top of page

ഇടം

Nov 1, 2015

1 min read

റോണിയ സണ്ണി
A woman.

മാധവിക്കുട്ടിയുടെ ഒരു കഥയുണ്ട്. കോലാട്... പകലന്തിയോളം കുടുംബത്തിനുവേണ്ടി കഷ്ടപ്പെട്ട് കോലാടുപോലെയായ ഒരമ്മയുടെ കഥ. ഒടുവില്‍ അവളുടെ ഗുരുതരമായ രോഗാവസ്ഥയില്‍ ഭര്‍ത്താവും മക്കളും കുടുംബത്തിലെ അവളുടെ 'ഇടം' തിരിച്ചറിയുന്നിടത്ത് കഥ അവസാനിക്കുന്നു. അന്നുമിന്നും കുടുംബത്തില്‍ 'ഇടം' ഇല്ലാതെ പോകുന്നത് അമ്മമാര്‍ക്കാണ്. ഭര്‍ത്താവിനും മക്കള്‍ക്കും കൊച്ചുമക്കള്‍ക്കുമൊക്കെവേണ്ടി അവരുടെ ജീവിതങ്ങള്‍ തേഞ്ഞുതീരുമ്പോഴും അവര്‍ ചെയ്യുന്നതൊക്കെ വെറും കടമയായി കണ്ട് അവഗണിക്കപ്പെടുകയാണ്. അടുത്തിടെ പങ്കെടുത്ത ഒരു ശവസംസ്കാരശുശ്രൂഷ ഓര്‍മ്മയിലുണ്ട്. നാല്പ്പത്തിയഞ്ചു വയസ്സു മാത്രം പ്രായമുള്ള ആ സ്ത്രീയുടെ പെട്ടെന്നുള്ള മരണം ആ കുടുംബത്തെ വല്ലാതെ ഉലച്ചിരിക്കുന്നു. അവരില്ലാതായപ്പോള്‍ ആയിരിക്കണം ആ അമ്മ ഒരു തണല്‍വൃക്ഷമായിരുന്നുവെന്ന് ആ കുടുംബാംഗങ്ങള്‍ തിരിച്ചറിഞ്ഞിരിക്കുക. അന്ത്യചുംബനം നല്‍കിയപ്പോള്‍ പൊട്ടിക്കരഞ്ഞ കണിശക്കാരനായ അവരുടെ ഭര്‍ത്താവിന്‍റെ മുഖം ഇപ്പോഴും നീറുന്ന ഒരോര്‍മ്മയാണ്. ഒരുപക്ഷേ അവളുടെ 'ഇടം' അപ്പോഴായിരിക്കാം അയാള്‍ തിരിച്ചറിഞ്ഞിരിക്കുക... വൈകിയെത്തിയ തിരിച്ചറിയല്‍.


കുടുംബത്തില്‍ എന്തുകൊണ്ടാണ് അമ്മമാര്‍ക്ക് ഇടമില്ലാതെ പോകുന്നത്? ഒരുപക്ഷേ ഒന്നും ആവശ്യപ്പെടുന്നില്ലെങ്കിലും സ്നേഹത്തിന്‍റെയും കരുതലിന്‍റെയും പ്രോത്സാഹനത്തിന്‍റെയും ഭാവങ്ങള്‍ അവള്‍ ആഗ്രഹിക്കുന്നുവെന്നതാണ് സത്യം. മാധവിക്കുട്ടിയുടെ മറ്റൊരു കഥയിലേക്ക് തിരിച്ചുപോവുകയാണ്. 'നെയ്യ്പ്പായസം', വായനക്കാരില്‍ കണ്ണീരിന്‍റെ നനവ് പടര്‍ത്തുന്ന ഹൃദയസ്പര്‍ശിയായ ഒരു കഥ. ഭാര്യയുടെ ശവസംസ്കാരം കഴിഞ്ഞ് വീട്ടിലേക്ക് കടന്നുവരുന്ന ഭര്‍ത്താവിനും കുഞ്ഞുങ്ങള്‍ക്കും അവളുടെ മരണം വല്ലാത്തൊരു ശൂന്യതയാണ് സമ്മാനിക്കുന്നത്. പകരം വയ്ക്കാനാവാത്ത ആ സാന്നിദ്ധ്യത്തിന്‍റെ നനുത്ത ഓര്‍മ്മ സമ്മാനിച്ച് അവളുണ്ടാക്കിയ നെയ്യ്പ്പായസം അപ്പോഴും അടുക്കളയില്‍ തണുത്തുറഞ്ഞിരിക്കുന്നു എന്ന തിരിച്ചറിവ് ആ ഭര്‍ത്താവിനെ പൊള്ളിക്കുന്നു. സ്നേഹസാന്നിധ്യങ്ങള്‍ തിരിച്ചറിയുമ്പോഴും അവര്‍ക്കായി ഇടങ്ങള്‍ മാറ്റിവെക്കുമ്പോഴുമാണ് കുടുംബബന്ധങ്ങള്‍ കൂടുതല്‍ ഊഷ്മളമാകുന്നത്.


പുതിയ ഇടങ്ങള്‍ തേടി കുടുംബത്തിന്‍റെ കെട്ടുകള്‍ പൊട്ടിച്ച് പോകുന്ന കുടുംബിനികളുടെ എണ്ണം നാള്‍ക്കുനാള്‍ പെരുകുകയാണ്. മൊബൈല്‍ ഫോണിനെയും സാങ്കേതികവിദ്യയെയും പഴിക്കുന്നതിനപ്പുറം എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നുവെന്നത് ഗൗരവപൂര്‍വ്വം ചിന്തിക്കേണ്ട ഒന്നാണ്. ഭര്‍ത്താവിനെയും മൂന്ന് കുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് 22 കാരനായ ചെറുപ്പക്കാരന്‍റെകൂടെ ഇറങ്ങിപ്പോയ മുപ്പത്തിയഞ്ചുകാരിയെപ്പറ്റിയുള്ള വാര്‍ത്ത വായിച്ചത് ഈയടുത്താണ്. കുടുംബത്തില്‍ ഇടം ലഭിച്ചില്ല എന്നതിനപ്പുറം സ്വന്തം ഇടം തിരിച്ചറിയാതെ പോയ ഒരമ്മയാണ് അവര്‍ എന്ന് തോന്നി. ഇടങ്ങള്‍ തിരിച്ചറിയുക എന്നതും പ്രധാനം തന്നെ. ഭാര്യയുടെയും അമ്മയുടെയും മകളുടെയുമൊക്കെ ഇടങ്ങള്‍ ഉപേക്ഷിച്ച് പുതിയ ഇടങ്ങള്‍ തേടിപ്പോകുന്നവര്‍ ഓര്‍ക്കുന്നില്ലല്ലോ, അവിടെ പകരമാകാന്‍ മറ്റൊരാള്‍ക്കും കഴിയില്ലല്ലോ എന്ന വസ്തുത.

ഇടങ്ങള്‍ ലഭിക്കുകയെന്നതും അത് തിരിച്ചറിയുകയെന്നതും പ്രധാനപ്പെട്ടതാണ്. സ്നേഹസാന്ദ്രമാകേണ്ട മാതൃഭാവങ്ങള്‍ മലിനമാകാതിരിക്കേണ്ടത് കുടുംബങ്ങളുടെയും സമൂഹത്തിന്‍റെയും ആവശ്യത്തിനപ്പുറം കാലഘട്ടത്തിന്‍റെ അനിവാര്യത കൂടിയാണ്. അമ്മമാരുടെ ഇടങ്ങളെക്കുറിച്ചാണ് നാം ധ്യാനിച്ചതെങ്കിലും കുടുംബങ്ങളില്‍ ഇടങ്ങള്‍ നഷ്ടമാകുന്ന മക്കളും ഭര്‍ത്താക്കന്മാരുമൊക്കെയുണ്ടെന്നത് മറ്റൊരു സത്യം. ഹൃദയത്തിന്‍റെ ചില്ലയില്‍ അനേകര്‍ക്ക് ഇടം കൊടുക്കുന്ന തിരിച്ചറിവിന്‍റെ തീരങ്ങളിലേക്ക് മടങ്ങേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

Featured Posts

Recent Posts

bottom of page