top of page

നിത്യജീവിതത്തിലെ രാഷ്ട്രീയം

Aug 1, 2011

3 min read

ബജ
A shadowed image of a politician speaking in public.

അടുത്ത കാലത്ത് മൊബൈലിലൂടെ പ്രചരിച്ച ഒരു ടിന്‍റു മോന്‍ ഫലിതം ഇങ്ങനെയാണ്: ബൈക്കുമായി പെട്രോള്‍ പമ്പിലെത്തിയ ടിന്‍റുമോന്‍ പറയുന്നു: "പത്തുരൂപയ്ക്ക് പെട്രോള്‍ സ്പ്രേ ചെയ്താല്‍ മതി, ബൈക്ക് കത്തിച്ച് കളയാനാ."ڈപ്രത്യക്ഷത്തില്‍ കേവലം നേരമ്പോക്കായി തോന്നുമെങ്കിലും സൂക്ഷ്മനിരീക്ഷണത്തില്‍ ഒരു രാഷ്ട്രീയ നിലപാട് ഈ ഫലിതത്തില്‍ ഉള്ളടങ്ങിയതായി കാണാന്‍ കഴിയും. വര്‍ത്തമാന ഇന്ത്യന്‍ സാഹചര്യത്തില്‍ അഴിമതി, പാചകവാതകമുള്‍പ്പെടെയുള്ള ഇന്ധനങ്ങളുടെ വിലവര്‍ദ്ധന, സ്വകാര്യവല്‍ക്കരണ നയങ്ങള്‍.... തുടങ്ങി സാധാരണ ജീവിതത്തെ ബാധിക്കുന്ന പ്രശ്നങ്ങളിലൊക്കെ സാധാരണ പൗരന്‍ ഏതൊക്കെ വിധത്തില്‍ പ്രതികരിക്കുന്നു/പ്രതികരിക്കാം എന്നതിന്‍റെ സൂചനയും മേല്‍പറഞ്ഞ ഫലിതത്തിന്‍റെ ധ്വനിയാണ്. തന്‍റെ വാഹനം ഉപേക്ഷിച്ച് കാല്‍നടക്കാരനായി മാറിയോ, യാത്രയ്ക്ക് പൊതുവാഹനം തിരഞ്ഞെടുത്തോ ഒരാള്‍ പ്രതികരിക്കുകയോ, പ്രതിരോധിക്കുകയോ ചെയ്യുമ്പോള്‍ അതില്‍ പരോക്ഷമായി ഒരു രാഷ്ട്രീയ നിലപാടാണ് അടങ്ങിയിരിക്കുന്നത്. ഒരാള്‍ തന്‍റെ ജീവിതത്തില്‍ എടുക്കുന്ന ചെറുതും വലുതുമായ തീരുമാനങ്ങള്‍, തിരഞ്ഞെടുപ്പുകള്‍, ചിലപ്പോള്‍ നിഷേധങ്ങളില്‍ പോലും സൂക്ഷ്മമായി രാഷ്ട്രീയം കണ്ടെത്താം. പൊതുജീവിതത്തിലെന്നപോലെ വ്യക്തിജീവിതത്തിലും രാഷ്ട്രീയ നിലപാടുകള്‍ കൊണ്ടുനടക്കാം. സത്യത്തില്‍ പൊതുജീവിതത്തില്‍ പ്രകടമാക്കുന്ന രാഷ്ട്രീയനിലപാടുകളെക്കാള്‍ എന്തുകൊണ്ടും ശക്തവും ചലനാത്മകവുമായിരിക്കും ഒരാളുടെ വ്യക്തിജീവിതത്തിലെ രാഷ്ട്രീയ നിലപാടുകള്‍. പൊതുജീവിതത്തിലെ രാഷ്ട്രീയം പ്രകടവും ഉപരിവിപ്ലവവുമാണ്. എന്നാല്‍ സ്വന്തം ജീവിതത്തെ നേരിട്ട് ബാധിക്കുന്ന ഏറ്റവും നിര്‍ണ്ണായകമായ ദൈനംദിന വ്യവഹാരങ്ങളില്‍ കൃത്യമായ രാഷ്ട്രീയം വച്ചുപുലര്‍ത്തുന്നത് പക്ഷേ ദുഷ്കരം തന്നെയാവും.

രാഷ്ട്രീയം എന്ന പ്രയോഗം തന്നെ സ്ഥാനത്തും അസ്ഥാനത്തും ഉപയോഗിക്കപ്പെട്ട് അങ്ങേയറ്റം അര്‍ത്ഥവ്യതിയാനം സംഭവിച്ചിരിക്കുകയാണ്. ഇന്ത്യന്‍ സാഹചര്യത്തില്‍ രാഷ്ട്രീയം എന്ന പദത്തേക്കാള്‍ ആ സ്ഥാനത്ത് കക്ഷിരാഷ്ട്രീയം (Party Politics) എന്ന വാക്കാണ് പകരമുപയോഗിക്കേണ്ടത് എന്നാണ് തോന്നുന്നത്. രാഷ്ട്രമീമാംസ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അര്‍ത്ഥമാക്കുന്ന ഒരു അര്‍ത്ഥതലമല്ല സത്യത്തില്‍ രാഷ്ട്രീയം എന്ന അവകാശവാദത്തോടെ ഇന്ന് നടമാടുന്ന കക്ഷിരാഷ്ട്രീയത്തിനുള്ളത്. രാഷ്ട്രീയപാര്‍ട്ടികളുടെ വ്യവഹാരമേഖലയായി മാത്രം രാഷ്ട്രീയപ്രവര്‍ത്തനം പരിമിതപ്പെടുകയോ അധഃപതിക്കുകയോ ചെയ്തിരിക്കുന്നു. താഴെത്തട്ടില്‍ പോസ്റ്ററൊട്ടിക്കല്‍ മുതല്‍ മേലെത്തട്ടില്‍ മന്ത്രിപ്പണിവരെയുള്ള കാര്യങ്ങളാണ്, രാഷ്ട്രീയപ്രവര്‍ത്തനമായി അംഗീകരിക്കപ്പെട്ടിരിക്കുന്നത് എന്നു തോന്നുന്നു. മാഫിയ, അഴിമതി.... തുടങ്ങിയവയുടെയൊക്കെ പര്യായപദം പോലെയും څരാഷ്ട്രീയപ്രവര്‍ത്തനം വ്യവഹരിക്കപ്പെടുകയാണ്.

മേല്‍പറഞ്ഞ രീതിയില്‍ രാഷ്ട്രീയം, രാഷ്ട്രീയപ്രവര്‍ത്തനം എന്നിങ്ങനെയുള്ള പ്രയോഗങ്ങള്‍ ഒരു അശ്ലീലം പോലെയോ, ജനവിരുദ്ധമായ ഒരു ക്ലീഷേ സംജ്ഞയായോ പോലും പൊതുസമൂഹത്തില്‍ അപഹസിക്കപ്പെടുന്നതുകൊണ്ടാണ് വികസനത്തിലും ജനകീയപ്രശ്നങ്ങളിലും, മതത്തിലും കലയിലും ഒന്നുംതന്നെ രാഷ്ട്രീയം കടന്നുകൂടാന്‍ പാടില്ലെന്ന ശാഠ്യം ഉണ്ടാവുന്നത്. വന്ന് വന്ന് എല്ലാം രാഷ്ട്രീയ നിരപേക്ഷം ആവുകയാണ് വേണ്ടത് എന്ന വാദം പോലും ഉരുത്തിരിയുന്നു. പൊതുജീവിതത്തിലും വ്യക്തിജീവിതത്തിലും രാഷ്ട്രീയ നിലപാടുകള്‍ ഉണ്ടാവുകയെന്നത് പാര്‍ലമെന്‍ററി ജനാധിപത്യം പുലരുന്ന ഒരു സമൂഹത്തില്‍ ഏറ്റവും അഭികാമ്യമാണ്.

വ്യക്തിയും അയാളുടെ ദൈനംദിന ജീവിത വ്യവഹാരങ്ങളുമായി രാഷ്ട്രീയത്തെ ബന്ധപ്പെടുത്തി പൊതുവെ ആലോചനകള്‍ ഉണ്ടാവാറില്ല. വ്യക്തിയും അയാളുടെ വൈയക്തിക പ്രശ്നങ്ങളും രാഷ്ട്രീയത്തിനു പുറത്താണ് എന്നും അയാള്‍ ഉള്‍പ്പെടുന്ന രാഷ്ട്രത്തിന്‍റെ പൊതുനന്മയ്ക്കായി കൂട്ടായും പൊതുവായും പ്രവര്‍ത്തിക്കുമ്പോള്‍ മാത്രമേ രാഷ്ട്രീയമാവുകയുള്ളൂ എന്നും സാമാന്യമായി പറയപ്പെടുന്നു. ഇടവേളകളില്‍ വോട്ടവകാശം വിനിയോഗിക്കുകയോ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതോ മാത്രമാണ് ഒരു സാധാരണ പൗരന്‍ സ്വീകരിക്കാവുന്ന രാഷ്ട്രീയ നിലപാടുകള്‍ എന്നത് നിരാകരിക്കേണ്ട ഒരു വാദം തന്നെയാണ്. ഒരു സാധാരണ പൗരന് രാഷ്ട്രീയ ഇടപെടലിന്‍റെ വേദിയും അവസരവും ലഭിക്കുന്നത് തന്‍റെ തന്നെ സാധാരണ ദൈനംദിന ജീവിത ഇടപെടലുകളാണ്. പാര്‍ലമെന്‍ററി ജനാധിപത്യത്തില്‍ ലെജിസ്ലേറ്റീവ് അസംബ്ലി എന്ന നിയമനിര്‍മ്മാണ സഭയിലേക്ക് പ്രതിനിധിയെ തിരഞ്ഞെടുക്കുവാന്‍ പൗരന് വോട്ടവകാശം ലഭിക്കുന്നത് അഞ്ച് വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം. ചില വിദേശ രാജ്യങ്ങളിലാണെങ്കില്‍ റഫറണ്ടം പോലുള്ള ഇടക്കാല ഹിതപരിശോധനകള്‍ കൂടി പൗരന് ലഭ്യമാണ്. വോട്ടവകാശം വിനിയോഗിക്കലോ രാഷ്ട്രീയപാര്‍ട്ടികളില്‍ ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതോ മാത്രമല്ലാതെ തന്‍റെ ദൈനംദിന ജീവിതത്തിലെ എണ്ണമറ്റതും ചെറുതും വലുതുമായ തീരുമാനങ്ങളിലൂടെ ഒരു രാഷ്ട്രീയ നിലപാട് വെളിപ്പെടുത്തുവാനും രാഷ്ട്രീയ ഇടപെടലിനും കൂടി ഒരു പൗരന് സാധിക്കേണ്ടതാണ്. പൗരന്‍ ഇന്ധനക്ഷാമത്തോട് തന്‍റെ വ്യക്തിപരമായ തീരുമാനങ്ങള്‍ കൊണ്ട് പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യുന്നതിന്‍റെ ഉദാഹരണമാണ് മുന്‍പറഞ്ഞ ടിന്‍റുമോന്‍ തമാശയില്‍ തെളിയുന്നത്. തന്‍റെ ജീവിതത്തില്‍ നിത്യേന എടുക്കേണ്ട നിരവധി തീരുമാനങ്ങളിലൂടെയല്ലാതെ കേവലം പ്രതീകാത്മക സമരങ്ങളിലൂടെയും പ്രതിഷേധ നടപടികളിലൂടെയും മാത്രം രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതെങ്ങനെ? ഇന്നത്തെ കക്ഷിരാഷ്ട്രീയത്തിന്‍റെ പ്രധാന അപചയം അത് ജീവിതത്തില്‍ പകര്‍ത്താത്ത മൂല്യങ്ങള്‍ തെരുവില്‍ ചെണ്ടകൊട്ടി പ്രഘോഷിക്കുന്നു എന്നതാണ്. നിലപാടുകള്‍ കേവലം മുദ്രാവാക്യങ്ങളില്‍ മാത്രം മതിയെന്നാണ് കക്ഷിരാഷ്ട്രീയ പ്രവര്‍ത്തനത്തിലെ നടപ്പുരീതി. അടുത്ത കാലത്തെ ഏറ്റവും വിവാദമായിത്തീര്‍ന്നിട്ടുള്ള സ്വാശ്രയ വിദ്യാഭ്യാസത്തിന്‍റെ കാര്യമെടുക്കുക. സ്വകാര്യ മാനേജ്മെന്‍റുകളുടെ നിലപാടുകളോട് നിരന്തരം സമരത്തില്‍ ഏര്‍പ്പെടുന്ന രാഷ്ട്രീയപാര്‍ട്ടികളുടെ നേതാക്കന്‍മാര്‍ തന്നെ ഭീമമായ തുക നല്‍കി പിന്‍വാതില്‍ പ്രവേശനത്തിന് മുതിര്‍ന്നതിനെ മാത്രം പരിശോധിച്ചാല്‍ നമുക്ക് മനസ്സിലാക്കാവുന്നതെന്തൊക്കെയാണ്?

സത്യത്തില്‍ രാഷ്ട്രീയമായ നമ്മുടെ നിലപാടുകള്‍ കൂടുതല്‍ കൃത്യതയോടെ തെളിയേണ്ടത് നിത്യം പരിചയിക്കുന്ന സാധാരണ ജീവിത സന്ദര്‍ഭങ്ങളിലാണ്. ഒരാളുടെ സ്വഭാവത്തിലെ സത്യസന്ധതയും നിലപാടുകളിലെ സ്ഥൈര്യവും തിരിച്ചറിയാന്‍ അയാളുടെ ദൈനംദിന ജീവിതം പരിശോധിച്ചാല്‍ മതി. സാധന സേവനങ്ങളുടെ ഉപഭോഗം, തൊഴില്‍, ആരോഗ്യശീലം, മതകര്‍മ്മങ്ങള്‍, പരിസരം, പാര്‍പ്പിടം, മാധ്യമസമ്പര്‍ക്കം, കൂട്ടുകെട്ട്, കലാപ്രവര്‍ത്തനം, കുടുംബം, ഭക്ഷണം, വസ്ത്രധാരണം, ശരീരഭാഷ എന്നുവേണ്ട വ്യക്തിപരമായി തീരുമാനം എടുക്കേണ്ട ചെറുതും വലുതുമായ എല്ലാ സാഹചര്യങ്ങളിലും നാം എടുക്കുന്ന നിലപാടുകളില്‍ നമുക്ക് നമ്മുടെ രാഷ്ട്രീയത്തെ ആവിഷ്കരിക്കാനാവും. നമ്മുടെ രാഷ്ട്രീയബോധത്തിന്‍റെ പ്രകാശനവേളകള്‍ തന്നെയാണ് ഷോപ്പിംഗ് ശീലങ്ങളുടെ ഭാഗമായ വാങ്ങലുകളും കൊടുക്കലുകളും. വിപണിയുടെ ആസുരതകളെയും പ്രലോഭനങ്ങളെയും നമ്മുടെ ഉപഭോഗം കൊണ്ടും പ്രതിരോധിക്കാം. നമ്മുടെ പ്രമുഖരായ രാഷ്ട്രീയ നേതാക്കന്മാരുടെ ജീവിതശൈലി സൂക്ഷ്മമായി പരിശോധിച്ചാല്‍ വ്യക്തി ജീവിത ത്തിലും അവരുടെ ദൈനംദിന ഇടപെടലുകളിലും അവരുടെ രാഷ്ട്രീയം കടന്നുവരുന്നേയില്ലെന്ന് കാണാന്‍ കഴിയും.

മറ്റു പല കാര്യങ്ങളിലുമെന്നപോലെ ഇക്കാര്യത്തിലും ഗാന്ധിജിയുടെ മാതൃക നോക്കുക. സ്വദേശി പ്രസ്ഥാനമായാലും വിദേശ ഉല്പന്നങ്ങളുടെ ബഹിഷ്കരണമായാലും നിത്യജീവിതത്തില്‍ എടുക്കാവുന്ന ഉപഭോഗം പോലുള്ള വ്യക്തിപരമായ തീരുമാനങ്ങള്‍ക്കാണ് അദ്ദേഹം ഊന്നല്‍ നല്‍കിയത്. സ്വന്തമായി നൂല്‍ നൂറ്റും, ഉപ്പ് നിര്‍മ്മിച്ചും, നിസ്സഹകരിച്ചും, ചിലപ്പോള്‍ മൗനം അവലംബിച്ചുപോലും ദൈനംദിന രാഷ്ട്രീയത്തിന്‍റെ പ്രായോഗിക വഴികള്‍ കാണിച്ചുതന്നത് മഹാത്മ ഗാന്ധിയാണ്. സ്വന്തം കൈകൊണ്ട് നൂല്‍ക്കുന്ന ചര്‍ക്കയെ വീട്ടിലിരുന്ന് പ്രവര്‍ത്തിപ്പിക്കുന്ന ശക്തമായ സമരായുധമായി ഗാന്ധിജി അവതരിപ്പിച്ചു. ഈ കാലത്തും പുതിയ മൂലധന ശക്തികളോട് പോരാടാന്‍ വ്യക്തിയുടെ തലത്തില്‍ സ്വന്തം വീട്ടിലിരുന്നും പ്രതിരോധം തീര്‍ക്കാന്‍ ചര്‍ക്കയുടെ മാതൃക നമുക്കവലംബിക്കാവുന്നതാണ്.

നിത്യജീവിതത്തില്‍ എടുക്കാവുന്ന രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് ഏതാനും ചില ഉദാഹരണങ്ങള്‍ സാന്ദര്‍ഭികമായി സൂചിപ്പിക്കാം. ഭോപ്പാല്‍ ദുരന്തത്തിന് കാരണക്കാരായ യുണിയന്‍ കാര്‍ബൈഡ് നിര്‍മ്മിക്കുന്ന എവറഡി ബാറ്ററികള്‍ എന്നന്നേക്കുമായി ബഹിഷ്കരിച്ച് പ്രതിഷേധിക്കുന്നവരുണ്ട്. പതിവായി സ്വദേശി ഉല്‍പ്പന്നങ്ങളും പ്രാദേശികമായി ലഭ്യമായ സാധനങ്ങളും സേവനങ്ങളും മാത്രം വാങ്ങുന്നവരും അധാര്‍മികതയുടെ വഴിയില്‍ നടക്കുന്ന സ്ഥാപനത്തില്‍ കുട്ടിയെ വിദ്യാഭ്യാസത്തിന് പറഞ്ഞയക്കില്ലെന്ന് തീരുമാനിക്കുന്നവരും വലിയ ഷോപ്പിംഗ്മാളിന് പകരം വീടിനടുത്തുള്ള ചെറുകിട വില്‍പനശാലയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങുന്നതിനും വലിയ ഫാസ്റ്റ് ഫുഡ് ഭക്ഷണശാലയ്ക്കുപകരം വീട്ടിലെത്തി പലഹാരങ്ങള്‍ വില്‍ക്കുന്നവരില്‍ നിന്നും ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതിലും ഒക്കെ ഉപഭോഗത്തിലെ തീരുമാനങ്ങള്‍കൊണ്ട് മൂലധനശക്തികള്‍ക്കെതിരെയുള്ള രാഷ്ട്രീയ പ്രതികരണങ്ങള്‍ നടത്തുന്നവരാണ്. പഴയ സാമ്രാജ്യത്വ-കോളനി ശക്തികള്‍ക്കുപകരം കോര്‍പറേറ്റ് ഭീമന്‍മാര്‍ നമ്മുടെ രാഷ്ട്രീയത്തെ തന്നെ പിടിമുറുക്കുമ്പോള്‍ നിത്യജീവിതത്തിലെ എണ്ണമറ്റ ചെറുതും വലുതുമായ തീരുമാനങ്ങള്‍ കൊണ്ട് അവയെ പ്രതിരോധിക്കുമ്പോഴാണ് ശരിയായ രാഷ്ട്രീയ നിലപാടായി അത് പരിണമിക്കുന്നത്. നിത്യജീവിതത്തില്‍ എടുക്കാവുന്ന രാഷ്ട്രീയ തീരുമാനങ്ങള്‍ക്ക് വലിയ ചലനങ്ങള്‍ തന്നെ ഉണ്ടാക്കാനാവും.

Featured Posts

bottom of page