിനും ആശങ്കക്കും കാരണമെന്ന് ഉറപ്പില്ലാത്ത ഒരവസ്ഥ. കാരണം എന്തുതന്നെയായാലും ഫലം വിശ്വാസപ്രതിസന്ധിയാണ്.
എന്തുകൊണ്ടാണ് വിശ്വാസപ്രതിസന്ധി ഉണ്ടാകുന്നത്?
വെളിപാട് ഉയര്‍ത്തുന്ന വെല്ലുവിളികളാണ് വിശ്വാസ പ്രതിസന്ധിയുടെ കാരണം എന്ന് നാം നേരത്തെ പറഞ്ഞു. അവിടെ കാരണം എന്ന തു കൊണ്ട് നാം ഉദ്ദേശിച്ചത് സാധ്യതയൊരുക്കുക എന്ന കാര്യം മാത്രമാണ്. പ്രഭാഷകന്‍ പറയുന്നതുപോലെ, "അഗ്നിയും ജലവും അവിടുന്ന് നമ്മുടെ മുന്‍പില്‍ വച്ചിരിക്കുന്നു; ഇഷ്ടമുള്ളത് എടുക്കാം; ജീവനും മരണവും നമ്മുടെ മുന്‍പിലുണ്ട്; ഇഷ്ടമുള്ളത് നമുക്ക് ലഭിക്കും" (പ്രഭാ.15:16-17). ഒരു തെരഞ്ഞെടുപ്പിന്‍റെ സാധ്യത നമ്മുടെമുന്‍പില്‍ അവതരിപ്പിക്കുന്നു എന്ന അര്‍ത്ഥത്തിലാണ് വെളിപാട് പ്രതിസന്ധി സൃഷ്ടിക്കുന്നുവെന്ന് നാം പറയുന്നത്. എന്നാല്‍, ആത്മിയവും വൈകാരികവും ബൗദ്ധികവുമായ അരക്ഷിതാവസ്ഥയാകുന്ന വിശ്വാസപ്രതിസന്ധിയുടെ കാരണം ദൈവമല്ല, ദൈവികവെളിപാടുകളുമല്ല; മറിച്ച്നമ്മുടെ മനസ്സുകളിലേക്കും പ്രവൃത്തിപഥങ്ങളിലേക്കും സാവധാനം സംക്രമിച്ച് കയറി അവിടെ ഒരു ക്രിയാത്മക ശക്തിയായി സ്വാധീനം ചെലുത്തുന്ന സുവിശേഷ വിരുദ്ധമായ ചിന്തകളും ശൈലികളുമാണ്.
വിശ്വാസപ്രതിസന്ധിയുണ്ടാക്കുന്ന സുവിശേഷ വിരുദ്ധമായ ചിന്താ-പ്രവര്‍ത്തന ശൈലികളില്‍ നാലെണ്ണം പ്രത്യേക ശ്രദ്ധ അര്‍ഹിക്കുന്നു: അവനവനിസം, പാരമ്പര്യനിഷേധം, മതനിരാസം, കമ്പോളവത്ക്കരണം. ഈ സുവിശേഷ വിരുദ്ധ പ്രവണതകള്‍ മൂലം നമുക്ക് നഷ്ടമാകുന്നത് യഥാക്രമം സംഘാത്മകതയുടെ ശക്തി, ചരിത്രപാഠങ്ങള്‍ നല്കുന്ന ഉറപ്പ്,വിശുദ്ധിയും അശുദ്ധിയും തമ്മിലുള്ള വേര്‍തിരിവ്, ശുശ്രൂഷയുടെ ഔദ്ധത്യം എന്നിവയാണ്.ചിന്തയുടെയും പ്രവൃത്തികളുടെയും ശൈലികളെ ബാധിക്കുന്ന ഈ സമകാലിക പ്രവണതകളുടെ സംക്രമണം തടയുക ഒട്ടും എളുപ്പമല്ല. കാരണം, ഇവ നമ്മുടെ ആത്മപരിശോധയുടെ അരിപ്പയിഴകള്‍ക്കിടയിലൂടെ രക്ഷപ്പെട്ട് പോകാന്‍മാത്രം വളരെ നേര്‍ത്ത പ്രവണതകളാണ്. ഇന്ന് ലോകത്തെ ഭരിക്കുന്നത് വന്‍ശക്തികള്‍ അല്ല, മറിച്ച് മൃദുശക്തികളാണ് എന്നൊരു തിരിച്ചറിവുണ്ടെങ്കിലെ ഈ പ്രവണതകളെ ഗൗരവമായിട്ടെടുക്കാനെങ്കിലും നമുക്ക് സധിക്കുകയുള്ളു. പുല്ലിന്മേല്‍ മഞ്ഞുതുള്ളി പോലെയും നിശ്ശബ്ദതയില്‍ മന്ദമാരുതന്‍ പോലെയും ആത്മാവിനെ തഴുകിയുണര്‍ത്തുന്ന ദൈവസാന്നിദ്ധ്യത്തെ തിരിച്ചറിയുന്ന നമുക്ക് എന്തുകൊണ്ടാണ് ദുര്‍മോഹത്തിന്‍റെയും ദുഷിപ്പിന്‍റേയും അനീതിയുടെയും അശുദ്ധിയുടെയും ആദ്യ തിരയിളക്കങ്ങള്ڔ തുടക്കത്തില്‍തന്നെ അറിഞ്ഞ് ഒഴിച്ചുകളയാന്‍ കഴിയാത്തത്?
അവനവനിസവും പാരമ്പര്യനിഷേധവും മതനിരാസവും കമ്പോളവത്കരണവും വാദിച്ച് തോല്പ്പിക്കാവുന്ന തത്ത്വശാസ്ത്രങ്ങളല്ല, പറിച്ചുകളയാവുന്ന ദുശ്ശീലങ്ങളുമല്ല; സ്ഥൂല പ്രപഞ്ചത്തില്‍ അവയുടെ നിഴലും ഫലങ്ങളും മാത്രമെ നാം കാണുകയുള്ളു. ആഭിമുഖ്യങ്ങളും ശൈലീ വൈചിത്ര്യങ്ങളും രൂപപ്പെടുന്ന മനസ്സിന്‍റെ സൂക്ഷ്മ പ്രപഞ്ചത്തിലാണ് അവയുടെ വാസവും വളര്‍ച്ചയും. കാലം എന്നില്‍ ഏല്പിച്ച കരിനിഴലുകളാണിവ എന്നാശ്വസിക്കുമ്പോഴും വാസ്തവത്തിലിവ നമ്മുടെ സ്വത്വത്തിന്‍റെ ഭാഗമായോയെന്നു നാം പരിശോധിക്കണം. പൗലോസിന്‍റെ നിരീക്ഷണവും ഉപദേശവും ഇവിടെ തികച്ചും സംഗതമാകുന്നു: എഫേസൂസുകാര്‍ക്കുള്ള ലേഖനം നാലാമദ്ധ്യായത്തില്‍ സൂചിപ്പിക്കുന്നതുപോലെ, ഏതെങ്കിലുമൊരു ദുശ്ശീലത്തെ ദൂരെയെറിഞ്ഞതുകൊണ്ടായില്ല, ദുരാസക്തികളാല്‍ മലീമസമായ സ്വത്വത്തെ തന്നെ ദൂരെയെറിയണം, പുതിയ മനുഷ്യനെ ധരിക്കണം (എഫേ. 4. 19-22).
വിശ്വാസപ്രതിസന്ധിക്കുള്ള പ്രതിവിധി എന്താണ്?
സുപ്രസിദ്ധ ക്രൈസ്തവ താത്ത്വികനായ പോള്‍ റിഖറിന്‍റെ അഭിപ്രായത്തില്‍, ഒരു ക്രൈസ്തവന്‍റെ വിശ്വാസയാത്രയില്‍ മൂന്ന് ഘട്ടങ്ങള്‍ ഉണ്ടാകാം: മതപരമായ എല്ലാകാര്യങ്ങളേയും മുഖവിലക്കെടുക്കുന്ന ആദ്യഘട്ടം അധികനാള്‍ നീളണമെന്നില്ല. രണ്ടാം ഘട്ടത്തില്‍, ഒരിക്കല്‍ മുഖവിലക്കെടുത്തിരുന്നവയെ വിമര്‍ശനാത്മകമായി പരിശോധിക്കാന്‍ തുടങ്ങുന്നു. മൂന്നാമത്തെഘട്ടത്തില്‍ വിമര്‍ശനത്തിനും സംശയ ത്തിനും അപ്പുറം ആദ്യഘട്ടത്തിലുണ്ടായിരുന്നതിന് ഏതാണ്ട് സമാനമായ, എന്നാല്‍ തികച്ചും വ്യത്യസ്തമായ ഒരു പുത്തന്‍ ആത്മബന്ധം മതാത്മക യാഥാര്‍ത്യങ്ങളുമായി സ്ഥാപിക്കാന്‍ ശ്രമിക്കുന്നു. (ഈ മൂന്നാം ഘട്ടത്തെ Second Naïvetڔഎന്നാണ് അദ്ദേഹം വിളിക്കുന്നത്.) വിമര്‍ശനങ്ങളുടെ മരുഭൂവുകള്‍ക്കപ്പുറം സ്നേഹ പൂര്‍വ്വകമായ ഒരു വിളിക്കായി നാം കാതോര്‍ക്കുന്നു എന്നാണ് മൂന്നാം ഘട്ടത്തിലേക്ക് കടക്കാന്‍ വെമ്പുന്ന മനുഷ്യന്‍റെ ആത്മാഭിലാഷത്തെക്കുറിച്ച് റിഖര്‍ പറയുന്നത്. ആദ്യഘട്ടത്തില്‍ വളരെ മിത്തിക്കലായിട്ടുള്ള, ഏതാണ്ട് സ്വപ്നതുല്യമായ കാഴ്ച്ചപ്പാടും പ്രതീക്ഷകളുമാണ് വിശ്വാസിക്കുള്ളത്. എന്നാല്‍, നെയ്തുകൂട്ടിയ സ്വപ്നങ്ങളെ ചരിത്രത്തിന്‍റെ ചൂളയിലൂടെ കടത്തിവിടുന്നതോടെ വിശ്വാസികള്‍ ചിറകുകരിഞ്ഞ പക്ഷികളെപ്പോലെ നിരുന്മേഷവാന്മാരാവാറുണ്ട്. എമ്മാവൂസിലേക്ക് പോയ ശിഷ്യന്മാര്‍ ഈ അവസ്ഥയിലായിരുന്നു. വാദിച്ചും തര്‍ക്കിച്ചും ദുഃഖിച്ചും അവര്‍ ജറുസലേമില്‍നിന്ന് വളരെ അകലത്തിലെത്തിയിരുന്നു. എന്നാല്‍ അവര്‍ക്ക് നഷ്ടമായതല്ലാം പ്രവചനങ്ങളുടെ കലര്‍പ്പറ്റ വ്യാഖ്യാനങ്ങളിലൂടെ അവര്‍ക്ക് തിരിച്ച് നല്കിക്കൊണ്ട് വിശ്വാസ യാത്രയുടെ ഇനിയും സാധ്യമായ ഊഷ്മളതലങ്ങളിലേക്ക് ശിഷ്യരെ കൈപിടിച്ച് നടത്താന്‍ ഈശോ അവരോടൊപ്പംڔയാത്രചെയ്തു. ഈശോയോടൊപ്പമുള്ള യാത്രയാണ് വിശ്വാസ പ്രതിസന്ധി ക്കുള്ള പ്രതിവിധി.
ശാസ്ത്രകാരനും തത്ത്വചിന്തകനുമായ മൈക്കിള്‍ പൊളാനി വ്യക്തികള്‍ ക്രൈസ്തവവിശ്വാസം കണ്ടെത്തുന്നതും അതില്‍ വളരുന്നതും എങ്ങനെയെന്ന് വിശദമായി പഠിച്ചിട്ടുണ്ട്. ഏത് ഉദാത്തമായ കണ്ടുപിടുത്തങ്ങളുംപോലെ മതപരവും ആത്മീയവുമായ കണ്ടെത്തലുകള്‍ക്കും നിയതമായ ഒരു രീതിയുണ്ടെന്ന് കണ്ടുപിടുത്തത്തിന്‍റെ തത്ത്വശാസ്ത്രം അപഗ്രഥിച്ചുകൊണ്ട് അദ്ദേഹം പറയുന്നു. ഇല്ലായ്മയില്‍നിന്ന് സൃഷ്ടിക്കുന്നതല്ല കണ്ടുപിടുത്തം; ഉള്ളതുകൊണ്ടാണ് കണ്ടു പിടിക്കാനാകുന്നത്. സത്യത്തില്‍ ڇഉണ്ടെങ്കിലുംچ പ്രായോഗികമായി ഇല്ലാത്തچ അവസ്ഥയാണ് കണ്ടുപിടുത്തത്തിന്‍റെ ആരംഭാനുഭവം. ഈ ഘട്ടത്തില്‍ എന്താണോ കണ്ടുപിടിക്കാന്‍ പോകുന്നത് അത് അന്വേഷകന്‍റെ ചിന്തയിലും പ്രതീക്ഷയിലും മാത്രമാണ് നില നില്ക്കുന്നത്. എങ്കിലും, ഇതുവരെ നേടിയെടുത്തവയില്‍ കാലുറപ്പിച്ചുകൊണ്ടുതന്നെയാണ് തന്‍റെ ചിന്തയെയും സ്വപ്നങ്ങളെയും ഭരിക്കുന്ന പുതിയ നിയമത്തെ ശാസ്ത്രജ്ഞര്‍ അന്വേഷിക്കുന്നത്. അന്വേഷണപുരോഗതിയുടെ തോതനുസരിച്ച് നിലനില്ക്കുന്ന നിയമങ്ങള്‍ നവീകരിക്കപ്പെട്ടു കൊണ്ടിരിക്കും. ന്യൂട്ടോണിയന്‍ ഫിസിക്സ് സ്വീകരിച്ചുകൊണ്ടുതന്നെയാണ് ഐന്‍സ്റ്റീന്‍ ആപേക്ഷികതയുടെ പുതിയ നിയമങ്ങള്‍ കണ്ടെത്തി നല്കിയത്. നീ കൊല്ലരുത്ڈഎന്ന പഴയനിയമത്തെ അധികരിച്ചുള്ള അന്വേഷണത്തിനിടയിലാണ് നിങ്ങള്‍ (ശത്രുക്കളെപ്പോലും) സ്നേഹിക്കണം എന്ന തികച്ചും ഭാവാത്മകമായ പുതിയ നിയമം ഈശോ നല്കിയത്. പൈതൃകവും പുതുമയും അഭേദ്യമാംവിധം ബന്ധപ്പെട്ടിരിക്കുന്നു.
ഏതു മേഖലയിലാണങ്കിലും കണ്ടുപിടുത്തത്തിന് കുറഞ്ഞത് നാല് അവശ്യഘടകങ്ങള്‍ ഉണ്ട്: അന്വേഷകന്‍റെ ഇപ്പോഴുള്ള ചിന്തകളെയും ആഭിമുഖ്യങ്ങളെയും രൂപപ്പെടുത്തുന്ന അല്ലെങ്കില്‍ രൂപപ്പെടുത്തേണ്ട പൈതൃകവും ക്രമവും; ഇപ്പോഴുള്ളവയേക്കാള്‍ കൂടുതല്‍ യുക്തിഭദ്രവും സുന്ദരവുമായ ഒരു ക്രമത്തെക്കുറിച്ചുള്ള ഒരു സൂക്ഷ്മാവബോധം; ഉള്ളുണര്‍ത്തുന്ന സൂക്ഷ്മാവ ബോധത്തിന് പിന്നാലെ പായാനുള്ള നിലക്കാത്ത ഉള്‍ത്രാസം; പൈതൃകത്തോടും പുതുമയോടുമുള്ള സത്യസന്ധമായ പ്രതിബദ്ധത. വിശ്വാസാനുഭവത്തെ മുന്‍നിറുത്തിയുള്ള ആത്മീയ അന്വേഷണത്തിന്‍റെ ആന്തരിക ഘടനയും ഇതുതന്നെയാണ്. എമ്മാവൂസിലേക്ക് പോയ ശിഷ്യര്‍ എങ്ങനെയാണ് വിശ്വാസം വീണ്ടും കണ്ടെത്തിയതെന്ന് പരിശോധിച്ചാല്‍ڔഇക്കാര്യം വ്യക്തമാകും: "ആ ദിവസം തന്നെ അവരില്‍ രണ്ടുപേര്‍ ജറുസലേമില്‍ നിന്ന്... അകലെയുള്ള എമ്മാവൂസ് ഗ്രാമത്തിലേക്ക് പോവുകയായിരുന്നു.... അവര്‍ സംസാരിക്കുകയും വാദിക്കുകയും ചെയ്തുകൊണ്ടു പോകുമ്പോള്‍ യേശുവും അവരോടൊപ്പം യാത്രചെയ്തു. എന്നാല്‍ അവനെ തിരിച്ചറിയാന്‍ കഴിയാത്തവിധം അവരുടെ കണ്ണുകള്‍ മൂടപ്പെട്ടിരുന്നു.... അവര്‍ മ്ലാനവദനരായി നിന്നു.... അവന്‍ അവരോട് പറഞ്ഞു: ഭോഷന്മാരേ, പ്രവാചകന്മാര്‍ പറഞ്ഞിട്ടുള്ളതു വിശ്വസിക്കാന്‍ കഴിയാത്തവിധം ഹൃദയം മന്ദീഭവിച്ചവരേ, ക്രിസ്തു ഇതെല്ലാം സഹിച്ച് മഹത്വത്തിലേക്ക് പ്രവേശിക്കേ ണ്ടിയിരുന്നില്ലേ? മോശ തുടങ്ങി എല്ലാ പ്രവാചകന്മാരും വിശുദ്ധലിഖിതങ്ങളില്‍ തന്നെപ്പറ്റി എഴുതിയിരുന്നവയെല്ലാം അവന്‍ അവര്‍ക്കു വ്യാഖ്യാനിച്ചു കൊടുത്തു.... അവരോടൊപ്പം ഭക്ഷണത്തിനിരുന്നപ്പോള്‍, അവന്‍ അപ്പമെടുത്ത് മുറിച്ച് ആശീര്‍വദിച്ച് മുറിച്ച് അവര്‍ക്കു കൊടുത്തു. അപ്പോള്‍ അവരുടെ കണ്ണുകള്‍ തുറക്കപ്പെട്ടു. അവര്‍ അവനെ തിരിച്ചറിഞ്ഞു. പക്ഷേ അവന്‍ അവരുടെ മുന്‍പില്‍ നിന്ന് അപ്രത്യക്ഷനായി.... അവര്‍ അപ്പോള്‍തന്നെ എഴുന്നേറ്റ് ജറുസലേമിലേക്ക് തിരിച്ചുപോയി" (ലൂക്കڔ24. 13-33).
കര്‍ത്തവുയിര്‍ത്തെഴുന്നേറ്റ ദിവസംതന്നെയാണ് ആ രണ്ടു ശിഷ്യന്മാര്‍ കൂട്ടത്തിലുള്ളവരുടെ വിശ്വാസ പ്രഖ്യാപനത്തെ കെട്ടുകഥയായി കണ്ടുകൊണ്ട് കൂട്ടംവിട്ട് യാത്രയാകുന്നത്. ജറുസലേമിലേക്ക് യാത്രചെയ്ത ഗുരുവിന്‍റെ ശിഷ്യന്മാര്‍ ജറുസലേമില്‍ നിന്ന് യാത്രതിരിക്കുന്നു. പൈതൃകത്തില്‍നിന്നും പരമ്പരാഗത പുണ്യസ്ഥലികളില്‍നിന്നുമുള്ള പലായനമാണിവിടെ നാം കാണുന്നത്. ഉയിര്‍പ്പിന്‍റെ സത്യം ഉപാസിക്കേണ്ടവര്‍ മരണത്തെക്കുറിച്ച് ചിന്തിച്ച് മ്ലാനവദനരായി നടക്കുന്നതും നമുക്കു കാണാം. ക്രിസ്തുവില്‍ ദൈവപിതാവിനുള്ള സ്വപ്നത്തെക്കുറിച്ച് സൂക്ഷ്മാവബോധമില്ലാത്ത അവസ്ഥയാണിത് സൂചിപ്പിക്കുന്നത്. ഇവിടെ ഗുരുവും കര്‍ത്താവുമായ ഈശോ സഹയത്രികനാകുന്നു.
സൗഹൃദപൂര്‍വ്വകമായ സംഭാഷണത്തിലൂടെ അവര്‍ക്ക് നഷ്ടമായത് - പ്രവചനങ്ങളിലും ജറുസലേംڔസംഭവത്തിലുംڔഅനാവൃതമാകുന്ന യേശു-പൈതൃകം - അവര്‍ക്കവന്‍ വിശദീകരിച്ച് നല്കി. ഉള്ളെരിവോടെ അവരത് സ്വീകരിച്ചു. പിന്നീട്, അതിഥിയായെത്തിയ ഈശോ ആതിഥേയന്‍റെ റോളെടുത്ത് അവര്‍ക്കായി അപ്പം മുറിച്ച് നല്കി. മുറിക്കപ്പെട്ട അപ്പത്തില്‍ ആ നല്ല ആതിഥേയന്‍ അപ്രത്യക്ഷനായതോടെ അപ്പം തിന്നവര്‍ക്ക് തിരിച്ചറിവുണ്ടാകുന്നു; അവരുടെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളക്കുന്നു. പൈതൃകവും പ്രവചനങ്ങളും രണ്ടാമതും തിരിച്ചുകിട്ടിയവര്‍ڔഅവയോടുള്ള പ്രതിബദ്ധതയുടെ തീക്ഷ്ണതയാല്‍ എരിഞ്ഞ് ജറുസലേമിലേക്ക് തിടുക്കത്തില്‍ തിരിച്ചുനടക്കുന്നു.
ഇങ്ങനെ ഈശോയുടെ പൈതൃകവും ഈശോയെക്കുറിച്ചുള്ള പ്രവചനങ്ങളും നമ്മുടെ ചേതനയിലും സര്‍വ്വ സന്ധിബന്ധങ്ങളിലും സമ്പൂര്‍ണ്ണമായി കയറിയിറങ്ങി പുരോഗമിക്കുന്ന ഒരു ആത്മീയ പദ്ധതിയാണ് വിശ്വാസജീവിതം.
Featured Posts
bottom of page