
എട്ടുവർഷങ്ങൾക്കു ശേഷം ജൂലിയൻ കാലണ്ടർ ഉപയോഗിക്കുന്ന പൗരസ്ത്യ ഓർത്തഡോക്സ് സഭകളും, ഗ്രിഗോറിയൻ കാലണ്ടർ അനുവർത്തിച്ചുപോരുന്ന പാശ്ചാത്യ സഭകളും, മിക്കവാറും പൗരസ്ത്യ കത്തോലിക്ക സഭകളും ഒരേ ദിവസം ഈസ്റ്റർ ആഘോഷിച്ചു - ഏപ്രിൽ 20-ാം തീയതി ഞായറാഴ്ച. (വല്ലപ്പോഴുമൊക്കെയാണ് ഈ രണ്ടു കാലണ്ടറുകളുടെയും തീയതികൾ ഒരേ ദിവസം ആയിവരിക).
ഏപ്രിൽ 22 - അന്താരാഷ്ട്ര ഭൗമ ദിനമായി ലോകം ആചരിച്ചു പോരുന്നു.
സ്വർഗ്ഗം ഭൂമിയെ തളിർപ്പിക്കുന്നതാണ് പുനരുത്ഥാനം. രക്ഷയ്ക്കായുള്ള ഭൂമിയുടെ നിലവിളിക്ക് നാം കാതോർക്കുകയാണ് അന്താരാഷ്ട്ര ഭൗമദിനത്തിൽ.
ഈസ്റ്ററിനും എർത്ത്-ഡേ ക്കും മധ്യേ ഏപ്രിൽ 21 - ന് ഭൂമിയെ വീണ്ടും തളിർപ്പിക്കാൻ കൊതിച്ചഭൂമിയുടെ സ്നേഹിതനായ ആ സ്വർഗ്ഗ ദൂതൻ - ഫ്രാൻസിസ് പാപ്പാ യാത്രയായി. സഭ അദ്ദേഹത്തെ മറന്നാലും, അദ്ദേഹത്തിന്റെ മറ്റെല്ലാം സംഭാവനകളും വിസ്മൃതയിൽ ആണ്ടാലും, അദ്ദേഹം ലോകത്താൽ മിക്കവാറും ഓർമിക്കപ്പെടുക "ലൗദാത്തോ സീ", "ഫ്രാത്തെല്ലോ തൂത്തി" എന്നീ ചാക്രിക ലേഖനങ്ങളുടെ പേരിലായിരിക്കും.
അന്ത്യവിധിയെക ്കുറിച്ചുള്ള യേശുവിന്റെ വാക്കുകൾ ഇങ്ങനെ ആറ് വാക്യശകലങ്ങളിലാണ് മത്തായിയുടെ സുവിശേഷം രേഖപ്പെടുത്തിയിട്ടുള്ളത്:
1 "എനിക്ക് വിശന്നു: നിങ്ങൾ എനിക്ക് ഭക്ഷിക്കാൻ തന്നു"
പട്ടിണി എന്നത് മനുഷ്യകുലത്തിന്റെ നാണക്കേടാണ് എന്ന് ലോകരാഷ്ട്രങ്ങളോട് വിളിച്ചുപറഞ്ഞ ഫ്രാൻസിസ് പാപ്പാ 2016-ൽ World Food Program ആസ്ഥാനം സന്ദർശിച്ച് 'പൂജ്യം പട്ടിണിയുള്ള ലോക'ത്തിനു വേണ്ടിയുള്ള സംഘടനയുടെ പ്രവർത്തനത്തിന് പിന്തുണ പ്രഖ്യാപിച്ചു.
2 "എനിക്ക് ദാഹിച്ചു: നിങ്ങൾ എനിക്ക് കുടിക്കാൻ തന്നു"
'ശുദ്ധമായ കുടിവെള്ളം എന്നത് അടിസ്ഥാന മനുഷ്യ ാവകാശമാണ് ' എന്ന് തൻ്റെ പേപ്പസിക്കാലത്ത് നിരന്തരമായി ഉദ്ബോധിച്ചു അദ്ദേഹം.
3 "ഞാൻ പരദേശിയായിരുന്നു: നിങ്ങളെന്നെ സ്വീകരിച്ചു"
കുടിയേറ്റക്കാർക്കും അഭയാർത്ഥികൾക്കും വേണ്ടിയുള്ള അദ്ദേഹത്തിൻ്റെ അതിശക്തമായ നിലപാടുകളാണ് ഒരുപക്ഷേ അദ്ദേഹത്തെ മിക്കവാറും എല്ലാ തീവ്ര വലതുപക്ഷ സമൂഹങ്ങൾക്കും അനഭിമതൻ ആക്കിയിട്ടുള്ളത്.
4 "ഞാൻ നഗ്നനായിരുന്നു: നിങ്ങൾ എന്നെ ഉടുപ്പിച്ചു"
സമൂഹത്തിലെ ദുർബലർക്കും അധഃസ്ഥിതർക്കും വേണ്ടി നിരന്തരം ശബ്ദിച്ച ഫ്രാൻസിസ് പാപ്പാ, കുഞ്ഞുങ്ങളെയും ദുർബലരെയും സ്ത്രീകളെയും ലൈംഗികമായോ അല്ലാതെയോ ദുരുപയോഗിച്ചിട്ടുള്ള സഭയിലെ നേതൃത്വത്തെ അപലപിക്കുകയും, അവർക്കെതിരെ ശിക്ഷാനടപടികൾ സ്വീകരിക്കുകയും, ഇരകളോട് അനേകം തവണ ക്ഷമായാചനം നടത്തുകയും ചെയ്തു.
5 "ഞാൻ രോഗിയായിരുന്നു: നിങ്ങൾ എന്നെ സന്ദർശിച്ചു"
2024-ലെ ലോക രോഗി ദിന സന്ദേശത്തിൽ, "രോഗികളോട് കാരുണ്യപൂർണ്ണമായ അടുപ്പം" കാട്ടണം എന്ന് നിർദ്ദേശിച്ച അദ്ദേഹത്തിൻ്റെ പ്രാർത്ഥനാ നിയോഗങ്ങൾ മിക്കവാറും രോഗികൾക്ക് വേണ്ടിയായിരുന്നു. എയ്ഡ്സ് രോഗികളുടെയും മയക്കുമരുന്ന് ഉപയോഗത്തിൽ നിന്ന് പുറത്ത് കടക്കാൻ വെമ്പുന്നവരുടെയും കാലുകൾകഴുകി ചുംബിച്ചിട്ടുണ്ട്.
6 "ഞാൻ കാരാഗ്രഹത്തിൽ ആയിരുന്നു: നിങ്ങൾ എന്റെ അടുത്തുവന്നു."
കാരാഗൃഹങ്ങളിൽ കഴിയുന്ന തടവുകാരുടെ കാൽ-കഴുകൽ ശുശ്രൂഷകളായിരുന്നു മിക്കവാറും വർഷങ്ങളിൽ അദ്ദേഹത്തിൻ്റേത്.
2025 ജൂബിലി വർഷത്തിൽ സെൻ്റ് പീറ്റേഴ്സ് ബസിലിക്കയിൽ ജൂബിലി കവാടം തുറന്നതുപോലെതന്നെ റോമിന്റെ കാരാഗ്രഹത്തിലും തടവുകാർക്കായി ഒരു ജൂബിലി കവാടം തുറക്കപ്പെട്ടു.
സമാധാനത്തിനു വേണ്ടി ഇരന്നുകൊണ്ട് അദ്ദേഹം ലോക നേതാക്കളുടെ കാലുകൾ ചുംബിച്ചു.
ആദിവാസികളോട് സഭ അറിഞ്ഞോ അറിയാതെയോ ചെയ്തുപോയിട്ടുള്ള അപരാധങ്ങൾക്ക് അദ്ദേഹം അവരോട് മാപ്പിരന്നു. ഗോത്ര സംസ്കൃതികളെ ആദരിക്കാനും അവയെ മഹത്വമുള്ളവയായി കാണാനും അദ്ദേഹം കിണഞ്ഞു പരിശ്രമിച്ചു.
യുദ്ധങ്ങൾ അവസാനിപ്പിക്കുന്നതിനുവേണ്ടിയും ദരിദ്ര രാജ്യങ്ങളുടെ കടബാധ്യതകൾ എഴുതിത്തള്ളുന്നതിനുവേണ്ടിയും അദ്ദേഹം നിരന്തരം യാചിച്ചു.
മതത്തെ ബാഹ്യപരതയിൽ നിന്ന് കൂടുതൽ ആന്തരികതയിലേക്ക് അദ്ദേഹം കൂട്ടിക്കൊണ്ടുപോയി.
എല്ലാ മതങ്ങളോടും ആദരവും എല്ലാ സഭാ സമൂഹങ്ങളോടും സാഹോദര്യവും അദ്ദേഹം പുലർത്തി.
നിർമ്മിത ബുദ്ധിയോട് മുഖം തിരിക്കരുതെന്നും, അതേസമയം, ധാർമികമായും മാനവകുലത്തെ കൂടുതൽ സമ്പൂർണമാക്കുന്നതിനുവേണ്ടിയും ആയത് ഉപയോഗിക്കപ്പെടുന്നു എന്ന് ഉറപ്പാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സ്വവർഗ്ഗാഭിനിവേശം കുറ്റമായി കണക്കാക്കുന്ന രാജ്യങ്ങളോട്, തിരിച്ചു ചിന്തിക്കാൻ അദ്ദേഹം ആവശ്യപ്പെട്ടു.
ലോകമെമ്പാടും വധശിക്ഷ നിർത്തലാക്കുന്നതിന് വേണ്ടി അദ്ദേഹം നിരന്തരം സന്ദേശങ്ങൾ അയച്ചു.
അനുഭാവപൂർണമായ പ്രോത്സാഹനത്തിന്റെ വാക്കുകൾ യുവതയോടായി അദ്ദേഹം എപ്പോഴും പറഞ്ഞു.
സ്ത്രീകളെ അദ്ദേഹം ആദരവോടെ, തുല്യരായി കണ്ടു.
പ്രകൃതിയോടും ഭൂമിയോടും കൂടുതൽ കരുതലോടെ പ്രവർത്തിക്കാൻ അദ്ദേഹം ലോകത്തോട് ആഹ്വാനം ചെയ്തു.
സ്വർഗ്ഗദൂതർ അങ്ങനെയാണ്.
ഭൂമിയിൽ സ്വപ്നങ്ങൾ അവശേഷിപ്പിച്ചിട്ട് അവർ കടന്നുപോകുന്നു!