top of page

'ദരിദ്രരെ സുവിശേഷം അറിയിക്കാൻ അവിടന്ന് എന്നെ അയച്ചിരിക്കുന്നു' (ലൂക്ക 4:18) എന്ന് പറഞ്ഞാണ് യേശു തന്റെ ദൗത്യം ആരംഭിക്കുന്നത്. 'വരാനിരിക്കുന്നവൻ നീ തന്നെയോ?' എന്ന് ചോദിക്കാൻ സ്നാപകൻ തൻ്റെ ശിഷ്യരെ യേശുവിൻ്റെ അടുത്തേക്ക് അയക്കുമ്പോൾ അവരോടും അതുതന്നെ അവൻ ആവർത്തിക്കുന്നു: 'ദരിദ്രരോട് സുവിശേഷം പ്രസംഗിക്കപ്പെടുന്നു' (ലൂക്ക 7:22).
യേശുവിനെ ശ്രവിക്കാൻ വന്നു ചേർന്നവരിൽ ബഹുഭൂരിപക്ഷവും ദരിദ്രരായിരുന്നു എന്നത് യാഥാർത്ഥ്യമാണ്. എന്നാൽ യേശു എവിടെയാണ് എങ്ങനെയാണ് ദരിദ്രരോട് സുവിശേഷം പ്രസംഗിച്ചത്? ലൂക്കായുടെ സുവിശേഷം അനുസരിച്ച് യേശു തൻ്റെ മുഖ്യമായ പ്രഭാഷണം ആരംഭിക്കുന്നത് "ദരിദ്രരേ നിങ്ങൾ ഭാഗ്യവാന്മാർ, ദൈവരാജ്യം നിങ്ങളുടേതാണ്" എന്ന് പ്രഘോഷിച്ചുകൊണ്ടാണ്. യേശുവിന്റെ പ്രബോധനത്തിൽ അങ്ങോളമിങ്ങോളം ദരിദ്രരോടുള്ള സ്നേഹവായ്പ്പും പക്ഷപാതിത്വവും കാണാനുണ്ട് എന്നതും സത്യമാണ്. പ്രബോധനത്തിൻ്റെ ഉള്ളടക്കത്തിൽ പക്ഷപാതിത്വം ഉണ്ടെന്നിരിക്കിലും അവൻ പ്രസംഗിച്ചത് എല്ലാവരോടും ആയിട്ടായിരുന്നല്ലോ. അപ്പോൾ വീണ്ടും നാം ചോദിക്കും എങ്ങനെയാണ് അവൻ ദരിദ്രരോട് സുവിശേഷം പ്രസംഗിച്ചത് എന്ന്.
അവന്റെ ജീവിതം തന്നെയായിരുന്നു ദരിദ്രർക്കുള്ള സുവിശേഷം എന്നതാണ് അതിന് ഞാൻ മനസ്സിലാക്കുന്ന ഉത്തരം. അവൻ എങ്ങനെയെ ങ്കിലുമുള്ള ഒരു മനുഷ്യനാവുകയല്ല ചെയ്തത്, മറിച്ച് ഒരു ദരിദ്രനാവുകയായിരുന്നു. കാലിത്തൊഴുത്തു മുതൽ കാൽവരി വരെ അവൻ ദരിദ്രനായിരുന്നു; ദുർബലനായിരുന്നു; എളുപ്പം പരുക്കേല്ക്കാവുന്നവനായിരുന്നു (vulnerable), വിശക്കുന്നവനും ദാഹിക്കുന്നവനുമായിരുന്നു; പരിത്യക്തനായിരുന്നു; അലയുന്നവനായിരുന്നു; ഭിക്ഷുവായിരുന്നു.
അങ്ങനെ നോക്കുമ്പോൾ ലൂക്കാ എഴുതുന്നതുപോലെ, "ദരിദ്രരേ നിങ്ങൾ ഭാഗ്യവാന്മാർ; എന്തെന്നാൽ ദൈവരാജ്യം നിങ്ങളുടേതാണ്" എന്നുതന്നെയാവണം അവൻ പറഞ്ഞത്. ദാരിദ്ര്യവും വിശപ്പും നിലവിളിയും അതിൽത്തന്നെ പുണ്യമായതുകൊണ്ടാണോ ദൈവരാജ്യം അവരുടേതാകുന്നത്? ആണെന്ന് തോന്നുന്നില്ല. ദൈവം ചങ്കു ചേർത്ത് അവരെ സ്നേഹിച്ചതു കൊണ്ടാണ് അവർ ഭാഗ്യവാന്മാരാവുന്നതും ദൈവരാജ്യം അവരുടേതാകുന്നതും. 'ദൈവം ദരിദ്രനായി' എന്നതാണ് അതിൻ്റെ മർമ്മം.
"ദരിദ്രർ എപ്പോഴും നിങ്ങളോടുകൂടെയുണ്ട്; ഞാനാകട്ടെ എപ്പോഴും നിങ്ങളോടുകൂടെ ഉണ്ടാവില്ലല്ലോ" എന്ന് പരസ്പരം ചേർത്താണ് ഒരിക്കലവൻ പറഞ്ഞത് എന്നോർക്കുന്നില്ലേ? ''യുഗാന്ത്യത്തോളവും ഞാൻ നിങ്ങളോടുകൂടെ ഉണ്ടായിരിക്കും" എന്നതാണ് പിന്നീടവൻ തന്ന വാഗ്ദാനം. എങ്ങനെയാണ് അവൻ നമ്മോടൊപ്പം ഉണ്ടാകാൻ പോകുന്നത് എന്നതിനും അവൻ സൂചന തന്നിരുന്നല്ലോ: "ഈ ചെറിയവർക്ക് നിങ്ങൾ ചെയ്തപ്പോഴെ ല്ലാം എനിക്കുതന്നെയാണ് ചെയ്തത് " എന്ന വിധിയാളൻ്റെ വാക്കുകളിലൂടെ!
ശിഷ്യത്വത്തിലേക്കുള്ള വിളി ദരിദ്രരെ, ബലഹീനരെ, അഗതികളെ, പരിത്യക്തരെ, പാപികളെ, രോഗികളെ, പരദേശികളെ, കാരാഗൃഹവാസികളെ സ്നേഹിക്കാനുള്ള -ദാരിദ്ര്യത്തിലേക്കുള്ള - വിളികൂടിയാകുന്നത് അതുകൊണ്ടാണ്.
Featured Posts
Recent Posts
bottom of page