top of page

കൂര്‍ത്ത മുനയുള്ള ആണികള്‍ കൊണ്ടൊരു
കിരീടം പണിതു ഞാന്‍.
അര്‍ഹതപ്പെട്ട ശിരസ്സന്വേഷിച്ചുള്ള
അലച്ചിലിനാരംഭ
സുമുഹൂര്‍ത്തമായ്.
മതമോ
ജാതിയോ
കറുപ്പെന്നോ, വെളുപ്പെന്നോ
കൊടിയുടെ നിറമോ
ഒന്നുമെന്നില്‍ ഇല്ലാത്തതിനാല്‍
എനിക്കൊട്ടും ഭയമില്ല.
ഞാനിത് തീര്‍ത്തത്
എന്നില്‍ ഭയത്തിന്‍റെ വിത്തുപാകിയോന്‍റെ
തലയ്ക്ക് മാത്രം.
അവന്‍റെ ശിരസ്സു പിളര്‍ന്ന്
രക്തപ്പുഴകള്‍ കിനിഞ്ഞിറങ്ങുമ്പോള്‍
ആനന്ദാഹ്ലാദ തേരോട്ടത്തിന് സമാരംഭം.
ഇത്ര നാള്‍ ചെയ്ത പാപത്തിന്‍റെ
ശമ്പളമാണിതെന്ന-
വനോര്‍ക്കവെ
പ്രജ്ഞ സ്വയം മറയവെ
പിന്നോര്‍മ്മകള്‍ക്ക് ശരവേഗമേറവെ
അവനൊന്ന് പുളയണം.
വേദന അസഹ്യമാകുമ്പോള്‍
അമ്മയുടെ മുലപ്പാലിന് വേണ്ടി
കരയുന്ന കുഞ്ഞായ് മാറണം.
കരയണം... വാവിട്ട് നിലവിളിക്കണം.
അവന്‍റെ പക നിറഞ്ഞ കണ്ണില്‍നിന്ന്
അവസാനത്തുള്ളി അടര്‍ന്ന് വീഴുമ്പോള്‍
അവന്‍ പണിതെടുത്ത സ്വര്‍ഗ്ഗരാജ്യം നിലംപതിക്കും.
പ്രജകള്‍ അഗാധകയങ്ങളില്‍
മുങ്ങിത്താഴ്ന്ന് മുങ്ങിത്താഴ്ന്ന് നിശ്ചലമാകുമ്പോള്‍
അപരാജിത ജനത നേരിന്‍റെ പതാക ഉയര്‍ത്തും
അങ്ങനെ കുരിശിലേറാത്തൊരന്ത്യം
ഞാനവന് വിധിക്കുന്നുവെങ്കില്‍ സഫലം
ആനന്ദദായകമീ ജന്മലക്ഷ്യം.
Featured Posts
Recent Posts
bottom of page