top of page
ഒരു പട്ടാഭിഷേകത്തിനു പോയതായിരുന്നു. പട്ടത്തിന്‍റെ തിരുക്കര്‍മ്മങ്ങള്‍ കഴിഞ്ഞു നവവൈദികന് ആദരവുമര്‍പ്പിച്ചു. ഉടനെ തിരിച്ചുപോരാനായിരുന്നു തീരുമാനിച്ചിരുന്നത്. പക്ഷേ, ഉണ്ണാന്‍ സമയമായിരുന്നില്ലെങ്കിലും നേരത്തെപോകുന്നവര്‍ക്കുവേണ്ടി ഉച്ചഭക്ഷണം റെഡിയാക്കിയിരുന്നതു കഴിച്ചിട്ടുപോകണമെന്നു സംഘാടകരു നിര്‍ബ്ബന്ധിച്ചതുകൊണ്ട് പള്ളിമുറിയിലേക്കുപോയി. അച്ചന്മാരും വിഐപികളുമായി പത്തുമുപ്പതുപേര് ഉണ്ണാനുണ്ടായിരുന്നു. ലൗജിഹാദും ലഹരിജിഹാദുമൊക്കെത്തന്നെയായിരുന്നു എല്ലാവരുടെയും സംസാരവിഷയം. പരിചയമുണ്ടായിരുന്നവരെയൊക്കെ അത്യാവശ്യമൊന്നു ചിരിച്ചുകാണിച്ച് ഒന്നുംമിണ്ടാതെ സൈഡുപറ്റിയിരുന്ന് വേഗം ഊണുംകഴിച്ചു പുറത്തിറങ്ങി വണ്ടിയുടെ അടുത്തേക്കു നീങ്ങി. അപ്പോളാണ് എന്‍റെ ഒരു ബന്ധു ഓടിവന്നത്. അവരുടെ ഇടവകയിലായിരുന്നു പുത്തനച്ചന്‍ ഡീക്കനായിരുന്നപ്പോള്‍ അഞ്ചാറുമാസം സേവനം ചെയ്തത്. അതുകൊണ്ട് ഓര്‍ഡിനേഷനു വരുന്നുണ്ടെന്നെന്നോടു പറഞ്ഞിരുന്നു.
"അച്ചന്‍ ഊണുകഴിച്ച് ഇറങ്ങാന്‍ കാത്തുനില്ക്കുകയാരുന്നു കാണാന്‍. അച്ചന്മാരും ഇടവകക്കാരുമെല്ലാംകൂടെ ഞങ്ങള്‍ ഒരു ബസിനിങ്ങുപോന്നു. കുര്‍ബ്ബാന കഴിഞ്ഞ് അച്ചനെ കണ്ടിട്ടേ ഞങ്ങളു തിരിച്ചുള്ളു."
"ഏതായാലും ഇത്രേംദൂരം വണ്ടീംവിളിച്ചു വന്നതല്ലെ, എല്ലാം കഴിഞ്ഞു സാവകാശം പോകുന്നതാണല്ലോ അതിന്‍റെ ഭംഗി."
"പേരുകേട്ട രണ്ടുമൂന്നു സ്ഥലങ്ങളുമുണ്ടല്ലോ പോകുന്നവഴി, തിരിച്ചുപോകുമ്പോള്‍ അവിടംകൂടി കണ്ടിട്ടുപോകണമെന്നാണ് എല്ലാവരുടെയും ആഗ്രഹം."
"പട്ടംകൂടാന്‍ പള്ളിച്ചെലവിലായിരിക്കുമല്ലോ വണ്ടി വിളിച്ചത്. ചക്കാത്തിലൊരു ടൂറും ആകും."
"ഇടവകക്കാരന്‍റെ ബസായതുകൊണ്ട് ചെലവൊന്നും കൂടത്തില്ല. പക്ഷേ ഒരു ചെറിയ പ്രശ്നമുണ്ടച്ചാ. വികാരിയച്ചനും രണ്ടുമൂന്ന് സാറന്മാര്‍ക്കും എത്രയും വേഗം തിരിച്ചെത്തണമെന്നു പറഞ്ഞിരിക്കുവാ."
"ബസിലല്ലാതെ സ്വന്തംവണ്ടിക്ക് അവിടുന്ന് ആരെങ്കിലും വന്നിട്ടുണ്ടെങ്കില്‍ അവരുടെ കൂടെ ഇവരെ പറഞ്ഞുവിട്ടാല്‍പോരെ?"
"ഞാനന്വേഷിച്ചച്ചാ, വേറെ ആരും വന്നിട്ടില്ല. അച്ചനൊന്നു സഹായിച്ചാല്‍ ഞങ്ങളു രക്ഷപെടും. അച്ചന്‍റെ വണ്ടിയില്‍ അച്ചന്‍ തനിച്ചല്ലെയുള്ളു. അവരെക്കൂടെ.."
കുടുങ്ങി. അഞ്ചെട്ടു കിലോമീറ്ററു കൂടുതല്‍ ഓടിയാല്‍ ഇവരുടെ നാടുചുറ്റിയും എനിക്കുപോകാം എന്നറിഞ്ഞുകൊണ്ടാണയാളതു ചോദിച്ചത്. തിരിച്ചുപോക്കില്‍ എനിക്ക് എന്‍റേതായ പ്ലാനുകളുണ്ടായിരുന്നെങ്കിലും സൗഹൃദം കളയേണ്ട എന്നുകരുതി ഞാനതിനങ്ങു സമ്മതിച്ചു.
"എന്‍റെതു ചെറിയവണ്ടിയാണ്. മൂന്നുപേര്‍ക്കു പോരാം, ഞെരുങ്ങിയിരുന്നാല്‍ നാലുപേര്‍ക്ക്."
"ഓ രക്ഷപെട്ടു." എന്നുംപറഞ്ഞ് അയാള്‍ ഓടി.
ഞാന്‍ വണ്ടി വഴിയിലേക്കിറക്കിയിട്ടു. അവരിനി പള്ളിയകത്താണെങ്കില്‍ വിളിച്ചിറക്കി ഊണുംകൊടുത്തു കൊണ്ടുവരാന്‍ അരമണിക്കൂറെങ്കിലുമെടുക്കുമല്ലോ എന്നൊക്കെയോര്‍ത്തു സീറ്റുചായ്ച്ചു ചാരിക്കിടന്ന് സ്റ്റീരിയോ ഓണ്‍ ചെയ്തപ്പോളേക്കും അവരെത്തി. നാലുപേരുണ്ട്. അപ്പഴാണ് മനസ്സിലായത് ഉണ്ണുന്നതിനിടയില്‍ എന്‍റെയടുത്തിരുന്നു വലിയ ഉച്ചത്തില്‍ സംസാരിച്ചുകൊണ്ടിരുന്ന പാര്‍ട്ടീസു തന്നെയാണ് കൂടെപ്പോരാനുള്ളതെന്ന്. ഇനിയിപ്പം വണ്ടിക്കകത്തും നല്ല കൊള്ളയായിരിക്കുമല്ലോ എന്നു മനസ്സിലോര്‍ത്തു. എനിക്കവരെയോ അവര്‍ക്കെന്നെയോ അറിയില്ലാതിരുന്നതിനാല്‍ അത്യാവശ്യം പരസ്പരം പരിചയപ്പെടുത്തി വികാരിയച്ചനെ മുന്‍സീറ്റിലും ബാക്കിയുള്ളവരെ പുറകിലുമിരുത്തി കുരിശുംവരച്ചു യാത്രതുടങ്ങി.
അവരു ചോദിച്ചതിനൊക്കെ തട്ടിമുട്ടി ഉത്തരം പറഞ്ഞതല്ലാതെ ഞാനങ്ങോട്ടൊന്നും സംസാരിക്കാന്‍ താല്പര്യം കാണിക്കാതിരുന്നതുകൊണ്ട് കുറെ കഴിഞ്ഞ് അവരുതമ്മില്‍ വര്‍ത്തമാനം തുടങ്ങിയപ്പോള്‍ ഞാന്‍ പാട്ട് ഓഫുചെയ്തു. സിനഡും കുര്‍ബ്ബാനപ്രശ്നോമൊക്കെ ഇടക്കുകയറിവന്നെങ്കിലും ജിഹാദുവിഷയം തന്നെയായിരുന്നു അവരുടെ സംസാരത്തില്‍ കത്തിക്കയറിയത്. വാട്സാപ്പിലെ വീഡിയോയും ഓഡിയോയുമൊക്കെ പരസ്പരം കാണിച്ചും കേള്‍പ്പിച്ചുമെല്ലാം അവരു രംഗം കൊഴുപ്പിച്ചു. വര്‍ത്തമാനത്തിന്‍റെ ശൈലിയില്‍നിന്നും അദ്ധ്യാപകരാണെന്ന് ഊഹിച്ചു. എന്‍റെ ചെവി അത്ര പോരെങ്കിലും അവരുടെ സംസാരം ഉച്ചത്തിലായിരുന്നതുകൊണ്ട് കേള്‍ക്കാത്തമട്ടിലിരുന്നുകൊണ്ട് ഞാനെല്ലാം ശ്രദ്ധിക്കുന്നുണ്ടായിരുന്നു.
അച്ചന്‍ മുമ്പു വികാരയായിരുന്ന ഇടവകകളിലെ വളരെ നല്ല കുടുംബങ്ങളില്‍നിന്നും പെണ്‍കുട്ടികള്‍ മുസ്ലീങ്ങളായത് അച്ചന്‍ വേദനയോടെ പറഞ്ഞപ്പോള്‍ മറ്റുള്ളവര്‍ക്കുമുണ്ടായിരുന്നു വേദപാഠ അദ്ധ്യാപികമാരായിരുന്ന പെണ്‍കുട്ടികളുപോലും അതുപോലെ പോയതിന്‍റെ പല കേസുകളും പറയാന്‍. ഏതുതരത്തിലും വീഴിച്ചെടുക്കാനുള്ള തന്ത്രം മെനയാനുള്ള കുബുദ്ധി ജിഹാദികള്‍ക്കുണ്ട്. നമ്മുടെ കൂട്ടത്തില്‍നിന്നും ഏറ്റവും മിടുക്കരായ പെണ്‍കുട്ടികളെയാണ് അവരു നോട്ടമിടുന്നത്. നമ്മുടെ കുടുംബങ്ങളിലെ മാതാപിതാക്കള്‍ കഷ്ടപ്പെട്ടു പണമുണ്ടാക്കി മക്കളെ പഠിപ്പിച്ച് ഒരു നിലയിലെത്തിക്കുമ്പോളേക്കും ജിഹാദികള്‍ അവരെ വലയിലാക്കുന്നു.
നമ്മുടെ ആള്‍ക്കാര് ഗള്‍ഫിലും മറുനാട്ടിലുമൊക്കെ പോയിക്കിടന്ന് അദ്ധ്വാനിച്ചു പണമുണ്ടാക്കിക്കൊണ്ടുവന്നും കടമെടുത്തുമൊക്കെ പണിയുന്ന വീടും വാങ്ങുന്ന പറമ്പുകളുമൊക്കെ ഈ ജിഹാദികളു വാങ്ങിച്ചുകൂട്ടുന്നു. സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ തലപ്പത്തെല്ലാം അവരു കയറിക്കൂടുന്നു. കിട്ടാവുന്ന ആനുകൂല്യങ്ങളെല്ലാം അവരു കൈയ്യടക്കുന്നു.
അംഗസംഖ്യയിലും അതിവേഗം അവരു വര്‍ദ്ധിക്കുന്നു. നമ്മളോ അതിവേഗം ചുരുങ്ങിക്കൊണ്ടിരിക്കുന്നു. പള്ളിയില്‍ നിന്നുകൊണ്ട് ഒരു മെത്രാന്‍ വിശ്വാസികളോടു പ്രസംഗിക്കുന്നതുപോലും ധാര്‍ഷ്ട്യതയോടെ അവരു ചോദ്യം ചെയ്യുമ്പോളും ഭരണകൂടത്തിന്‍റെ പിന്തുണ മുഴുവന്‍ അവര്‍ക്കാണ്.
ഏതാണ്ടു രണ്ടു മണിക്കൂര്‍ യാത്ര പിന്നിടുമ്പോളേക്കും അവരുടെ സംസാരമൊന്നടങ്ങിയ മട്ടുണ്ടായിരുന്നു. ഏറെയും ദുരുദ്ദേശ്യത്തോടെയും സ്വകാര്യ താത്പര്യങ്ങള്‍ക്കുവേണ്ടിയും കുറെ നാളുകളായി വാര്‍ത്താചാനലുകളിലൂടെ നടക്കുന്ന സംവാദങ്ങളിലും ചര്‍ച്ചകളിലും, യുട്യൂബ് ചാനലുകള്‍ വാട്സാപ് തുടങ്ങിയ മാദ്ധ്യമങ്ങളിലൂടെ അവതരിപ്പിക്കപ്പെടുന്ന ദൃശ്യങ്ങളിലും പലപ്രാവശ്യം കണ്ടും കേട്ടും കഴിഞ്ഞിരുന്ന ജിഹാദു വിഭവങ്ങള്‍തന്നെ ഒന്നുകൂടി കേട്ടു എന്നു മാത്രമെ എനിക്കു തോന്നിയുള്ളു. ഒരു ചായകുടിക്കാന്‍ എവിടെയെങ്കിലും നിര്‍ത്തിയാല്‍ നന്നായിരുന്നു എന്ന് അച്ചന്‍ പറഞ്ഞപ്പോള്‍ അടുത്തയൊരു ജംഗ്ഷന്‍ എന്‍റെ മനസ്സിലുണ്ടായിരുന്നു.
ചാനല്‍ സംവാദകരും, ദൃശ്യങ്ങള്‍ അവതരിപ്പിക്കുന്നവരും ഇവരിപ്പോള്‍ ചെയ്തതുപോലെ കൂട്ടംകൂടി ചര്‍ച്ചചെയ്യുന്നവരുമെല്ലാം ആരോപിക്കുകയും രോഷംകൊള്ളുകയുമൊക്കെ ചെയ്യുന്നതല്ലാതെ പ്രശ്നത്തെ അഭിമുഖീകരിക്കാന്‍ ആരും തയ്യാറാകാത്തത് എന്തുകൊണ്ടാണ് എന്നവരോടു ചോദിക്കണമെന്നു തോന്നിയെങ്കിലും അടി ചോദിച്ചുവാങ്ങേണ്ടല്ലോ എന്നോര്‍ത്തു നാവടക്കി.
ചായകുടിച്ചുകഴിഞ്ഞു വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ പുറകില്‍നിന്നൊരു കമന്‍റ്:
"രണ്ടുമൂന്നിടത്തു നിര്‍ത്താനൊരുങ്ങിയിട്ട് അവസാനം അച്ചന്‍ 'ശബരി ബേക്കേഴ്സ്'ന്‍റെ മുമ്പില്‍ത്തന്നെ നിര്‍ത്തിയപ്പോള്‍ മനസ്സിലായി അച്ചന്‍ കാക്കാമാരുടെ കടകള്‍ ഒഴിവാക്കിയതാണെന്ന്."
മനസ്സറിയാത്ത ആരോപണം! തിരിച്ചടിക്കാന്‍ മനസ്സുപറഞ്ഞു; മിണ്ടരുതെന്ന് വിവേകവും. ചെറിയ മരുന്നു കൊടുത്തില്ലെങ്കില്‍ ഞാനും അയാളെപ്പോലെയൊരു വിഢ്യാനാണെന്ന് ബാക്കിയുള്ളവരും ചിന്തിക്കും എന്ന് എന്‍റെ ഈഗോ മന്ത്രിച്ചപ്പോള്‍ നാക്കുചൊറിഞ്ഞു. വണ്ടി സ്ലോചെയ്തു.
"ഇപ്പളാ പറഞ്ഞ ആള് ഡ്രൈവിങ് അറിയാവുന്ന ആളാണോ?"
"ഇല്ല, എനിക്കു ബൈക്കേ ഉള്ളു. അതെന്താ അച്ചനങ്ങനെ ചോദിച്ചത്?"
"നിങ്ങളോടു പറഞ്ഞിട്ടു കാര്യമില്ല." ബാക്കി പറയാന്‍ വന്നതെല്ലാം വീണ്ടും വിഴുങ്ങി സ്പീഡുകൂട്ടിയപ്പോള്‍ വികാരിയച്ചനാണ് അതിനു മറുപടി കൊടുത്തത്.
"അച്ചന്‍ വണ്ടി നിര്‍ത്താന്‍നോക്കിയിടത്തൊന്നും പാര്‍ക്കുചെയ്യാനിടയില്ലായിരുന്നു. പാര്‍ക്കിങ്ങിനു സ്ഥലം കിട്ടിയിടത്താണ് അച്ചന്‍ നിര്‍ത്തിയത്, കടയുടെ പേരു നോക്കിയാണെന്നു തോന്നുന്നില്ല."
"താങ്ക് യൂ അച്ചാ." സത്യം മനസ്സിലാക്കിയ അച്ചനോടൊരു നന്ദിപറഞ്ഞപ്പോള്‍ എനിക്കു സമാധാനമായി.
"അല്ല, ഞാന്‍ പറഞ്ഞതിലെന്താ അത്ര തെറ്റ്. നമ്മളും പ്രതികരിച്ചു തുടങ്ങണം. അതിനെന്തിനാ മടിക്കുന്നത്?"
ആ പുള്ളിക്കാരനെ ഞാന്‍ കൊച്ചാക്കിയെന്നെങ്ങാനും തോന്നിയതുകൊണ്ടായിരിക്കും സ്വരത്തിലൊരു പ്രതിഷേധച്ചുവയുണ്ടായിരുന്നു. അങ്ങര് ആ പറഞ്ഞതിനു ബാക്കി ആരും ഏറ്റുപിടിക്കാതിരുന്നത് ഞാന്‍ പ്രതിപക്ഷത്താണെന്നവര്‍ക്കു തോന്നിയതുകൊണ്ടായിരിക്കുമെന്നു ഞാനൂഹിച്ചു. എന്നാലും ആളുടെ ചോദ്യം എന്നോടാണല്ലോ. വീണ്ടും എന്‍റെ ഈഗോ തലപൊക്കി. സമയമുണ്ട്; ഇനിയും ഓടാനുണ്ട് അരമണിക്കൂറൂടെ. ഒരു ഡോസ് ആള്‍ക്കു കൊടുത്തു കണക്കങ്ങു തീര്‍ത്തേക്കാം.
"അവരുടെ കടകളെ ബഹിഷ്ക്കരിച്ചതുകൊണ്ട് ചിലയിടങ്ങളിലൊക്കെ കുറേപ്പേരെ ദ്രോഹിക്കാമായിരിക്കും. അങ്ങനെ അവരെ തകര്‍ക്കാനും ഒതുക്കാനുമൊക്കെയാണു നമുക്കു തിടുക്കം. അതുവെറും പ്രതികാരമല്ലെ? പ്രതികാരമല്ല പ്രതിവിധിയാണ് നമ്മളന്വേഷിക്കേണ്ടത്.
ജിഹാദികളെ, അതു ലൗജിഹാദികളോ നാര്‍കോട്ടിക് ജിഹാദികളോ ആരുമായിക്കൊള്ളട്ടെ അവരെ വിചാരണചെയ്യുന്നതിനോ, അവരു ചെയ്യുന്നതിലെ ശരിതെറ്റുകളെ വിധിക്കാനോ ഒന്നും ഞാനാളല്ല. കുറ്റവാളികളെ പിടികൂടണം ശിക്ഷിക്കണം എന്നൊക്കെയാണല്ലോ എല്ലാവരുടെയും മുറവിളി. അതുമാത്രമേ എനിക്കും പറയാനുള്ളു. ആരാണു കുറ്റവാളി എന്നുള്ളതാണ് ഇനി കണ്ടെത്തേണ്ടത്. അതിനു വിജിലന്‍സും സിബിഐയും ഒന്നും അന്വേഷിക്കേണ്ട, സാമാന്യബോധമുള്ള ഒരു സാധാരണവിശ്വാസിയോടു ചോദിച്ചാല്‍ കുറ്റവാളികളുടെ കൃത്യമായ പട്ടിക പറഞ്ഞു തരും. പേടിച്ചു പറയുന്നില്ലെന്നു മാത്രം.
മിണ്ടാതെയിരുന്നു വണ്ടി ഓടിക്കുമ്പോഴും ഞാന്‍ നിങ്ങളു പറഞ്ഞതു മുഴുവന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നമ്മുടെ പെമ്പിള്ളേരെ ജിഹാദികള്‍ അടിച്ചുമാറ്റുന്നു എന്നായിരുന്നല്ലോ പറഞ്ഞുതുടങ്ങിയത്. വേദപാഠം പഠിപ്പിച്ചുകൊണ്ടിരുന്നവരുവരെ അങ്ങനെ പോയിട്ടുണ്ടെന്നുള്ളതും വാസ്തവം. പക്ഷേ നിങ്ങളു ശ്രദ്ധിച്ചിട്ടുണ്ടോ അവരാരും പോയത് പണമോ, പദവിയോ ഒന്നും പ്രതീക്ഷിച്ചല്ലല്ലോ. ആരോടോ തോന്നിയ പ്രണയമോ, അവരുടെ മതത്തോടു തോന്നിയ മമതയോകൊണ്ടു മാത്രമല്ലേ? മറിച്ചൊന്നന്വേഷിച്ചുനോക്ക്; ഒരൊറ്റ മുസ്ലീം പെണ്ണെങ്കിലും മതം മാറുന്നതു കാണുന്നുണ്ടോ. അവരു തീവ്രവാദം പഠിപ്പിക്കുന്നതുകൊണ്ടാണെന്നൊക്കെ പലരും പറഞ്ഞേക്കാം. എന്തായാലും സംഗതി സത്യമല്ലേ? അവരു മതം വിട്ടുപോകില്ല. അതാണവരുടെ മതപഠനത്തിന്‍റെ കരുത്ത്. ഖുര്‍ആനും ഹാഡിത്തും, ശരിയത്തും ഫത്വകളുമൊക്കെ അവരെ പഠിപ്പിച്ചുകൊടുക്കുമ്പോള്‍ അതിലൂടെ അവര്‍ക്കു ലഭിക്കുന്നത് മതവിശ്വാസത്തോടുള്ള കറയറ്റ കൂറും അവരുടെ മതത്തോടുള്ള കിടയറ്റ പ്രതിബദ്ധതയുമാണ്. നമ്മുടെ വേദപാഠം കൊണ്ടോ?
പ്ലസ് റ്റു ഫുള്‍ എ പ്ലസില്‍ പാസ്സായിട്ടും അക്ഷരത്തെറ്റില്ലാതെ പത്തുവാക്കുകളുള്ള ഒരു മലയാളവാക്യമെഴുതാന്‍ സാധിക്കാത്ത വിദ്യാര്‍ത്ഥികളെ എനിക്കറിയാം. കാരണമെന്താണ്? അക്ഷരമാല പഠിച്ച് അടിസ്ഥാനമിടാത്തതല്ലെ? മഹാനദിക്കു മറുകരെ പോകാനെത്തിയ ഒരു മഹാപണ്ഡിതന്‍റെ കഥ കേട്ടിട്ടുണ്ട്. വള്ളത്തിലാണു യാത്ര. വള്ളക്കാരനും അയാളും മാത്രം. വള്ളക്കാരനോട് എഴുത്തും വായനയും അറിയാമോയെന്ന് പണ്ഡിതന്‍റെ ചോദ്യം. ഇല്ലെന്നയാള്‍. നിന്‍റെ ജീവിതം പാഴായല്ലോ എന്നു പണ്ഡിതന്‍. വേറേതെങ്കിലും ഭാഷ സംസാരിക്കാനറിയാമോയെന്നു വീണ്ടും ചോദ്യം. ഇല്ലെന്നുത്തരം. നിന്‍റെ ജീവിതം വെറും പാഴായല്ലോ എന്നു വീണ്ടും പണ്ഡിതന്‍. ഈ വള്ളം തുഴയാനല്ലാതെ വേറെ ഏതെങ്കിലും പണി അറിയാമോയെന്ന് അടുത്ത ചോദ്യം. മറ്റൊന്നുമറിയില്ലെന്നു വള്ളക്കാരന്‍റെ ഉത്തരം. കഷ്ടം നിന്‍റെ ജീവിതം വെറും അറുംപാഴായിപ്പോയല്ലോ എന്നു പറഞ്ഞ് അവജ്ഞയോടെ അയാള്‍ വള്ളക്കാരനെ നോക്കി. പാതിവഴിയെത്തിയപ്പോള്‍ കാറ്റു കനത്തു. വെള്ളത്തില്‍ തിരകളുയര്‍ന്നു. പേടിച്ചുവിറച്ചുതുടങ്ങിയ മഹാനോട് വള്ളക്കാരന്‍ തിരിച്ചൊരു ചോദ്യം ചോദിച്ചു. നീന്തലറിയാമോ? ഇല്ല. എങ്കില്‍ തന്‍റെ ജീവിതം മൊത്തം പാഴായി എന്നു പറഞ്ഞുതീരുംമുമ്പേ വള്ളംമുങ്ങി. വള്ളക്കാരന്‍ നീന്തി കരപറ്റി, പണ്ഡിതന്‍ മുങ്ങിച്ചത്തു. കഥയായിരിക്കാം. പക്ഷേ ഇതാണിന്നു നമ്മുടെ വേദപാഠത്തിന്‍റെ അവസ്ഥ. കര്‍ത്താവും, സുവിശേഷോം, വിശ്വാസവുമാണ് മതപഠനത്തിന്‍റെ അക്ഷരമാല. അതു വെറും മേമ്പൊടിക്കുമാത്രം ചേര്‍ത്ത് പാരമ്പര്യോം റീത്തും ആരാധനാക്രമോം എല്ലാം അടിച്ചുകയറ്റി, അതിനെ വേദപാഠമെന്നു വിളിക്കുന്നവര്‍ മുങ്ങിച്ചത്ത പണ്ഡിതന്‍റെ അവതാരങ്ങളല്ലേ? അതൊക്കെ പഠിച്ചവര്‍ക്കും പഠിപ്പിക്കുന്നവര്‍ക്കും യേശുവിനോടും അവന്‍റെ സുവിശേഷത്തോടും എന്തു കൂറുതോന്നാന്‍? സഭയോടും കൂദാശകളോടും എന്തുബന്ധം തോന്നാന്‍? ഇവരെ വഴിതെറ്റിക്കാന്‍ എത്രയോ എളുപ്പം, പ്രത്യേകിച്ചും മനപ്പൂര്‍വ്വം തന്ത്രം മെനയുന്നവര്‍ക്ക്. അവരെ എന്തിനു പഴിക്കുന്നു? അവര്‍ക്കു കൃത്യമായ പ്ലാനും പദ്ധതിയുമുണ്ട്, അവരതനുസരിച്ചു നീങ്ങുന്നു. സ്വകാര്യതാത്പര്യങ്ങള്‍ക്കുവേണ്ടി മതബോധനത്തെ ഉപകരണമാക്കുന്ന നമ്മളുതന്നേയല്ലേ ഉലയാത്ത വിശ്വാസം യേശുവിലും, പതറാത്ത ബോദ്ധ്യം സഭയിലുമില്ലാത്ത തലമുറയെ പടച്ചുവിടുന്നത്? ഇതൊക്കെ ഉറക്കെ പറയുന്നവരെ സഭാവിരുദ്ധരും അനഭിമതരുമായി ചാപ്പകുത്തി മാറ്റിനിര്‍ത്തുകയല്ലേ സഭചെയ്യുന്നത്?
ആനുകൂല്യങ്ങളെല്ലാം മറ്റാരോ കൊണ്ടുപോകുന്നതും, നമ്മുടെ ജനസംഖ്യ കുറഞ്ഞുപോകുന്നതും, നമ്മുടെ വസ്തുക്കളൊക്കെ മറ്റാരോ കൈവശപ്പെടുത്തുന്നതുമൊക്കെ നിങ്ങളുടെ സംസാരത്തിലുണ്ടായിരുന്നല്ലോ. ഇതെല്ലാം സത്യമാണെന്നു ഞാനും അംഗീകരിക്കുന്നു. അവര്‍ക്കു മുമ്പു ഞാന്‍പറഞ്ഞതുപോലെ ദീര്‍ഘവീക്ഷണത്തോടെ കൃത്യമായ പ്ലാനും പദ്ധതികളുമുണ്ട്. അവരതിനു തുനിഞ്ഞിറങ്ങുന്നു, അവരു വിജയിക്കുന്നു. അസൂയപ്പെട്ടിട്ടെന്തുകാര്യം? വെടിക്കെട്ടിനു വഴിമരുന്നിട്ടുകൊടുത്തതു നമ്മളുതന്നെ. വര്‍ഷങ്ങള്‍ക്കുമുമ്പു ഞാനിതു പറഞ്ഞതിന്‍റെ പേരില്‍ എന്‍റെ ധ്യാനങ്ങളും വെലക്കി, എന്നെ അനഭിമതനും വിമതനുമായി മൂലക്കിരുത്തിയ അനുഭവവുമെനിക്കുണ്ട്.പത്തിരുപതു കൊല്ലങ്ങള്‍ക്കു മുമ്പായിരുന്നല്ലോ രൂപതകളൊക്കെ മത്സരിച്ച് എന്‍ജിനീയറിങ് കോളേജുകളും മെഡിക്കല്‍ കോളേജുകളും കെട്ടിപ്പൊക്കിയത്. ഇന്നിപ്പോള്‍ സംഭവിച്ചുകൊണ്ടിരിക്കുന്നത് അന്നേ ഞാന്‍ പറഞ്ഞതായിരുന്നു. ദൈവവചനത്തിന്‍റെ അടിസ്ഥാനത്തിലാണ് ഞാനന്നു പറഞ്ഞിട്ടുള്ളതും ഇപ്പോള്‍ പറയുന്നതും. ഉല്പത്തിപുസ്തകത്തില്‍ മനുഷ്യനെ ദൈവം സൃഷ്ടിച്ചു ദൗത്യമേല്പിക്കുന്ന രണ്ടു വ്യത്യസ്ത വിവരണങ്ങളുണ്ട്. ഒന്നാമദ്ധ്യായം 28-ാം വാക്യത്തില്‍ പറയുന്നു: 'ദൈവം അവരെ ഇങ്ങനെ അനുഗ്രഹിച്ചു: സന്താനപുഷ്ടിയുള്ളവരായി പെരുകുവിന്‍, ഭൂമിയില്‍ നിറഞ്ഞ് അതിനെ കീഴടക്കുവിന്‍. ഭൂമിയില്‍ ചരിക്കുന്ന സകല ജീവികളുടെയുംമേല്‍ നിങ്ങള്‍ക്ക് ആധിപത്യമുണ്ടായിരിക്കട്ടെ.' സന്ദേശം വ്യക്തമാണ്; കീഴടക്കുവാനും ആധിപത്യം സ്ഥാപിക്കുവാനും. എന്നാല്‍ രണ്ടാമദ്ധ്യായം 15-ാം വാക്യം പറയുന്നത് 'ഏദന്‍തോട്ടം കൃഷിചെയ്യുവാനും സംരക്ഷിക്കുവാനും ദൈവമായ കര്‍ത്താവു മനുഷ്യനെ അവിടെയാക്കി' എന്നാണ്.
ഇതില്‍ ആദ്യത്തേത് സര്‍ക്കാരിനും, രണ്ടാമത്തേതു സഭയ്ക്കുമുള്ള ദൗത്യമാണ് എന്നാണ് എന്‍റെ പക്ഷം. കീഴടക്കുകയും ആധിപത്യം സ്ഥാപിക്കുകയുമൊക്കെ ലോകത്തിന്‍റെ നിലപാടാണ്. അതു സര്‍ക്കാരു നിര്‍വ്വഹിച്ചുകൊള്ളും. എന്‍ജിനീയറിങ് എന്നു പറയുന്നത് ലോകത്തെയും ഭൂമിയെയും കീഴടക്കുവാനും അതിന്‍റെമേല്‍ ആധിപത്യം സ്ഥാപിക്കുവാനുമുള്ള ശാസ്ത്രവും, വിദ്യകളും പരിശീലിക്കവാനും പരീക്ഷിക്കുവാനുമുള്ള സങ്കേതമാണ്. അതു സര്‍ക്കാരും ഭരണകൂടവും നിര്‍വ്വഹിക്കട്ടെ.
രണ്ടാമദ്ധ്യായത്തില്‍ പറയുന്ന ഭൂമിയെ സംരക്ഷിക്കുവാനുള്ള കടപ്പാടാണ് സഭയ്ക്കുള്ളത്. ആത്മാവിന്‍റെ രക്ഷയ്ക്കുവേണ്ടി മാത്രമല്ല, ഈ പ്രകൃതിയെ സംരക്ഷിക്കവാനും അതുവഴി ഭൂമിയെ കൂടുതല്‍ വാസയോഗ്യമാക്കുവാനും, തല്‍ഫലമായി മനുഷ്യനു സുരക്ഷിതത്വമൊരുക്കുവാനുമാണു സഭ നിലകൊള്ളേണ്ടത്. അങ്ങനെയെങ്കില്‍ സ്ഥാപിക്കേണ്ടത് എന്‍ജിനീയറിങ് കോളേജുകളല്ല, ഭൂമിയേയും മണ്ണിനെയും സ്നേഹിക്കാനും പ്രകൃതിയെ സംരക്ഷിക്കുവാനും പഠിപ്പിക്കന്ന കാര്‍ഷിക സര്‍വ്വകലാശാലകളും, അനുബന്ധ സംവിധാനങ്ങളുമാണ്. ഞാനന്നതു പറഞ്ഞത് വട്ടിന്‍റെ ലക്ഷണമായി പുഛിച്ചവര്‍ ഇന്നു വിലപിച്ചിട്ടെന്തുകാര്യം?
എന്‍ജിനീയറിങ് കോളേജുകളിലൂടെയും പ്രൊഫഷനല്‍ കോളേജുകളിലൂടെയും നമ്മുടെ യുവതലമുറയുടെ സാദ്ധ്യതകളെ ആ വഴിതിരിച്ചുവിട്ട് നിവൃത്തിയുള്ളത്രയുംപേരെ വിദേശജോലിക്കും കുടിയേറ്റത്തിനും പ്രേരിപ്പിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്തത് സഭയുടെയും സഭാനേതൃത്വത്തിന്‍റെയും അറിവില്ലാതെയല്ല. ആവുന്നിടത്തോളംപേരെ അക്കര കടത്താനുള്ള ഉത്സാഹമായിരുന്നല്ലോ എവിടെയും. അതിനുവേണ്ടിത്തന്നെ എല്ലാം ക്രമീകരിച്ചപ്പോള്‍ മതവും മതപഠനവും, വിശ്വാസവും മൂല്യങ്ങളും അംഗസംഖ്യയുടെ കാര്യവുമൊക്കെ അവഗണിക്കപ്പെട്ടു. ഇനിയുമിവിടെ നാട്ടില്‍ ബാക്കിയുള്ളത് വല്ല ചട്ടനും പൊട്ടനുമൊക്കെയാണെന്ന് ഒരു വികാരിയച്ചന്‍ വേദനയോടെ പറയുന്നതു കേട്ടു. കഴിവുള്ളവരെയെല്ലാം നാടുകടത്തിയിട്ട് പദവിയും ജോലിയുമെല്ലാം മറ്റുള്ളവരു കൊണ്ടുപോകുന്നു എന്നു കരയുന്നതിനെന്തു ന്യായം. ഈ അവസ്ഥ സൃഷ്ടിച്ചതാരാണ്? പണമുണ്ടാക്കാന്‍ മാത്രം പഠിപ്പിച്ച് പറ്റുന്നവരെ മുഴുവന്‍ വണ്ടികേറ്റിവിട്ടിട്ട് ഇവിടെ ആളില്ലെന്നു വിലപിച്ചിട്ടെന്തു കാര്യം?
പുറത്തുനിന്നെത്തുന്ന പണത്തിന്‍റെ കൊഴുപ്പില്‍ വമ്പന്‍ വീടുകള്‍ പണിതിട്ടിട്ട്, കാവലിന് വൃദ്ധരായ മാതാപിതാക്കളെ തനിച്ചാക്കിയതിന് ആരാണു കുറ്റക്കാര്‍? തനിയെ താമസിക്കാന്‍ പറ്റാതാകുമ്പോള്‍ അവര്‍ക്കു പാര്‍ക്കാന്‍ വൃദ്ധസദനങ്ങള്‍ പണിതുകൂട്ടുന്നതും സഭയുടെ അറിവില്ലാതെയല്ലല്ലോ. നാട്ടിലേക്കുവരാന്‍ താല്പര്യമില്ലാത്ത പ്രവാസികള്‍ ആളില്ലാതെ കിടക്കുന്ന ആഡംബരവീടുകള്‍ വില്‍ക്കാനൊരുങ്ങുമ്പോള്‍ വാങ്ങാന്‍ ശേഷിയുള്ളവര്‍ ഇന്നു മുസ്ലീങ്ങള്‍ ആണെങ്കില്‍ അവരെയാണോ പഴിക്കേണ്ടത്?
നമ്മുടെ വിശ്വാസികള്‍ തൊണ്ണൂറുശതമാനവും കര്‍ഷകരാണ്. ഓരോ രൂപതയും പ്രാദേശിക പരിസ്ഥിതിയും വ്യവസ്ഥിതിയും കണക്കിലെടുത്ത്, കൃഷികേന്ദ്രീകൃതമായി കലാശാലകളും, കാര്‍ഷികവിഭവാടിസ്ഥാനത്തില്‍ സംസ്കരണപദ്ധതികളും ആവിഷ്ക്കരിച്ചിരുന്നെങ്കില്‍, നമ്മുടെ റബറും നെല്ലും തേങ്ങയും കശുവണ്ടിയും കപ്പയുമെല്ലാം ഏതു സര്‍ക്കാരുവന്നാലും നമ്മുടെ ജനത്തിന് ഇളക്കം തട്ടാത്ത സാമ്പത്തിക സുരക്ഷിതത്വം ഉറപ്പാക്കുമായിരുന്നില്ലേ? നമ്മുടെ ജനം നാട്ടില്‍ കാണില്ലായിരുന്നോ?
എന്തുകൊണ്ടു സഭയ്ക്കിതൊന്നും സാധിക്കുന്നില്ല. ഉത്തരം ഒരു ഉദാഹരണത്തിലൊതുക്കാം. ഈയിടെ ഒരു വണ്ടി വര്‍ക്ക്ഷോപ്പില്‍ ചെന്നപ്പോള്‍ കണ്ട കാഴ്ചയാണ് രംഗം. സിസ്റ്റേഴ്സ് നടത്തുന്ന ഒരു സ്ഥാപനത്തിന്‍റെ വാഹനം റിപ്പയര്‍ പണികള്‍ക്കുവേണ്ടി പൊളിച്ചിട്ടിരിക്കുന്നതു കാണാന്‍പോയി. എന്‍ജിനൊഴികെ കൊള്ളാവുന്നതൊന്നും കാര്യമായിട്ടതിനില്ലെന്നു വര്‍ക്ഷോപ്പുകാരന്‍ പറഞ്ഞതുകൊണ്ടാണ് കാണാന്‍ പോയത്. ഒരുമാസംമുമ്പ് ഞാനാവണ്ടി കണ്ടതായിരുന്നു. ചെറിയ പോറലും തുരമ്പുമൊക്കെയൊഴിച്ചാല്‍ നല്ല പുത്തന്‍ ലുക്കായിരുന്നു അതിന്. പൊളിച്ചപ്പോളല്ലേ പൂച്ചുതെളിഞ്ഞത്. മാറിമാറി ഓടിച്ച ഡ്രൈവര്‍മാര്‍ പലപ്പോഴായി തട്ടിയും മുട്ടിയും ഇടിച്ചും മറിഞ്ഞുമൊക്കെ പൊട്ടിപ്പൊളിഞ്ഞതെല്ലാം അപ്പഴപ്പോള്‍ കൂട്ടിപ്പിടിപ്പിച്ചു പുട്ടിയിട്ടു മിനുക്കി പെയിന്‍റു ചെയ്തു കുട്ടപ്പനാക്കി വച്ചിരുന്ന പാട്ടവണ്ടിയായിരുന്നു അത്. ഇനി പാര്‍ട്സ് മുഴുവന്‍ മാറാതെ പറ്റില്ലപോലും. മാറാനാണേല്‍ വല്യ ചെലവും!
പൊട്ടിപ്പൊളിഞ്ഞിട്ടും പുട്ടിയിട്ടു ചന്തമാക്കിയ ആ പാട്ടവണ്ടി പോലെയായില്ലേ ഇന്നു സഭ? അതിനു ജിഹാദികളല്ലല്ലോ ഉത്തരവാദികള്‍. അവര്‍ നമ്മുടെ ഈ ദുരവസ്ഥ മുതലെടുക്കുന്നതു മാത്രമല്ലേയുള്ളു? എന്‍റെ പിഴ, എന്‍റെ പിഴ, എന്‍റെ വലിയ പിഴ. തമ്പുരാനെ, നിനക്കു മാത്രമേ വല്ലോം ചെയ്യാന്‍ പറ്റൂ!!
Featured Posts
bottom of page