top of page

പൊറുക്കണേ പൊറുതിയുടെ തമ്പുരാനേ

Apr 1, 2000

4 min read

Assisi Magazine

Pope St. John Paul II asks forgiveness of sins, church committed against the humanity and Jews

നോമ്പിന്‍റെ ഒന്നാം ഞായര്‍ ആയ 2000 മാര്‍ച്ച് 12ന് സെന്‍റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന ദിവ്യബലി മദ്ധ്യേ മാര്‍പാപ്പാ സഭാതനയരുടെ കഴിഞ്ഞകാലത്തെയും ഇന്നത്തെയും തെറ്റുകള്‍ക്ക് ദൈവത്തോടു മാപ്പിരന്നു. പീയെത്ത എന്നറിയപ്പെടുന്ന തന്‍റെ ആത്മസുതന്‍റെ മേനി വ്യാകുലമാതാവ്  മടിയില്‍ കിടത്തിയിരിക്കുന്ന മൈക്കലാഞ്ചലോയുടെ ശില്പത്തിനു മുന്നില്‍ ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ മാതാവിനെപ്പോലെ സഭ ക്രൂശിതനായ രക്ഷകനെ ആശ്ലേഷിച്ച് പിതാവിനോട് പൊറുതിയപേക്ഷിക്കുന്നു എന്നു പറഞ്ഞാണ് പാപ്പ ആരംഭിച്ചത്. സകല വിശുദ്ധരുടെയും മദ്ധ്യസ്ഥത യാചിച്ചുകൊണ്ട് വിശുദ്ധരുടെ ലുത്തീനിയ പാടി ഏറ്റുപറച്ചിലിനായി ഒരുക്കിയ ബലിപീഠത്തിലേയ്ക്ക് എല്ലാവരും പ്രദക്ഷിണമായി പോയി. അവിടെ വി. മാര്‍സെല്ലൂസ് 'ആല്‍ കൊര്‍സോ' യുടെ ദൈവാലയത്തില്‍നിന്നുള്ള പതിനഞ്ചാം നൂറ്റാണ്ടിലെ ഒരു ക്രൂശിതരൂപം വച്ചിരുന്നു. ഏഴു മെഴുകുതിരികള്‍ കൊളുത്തിവച്ചുകൊണ്ടായിരുന്നു പ്രസംഗത്തിനുശേഷമുള്ള അനുതാപകീര്‍ത്തനം. വിശ്വാസികളുടെ പ്രാര്‍ത്ഥനയുടെ രൂപത്തിലാണ് അനുതാപകീര്‍ത്തനവും പൊറുതിയപേക്ഷയും നടന്നത്.

പ്രസംഗത്തിനുശേഷം ആദ്യമേ പൊതുവായ ഒരു പാപസങ്കീര്‍ത്തനവും അതേതുടര്‍ന്ന് സത്യത്തിന്‍റെ പേരില്‍ ചെയ്തുപോയ പാപങ്ങള്‍ക്കും ക്രിസ്തീയ ഐക്യത്തെ നശിപ്പിച്ചിട്ടുള്ള പാപങ്ങള്‍ക്കും ഇസ്രായേല്‍ ജനതക്കെതിരായ പാപങ്ങള്‍ക്കും സംസ്കാരങ്ങളോടും മതങ്ങളോടും ഉള്ള സ്നേഹത്തിനും സമാധാനത്തിനും ആദരവിനും എതിരായുണ്ടായ പാപങ്ങള്‍ക്കും സ്ത്രീകളുടെ അന്തസ്സിനും മാനവകുലത്തിന്‍റെ കൂട്ടായ്മയ്ക്കും എതിരായി ചെയ്തുപോയ പാപങ്ങള്‍ക്കും വ്യക്തിയുടെ അടിസ്ഥാന അവകാശങ്ങള്‍ക്കെതിരായി ചെയ്തുപോയ പാപങ്ങള്‍ക്കും പ്രത്യേകം പ്രത്യേകമായി മാപ്പിരന്നുകൊണ്ടുള്ള പ്രാര്‍ത്ഥനകളും ഉണ്ടായി. റോമന്‍ കൂരിയായിലെ പ്രതിനിധികളാണ് ഓരോ വിഭാഗത്തിലുംപെട്ട പാപങ്ങളെക്കുറിച്ചുള്ള പ്രാര്‍ത്ഥനക്ക് ആമുഖം നല്കിയത്. അതിനുശേഷം മാര്‍പാപ്പയുടെ പ്രാര്‍ത്ഥനയും ഓരോ പ്രാര്‍ത്ഥനയ്ക്കുംശേഷം മൂന്നുവട്ടം വീതം 'കീരിയേലൈസോണ്‍' പാടുകയും ഉണ്ടായി. ഒടുവിലായ് മാപ്പിരന്നുകൊണ്ട് മാര്‍പാപ്പ ആ വലിയ ക്രൂശിതരൂപം ചുംബിച്ചു.

ഇറ്റാലിയന്‍ ഭാഷയില്‍ തദവസരത്തില്‍ മാര്‍പാപ്പ ചെയ്ത പ്രസംഗത്തിന്‍റെ സ്വതന്ത്ര പരിഭാഷയാണ് ചുവടെ.

"ദൈവവുമായി അനുരഞ്ജനപ്പെടണം എന്ന് ക്രിസ്തുവിന്‍റെ നാമത്തില്‍ ഞങ്ങള്‍ നിന്നോടപേക്ഷിക്കുന്നു. പാപം അറിയാത്തവനെ ദൈവം നമുക്കുവേണ്ടി പാപമാക്കിക്കൊണ്ട് അവനില്‍ നമ്മെ ദൈവത്തിന്‍റെ നീതിയാക്കി." (2 കൊറി 5: 20-21)

സഭ എല്ലാവര്‍ഷവും നോമ്പാരംഭത്തില്‍ വിഭൂതി ബുധനാഴ്ച പുനര്‍വായിക്കുന്ന വി. പൗലോസിന്‍റെ വാക്കുകളാണിവ. ആത്മാവില്‍ ആന്തരികമായി ചലിപ്പിക്കപ്പെട്ട് മരുഭൂമിയിലേക്ക് പോയി അവിടെ നാല്പതുരാവും പകലും ഉപവസിച്ച് തന്‍റെ രക്ഷാകരദൗത്യം ആരംഭിച്ച ക്രിസ്തുവിനോട് ഐക്യപ്പെടുവാന്‍ സഭ ആഗ്രഹിക്കുകയാണ് നോമ്പുകാലത്തില്‍. ഇന്നത്തെ ആരാധനയില്‍ നാം ശ്രവിച്ചതുപോലെ ആ നീണ്ട ഉപവാസത്തിന്‍റെ അന്ത്യത്തില്‍ യേശു സാത്താനാല്‍ പരീക്ഷിക്കപ്പെടുന്നതായി മര്‍ക്കോസ് വളരെ ചെറിയ വിവരണം തരുന്നുണ്ട്. അതേസമയം മത്തായിയും ലൂക്കായും മരുഭൂമിയിലെ യേശുവിന്‍റെ പിശാചുമായുള്ള സമരത്തെ വളരെ ദീര്‍ഘമായി പ്രതിപാദിക്കുകയും അവസാനത്തില്‍ അവന്‍ പരീക്ഷകനുമേല്‍ പൂര്‍ണവിജയം നേടുന്നതായി പറയുകയും ചെയ്യുന്നു. "സാത്താനെ ദൂരെപ്പോകൂ, നിന്‍റെ ദൈവമായ  കര്‍ത്താവിനെ ആരാധിക്കണം, അവനെ മാത്രമേ സേവിക്കാവൂ' എന്ന് എഴുതപ്പെട്ടിരിക്കുന്നു(മത്താ. 4:10) ഇങ്ങനെ സംസാരിക്കുന്നവന്‍ പാപമറിയാത്തവനായവന്‍ (2 കൊറി 5: 21) യേശു 'ദൈവത്തിന്‍റെ പരിശുദ്ധന്‍' (മര്‍ക്കോ 1: 24) ആണ്.

2. 'പാപമറിയാത്തവനെ അവന്‍ നമുക്കുവേണ്ടി പാപമാക്കി.'(2കൊറി. 5:21) ഏതാനും നിമിഷം മുമ്പ് രണ്ടാം വായനയില്‍ അപ്പസ്തോലന്‍റെ ആശ്ചര്യകരമായ ഈ തറപ്പിച്ച പ്രസ്താവന നാം ശ്രവിച്ചതാണ്. എന്താണ് ഈ വാക്കുകളുടെ അര്‍ത്ഥം? ഫലത്തില്‍ ഇതൊരു വിരോധാഭാസം ആണെന്നു തോന്നുന്നു. വിശുദ്ധിതന്നെയായ ദൈവത്തിന് എങ്ങനെയാണ് ഭൂമിയിലുള്ള തന്‍റെ ഏകജാതനെ 'പാപ'മാക്കിത്തീര്‍ക്കാനാകുക? എന്നിട്ടും കൃത്യമായി ഇതാണ് വി. പൗലോസ് കോറിന്തോസുകാര്‍ക്കെഴുതിയ രണ്ടാം ലേഖനത്തില്‍ നാം വായിക്കുന്നത്. നാം ഒരു രഹസ്യത്തിന്‍റെ സാന്നിധ്യത്തിലാണ് പ്രഥമദര്‍ശനത്തിന്‍റെ ഭോഷത്തം എന്നു തോന്നുന്ന എന്നാല്‍ ദൈവികവെളിപ്പെടുത്തല്‍ വഴി എഴുതപ്പെട്ട രഹസ്യത്തിന്‍റെ സാന്നിധ്യത്തില്‍.

പഴയനിയമത്തില്‍ ഏശയ്യായുടെ പുസ്തകത്തില്‍ ദൈവദാസന്‍റെ നാലാം ഗീതത്തില്‍ മതിയായ ദൈവനിവേശിത ദീര്‍ഘദര്‍ശനത്തോടെ നാം ഇത് കാണുന്നുണ്ട്. "ആടുകളെപ്പോലെ നാം എല്ലാം കൂട്ടംതെറ്റിപ്പോയി - ഓരോരുത്തരും അവരവരുടെ വഴിയെ. നമ്മുടെയെല്ലാം അപരാധം കര്‍ത്താവ് അയാളുടെമേല്‍ ചുമത്തി" (ഏശ. 53:6). പരിശുദ്ധനായ ക്രിസ്തു തീര്‍ത്തും കറതീര്‍ന്നവനായിരുന്നെങ്കില്‍ കൂടി അവന്‍ നമ്മുടെ പാപങ്ങള്‍ സ്വയം ഏറ്റെടുക്കാന്‍ സമ്മതിച്ചു. നമ്മെ രക്ഷിക്കാന്‍ അവന്‍ ഇതു സമ്മതിച്ചു. നമ്മുടെ പാപങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ലോകത്തെ രക്ഷിക്കാനുള്ള പിതാവിന്‍റെ ദൗത്യം - യോഹന്നാന്‍ എഴുതുന്നതുപോലെ "തന്‍റെ ഏകജാതനില്‍ വിശ്വസിക്കുന്ന ഏതൊരാളും നശിച്ചുപോകാതെ നിത്യജീവന്‍ പ്രാപിക്കുന്നതിനുവേണ്ടി അവനെ നല്കാന്‍ തക്കവണ്ണം ലോകത്തെ സ്നേഹിച്ച"(യോഹ 3:16) പിതാവിന്‍റെ ദൗത്യം സ്വയം ഏറ്റെടുത്തിരുന്നതിനാല്‍ അവന്‍ ഇതിന് സമ്മതിക്കുകയായിരുന്നു.

തന്‍റെ ഓര്‍മ്മ ശുദ്ധീകരിക്കണമെന്ന് സഭ ആഗ്രഹിക്കുന്നു

3. സ്നേഹത്തെപ്രതി നമ്മുടെയെല്ലാം തെറ്റുകള്‍ ഏറ്റെടുത്ത ക്രിസ്തുവിന്‍റെ മുമ്പില്‍ ആഴത്തിലുള്ള ഒരു ആത്മപരിശോധനയ്ക്കായി നാം വിളിക്കപ്പെട്ടിരിക്കുന്നു. മഹാജൂബിലിയുടെ ഘടകങ്ങളില്‍ ഒന്നാണു ഞാന്‍. 'സ്മരണയുടെ വിശുദ്ധീകരണം' എന്ന ലേഖനത്തില്‍ യാഥാര്‍ത്ഥ്യം കൃപാവരങ്ങളുടെ ഈ വത്സരത്തില്‍ തന്‍റെ നാഥനില്‍നിന്ന് സ്വീകരിക്കുന്ന വിശുദ്ധിയില്‍ ശക്തിപ്രാപിക്കുന്ന സഭ ദൈവതിരുമുമ്പില്‍ മുട്ടുകുത്തി തന്‍റെ പുത്രീപുത്രന്മാരുടെ  വര്‍ത്തമാനകാലത്തിലെയും പൂര്‍വ്വകാലത്തെയും പാപങ്ങള്‍ക്ക് പൊറുതി യാചിക്കണം" എന്ന് പത്രോസിന്‍റെ പിന്‍ഗാമി എന്ന നിലയില്‍ ഞാന്‍ എഴുതുകയുണ്ടായി. നോമ്പുകാലത്തിലെ ഈ ആദ്യഞായറാഴ്ച പത്രോസിന്‍റെ പിന്‍ഗാമി എന്ന നിലയില്‍  എനിക്കു ചുറ്റും ആത്മീയമായി സമ്മേളിച്ചിരിക്കുന്ന സഭ എല്ലാ വിശ്വാസികളുടെയും പാപങ്ങള്‍ക്ക് ദൈവത്തോടു പൊറുതിയപേക്ഷിക്കുക എന്നത് ഏറ്റവും ഉചിതമായിരിക്കും എന്നെനിക്കു തോന്നുന്നു. നമുക്കു പൊറുക്കുകയും പൊറുതിയപേക്ഷിക്കുകയും ചെയ്യാം.

ഈ എളിയ അപേക്ഷ വളരെ ക്രിയാത്മകവും സ്ഥായിയായതുമായ വിചിന്തനത്തിനും അതുവഴി ഏതാനും ദിവസം മുന്‍പ് 'സ്മരണയും അനുരഞ്ജനവും  സഭയും പൂര്‍വ്വകാലത്തെ തെറ്റുകളും' എന്ന ഒരു ലേഖനത്തിന്‍റെ പ്രസിദ്ധീകരണത്തിനും കാരണമായി. ഈ ലേഖനം തയ്യാറാക്കന്‍ സഹായിച്ച എല്ലാവര്‍ക്കും ഞാന്‍ നന്ദിപറയുന്നു. ക്രിസ്തുവിന്‍റെ മൗതികശരീരം എന്ന നിലയില്‍ ക്രിസ്ത്യാനികളൊക്കെ പങ്കിടുന്ന വസ്തുനിഷ്ഠമായ ഉത്തരവാദിത്വവും ഇന്നത്തെ മാപ്പിനായുള്ള ആത്മാര്‍ത്ഥമായ അഭ്യര്‍ത്ഥനയും ഇന്നത്തെ വിശ്വാസികളെ സംബന്ധിച്ചിടത്തോളം അവരുടെതന്നെ പാപങ്ങള്‍ക്കൊപ്പം ചരിത്രപരവും ദൈവശാസ്ത്രപരവുമായ വിചിന്തനങ്ങള്‍ക്കുശേഷം തിരിച്ചറിയുന്ന ഇന്നലത്തെ ക്രിസ്ത്യാനികളുടെ പാപങ്ങള്‍ക്കുക്കൂടി മാപ്പിരക്കാനുള്ള ഉത്തരവാദിത്തവും യഥാര്‍ത്ഥമായ വെളിച്ചത്തില്‍ മനസ്സിലാക്കാന്‍ ഈ ലേഖനം സഹായകമാകുന്നുണ്ട്.

"ഹൃദയങ്ങളെ അറിയുന്ന ദൈവത്തിനു മാത്രമുള്ള വിധികര്‍ത്താവാകുവാനുള്ള അധികാരത്തിന്മേല്‍ അതിക്രമിച്ചു കയറാതെ തന്നെ നമ്മുടെ വ്യക്തിപരമായ ഉത്തരവാദിത്വത്തില്‍ പെടുന്നതല്ലെങ്കിലും ക്രിസ്തുവിന്‍റെ മൗതികശരീരത്തില്‍ നമ്മെ എല്ലാവരെയും പരസ്പരം ഒന്നിപ്പിക്കുന്ന ബന്ധത്തിന്‍റെ വെളിച്ചത്തില്‍ നമുക്കു മുമ്പേപോയവരുടെ തെറ്റുകളുടെ ഭാരം നാം സ്വയം ഏറ്റെടുക്കേണ്ടിയിരിക്കുന്നു." പൂര്‍വ്വകാല തെറ്റുകളുടെ അവബോധം വര്‍ത്തമാനകാലത്തില്‍ നാം നടത്തുന്ന സമരസപ്പെടലുകളിലേക്ക് നമ്മുടെ മനസ്സാക്ഷികളെ പുനരുണര്‍ത്തുകയും എല്ലാവരുടെയും മനപരിവര്‍ത്തനത്തിന് വഴി തുറക്കുകയും ചെയ്യുന്നു.

തന്നിലേക്കു മടങ്ങുന്ന എല്ലാ ധൂര്‍ത്തപുത്രരെയും ദൈവം സ്വാഗതം ചെയ്യുന്നു

4. നമുക്ക് പൊറുതി നല്കുകയും പൊറുതിക്കായി പ്രാര്‍ത്ഥിക്കുകയും ചെയ്യാം. തന്‍റെ ദയാപൂര്‍ണമായ സ്നേഹത്തില്‍ വിശുദ്ധിയുടെയും മിഷനറിവേലയോടുള്ള അഭിവാഞ്ഛയുടെയും ക്രിസ്തുവിനോടും അയല്‍ക്കാരനോടുമുള്ള പൂര്‍ണമായ സമര്‍പ്പണത്തിന്‍റെയും വലിയ വിലവ് സഭയില്‍ ഉണ്ടാക്കിത്തീര്‍ത്ത ദൈവത്തെ സ്തുതിക്കുമ്പോള്‍തന്നെ നമുക്ക് സുവിശേഷത്തോട് നമ്മില്‍ ചിലര്‍ പ്രത്യേകിച്ച് ഈ രണ്ടാം സഹസ്രാബ്ദത്തില്‍ കാട്ടിയിട്ടുള്ള വിശ്വസ്തതയില്ലായ്മയെ കണ്ടില്ലെന്നു നടിക്കാനുമാവില്ല.

ക്രിസ്ത്യാനികള്‍ക്കിടയില്‍ ഉണ്ടായിട്ടുള്ള പിളര്‍പ്പുകള്‍ക്കും വിഭജനങ്ങള്‍ക്കും സത്യത്തിന്‍റെ സംരക്ഷണാര്‍ത്ഥം ചിലര്‍ ചെയ്തിട്ടുള്ള ഹിംസകള്‍ക്കും അതുപോലെ മറ്റു മതവിശ്വാസികള്‍ക്കു നേരെ നമ്മില്‍ ചിലര്‍ കാട്ടിയിട്ടുള്ള വിശ്വാസമില്ലായ്മയുടെയും അസഹിഷ്ണുതയുടെയും മനോഭാവങ്ങള്‍ക്കുമായി നമുക്ക് മാപ്പപേക്ഷിക്കാം. ഇന്നിന്‍റെ തിന്മകളെപ്രതി ക്രിസ്ത്യാനികള്‍ എന്ന നിലയില്‍ നമുക്കുള്ള വര്‍ദ്ധിതമായ ഉത്തരവാദിത്വത്തിന്മേല്‍ നമുക്ക് തെറ്റ് ഏറ്റുപറയാം. നിരീശ്വരവാദത്തോടും നിര്‍മമതാവാദത്തോടും ജീവിക്കാനുള്ള അവകാശത്തിനു നേര്‍ക്കുള്ള ഹിംസയോടും പല രാജ്യങ്ങളിലും ദരിദ്രരോടുള്ള അവഗണനയോടും നമ്മുടെ നിലപാടും ഉത്തരവാദിത്വവും എന്താണ് എന്ന് നാം സ്വയം ചോദിക്കണം. ഈ ഓരോ തിന്മയിലും നമ്മുടെ ചെയ്തികള്‍ വഴി ഉണ്ടായിട്ടുള്ള പങ്കിനെയും അതുവഴി ക്രിസ്തുവിന്‍റെ സഭയുടെ മുഖഛായ വിരൂപമാക്കുന്നതില്‍ നാം ചെയ്ത പങ്കിനെയും ഓര്‍ത്ത് നമുക്ക് വിനീതരായി ക്ഷമായാചന നടത്താം.

നാം നമ്മുടെ പാപങ്ങള്‍ ഏറ്റുപറയുമ്പോള്‍തന്നെ അന്യര്‍ നമ്മോടുചെയ്തിട്ടുള്ള തെറ്റുകള്‍ നമുക്ക് ക്ഷമിക്കുകയും ചെയ്യാം. അസംഖ്യം തവണ ക്രിസ്ത്യാനികള്‍ക്ക് തങ്ങളുടെ വിശ്വാസത്തിന്‍റെ മാത്രം പേരില്‍ ബുദ്ധിമുട്ടുകളും അടിച്ചമര്‍ത്തലുകളും പീഡനങ്ങളും സഹിക്കേണ്ടി വന്നിട്ടുണ്ട്. തത്തുല്യമായ നമ്മുടെ തെറ്റുകള്‍ക്ക് ഇരയായവര്‍ നമ്മോട് ക്ഷമിച്ചതുപോലെ നമുക്കും അവരുടെ തെറ്റുകള്‍ക്ക് മാപ്പുനല്കാം. സഭ എന്നുമെന്നപോലെ ഇന്നും അവളുടെ അത്തരം ദുഃഖസ്മരണകള്‍ വിദ്വേഷത്തിന്‍റെയും പ്രതികാരത്തിന്‍റെയും വികാരങ്ങളില്‍ നിന്ന് വിടുവിച്ച് വിശുദ്ധീകരിക്കാന്‍ ആഗ്രഹിക്കുന്നവളാണ്. ഇത്തരത്തില്‍ ജൂബിലി എല്ലാവര്‍ക്കും സുവിശേഷത്തിലേക്കുള്ള തിരിയലിന്‍റെ അനുഗൃഹീതമായ സുവര്‍ണ്ണാവസരമായിത്തീരുന്നു. ദൈവത്തില്‍ നിന്നുള്ള പൊറുതിയുടെ സ്വീകരണം മറ്റുള്ളവരുടെ തെറ്റുകള്‍ ക്ഷമിക്കാനും അവരോട് അനുരഞ്ജനപ്പെടാനുമുള്ള പ്രതിജ്ഞാബദ്ധതയിലേക്കു നമ്മെ നയിക്കും.

തന്‍റെ ഏകപുത്രനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ സ്നേഹിച്ചു

5. പക്ഷേ അനുരഞ്ജനം എന്ന വാക്കിന് എന്തര്‍ത്ഥമാണ് നാം നല്കുന്നത്? അതിന്‍റെ പൂര്‍ണമായ അര്‍ത്ഥവും മൂല്യവും മനസ്സിലാക്കാന്‍ ആദ്യമേ നാം 'വിഭജന'ത്തിന്‍റെയും 'വേര്‍തിരിവി'ന്‍റെയും വ്യാപ്തി മനസ്സിലാക്കണം. ഈ ഭൂമുഖത്തുള്ളതില്‍ തന്‍റെ സ്രഷ്ടാവുമായി ഐക്യപ്പെടലോളം എത്തുന്ന ഒരു ബന്ധത്തിന് സാധ്യതയുള്ള ഒരേയൊരു സൃഷ്ടി മനുഷ്യന്‍ മാത്രമാണ്. അതേപോലെ തന്‍റെ സ്രഷ്ടാവില്‍നിന്ന് സ്വയം വേര്‍തിരിഞ്ഞ് അകന്നുമാറാനും കഴിവുള്ളത് അയാള്‍ക്കു മാത്രമാണ്. നിര്‍ഭാഗ്യവശാല്‍ അവന്‍ ദൈവത്തില്‍നിന്ന് പലപ്പോഴും വേര്‍തിരിഞ്ഞു പോയിട്ടുണ്ട്.

ഭാഗ്യവശാല്‍ പലരും ലൂക്കായുടെ സുവിശേഷത്തില്‍ പ്രതിപാദിച്ചിട്ടുള്ള ധൂര്‍ത്തപുത്രനെപ്പോലെ (ലൂക്കാ 15:13) അവരുടെ പിതൃഗൃഹം ഉപേക്ഷിച്ചശേഷം തങ്ങളുടെ സമ്പത്തെല്ലാം ധൂര്‍ത്തടിച്ചുകഴിഞ്ഞ്, തങ്ങളുടെ ദാരിദ്ര്യത്തിന്‍റെ നെല്ലിപ്പടിയിലെത്തുമ്പോള്‍ തങ്ങള്‍ക്ക് എത്രയാണ് നഷ്ടമായിരിക്കുന്നത് എന്നു മനസ്സിലാക്കുന്നു. അപ്പോള്‍ അവര്‍ തിരിച്ചുചെല്ലാന്‍ തീരുമാനിക്കുന്നു. "ഞാന്‍ എഴുന്നേറ്റ് എന്‍റെ പിതാവിന്‍റെ പക്കല്‍ ചെന്നു പറയും: പിതാവേ ഞാന്‍ പാപംചെയ്തുപോയി" (ലൂക്കാ 15: 18). ധൂര്‍ത്തപുത്രന്‍റെ ഉപമയില്‍ പിതാവിന്‍റെ രൂപത്തില്‍ കൃത്യമായി അവതരിപ്പിക്കപ്പെട്ടിട്ടുള്ള ദൈവം തന്നിലേക്ക് തിരിച്ചെത്തുന്ന എല്ലാ ധൂര്‍ത്തപുത്രനെയും / പുത്രിയെയും സ്വീകരിക്കുന്നു. ദൈവത്തിന്‍റെ നീതിയാല്‍ നീതികരിക്കപ്പെടാനായി അവന്‍ അയാളെ ക്രിസ്തുവില്‍ സ്വീകരിക്കുന്നു. അവന്‍ നമുക്കുവേണ്ടി തന്‍റെ പുത്രനെ പാപമാക്കി എന്ന കാരണത്താല്‍ അവന്‍ അയാളെ സ്വീകരിക്കുന്നു. അതേ, ക്രിസ്തുവിലൂടെ മാത്രമേ നമുക്ക് ദൈവത്തിന്‍റെ നീതീകരണമാവാന്‍ കഴിയൂ(2 കോറി 5:21).

6. "തന്‍റെ ഏകപുത്രനെ നല്കാന്‍ തക്കവിധം ദൈവം ലോകത്തെ സ്നേഹിച്ചു." ലോകത്തിന്‍റെ രക്ഷയുടെ രഹസ്യം സമ്യക്കായി ഈ വാക്യത്തില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു. യേശുവില്‍ പിതാവ് നമുക്ക് നല്കിയിരിക്കുന്ന ദാനത്തിന്‍റെ പൂര്‍ണമായ മൂല്യം നാം മനസ്സിലാക്കണം. ഗത്സെമനിയിലെ ക്രിസ്തുവില്‍, ചമ്മട്ടികളാല്‍ അടിക്കപ്പെടുന്ന ക്രിസ്തുവില്‍ നാം നമ്മുടെ ആത്മാവിന്‍റെ കണ്ണുകള്‍ തറച്ചു നിര്‍ത്തണം. തന്‍റെ രക്ഷാകരമായ ബലിയില്‍ നാം ദൈവത്തോട് അനുരഞ്ജനപ്പെടേണ്ടതിന് ക്രിസ്തു നമ്മുടെയും അഖിലലോകത്തിന്‍റെയും പാപങ്ങളുടെ ഭാരമത്രയും സ്വയം ഏറ്റെടുത്തു.

വി. പൗലോസായി മാറിയ താര്‍സൂസിലെ സാവൂള്‍ ഇന്നു നമുക്കു മുന്നില്‍ സാക്ഷിയായി നില്‍ക്കുന്നു. ഡമാസ്ക്കസിലേക്കുള്ള യാത്രാമദ്ധ്യേ കുരിശിന്‍റെ  ശക്തിയുടെ അസാധാരണമായ ഒരനുഭവം അദ്ദേഹത്തിനുണ്ടായി. തന്‍റെ സര്‍വ്വ പ്രതാപശക്തിയിലും ഉത്ഥിതനായ ക്രിസ്തു അവന് സ്വയം വെളിപ്പെടുത്തി. "സാവൂള്‍, സാവൂള്‍ നീ എന്നെ പീഡിപ്പിക്കുന്നത് എന്തിന്?" .... "കര്‍ത്താവേ നീ ആരാണ്?"... "നീ പീഡിപ്പിക്കുന്ന യേശുവാണ് ഞാന്‍"(അപ്പ. പ്ര 9: 4-5). ക്രിസ്തുവിന്‍റെ കുരിശിന്‍റെ അത്രയും ശക്തമായ അനുഭവം ഉണ്ടായ വി. പൗലോസിന് ഇന്ന് നമ്മോട് ആത്മാര്‍ത്ഥമായ ഒരു പ്രാര്‍ത്ഥനയാണുള്ളത്. "നിങ്ങള്‍ ദൈവകൃപ വൃഥാവില്‍ സ്വീകരിക്കരുതെന്ന് നിങ്ങളോട് ഞങ്ങള്‍ അപേക്ഷിക്കുന്നു.

ഈ ദൈവകൃപ ദൈവംതന്നെ നമുക്കു നല്കിയതാണെന്നു തറപ്പിച്ചു പറയുന്ന പൗലോസ് തന്നെ അവന്‍ പറയുന്നതായി വീണ്ടും പറയുന്നു: "സ്വീകാര്യമായ സമയത്ത് ഞാന്‍ നിന്നെ ചെവിക്കൊണ്ടു. രക്ഷയുടെ ദിനത്തില്‍ ഞാന്‍ നിന്നെ സഹായിച്ചു." (2 കോറി. 6: 1-2). ജൂബിലി വര്‍ഷം ധാരാളമായി നല്കുന്ന പൊറുതി സ്വീകരിക്കുവാന്‍ പൊറുതിയുടെ വരം സ്വീകരിക്കുവാന്‍ പൊറുതിയുടെ മാതാവായ മറിയം നമ്മെ സഹായിക്കട്ടെ. അസാധാരണമായ ഈ ജൂബിലി വര്‍ഷത്തിലെ നോമ്പുകാലം സ്വീകര്യമായ സമയമാക്കിത്തീര്‍ക്കുവാനും അനുരഞ്ജനത്തിന്‍റെ സമയമാക്കുവാനും എല്ലാ വിശ്വാസികള്‍ക്കും വിശിഷ്യ ദൈവത്തെ തേടുന്ന ഏവര്‍ക്കും രക്ഷയുടെ സമയമാക്കുവാനും നമുക്കു കഴിയട്ടെ.  

Featured Posts

bottom of page