top of page

അത്താഴം

Jan 9, 2023

1 min read

തോമസ് ഷാ
Picture of a cross with love symbol

മലയുമാകാശവും

ചുംബിച്ചനേരം

തോണിയിറങ്ങി ഞാന്‍

കല്ല്യാണവീട്ടില്‍.

'കല്‍ഭരണിവെള്ളം

വീര്യമാകട്ടെ...'

കല്ല്യാണവീട്ടില്‍

പൊട്ടിച്ചിരി.

കല്ലറനോക്കി ഞാന്‍

തിരികെ വിളിച്ചു

'പുറത്തേയ്ക്കുപോരൂ

നീ, മരണം കുളിപ്പിച്ച

കൂട്ടുകാരാ...'

ബന്ധുക്കളെത്തിയെന്‍

മേല്‍വസ്ത്രമൂരി,

ചെണ്ടകൊട്ടിക്കൊണ്ടു

പുള്ളികുത്തി.

കുരിശൊന്നെടുത്തു

ഞാന്‍, തോളില്‍വച്ചു;

കല്ലിലും മുള്ളിലും

നിലതെറ്റി വീണു, ഞാന്‍

കുന്നുകേറി.

പുരുഷാരമെത്തി

കൂവിയാര്‍ത്തു...

ചെരുപ്പെറിഞ്ഞെന്നെ,

മുള്ളു ചുറ്റിച്ചു

എല്ലാരുമാഹ്ലാദ

ചുവടുവച്ചു.

'വാഴ്ത്തുവാന്‍ ഞങ്ങള്‍ക്കു

കുരിശുണ്ട്, ശില്പമായി

ജീവന്‍റെ കുരിശിനി

താങ്ങില്ല ഞങ്ങള്‍.'

ഉന്മാദിയായവര്‍,

ഉച്ചത്തിലുച്ചത്തില്‍

കൂവിയാര്‍ത്തു.

കുണുങ്ങിക്കുണുങ്ങി

കുന്നും ചിരിച്ചു.

കുരിശും ചിരിച്ചു...!

വേണ്ടാത്ത കാലത്തുദിച്ച നക്ഷത്രം

ദൂരെയാകാശത്തെരിഞ്ഞു വീണു!

കോമാളിയായി ഞാന്‍

കുരിശില്‍ക്കിടന്നു.

അവര്‍ക്കുള്ള അത്താഴ-

മാനന്ദമായ്...!

Featured Posts

Recent Posts

bottom of page