top of page

ആത്മാക്കള്‍ വലക്കണ്ണികളില്‍ കുടുങ്ങുന്ന ഇടങ്ങള്‍

Jul 4, 2022

2 min read

അജ
movie poster

ശാസ്ത്രം മനുഷ്യരാശിക്കു മുകളില്‍ അപ്രമാദിത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്ന കാലഘട്ടത്തി ലാണ് ഇന്നത്തെ മനുഷ്യര്‍ ജീവിക്കുന്നത്. ഒരൊറ്റ മൗസ് ക്ലിക്കില്‍ ജീവിതത്തിന്‍റെ ഗതി തന്നെ മാറി മറിഞ്ഞേക്കാം എന്ന അവസ്ഥയിലാണ് ജീവിതങ്ങളുടെ പോക്ക്. അറിഞ്ഞുകൊണ്ട് ചെയ്യുന്ന ഏതൊരു പരീക്ഷണ-നിരീക്ഷണങ്ങളും പോലും അറിയായ്മയുടെ പരിണിതഫലങ്ങള്‍ ഉളവാക്കുന്ന രീതിയില്‍ പരിവര്‍ത്തനം ചെയ്തേക്കാമെന്ന ഭീതിയാണ് ശാസ്ത്രവും മനുഷ്യനും തമ്മിലുള്ള പ്രധാന അന്തരത്തിനും അതുളവാക്കുന്ന അവിശ്വാസ ത്തിനും കാരണമായി ചൂണ്ടിക്കാണിക്കാന്‍ കഴിയുക. എന്നാലിത്തരം ഭീതികളൊന്നും തന്നെ മനുഷ്യനെ ശാസ്ത്രമോ ശാസ്ത്രീയ ഉല്‍പ്പന്നങ്ങളോ ഉപയോഗിക്കുന്നതില്‍ നിന്നും പിന്തി രിപ്പിക്കുന്നില്ല എന്നത് വൈരുദ്ധ്യമായി അവശേഷിക്കുകയും ചെയ്യുന്നു. ശാസ്ത്രത്തിന്‍റെ അതി മഹത്തായ വികാസത്തിന്‍റെ ഫലമായിട്ടാണ് കമ്പ്യൂട്ടറും പിന്നീട് അത് വഴി ലോകമെങ്ങുമുള്ള മനുഷ്യരെ പരസ്പരം ബന്ധിപ്പിക്കുന്ന രീതിയില്‍ ഇന്‍റര്‍നെറ്റും രൂപം കൊണ്ടത്. ചിലയിടങ്ങളിലെ മനുഷ്യന്‍റെ തൊഴില്‍സാദ്ധ്യതകളെ ഞെരുക്കാനും അതുപോലെ തന്നെ മറ്റ് ചില മേഖലകളില്‍ അപാരമായ തൊഴില്‍ ശ്രേണികള്‍ സൃഷ്ടിക്കാനും അതിന്‍റെ വരവോടെ സാധിച്ചിട്ടുണ്ട്. മനുഷ്യന്‍ മാറുകയും മാറ്റത്തിന്‍റെ പാകത്തിനൊപ്പിച്ച് പുതിയ ജീവിതങ്ങള്‍ തുന്നിപ്പിടിപ്പിക്കുകയും ചെയ്തു.

ശാസ്ത്രം മാനവരാശിക്ക് മഹത്തായ സാദ്ധ്യതകള്‍ ഒരു വശത്ത് തുറന്നിട്ടപ്പോള്‍ ജന്‍മസിദ്ധവും നൈസര്‍ഗ്ഗികവുമായ മാനവിക മൂല്യങ്ങളുടെ പ്രാവര്‍ത്തികമാക്കലില്‍ വലിയൊരു കുറവ് അവശേഷിപ്പിക്കുകയും ചെയ്തു. കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും മനുഷ്യബന്ധങ്ങളില്‍ സുപ്രധാനവും അതിവിചിത്രവുമായ നടപ്പു ശീലങ്ങളും രീതികളും കൊണ്ടുവന്ന പ്പോള്‍ ബന്ധങ്ങളുടെ ജൈവികതയില്‍ വരള്‍ച്ചയും തളര്‍ച്ചയും സ്വാഭാവികമായും ഉളവാകുകയും ചെയ്തു. അത് വിഭ്രമാത്മകമായ ഒരു പുതിയ ലോകം സൃഷ്ടിക്കുകയും അതിസംഭ്രമകരമായ രീതിയില്‍ വ്യക്തിയേയും സമൂഹത്തെയും തടവി ലാക്കുകയും ചെയ്തു. മനുഷ്യന്‍ ഒറ്റപ്പെടലിന്‍റെ സുഖവും വേദനയും ഒരേ പോലെ രുചിച്ചു. ഏകാന്തതയുടെ അനേകമണിക്കൂറുകള്‍ ആനന്ദകരമായി പൂര്‍ത്തിയാക്കി. സൃഷ്ടിപരമോ സര്‍ഗ്ഗപരമോ ആയ ഇടപെടലുകളോ നിര്‍മ്മിതികളോ കൈമോശം വരികയോ ഇല്ലാതാകുകയോ ചെയ്തു. പണ്ട് ഇതൊരു ന്യൂനപക്ഷത്തിന്‍റെ കഥയായിരുന്നെങ്കില്‍ ഇന്നത് അതി വേഗം വളര്‍ന്നുവരുന്ന ഒരു ഭൂരിപക്ഷത്തിന്‍റെ കഥ കൂടിയാണ്. ശാസ്ത്രോ ല്‍പ്പന്നങ്ങളുടെ ഇത്തരം ഇടപെടലുകളും കടന്നുകയറ്റങ്ങളും വഴി മനുഷ്യനുണ്ടാകുന്ന ഭീതിദമായ മാറ്റങ്ങളക്കുറിച്ച് ശാസ്ത്രത്തിന്‍റെ വിപ്ലവാത്മകമായ കണ്ടുപിടുത്തമായ സിനിമ സംസാരിച്ചു തുടങ്ങിയിട്ട് കാലങ്ങളേറെയായി. ആദ്യകാല ശാസ്ത്രസിനിമകള്‍ മനുഷ്യന്‍റെ ഭാവനാത്മകമായ ശാസ്ത്രീയ ഇടപെടലുകളെയാണ് ചിത്രീകരിച്ചിരുന്നതെങ്കില്‍ കാലക്രമേണ ശാസ്ത്രം മനുഷ്യനില്‍ ഇടപെടുന്നതിനെക്കുറിച്ചുള്ള പേടിപ്പെടുത്തുന്ന കഥകളും വിചിത്രാനുഭ വങ്ങളും ചിത്രീകരിക്കപ്പെട്ടു. ഈ മാതൃകയില്‍ കമ്പ്യൂട്ടറുകളും ഇന്‍റര്‍നെറ്റും മനുഷ്യനെ നിര്‍വചി ക്കുകയും അവനില്‍ ഇടപെടുകയും ചെയ്യുന്നതിന്‍റെ അതിഭീകരമായ അനുഭവമാണ് 2001-ല്‍ പുറത്തിറങ്ങിയ ജാപ്പനീസ് ചലച്ചിത്രം കെയ്റോ (പള്‍സ്) വിവരിക്കുന്നത്.

കെയ്റോ എന്ന ചലച്ചിത്രം അതിന്ദ്രീയ സിനിമാ അനുഭവങ്ങളുടെ നവ രീതികളാണ് പങ്കുവെച്ചത്. ഈ ചലച്ചിത്രം ഹൊറര്‍ ജോണറിലാണ് ചിത്രീകരിച്ചിട്ടുള്ളത്. ഒരുപക്ഷേ ഇന്‍റര്‍നെറ്റിന്‍റെ സ്വാധീനം ഭാവിയില്‍ മനുഷ്യന്‍റെ ജീവിതത്തെ നിര്‍വ്വചിക്കാന്‍ കഴിയാത്ത തലത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടു പോകുകയാണ്  എന്ന ഭാവനയും ഈ ചലച്ചിത്ര ത്തെ വേറിട്ടതാക്കുന്നുണ്ട്. ആത്മാക്കളുടെ പ്രവൃത്തികളും ആശയവിനിമയവും  എന്ന ഭാവനാത ലവും കമ്പ്യൂട്ടറും ഇന്‍റര്‍നെറ്റും എന്ന യാഥാര്‍ ത്ഥ്യവും തമ്മിലുള്ള തികച്ചും ഭ്രമാത്മകമായ ഇടപെടലുകളാണ്  കെയ്റോ പ്രേക്ഷകരിലേക്ക് സന്നിവേശിപ്പിക്കുന്നത്.

രണ്ട് കഥകളിലായാണ് കെയ്റോ എന്ന ചലച്ചിത്രം വികസിക്കുന്നത്. സുഹൃത്തിന്‍റെ ആകസ്മി കമായ ആത്മഹത്യയെത്തുടര്‍ന്ന് അയാളുടെ കമ്പ്യൂട്ടറിലും മുറിയിലും കാണുന്ന പ്രേതസമാനമായ രൂപങ്ങളും ചിത്രങ്ങളും അയാളുടെ സുഹൃത്തുക്കളെ ആശയക്കുഴപ്പത്തിലും കടുത്ത ഭീതിയിലും തള്ളിവിടുന്നു. ഒരുദിവസം സുഹൃത്തുക്ക ളിലൊരാള്‍ക്ക് ലഭിക്കുന്ന ഫോണ്‍ സന്ദേശം വളരെയധികം പേടിപ്പെടുത്തുന്ന സ്വരത്തിലുള്ളതും സഹായിക്കുക എന്ന ദയനീയത നിറഞ്ഞതുമായിരുന്നു. പിന്നീട് മരണപ്പെട്ട സുഹൃത്തിന്‍റെ വീട്ടി ലെത്തുന്ന അയാള്‍ക്ക്  ആത്മസമാനമായ ശക്തിയുമായി ഏറ്റുമുട്ടേണ്ടി വരുന്നു. പരിക്ഷീണനായ അയാള്‍ തന്‍റെ അനുഭവം മറ്റ് സുഹൃത്തുക്കളോട് പങ്കുവെക്കുന്നു.

കെയ്റോ സിനിമയിലെ രണ്ടാമത്തെ കഥയും ആദ്യ കഥയുടെ തുടര്‍ച്ച തന്നെയാണ്. പുതിയൊരു ഇന്‍റര്‍നെറ്റ് സേവന ദാതാവുമായി സൈന്‍ അപ്പ് ചെയ്ത സാമ്പത്തികശാസ്ത്ര വിദ്യാര്‍ത്ഥിയായ റ്യോസുക്കേ തന്‍റെ കമ്പ്യൂട്ടറില്‍ വിചിത്രങ്ങളായ ചിത്രങ്ങള്‍ കാണുന്നു. ഒറ്റക്ക് ഇരുണ്ട മുറിയിലായിരിക്കുന്ന മനുഷ്യരുടെയും അവരുടെ വിചിത്ര സ്വഭാവങ്ങളുടെയും ചിത്രങ്ങളായിരുന്നു അത്. തന്‍റെ സുഹൃത്തിന്‍റെ നിര്‍ദ്ദേശമനുസരിച്ച് ആ ചിത്രങ്ങളുടെ പകര്‍പ്പുകള്‍ എടുക്കാന്‍ ശ്രമിച്ച റ്യോസുക്കേക്ക് അതിന് കഴിഞ്ഞില്ല. റ്യോസു ക്കേയുടെ നിര്‍ദ്ദേശങ്ങള്‍ കമ്പ്യൂട്ടര്‍ അനുസരിക്കുന്നു ണ്ടായിരുന്നില്ല. ഈ അനുഭവങ്ങളുടെ പങ്കുവെക്കലിനൊടുവില്‍ മറ്റൊരു സുഹൃത്ത് ആത്മാക്കള്‍ മനുഷ്യരോട് സംവദിക്കുന്നതിനായി ഇന്‍റര്‍നെറ്റും കമ്പ്യൂട്ടറും ഉപയോഗപ്പെടുത്തിയേക്കാം എന്ന ആശയം പങ്കുവെക്കുന്നു. പിന്നീട് സംഘര്‍ഷഭരിതവും ഭാവനാത്മകവുമായ സംഭവങ്ങള്‍ക്കൊ ടുവില്‍ ഭൂമിയില്‍ അവശേഷിക്കുന്നത് റ്യോസുക്കേയും സുഹൃത്തായ മിച്ചിയും മാത്രമാകുന്നു.

കെയ്റോ ആത്യന്തികമായി കഥ പറയുന്നത് ഹൊറര്‍ മാതൃകയിലാണെങ്കിലും അതൊരു പൂര്‍ണ്ണാര്‍ത്ഥത്തിലുള്ള ഹൊറര്‍ ചലച്ചിത്രമല്ല. ശാസ്ത്രമാണ് ഭീതി സൃഷ്ടിക്കുന്നത്. ശാസ്ത്രവും അതിന്‍റെ നിര്‍മ്മിതികളും വരുത്തിവെച്ചേക്കാവുന്ന വിനകള്‍ ആ മാതൃകയിലൂടെ പറഞ്ഞുവെക്കുന്നു വെന്നുമാത്രം. 2001-ലെ കാന്‍സ് ഫെസ്റ്റിവലില്‍ പ്രത്യേക വിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ഈ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകപ്രീതിയും നിരൂപക പ്രശംസയും നേടിയിരുന്നു.

ശാസ്ത്രം മനുഷ്യനില്‍ സൃഷ്ടിക്കുന്ന ഒറ്റപ്പെടലിന്‍റെ ചിത്രീകരണമാണ് കെയ്റോ നല്‍കുന്നത്. സാമൂഹികജീവിയായ മനുഷ്യന്‍ സമൂഹത്തില്‍ നിന്നും അകന്ന് വ്യക്ത്യാധിഷ്ടിതമായ ജീവിതത്തിലേക്ക് വഴിമാറുമ്പോള്‍ അതുണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങള്‍ ഭാവനാത്മകമായി വിലയിരുത്തുകയാണ് സംവിധായകന്‍ ചെയ്യുന്നത്. ഒരു പക്ഷേ സമീപഭാവിയില്‍ ഈ ഭാവനകള്‍ സത്യമാ യേക്കാം. ജീവിതം ഒരേസമയം ഭാവനാത്മകവും, യാഥാര്‍ത്ഥ്യവുമാണല്ലോ. 


അജ

0

2

Featured Posts

bottom of page