top of page

ധ്രുവത

Feb 4

1 min read

ജോര്‍ജ് വലിയപാടത്ത്

യാഥാസ്ഥിതികരെയും ലിബറലുകളെയും മാറ്റത്തെ എതിർക്കുന്നവരും മാറ്റത്തെ പ്രോത്സാഹിപ്പിക്കുന്നവരുമായിട്ടാണ് പരമ്പരാഗതമായി വേർതിരിച്ചു പറയാറ്. ലിബറലുകൾ നീതി, സ്വാതന്ത്ര്യം എന്നീ വ്യക്തി കേന്ദ്രീകൃത മൂല്യങ്ങൾക്ക് ഊന്നൽ നൽകുമ്പോൾ, യാഥാസ്ഥിതികർ വിധേയത്വം, അധികാരം, പവിത്രത എന്നിങ്ങനെ സമൂഹാടിസ്ഥിത മൂല്യങ്ങൾക്ക് കൂടുതൽ ഊന്നൽ നൽകുന്നു. ഏതെങ്കിലും തരത്തിലുള്ള സാമൂഹിക അസമത്വത്തെ ലിബറലുകൾ എതിർക്കുമ്പോൾ, ലോകം തന്നെ ശ്രേണീബദ്ധമായ ഉച്ചനീചത്വങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന അടിസ്ഥാന വിശ്വാസം സൂക്ഷിക്കുന്നതിനാൽ യാഥാസ്ഥിതികർ സാമൂഹിക അസമത്വത്തെ അത്ര കാര്യമായെടുത്തെന്നു വരില്ല. യാഥാസ്ഥിതികർ ലോകത്തെ അപകടകരമായ ഒരു സ്ഥലമായി കാണുന്നുവെന്നും, ലിബറലുകൾക്ക് അത് അത്ര അപകടകരമായ സ്ഥലമല്ലെന്നു കൂടി ചിലർ നിരീക്ഷിക്കും. ലിബറലുകൾ ലോകത്തിൻ്റെ നിർമ്മിതിയിൽ താൽപ്പര്യം കാട്ടുമ്പോൾ, യാഥാസ്ഥിതികർക്ക് സ്വന്തം ഭവനം കെട്ടിപ്പടുക്കുന്നതിലായിരിക്കും പ്രാഥമികമായ താൽപ്പര്യം. സോഷ്യൽ മീഡിയയുടെ സമകാലിക ലോകത്ത്, പ്രായോഗിക വ്യത്യാസങ്ങൾ പരമാവധി വലിച്ചുനീട്ടപ്പെടുകയും അവ സ്ഫോടനാത്മകമായ സാഹചര്യം ജനിപ്പിക്കുകയും ചെയ്യുന്നു. അതിനാൽ, കൂടുതൽ കൂടുതലായി പ്രത്യയശാസ്ത്ര ധ്രുവീകരണം സംഭവിക്കുന്നതായി തോന്നുന്നുണ്ട്. രണ്ട് പ്രത്യയശാസ്ത്ര നിലപാടുകളും വിപരീത ദിശയിൽ ധ്രുവീകരണം സംഭവിപ്പിക്കുന്നു എന്നതാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. തൽഫലമായി, സമൂഹത്തിൽ അസഹിഷ്ണുത വർദ്ധിച്ചുവരുന്നുണ്ട്.


ഞാൻ ഒരു സാമൂഹ്യശാസ്ത്രജ്ഞനോ രാഷ്ട്രീയ സൈദ്ധാന്തികനോ അല്ല. എങ്കിലും, ആത്മീയമായ ഒരു കാഴ്ചപ്പാടിൽനിന്ന് നോക്കുമ്പോൾ, ധ്രുവീകരണവും വർദ്ധിച്ചുവരുന്ന ശത്രുതാ മനോഭാവവും നമ്മെ വളർച്ചയിലേക്കല്ല വഴിനടത്തുക എന്ന് ഞാൻ കരുതുന്നു. ഇവിടെ ഞാൻ മാത്രമല്ല ഉള്ളത്. വീട് എല്ലാവരുടേതുമാണ്. വൈവിധ്യമാർന്ന പ്രത്യയശാസ്ത്ര നിലപാടുകളിൽ നിന്നാണ് മനുഷ്യർ വരുന്നത് എന്നതാണ് യാഥാർത്ഥ്യം. പ്രായോഗികവും ആരോഗ്യകരവുമായ ഒരു സമൂഹത്തിന് വ്യത്യസ്തമോ വിപരീതമോ ആയ പ്രത്യയശാസ്ത്രങ്ങളും വീക്ഷണകോണുകളും ഉള്ള മനുഷ്യർ ഉണ്ടായിരിക്കണം. സമ്പൂർണ്ണമായ നിന്ദനവും തീവ്ര വിമർശനവും ജൈവികവും സജീവവുമായ സമൂഹത്തിന്റെ ലക്ഷണങ്ങളല്ല. അപരത്വത്തോട് ഒരു പരിധിവരെ സഹിഷ്ണുത കാട്ടുകയും, ശ്രവിക്കാനുള്ള മനോഭാവം പ്രദർശിപ്പിക്കുകയും, മറ്റെയാളുടെ കാഴ്ചപ്പാടും വാദമുഖവും മനസ്സിലാക്കാനുള്ള ശ്രമം നടത്തുകയും ചെയ്യുക എന്നതെല്ലാം നാം വികസിപ്പിക്കേണ്ടതുണ്ട്. ഇതിനായി, നാം പ്രാഥമികമായി ക്ഷമ കാണിക്കുകയും ക്ഷിപ്ര പ്രതികരണങ്ങൾ ഒഴിവാക്കുകയും വേണം. പ്രതിലോമകരമായ ഒരു സമീപനത്തിനുപകരം, പ്രശ്നാധിഷ്ഠിതവും പക്വവുമായ ചർച്ചകളും സംവാദങ്ങളും ഉണ്ടാകുമെന്നുണ്ടെങ്കിൽ, സമൂഹം നിരന്തരം പഠിക്കുകയും പഠിച്ചത് അപനിർമ്മിക്കുകയും വീണ്ടും പഠിക്കുകയും ചെയ്തേക്കാം.


ജോര്‍ജ് വലിയപാടത്ത�്

0

3

Featured Posts

Recent Posts

bottom of page