top of page

മനുഷ്യനും തിരിച്ചറിയുന്ന ഇടങ്ങള്‍

Oct 13, 2021

2 min read

അജ
movie poster

മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഉരസലുകളുടെയും അസ്വാരസ്യങ്ങളുടെയും കഥകളാണ് നമ്മള്‍ പലപ്പോഴും കേള്‍ക്കുന്നത്. ചേര്‍ത്തുപിടിക്കലിന്‍റെയും കഥകള്‍ ഇല്ലെന്നല്ല, അപൂര്‍വ്വങ്ങളായതിനാലാണ് അത്തരം കേള്‍വികള്‍ ശ്രദ്ധ പിടിച്ചു പറ്റാതെ വാര്‍ത്തകളുടെ കോണുകളില്‍ ഒതുങ്ങിപ്പോകുന്നത്. പ്രകൃതിയും മനുഷ്യനും തമ്മിലുള്ള ഇഴപിരിയാത്ത സ്നേഹത്തിന്‍റെയും കരുതലിന്‍റെയും ദൃശ്യാവിഷ്കാരമാണ് ഷിനോബു യാഗൂച്ചി സംവിധാനം ചെയ്ത് 2014-ല്‍ പുറത്തിറങ്ങിയ വുഡ് ജോബ് എന്ന ജാപ്പനീസ് ചലച്ചിത്രത്തില്‍ പ്രതിപാദിക്കുന്നത്.

ജീവിത പരാജയങ്ങള്‍ക്കൊടുവിലോ, നിരാസങ്ങള്‍ക്കവസാനമോ മനുഷ്യന്‍റെ ജീവിതത്തില്‍ പലപ്പോഴും ഒരു ഒളിച്ചിരിക്കല്‍ പതിവാണ്. പഠനപരാജയമോ, ജോലിയിലെ വീഴ്ചകളോ, പ്രണയനിരാസമോ, ജീവിത പ്രതിസന്ധികളോ, മറ്റേതെങ്കിലും കാരണമോ അത്തരം പിന്‍വാങ്ങലുകള്‍ക്ക് കാരണമായേക്കാം. മനുഷ്യന്‍റെ മനസ് അത്രയും ദുര്‍ഗ്രഹമായതിനാല്‍തന്നെ കാരണങ്ങള്‍ ഒന്നുംതന്നെ കണ്ടെത്താനായില്ലെന്നും വരാം. വുഡ് ജോബ് എന്ന ചലച്ചിത്രത്തിലെ കേന്ദ്ര കഥാപാത്രവും  ജീവിതത്തില്‍  തിരിച്ചടികളില്‍ നേരിടുകയും അവയെ മറികടക്കാനെന്നപോലെ പിന്‍വാങ്ങി സ്വജീവിതത്തെ താല്‍ക്കാലികമായി മറ്റൊരു ഒളിയിടത്തേക്ക് പറിച്ചുനട്ടയാളാണ്. 

അതിനാഗരികതക്ക് പേരുകേട്ട ജീവിതം നയിക്കുന്നവരാണ് ജപ്പാന്‍കാര്‍. ഗ്രാമജീവിതത്തേക്കാള്‍ അവരില്‍ നിറയുന്നത് നഗരത്തിന്‍റെ ഊര്‍ജ്ജമാണ്. രാജ്യത്തിന്‍റെ ഭൂരിഭാഗവും നിബിഡവനങ്ങളാലും, പര്‍വ്വതനിരകളാലും നിറഞ്ഞുകിടക്കുകയാണെങ്കിലും നഗരജീവിതശൈലി പുലര്‍ത്തുന്നവരാണ് ജപ്പാന്‍കാര്‍. ലോകത്തിലെ ഏറ്റവും പഴക്കംചെന്ന സംസ്കാരങ്ങളിലൊന്നാണ് ജപ്പാന്‍. ബി.സി 660 മുതല്‍ ജപ്പാന്‍റെ സാംസ്കാരികചിന്തകള്‍ ലോകത്തിലുണ്ട്. ലോകത്തിലെ ഒട്ടുമിക്ക രാജ്യങ്ങളിലും നാഗരികതക്കൊപ്പം ഗ്രാമജീവിതങ്ങളും അതാത് പ്രദേശങ്ങളിലെ ജീവിതശൈലിക്കൊപ്പം നിലനില്‍ക്കുമ്പോള്‍ ജപ്പാന്‍കാര്‍ എല്ലാക്കാലത്തും പ്രദേശഭേദമെന്യെ നാഗരികജീവിതവും അതിന്‍റെ രീതികളും ജീവിതത്തില്‍ സന്നിവേശിപ്പിക്കാനാണ് ശീലിച്ചിട്ടുള്ളത്.

  യൂണിവേഴ്സിറ്റി പ്രവേശനപരീക്ഷയിലെ പരാജയവും, പ്രണയിനിയുടെ നിരാസവും ഒരേദിവസം തന്നെയാണ് യൂകി ഹിരാനോയുടെ ജീവിതത്തെ തകിടംമറിച്ചത്. പ്രത്യാശാനിര്‍ഭരമായിരുന്ന സ്വജീവിതം നിരാശാഭരിതമാകുന്നത് അയാളെ തകര്‍ത്തുകളയുകയും ഉന്മേഷരഹിതനാക്കുകയും ചെയ്തു. ജീവിതത്തെ അതുവരെയും അയാള്‍ കാര്യമായി സമീപിച്ചിരുന്നില്ല. എല്ലാം ഒരു അലസസമീപനമായിരുന്നു. നാഗരികജീവിതത്തിന്‍റെ പളപ്പുകള്‍ക്കിടയില്‍ അയാള്‍ക്ക് സ്വജീവിതം നഷ്ടപ്പെടുമോയെന്ന ആശങ്കയും തോന്നാതിരുന്നില്ല. തന്‍റെ ജീവിതത്തില്‍ അവിചാരിതമായി വന്നുചേര്‍ന്ന തിരിച്ചടികളെ മറക്കുക എന്ന ലക്ഷ്യം അയാള്‍ക്കുണ്ടായിരുന്നെങ്കിലും അത് എപ്രകാരമാണ് എന്ന് മാത്രം അയാള്‍ക്ക് വ്യക്തമായിരുന്നുമില്ല. അപ്പോഴാണ് സുന്ദരിയായ ഒരു യുവതിയുടെ ചിത്രം ആലേഖനം ചെയ്ത ഒരു പരസ്യം അയാള്‍ കാണുന്നത്. കമുസാറി മലനിരകളില്‍ ഫോറസ്ട്രി ട്രെയിനിങ്ങിനുള്ള അവസരമാണ് ആ ലഘുലേഘയിലുണ്ടായിരുന്നത്. മുഖചിത്രത്തിലെ പെണ്‍കുട്ടിയുടെ സൗന്ദര്യത്തില്‍ ആകൃഷ്ടനായ അവന്‍ പരിശീലനത്തിനായി പോകുന്നതിന് തീരുമാനിച്ചു.  താന്‍ ജീവിച്ചുവന്ന ഇടങ്ങളില്‍ നിന്നും തല്‍ക്കാലം മാറിനില്‍ക്കുക എന്നൊരു ലക്ഷ്യവുംകൂടി ആ തീരുമാനത്തിനുണ്ടായിരുന്നു. ഫോറസ്ട്രി പരിശീലനത്തിനായി ചേര്‍ന്ന യൂകി  പ്രവൃത്തി പരിശീലനത്തിനായി കമുസാറി എന്ന ഗ്രാമത്തിലേക്ക് യാത്രതിരിച്ചു. അവിടെ പ്രകൃതി അയാള്‍ക്കു കാത്തുവെച്ചിരുന്നത് അത്ഭുതങ്ങളുടെ ലോകമായിരുന്നു.


കമുസാറി മലനിരകള്‍ക്ക് താഴെയായുള്ള നിബിഡമരങ്ങള്‍ നിറഞ്ഞ പ്രദേശമാണ് കമുസാറി വില്ലേജ്. അതിധ്യാനാത്മകമായ ജീവിതരീതികള്‍ അനുശീലിക്കുന്ന പ്രദേശമാണത്. നിഗൂഡാരൂപികളും, അതിശക്താത്മാക്കളും, നൊമ്പരപ്രദായ കമായ രഹസ്യങ്ങളും പേറുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന സങ്കേതം കൂടിയാണ് കമുസാറി പര്‍വ്വതവും അതിനുചാരെയുള്ള ഗ്രാമവും. മിയോണ്‍ ഷിമൂറയുടെ ഈസി ലൈഫ് ഇന്‍ കമുസാറി എന്ന പുസ്തകം കമുസാറി ഗ്രാമത്തിലെ ജീവിതം എന്ന പുതിയ ജീവിതരീതി പരിചയപ്പെടുത്തുന്നുമുണ്ട്. ഈ പുസ്തകം തന്നെയാണ് സിനിമക്ക് ആധാരമായിട്ടുള്ളതും.


പുതിയ ജോലിക്കായി കമുസാറിയില്‍ വന്നെത്തിയ യൂറിക്ക്, താന്‍ ഇതുവരെ ശീലിച്ചിരുന്ന എല്ലാ കീഴ്വഴക്കങ്ങളും ഒറ്റയടിക്ക് വിച്ഛേദിക്കപ്പെട്ടതായി മനസിലായി. മറ്റുള്ളവരുമായി ബന്ധപ്പെടുവാനും പുറംകാഴ്ചകള്‍ കാണുവാനുമായി താന്‍ ഉപയോഗിച്ചിരുന്ന മൊബൈല്‍ഫോണ്‍ കമുസാറിയിലെ ഉപയോഗശൂന്യവസ്തുക്കളിലൊന്നാണ് എന്നയാള്‍ മനസിലാക്കി. യൂക്കിക്ക് അതൊരു വല്ലാത്ത അനുഭവമായിരുന്നു. അത്തരമൊന്ന് അയാള്‍ പ്രതീക്ഷിച്ചിരുന്നില്ല. എന്നാല്‍ തന്‍റെ കൂടെയുള്ള മറ്റുള്ളവരെപ്പോലെ അയാളും കമുസാറിയിലെ ജീവിതത്തെ തന്നിലേക്ക് ചേര്‍ത്തു വെക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. ഭീമാകാരമായ പ്രകൃതിയുടെ സത്യത്തെയും അതിന്‍റെ സത്തയേയും തന്നിലേക്ക് ചേര്‍ത്തുപിടിക്കാനും അതിനെ ബഹുമാനിക്കാനും അയാള്‍ പഠിച്ചു. പതിയെ പതിയെ യൂക്കി  കമുസാറിയിലെ ജീവിതവുമായി ഇണങ്ങിചേര്‍ന്നു. നൂറോളം ആളുകള്‍ മാത്രം അധിവസിക്കുന്ന കമുസാറി ഗ്രാമത്തിലെ ഏക യുവാവായിരുന്നു അയാള്‍. അവിടെ അയാള്‍ പതിയെ പതിയെ എല്ലാവര്‍ക്കും സ്വീകാര്യനായിത്തീരുകയായിരുന്നു.

യൂക്കി മനസില്‍ വിചാരിച്ചതുപോലെ എളുപ്പമായിരുന്നില്ല പരിശീലന പരിപാടികള്‍. അയാളുടെ മേല്‍നോട്ടക്കാരന്‍ മരംപോലെതന്നെ വളരെ കടുപ്പക്കാരനുമായിരുന്നു. പരിശീലനമൊഴിയുന്ന വേളകളില്‍ തനിയെ ഇരിക്കുമ്പോള്‍ പരിശീലനത്തില്‍ നിന്നും വിട്ടുപോകുന്നതിനെക്കുറിച്ചു പോലും അവന്‍ ചിന്തിച്ചിരുന്നു. എന്നാല്‍ വിട്ടുപോകുന്നത് എളുപ്പമാണെന്നും തുടരുന്നതാണ് കഠിനമെന്നും അതാണ് ശരിയെന്നും അയാള്‍ തിരിച്ചറിഞ്ഞു. കാട് അയാളില്‍ ബഹുമാനം നിറച്ചു. പാരമ്പര്യങ്ങളെയും അതിന്‍റെ രീതികളെയും പുതിയൊരു കണ്ണിലൂടെ കണ്ടെത്തുന്നതിന് അയാള്‍ ശ്രമിച്ചു. അയാള്‍ അന്നുവരെ കണ്ടിരുന്ന പട്ടണത്തിന്‍റെ വാതായനങ്ങള്‍ക്കപ്പുറം മറ്റൊരു സന്തോഷപ്രദമായ ലോകവും ജീവിതവുമുണ്ടെന്ന് അയാള്‍ തിരിച്ചറിഞ്ഞു. ആ തിരിച്ചറിവ് യൂക്കിയുടെ ജീവിതവിജയവുമായിരുന്നു.

പ്രകൃതിയുടെ ആത്മാവിനെ തൊട്ടറിയുന്നതിനും അതിലൂടെ അതിന്‍റെ സൗന്ദര്യത്തെ ജീവിതത്തിന്‍റെ ഭാഗമാക്കുകയും ചെയ്യുകയാണ് വുഡ് ജോബ് എന്ന ചലച്ചിത്രം. ഫീല്‍ ഗുഡ് സിനിമകളുടെ ആശാനാണ് ചിത്രത്തിന്‍റെ സംവിധായകനായ ഷിനോബു യാഗൂച്ചി. അദ്ദേഹത്തിന്‍റെ മുന്‍ ചിത്രങ്ങളെല്ലാം തന്നെ ഈ ശൈലിയാണ് പിന്തുടരുന്നത്. ഷോട്ടാ സോമെറ്റാനി, മസാമി നാഗസാവ, ഹിദേക്കി ഇറ്റോ തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്തിട്ടുള്ളത്. വനത്തിന്‍റെ വശ്യതയും മനോഹാരിതയും ക്യാമറക്കണ്ണുകളില്‍ നിറച്ചൊരുക്കിയ ദൃശ്യങ്ങള്‍ ചിത്രത്തിന്‍റെ മുതല്‍ക്കൂട്ടാണ്. ഒരു ഫീല്‍ ഗുഡ് സിനിമക്ക് അനുയോജ്യമായ പശ്ചാത്തലസംഗീതവും ചിത്രത്തെ മികച്ചതാക്കുന്നു. 

പ്രകൃതി മനുഷ്യന് എപ്പോഴും ഒരു പാഠപുസ്തകമാണ്. നമ്മളതില്‍ നിന്നും പഠിക്കുന്നില്ലെന്നു മാത്രം. കാട് അറിവും തിരിച്ചറിവുമാണ്. തിരികെ നടക്കാന്‍ നമ്മളെ പ്രേരിപ്പിക്കുന്ന സിനിമ തന്നെയാണ് വുഡ് ജോബ്. അത് നമ്മെ ചിന്തിപ്പിക്കുകയും പ്രചോദിപ്പിക്കുകയും, വിജയിപ്പിക്കുകയും ചെയ്യും

അജ

0

0

Featured Posts

bottom of page