top of page
ഇരുപത്തൊന്നാം ശതകത്തിലെ പ്രധാന സംഭവങ്ങളിലൊന്നായി ചരിത്രം രേഖപ്പെടുത്തിക്കഴിഞ്ഞ ഒന്നാണ് 2011 - ല്‍ ഈജിപ്തില്‍ നടന്ന ജനകീയ വിപ്ലവം. മൂന്ന് ദശാബ്ദം നീണ്ടുനിന്ന ഹൊസനി മുബാറക്കിന്‍റെ സ്വേച്ഛാധിപത്യ ഭരണത്തിന്‍റെ പതനത്തില്‍ കലാശിച്ച ഈ മുന്നേറ്റം പലതു കൊണ്ടും പുതിയ കാലത്തിന്‍റെ/ലോകത്തിന്‍റെ വിളംബരമായി. പുത്തന്‍ അധികാരരീതികള്‍ക്ക് പുത്തന്‍ പ്രതിരോധ മുന്നേറ്റങ്ങളും ഉണ്ടാകും എന്ന് അത് ലോകത്തെ ബോധ്യപ്പെടുത്തി, പോരാട്ടങ്ങള്‍ ഉരുവം കൊള്ളേണ്ട പൊതു ഇടങ്ങള്‍ പരിപൂര്‍ണ്ണമാകും. കെട്ടിവരിയപ്പെട്ടപ്പോള്‍, പ്രതിഷേധത്തിന്‍റെ സമാന്തര ഇടങ്ങളിലൂടെ ഒരു ജനത അതിനെ തിരിച്ചു പിടിച്ചു. മുല്ലപ്പൂ വിപ്ലവമെന്നും അറബ് വസന്തമെന്നുമൊക്കെ പേരു വീണു കഴിഞ്ഞ ഈ വെര്‍ച്വല്‍ മുന്നേറ്റം സംവേദന സമൂഹത്തിന്‍റെ പ്രതി-രാഷ്ട്രീയ സാധ്യതകളെ തുറന്നു കാട്ടുന്ന ഒന്നായിരുന്നു. വരും കാലത്തിന്‍റെ അടയാളവാക്യം.
ശീത യുദ്ധാനന്തരം, ലോകത്തിലെ അനിഷേധ്യ രാഷ്ട്രീയ ശക്തി എന്ന നിലയിലേക്കുള്ള അമേരിക്കയുടെ വളര്‍ച്ചയോടൊപ്പം തന്നെ ശ്രദ്ധയാകര്‍ഷിച്ച സംഭവങ്ങളായിരുന്നു അത്. രാജ്യങ്ങളിലെ രാഷ്ട്രീയ കാലൂഷ്യങ്ങള്‍. ഭരണകര്‍ത്താവും ഭരണകൂടങ്ങളും അവിടെ തകര്‍ന്നുവീണു കൊണ്ടിരുന്നു. പുതിയവ പടുത്തുയര്‍ത്തപ്പെട്ടുകൊണ്ടും. ഈ രാഷ്ട്രീയ അസ്ഥിരത ആഗോള രാഷ്ട്രീയത്തിന്‍റെ സമവാക്യങ്ങളെ കൃത്യമായും സ്വാധീനിച്ചു കൊണ്ടുമിരുന്നു. അതിന്‍റെ ഇങ്ങേത്തലയ്ക്കലെ സംഭവ വികാസമായിരുന്നു ഈജിപ്തില്‍ മുബാറക്കിന്‍റെ പതനം. തുടര്‍ന്നു നടന്ന ജനകീയ തിരഞ്ഞെടുപ്പില്‍ മുസ്ലീം ബ്രദര്‍ഹുഡ് എന്ന ഇസ്ലാമിസ്റ്റ് പാര്‍ട്ടിയുടെ തലവന്‍ മുഹമ്മദ് മുര്‍സി പ്രസിഡന്‍റായി തിരഞ്ഞെടുക്കപ്പെട്ടു. എന്നാല്‍, രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം 2013 ജൂലൈയില്‍ മുര്‍സി പട്ടാള അട്ടിമറിയിലൂടെ പുറത്താക്കപ്പെട്ടു. പട്ടാളത്തെ അനുകൂലിക്കുന്നവര്‍ ഒരു വശത്തും മുസ്ലീം. ബ്രദര്‍ഹുഡിന്‍റെ പിന്തുണക്കാര്‍ മറുവശത്തും അണിനിരന്ന വന്‍കലാപങ്ങളിലേക്കാണ് ഇത് ഈജിപ്ത്യന്‍ ജനതയെ നയിച്ചത്. ഈ കലാപത്തിനിടയിലെ ഒരു ദിവസമാണ് മുഹമ്മദ് ഭയസിന്‍റെ 'ക്ലാഷ്' എന്ന സിനിമ അവതരിപ്പിക്കുന്നത്.
ഒന്നര മണിക്കൂര്‍ ദൈര്‍ഘ്യമുള്ള ഈ സിനിമ സംഭവിക്കുന്നത് ഒരു പോലീസ് ട്രക്കിനുള്ളിലാണ്. കലാപ ദിവസങ്ങളിലൊന്നില്‍ കെയ്റോ നഗരത്തില്‍ റോന്തു ചുറ്റുന്ന ട്രക്കിലേക്ക് പല ഭാഗത്തു നിന്നും പല കര്‍തൃത്വങ്ങള്‍ പേറുന്ന പല വ്യക്തികള്‍ പിടിച്ചു തള്ളപ്പെടുന്നു. അത് ക്രമേണ ഈജിപ്തിന്‍റെ രാഷ്ട്രീയാവസ്ഥയുടെ സ്പെസിമനായി പരിണമിക്കുന്നു. ആദ്യമായി ട്രക്കിലേക്ക് എടുത്തെറിയപ്പെടുന്നത് അസോസിയേറ്റഡ് പ്രസ്സിലെ (AP) റിപ്പോര്‍ട്ടറായ ആദമും ഫോട്ടോഗ്രാഫറായ സെയ്നുമാണ്. തങ്ങള്‍ മാധ്യമ പ്രവര്‍ത്തകരാണെന്ന അവരുടെ വാക്കുകളെ ചെവിക്കൊള്ളാതെ സൈന്യം അവരെ ട്രക്കിനകത്ത് പൂട്ടിയിടുന്നു. അകലെ ഒരു പ്രകടനം കണ്ട അവര്‍ സഹായത്തിനായി മുറവിളി കൂട്ടുന്നു. അവരുടെ അടുത്തു വന്നു വിവരമാരാഞ്ഞ സൈന്യത്തെ അനുകൂലിക്കുന്ന പ്രക്ഷോഭകര്‍ അവര്‍ അമേരിക്കന്‍ ചാരന്മാരാണെന്നാരോപിച്ച് ട്രക്കിനു നേരെ കല്ലെറിയുന്നു. പാഞ്ഞെത്തുന്ന സൈന്യം അക്കൂട്ടത്തില്‍ നിന്നും കയ്യില്‍ കിട്ടിയവരെയൊക്കെ ട്രക്കിനകത്തേക്ക് തള്ളുന്നു. യാത്ര തുടരുന്ന ട്രക്ക് പിന്നീടെത്തുന്നത് മുസ്ലീം ബ്രദര്‍ഹുഡിനെ പിന്തുണച്ചുകൊണ്ടുള്ള ഒരു പ്രകടനത്തിനു നടുവിലേക്കാണ്. അവിടെ നിന്നും, സൈന്യത്തിന്‍റെ കൈയിലകപ്പെട്ടവര്‍ ട്രക്കിലേക്ക് പതിക്കുന്നു. പിന്നീട് ട്രക്കിലുള്ളവരെ സഹായിച്ചതിനു ഒരു സൈനികന്‍ കൂടി അക്കൂട്ടത്തില്‍ ചേരുന്നതോടെ എട്ടു ചതുരശ്രമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പോലീസ് ട്രക്ക് കലുഷിതമായ ഈജിപ്തിന്‍റെ പരിച്ഛേദമാകുന്നു.
സംഘര്‍ഷത്തിന്‍റെ അനേകം അടരുകളാണ് ആ എട്ടു ചതുരശ്രമീറ്ററിനകത്ത് രൂപം കൊള്ളുന്നത്. ബന്ധനസ്ഥരായ ഓരോരുത്തരും തങ്ങളെ ബന്ധിച്ച സൈന്യവുമായി സംഘര്‍ഷത്തിലാണ്, അതോടൊപ്പം തന്നെ, ട്രക്കിനകത്തെ സേനാനുകൂലികളും ബ്രദര്‍ഹുഡ് അനുകൂലികളും തമ്മില്‍, ബ്രദര്‍ഹുഡ് അനുകൂലികളിലെ കടുത്ത വിശ്വാസികളും അയഞ്ഞ വിശ്വാസികളും തമ്മില്‍, ഇവരെല്ലാവരും അമേരിക്കന്‍ ചാരന്മാരായി ആരോപിതരാകുന്ന മാധ്യമ പ്രവര്‍ത്തകരും തമ്മില്‍. ഇങ്ങനെ പലതരം സംഘര്‍ഷങ്ങള്‍ ട്രക്കിനകത്ത് ചിതറിത്തെറിക്കുന്നു.
സിനിമയുടെ ലാവണ്യാനുഭൂതി തമ്മിലുള്ള സംഘര്‍ഷങ്ങള്‍ മറന്ന് അതിജീവനത്തിനായുള്ള സംഘര്‍ഷത്തില്‍ ട്രക്കിനകത്തെ എല്ലാവരും ഒരുമിച്ചു നില്‍ക്കുന്നുണ്ട്. ജനാലയ്ക്കല്‍ ഓരോരുത്തരും വന്ന് മാറി മാറി ശ്വാസമെടുക്കുന്നതും ട്രക്കിനകത്തെ പെണ്‍കുട്ടിക്ക് മൂത്രവിസര്‍ജ്ജനം നടത്തുവാന്‍ എല്ലാവരും പുറം തിരിഞ്ഞു നില്‍ക്കുന്നതും, എതിരെ വന്ന മറ്റൊരു ട്രക്കില്‍ തന്‍റെ പിതാവുണ്ടോ എന്നറിയാന്‍ ഒരുവന്‍ ഉറക്കെ വളിച്ചു ചോദിക്കുമ്പോള്‍ എതിര്‍പക്ഷക്കാരും അവന്‍റെ കൂടെ കൂടുന്നതും എല്ലാവരും പങ്കിട്ടനുഭവിക്കുന്ന സംഗീതത്തിന്‍റെ നേര്‍ത്ത നിമിഷങ്ങളും എല്ലാ വിഭാഗീയതകളെയും അതിലംഘിക്കുന്ന മാനവികതയുടെ നിമിഷങ്ങളാണ്. എന്നാല്‍ അതിനു പുറത്ത് നിപതിക്കുന്ന ആഘാതങ്ങള്‍ക്കിടയിലാണ് സംഘര്‍ഷത്തിന്‍റെ തിരമാലകള്‍ ഉയിരെടുക്കുന്നത്.
പ്രക്ഷോഭകരുടെ ഒടുക്കം തങ്ങളെ തന്നെ സംരക്ഷിക്കാനാവാതെ സൈന്യം ഛിന്നഭിന്നമായി പോകുന്നു. അതോടെ അനാഥമാക്കപ്പെടുന്ന ട്രക്ക് ഭ്രാന്തമായ പ്രക്ഷോഭത്തിന്‍റെ വന്‍കടലിലേയ്ക്കാണ് വലിച്ചെറിയപ്പെടുന്നത്. പ്രക്ഷോഭകാരികള്‍ ട്രക്കിന്‍റെ പൂട്ടു പൊളിച്ച് അതിനകത്തെ ഓരോരുത്തരെയും വധിക്കുന്നു. ഇവിടെ, സിനിമ ആള്‍ക്കൂട്ടത്തെ പ്രതിക്കൂട്ടിലാക്കുന്ന പ്രതിലോമ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്നു എന്നു വാദിക്കാമെങ്കിലും ഈ ആള്‍ക്കൂട്ടത്തെ രൂപീകരിക്കുന്ന വ്യവസ്ഥകളെക്കുറിച്ചുകൂടി ചിന്തിക്കേണ്ടിയിരിക്കുന്നു. മറ്റാരുടെയോ കൈയ്യിലെ ഉപകരണം മാത്രമാണ് ദുഃഖമില്ലാത്ത ഈ ആള്‍ക്കൂട്ടം. അവിടെയാണ്, ട്രക്കിനകത്തെ ബാലനും ബാലികയും തമ്മില്‍ ആരും അറിയാതെ കളിക്കുന്ന X - O - X കളിക്ക് വലിയ അര്‍ത്ഥതലങ്ങള്‍ ഉണ്ടാകുന്നത്. പ്രക്ഷോഭകാരികള്‍ തകര്‍ത്ത ട്രക്കിന്‍ ചുവരിലെ കളിച്ചിത്രത്തിലാണ് സിനിമ അവസാനിക്കുന്നത്. പൂര്‍ത്തീകരിക്കാത്ത ആ കളിയില്‍ ഇരു കൂട്ടരും വിജയിക്കില്ലെന്നത് ഉറപ്പാണ്. മാത്രമല്ല, ആ കളി പൂര്‍ത്തിയാക്കുവാന്‍ പോലും ആരും അവശേഷിക്കുകയുമില്ല.
Featured Posts
bottom of page