top of page

കൂട്ടുകാരാ എന്‍റെ തൊണ്ടയില്‍ കുരുങ്ങിയ ആ വാക്ക് നീയാണ്!

Feb 1, 2013

2 min read

ധമ
പവിത്രന്‍ തീക്കുനി
പവിത്രന്‍ തീക്കുനി

മനുഷ്യകുലം ഇതുവരെ പറഞ്ഞ വാക്കുകള്‍,

അവന്‍റെ ഉള്ളിലമര്‍ന്നുപോയ വാക്കുകളുടെ

മുഖവുര പോലുമാകുന്നില്ല!

അത്രയേറെയാണ് ആകുലതകള്‍

ചിന്ത നേരെനില്‍ക്കുന്നവന്

ചിതയാണ് എളുപ്പമാര്‍ഗം.

പതിനെട്ടു പുസ്തകങ്ങളുടെ അകമ്പടിയോടെ "കനകശ്രീ" മുതലിങ്ങോട്ട് നിരവധി പുരസ്കാരങ്ങളുടെ ആരവങ്ങളോടെ പവിത്രന്‍ തീക്കുനി എന്ന യുവകവി ഇപ്പോള്‍ തന്‍റെ ഗ്രാമത്തിലെ കള്ളുഷാപ്പില്‍ തലക്കറികളുണ്ടാക്കുകയാണ്. മീന്‍ വില്‍പ്പനയില്‍ തുടങ്ങി, കല്ല് ചുമന്ന്, സിമന്‍റു കുഴച്ചുകൊടുത്ത്, ടൈല്‍സ് ഒട്ടിച്ച്, ഇപ്പോള്‍ കള്ളുഷാപ്പിന്‍റെ കള്ളും ഛര്‍ദ്ദിയും നാടന്‍പാട്ടുകളും മണക്കുന്ന അടുക്കളയില്‍ അയാള്‍ ജീവിതത്തെ ഒരു പൂച്ചയെപ്പോലെ തുറിച്ചുനോക്കുകയാണ്.


കഴിഞ്ഞ തവണ നാട്ടില്‍ പോയപ്പോള്‍ പവിത്രനെ തേടിപ്പോയിരുന്നു. ഒരു തവണ വിളിച്ചപ്പോള്‍ വാര്‍ക്കപ്പണിയുടെ തിരക്കില്‍, പിന്നീട് വിളിച്ചപ്പോള്‍ കല്ല് ചുമക്കുകയാണ.് മേസ്തിരി വഴക്ക് പറയും. പിന്നെ വിളിക്കൂ എന്ന നിര്‍ദ്ദേശം, മൂന്നാം തവണയാണ് പിടിതന്നത്.


ഞാനും എന്‍റെ സുഹൃത്ത് വിനോദും കൂടി ബസ്സിറങ്ങി. പവിത്രന്‍ ഇത്തിരിനേരത്തിനുശേഷം വന്നു കൈയില്‍ തൊട്ടു.


ഞാന്‍ ചോദിച്ചു;


"ഞങ്ങളെ എങ്ങനെ മനസ്സിലായി?"


"അക്ഷരങ്ങളെത്തേടി വരുന്നവരെ എനിക്ക് കണ്ടാലറിയാം," പവിത്രമൊഴി.


നേരെ മീന്‍മാര്‍ക്കറ്റിലേക്ക്, ഇത്തിരി ചാളയും കപ്പയും വാങ്ങി, ഞങ്ങള്‍ 'മഴ'യിലേക്കുള്ള വെയില്‍ക്കുന്നു കയറി. കുഞ്ഞുവീടിന്‍റെ മുറ്റത്തു സിമന്‍റുവീപ്പയില്‍ വെള്ളം, അതിനുമേലെ കുഞ്ഞ് ഓല മെടഞ്ഞിട്ട ഹരിത മൂടി. ഞാന്‍ എന്‍റെ കുട്ടിക്കാലത്തിലേക്ക് ഈ പുരാതന ബിംബങ്ങളിലൂടെ തിരിച്ചുനടന്നു. തനിക്ക് കിണറില്ലെന്നു പവിത്രന്‍. എല്ലാ അര്‍ത്ഥത്തിലും ഇതു ശരിയാണെന്ന് തോന്നി ഞങ്ങള്‍ക്ക്.


വീടിനു പേര് 'മഴ' എന്നാണെങ്കിലും പവിത്രന്‍ നിത്യവേനലിലാണ്. കേരളത്തിലങ്ങോളമിങ്ങോളമുള്ള അക്ഷര സ്നേഹികള്‍ പവിത്രന് ഒരു കൂടാരം തീര്‍ത്തുകൊടുത്തെങ്കിലും അതില്‍ അദ്ദേഹത്തിന് കിട്ടിയ ഉപഹാരങ്ങള്‍വെക്കാന്‍പോലും ഇടമില്ലാത്ത സ്ഥിതിയാണ്. പുസ്തകക്കൂമ്പാരങ്ങള്‍ കട്ടിലിനടിയിലും ജാലകങ്ങളിലും ചിതലുപിടിച്ചു കിടക്കുന്നു.


തീക്കുനി തന്‍റെ ജീവിതത്തിന്‍റെ തീക്കുറിപ്പുകള്‍ ഞങ്ങളില്‍ വിതറി. ഒരുതവണ നടത്തിയ ആത്മഹത്യാ ശ്രമമടക്കം. പ്ലസ്ടു വരെ എത്തിനില്‍ക്കുന്ന രണ്ടുമക്കളെ പഠിപ്പിക്കാന്‍ മുപ്പതിനായിരം രൂപയോളം എടുക്കാനില്ലാതെ നട്ടം തിരിയുകയായിരുന്നു അന്നേരം കവിയും കവിതയും.


വീടുവെയ്ക്കാനുള്ള ഒരുക്കത്തിനിടയില്‍ അഞ്ചു വര്‍ഷത്തേക്കുള്ള കവിതയെഴുത്ത് ഡി.സിക്ക് പണയപ്പെടുത്തി പണം പറ്റി. മലയാളത്തില്‍ ആദ്യമായായിരിക്കും ഇത് സംഭവിക്കുന്നത്. വരുന്ന അഞ്ചുവര്‍ഷത്തേക്ക് താന്‍ എഴുതാന്‍ പോകുന്ന അക്ഷരങ്ങളെ പണയപ്പെടുത്തി ഒരാള്‍ വീട് വയ്ക്കാനിറങ്ങുന്നത്!


കഴിഞ്ഞ സര്‍ക്കാര്‍ ചെറിയൊരു ജോലി തരപ്പെടുത്തിക്കൊടുത്തിരുന്നു, ദിവസക്കൂലി വ്യവസ്ഥയില്‍. രാഷ്ട്രീയ നിയമനമാണെന്നാരോപിച്ചു പിള്ള മകന്‍ ഗണേശന്‍ മന്ത്രി കവിയെ മഴയിലേക്ക് ഇറക്കിവിട്ടു. അപ്പോളാണ് "അവന്‍ തനിക്കു പറ്റിയ ഒരു കൈപ്പിഴ"യാണ് എന്ന ബാലകൃഷ്ണപ്പിള്ളയുടെ, മകനെപ്പറ്റിയുള്ള നിലവിളി എല്ലാ രീതിയിലും അര്‍ത്ഥവത്താകുന്നത്. കിട്ടുന്ന വേതനത്തെക്കാള്‍, ധാരാളം പുസ്തകങ്ങള്‍ വായിക്കാനുള്ള അവസരങ്ങളും ലോകസിനിമകള്‍ കാണാനുള്ള അവസരങ്ങളും നഷ്ടപ്പെട്ടതാണ് പവിത്രനെ അലട്ടുന്നത്.


ഇന്നലെ രാത്രി തീക്കുനിയെ വിളിച്ചിരുന്നു. കള്ളു ഷാപ്പില്‍നിന്നു ജോലി കഴിഞ്ഞു വന്നുകയറിയതേയുള്ളൂ. ക്ഷീണിതമായിരുന്നു ആ സ്വരം: "ധര്‍മ്മന്‍, എല്ലാ ദിവസവും പണിയില്ല. ആഴ്ചയില്‍ മൂന്നു ദിവസം മാത്രം... ഒരു കുക്കിന്‍റെ വിസയെങ്കിലും സംഘടിപ്പിച്ചു തരാന്‍ കഴിയുമോ? അല്ലെങ്കില്‍ എന്ത് പണിയും ചെയ്യാം..." എന്ന ചോദ്യത്തിനു മുമ്പില്‍ ഞാന്‍ നിരക്ഷരനാകുന്നു. മക്കളുടെ പഠിത്തം, ഉപജീവനം... എന്നിങ്ങനെ കവി തീമഴയില്‍ നിന്നും കരകയറുന്നില്ല.


ദേശം നോക്കി, മതം നോക്കി, രാഷ്ട്രീയം നോക്കിയല്ല നിങ്ങളുടെ ഹൃദയത്തിന്‍റെ ആര്‍ദ്രത ഉണര്‍ത്തപ്പെടുന്നതെങ്കില്‍ നമുക്ക് അഭിമാനിക്കത്തക്ക വിധമുള്ള ഒരു കവിയെ ഇവിടെ നമുക്കിടയില്‍കിട്ടും. സഹായിക്കാന്‍ കെല്‍പ്പുള്ളവര്‍ മുന്നോട്ട് വരുമെന്ന് കരുതട്ടെ.

ധമ

0

0

Featured Posts

bottom of page