top of page

ലോകത്തില്‍ ഇന്ന് നിലനില്‍ക്കുന്ന അനീതി നിറഞ്ഞ സാമ്പത്തികവ്യവസ്ഥയെ അതിനിശിതമായി വിമര്‍ശിച്ചുകൊണ്ട് പോപ്പ് എഴുതിയ 84 പേജുള്ള ഒരു രേഖ, 2013 നവംബര്‍ 25ന് വത്തിക്കാന്‍ പ്രസിദ്ധീകരിക്കുകയുണ്ടായി. മനുഷ്യജീവന്‍റെ വില സംരക്ഷിക്കുന്നതിനുവേണ്ടി 'കൊല്ലരുത്' എന്ന 'കല്പന' അനുശാസിക്കുന്നതുപോലെതന്നെ പാവങ്ങളെ ഒഴിവാക്കുകയും അസമത്വം വളര്‍ത്തുകയും ചെയ്യുന്ന ഒരു സമ്പദ് വ്യവസ്ഥ 'പാടില്ല' എന്ന 'കല്പന'യും ഉണ്ടാവണം എന്‍ ന് ആ രേഖയില്‍ പറഞ്ഞിരിക്കുന്നു.
വിപണികളുടെ പരമമായ സേച്ഛാധിപത്യത്തെയും ധനപരമായ ഊഹക്കച്ചവടത്തെയും തള്ളിക്കളഞ്ഞുകൊണ്ടും അസമത്വത്തിന് കാരണമായ ഘടനയെ ആക്രമിച്ചുകൊണ്ടും ദരിദ്രരുടെ പ്രശ്നങ്ങള്‍ മൗലികമായി പരിഹരിക്കാത്തിടത്തോളം കാലം ലോകത്തെ സംബന്ധിച്ച ഒരു പ്രശ്നത്തിനുപോലും പരിഹാരം കാണാന്‍ കഴിയില്ല എന്നും ആ രേഖയില്‍ പറഞ്ഞിരിക്കുന്നു. അന്തസ്സുള്ള ജോലിയും വിദ്യാഭ്യാസ-ആരോഗ്യ പരിരക്ഷയും ഉറപ്പുവരുത്തണമെന്ന് ഭരണകൂടങ്ങളോട് ആവശ്യപ്പെടുന്ന ആ ലഘുലേഖ, പണത്തെ വിഗ്രഹവല്‍ക്കരിക്കുന്ന വ്യവസ്ഥയെ ആക്രമിക്കുകയും ചെയ്യുന്നു. അമേരിക്കയിലും യൂറോപ്പിലും ആ രേഖ, അങ്കലാപ്പിന് ഇടയാക്കിയതിലും പോപ്പ് മാര്‍ക്സിസ്റ്റ് ആയിക്കഴിഞ്ഞോ എന്ന് അമേരിക്കന്‍ മാധ്യമങ്ങള്‍ സംശയം പ്രകടിപ്പിക്കുന്നതിലും അത്ഭുതത്തിനവകാശമില്ലല്ലോ. പോപ്പ് ഫ്രാന്‍സിസ് മാര്‍ക്സിസ്റ്റ് ആയി മാറുകയാണെങ്കില്‍ അത് പത്രങ്ങളില്‍ ആശ്ചര്യമായ തലവാചകത്തിന് ഇടയാക്കുമെങ്കിലും പള്ളിയുടെ നേതാക്കന്‍മാര്‍ക്ക് അങ്ങനെ തോന്നാനിടയില്ല എന്നുവരെ ഹെലന്‍ഹോണ്‍ "അറ്റ്ലാന്‍റിക്കി"ല്‍ എഴുതുന്നു. കത്തോലിക്കാ പള്ളിയെ സംബന്ധിച്ചിടത്തോളം ഇതൊരു പ്രധാനപ്പെട്ട വ്യതിയാനം തന്നെയാണ്. കാരണം ആധുനിക കാലഘട്ടത്തിലെ മഹാവിപത്താണ് മാര്‍ക്സിസം എന്നാണ് പോപ്പ് ഫ്രാന്‍സിസിന്‍റെ മുന്‍ഗാമിയായ ബെനഡിക്ട് പതിനാറാമന്‍ പറഞ്ഞിരുന്നത്.
ആഡംബരപൂര്‍ണ്ണമായ ജീവിതശൈലിയുടെ പേരില്‍ വത്തിക്കാന്‍ പലപ്പോഴും വിമര്‍ശിക്കപ്പെട്ടുകൊണ്ടിരുന്നു. ദരിദ്രരായ മഹാഭൂരിപക്ഷത്തെ സാമ്പത്തികമായി ഒഴിവാക്കി നിര്‍ത്തുന്ന കാര്യം ഊന്നിപ്പറയുന്ന ഫ്രാന്‍സിസിന്‍റെ പ്രഖ്യാപനം അതിന് വിരുദ്ധമാണെന്ന് മാത്രമല്ല, ഇങ്ങനെ ഒഴിവാക്കപ്പെടുന്നത് ഘടനാപരമായ കാരണത്താലാണ് എന്നും വ്യക്തമാക്കുന്നുണ്ട്. സമകാലിക മുതലാളിത്തത്തിന്‍റെ അവിഭാജ്യഘടകങ്ങളായ 'വിപണികളുടെ സേച്ഛാധിപത്യത്തെ'യും 'ധനപരമായ ഊഹക്കച്ചവടത്തെ'യും കുറിച്ച് അദ്ദേഹം പ്രത്യേകിച്ചും സൂചിപ്പിക്കുന്നുണ്ട്. ദാരിദ്ര്യത്തെ സംബന്ധിച്ച് ഇത്തരം കേന്ദ്രങ്ങളില്‍നിന്ന് ആശങ്കയുയര്‍ന്നുവരുന്നത് സാധാരണമല്ലെങ്കിലും അത് വിഷമകരമൊന്നുമല്ല. എന്നാല്‍ ദാരിദ്ര്യത്തെക്കുറിച്ച് എന്തെങ്കിലും ചെയ്യണമെന്ന് ഗവണ്‍മെന്‍റുകളോട് ഉപദേശിക്കുന്നതോടുകൂടി അത്തരം ഉത്കണ്ഠകള്‍ അവസാനിക്കാറാണ് പതിവ്. ഇത്തരം പ്രശ്നങ്ങളില്‍ ഗവണ്‍മെന്‍റുകള്‍ ശ്രദ്ധചെലുത്തുകയാണെങ്കില്‍, അലസതയും അഴിമതിയും ഇല്ലാതാക്കുകയാണെങ്കില്‍, ദാരിദ്ര്യം ഇല്ലാതാക്കാന്‍ അവയ്ക്ക് കഴിയും എന്നതാണ് അതിനുപിന്നിലുള്ള അനുമാനം. എന്നാല്‍ പോപ്പിന്‍റെ കുറിപ്പ്, അതിനുമപ്പുറം പോകുന്നുവെന്നതാണ് ശ്രദ്ധേയം. സ്വതന്ത്രവിപണിയേയും ധനപരമായ ഊഹക്കച്ചവടത്തേയും വിമര്‍ശിക്കുന്നതു വഴി അദ്ദേഹം, ദാരിദ്ര്യം എന്ന യാഥാര്‍ത്ഥ്യത്തിനുമുന്നില്‍ ഭരണകൂടം കണ്‍തുറന്നാല്‍ മാത്രം പോരാ, മറിച്ച് സാമ്പത്തികവാഴ്ചയില്‍ത്തന്നെ ഒരു മാറ്റം വരുത്തണം എന്ന ആവശ്യകത മനസ്സിലാക്കുകയും ചെയ്യുന്നുണ്ട്.
ശ്രദ്ധേയമായ സംഭവവികാസം
ഇടതുപക്ഷം ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത് ഇതുതന്നെയാണ്. എന്നാല്‍ മുതലാളിത്തത്തെതന്നെ മറികടക്കാതെ, സമകാലീന മുതലാളിത്തത്തിന്‍റെ അവശ്യ സ്വഭാവസവിശേഷതകളെ മറികടക്കാന്‍ കഴിയില്ല എന്ന അഭിപ്രായമാണ് ഇടതുപക്ഷത്തിനുള്ളത്. അന്തര്‍ലീനമായ സ്വന്തം പ്രവണതകളുടെ ഭാരത്തിന്‍ കീഴില്‍ സ്വയം ചാലകശേഷിയുള്ള മുതലാളിത്തം, ഇന്നത്തെ കാലഘട്ടത്തിലെ സവിശേഷതകളോടുകൂടിയ മുതലാളിത്തത്തിലേയ്ക്ക് വളര്‍ന്നുവരികയാണുണ്ടായത്. ധനപരമായ ഊഹക്കച്ചവടം സമകാലീന മുതലാളിത്തത്തിന്‍റെ സവിശേഷതയാണ്; അത് പുറമെനിന്ന് ഉണ്ടായതല്ല; അത് മുതലാളിത്തത്തിന്‍റെ സഹജമായ അന്തഃസത്തതന്നെയാണ്. മുതലാളിത്തത്തിന്‍റെ അനിവാര്യ സവിശേഷതയായ ഇതിനെ ഒഴിവാക്കുന്നതിനുള്ള ഏതു ശ്രമത്തേയും മുതലാളിത്തം ശക്തിയായി ചെറുക്കുകതന്നെ ചെയ്യും. അതിനാല്‍ അതിനെ ഇല്ലാതാക്കണമെങ്കില്‍ സോഷ്യലിസത്തിലേയ്ക്കുള്ള പരിവര്‍ത്തനം തന്നെ സംഭവിക്കണം. മുതലാളിത്തത്തെ സംബന്ധിച്ചുള്ള മാര്‍പാപ്പയുടെ വിമര്‍ശനം (സമകാലീന ലോകത്തിലെ അതിന്‍റെ സവിശേഷതകളെക്കുറിച്ചുള്ള വിമര്‍ശനമെങ്കിലും) ഇടതുപക്ഷത്തിന്‍റെ വിമര്‍ശനത്തോട്, പ്രകടമായിത്തന്നെ സമാനമായി തീരുന്നുണ്ട്. ഇതൊരു പ്രധാനപ്പെട്ട സംഭവവികാസം തന്നെയാണ്.
മൂന്നാംലോകത്തില്‍ നിന്നുള്ള ആദ്യത്തെ പോപ്പാണ് ഫ്രാന്‍സിസ് എന്നത് യാദൃച്ഛികമല്ല. അദ്ദേഹം അര്‍ജന്‍റീനക്കാരനാണ്; വിമോചന ദൈവശാസ്ത്രത്തിന്‍റെ വളര്‍ച്ചയ്ക്ക് സാക്ഷ്യം വഹിച്ച വന്‍കരയില്‍നിന്നാണ് അദ്ദേഹം വരുന്നത്. യൂറോപ്യന്‍ വംശജരായ പുരോഹിതന്മാര്‍ക്കായിരുന്നു ഇതുവരെ വത്തിക്കാനില്‍ മേധാവിത്വം; അവരില്‍നിന്നു മാത്രമാണ് പോപ്പുമാര്‍ തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. മൂന്നാംലോക രാജ്യങ്ങളിലെ ദരിദ്രര്‍ക്കിടയില്‍ പ്രവര്‍ത്തിച്ചുവരുന്ന പുരോഹിതന്മാര്‍ വളര്‍ത്തിക്കൊണ്ടുവന്നതും, മരണാനന്തരമുള്ള മോചനത്തിനുവേണ്ടി പ്രവര്‍ത്തിക്കുന്നതിനുപകരം ഇഹലോകത്തില്‍ തന്നെ ദരിദ്രരുടെ നില മെച്ചപ്പെടുത്തുന്നതിനുവേണ്ടി പള്ളി എന്തെങ്കിലും ചെയ്യണമെന്ന് താല്‍പര്യപ്പെടുന്നതുമായ 'വിമോചന ദൈവശാസ്ത്ര'ത്തോട് അവര്‍ക്ക് അസുഖകരമായ ബന്ധമാണ് ഉണ്ടായിരുന്നത്. മാര്‍ക്സിന്‍റെ പ്രത്യയശാസ്ത്രത്താല്‍ സ്വാധീനിക്കപ്പെട്ട ലാറ്റിനമേരിക്കന്‍ പുരോഹിതരില്‍ പലര്‍ക്കും ലാറ്റിനമേരിക്കയിലെ സൈനിക സേച്ഛാധിപത്യ ഭരണങ്ങളുടെ അടിച്ചമര്‍ത്തലിനെ നേരിടേണ്ടിവന്നിട്ടുണ്ട്; അത്തരം ഭരണങ്ങളോട് അവര്‍ ശത്രുതയിലായിരുന്നുതാനും. ചില പുരോഹിതന്മാരാകട്ടെ, ഗറില്ലാ സമരങ്ങളില്‍ പങ്കെടുക്കുകപോലുമുണ്ടായിട്ടുണ്ട്. അത്തരം പുരോഹിതന്മാരില്‍ പ്രധാനപ്പെട്ട ആളായിരുന്നു, ഫാദര്‍ മിഗ്വല്‍ ബോക്മാന്‍. 1977 ഒക്ടോബറില്‍ നിക്കരാഗ്വയിലെ സാന്ദിനിസ്റ്റുകളോട് ചേര്‍ന്ന അദ്ദേഹം, 1979 ല്‍ സാന്ദിനിസ്റ്റയുടെ വിജയത്തെത്തുടര്‍ന്ന് ഡാനിയല്‍ ഒര്‍ട്ടേഗയുടെ മന്ത്രിസഭയില്‍ വിദേശകാര്യമന്ത്രിയായിത്തീരുകയും ചെയ്തു. ഒരു രാഷ്ട്രീയ പദവി സ്വീകരിച്ചതിന് 1980ല്‍ പോപ്പ് ജോണ്‍ പോള്‍ രണ്ടാമന്‍ അദ്ദേഹത്തെ കത്തോലിക്കാപള്ളിയില്‍നിന്ന് പുറത്താക്കി; എന്നാല്‍ അദ്ദേഹം നിക്കരാഗ്വായുടെ വിദേശകാര്യമന്ത്രിയായി 1990 വരെ തുടര്‍ന്നു. 2008ല്‍ ആഗോളസാമ്പത്തിക പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടകാലത്ത്, അദ്ദേഹം ഐക്യരാഷ്ട്രസഭയുടെ ജനറല്‍ അസംബ്ലിയുടെ പ്രസിഡന്‍റായിരുന്നു. ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തിക്കൊണ്ട് ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിന്‍ കീഴില്‍, ലോകത്തിലെ എല്ലാ രാജ്യങ്ങളുടെയും പങ്കാളിത്തത്തോടുകൂടിയ തുല്യതയുടെ അടിസ്ഥാനത്തിലുള്ള ഒരു പുതിയ ആഗോളസാമ്പത്തികക്രമം കെട്ടിപ്പടുക്കുന്നതിനുള്ള അദ്ദേഹത്തിന്‍റെ ശ്രമം വളരെ ശ്രദ്ധേയമായിരുന്നു. ഒരു പിടി സമ്പന്നരാഷ്ട്രങ്ങളുടെ അദ്ധ്യക്ഷതയിലുള്ള (അവര്‍ ഏതാനും ചില രാഷ്ട്രങ്ങളെക്കൂടി ഒപ്പം ചേര്‍ത്ത് ജി-20 എന്ന സഖ്യം ഉണ്ടാക്കി) നിലവിലുള്ള സാമ്പത്തിക ക്രമത്തിനുപകരം പുതിയ ക്രമത്തെ കൊണ്ടുവരുന്നതിനുള്ള ഈ പരിശ്രമം, സമ്പന്നരാഷ്ട്രങ്ങളുടെ മേധാവിത്വത്തിനുനേര്‍ക്കുള്ള ഒരു വെല്ലുവിളിതന്നെയായിരുന്നു.
മറ്റൊരു പ്രമുഖ വിമോചനദൈവശാസ്ത്രപ്രവര്‍ത്തകനായിരുന്നു പെറുവിലെ ഫാദര്‍ ഗുസ്താവോ ഗുട്ടിയ റെസ്. കടുത്ത ദാരിദ്ര്യത്തില്‍ വളര്‍ന്നുവന്ന അദ്ദേഹം മാര്‍ക്സിന്‍റെ ആദര്‍ശങ്ങളില്‍ ആകൃഷ്ടനായി. ഇത്രനാളും വത്തിക്കാന്‍ അദ്ദേഹത്തെ അകറ്റി നിര്‍ത്തി ക്കൊണ്ടിരിക്കുകയായിരുന്നു. എന്നാല്‍ പുതിയ പോപ്പുമായി അദ്ദേഹം സെപ്തംബറില്‍ കൂടിക്കാഴ്ച നടത്തി. "ഏറെക്കാലം അകറ്റിനിര്‍ത്തപ്പെട്ടിരുന്ന (യൂറോപ്പിലെങ്കിലും) വിമോചനദൈവശാസ്ത്രത്തിന് ലാറ്റിനമേരിക്കന്‍ പോപ്പ് സ്ഥാനമേറ്റനിലയ്ക്ക് ഇനിയും നിഴലില്‍ കഴിയാന്‍ സാധ്യമല്ല" എന്ന് സമര്‍ത്ഥിക്കുന്ന ഒരു ലേഖനം അദ്ദേഹം വത്തിക്കാന്‍ പത്രത്തില്‍ എഴുതിയതിനോടൊപ്പമാണ് ഈ കൂടിക്കാഴ്ച നടന്നത്. ഒരു ലാറ്റിനമേരിക്കന്‍ പുരോഹിതന്‍ പോപ്പായി തെരഞ്ഞെടുക്കപ്പെട്ടതോടുകൂടി ലാറ്റിനമേരിക്കയിലെ ചലനങ്ങള്‍ വത്തിക്കാനിലും എത്തിച്ചേര്‍ന്നിരിക്കുന്നു.
സമകാലീന മുതലാളിത്തത്തിന്‍ കീഴിലെ (അതായത് അന്താരാഷ്ട്ര ധനമൂലധനത്തിന്‍റെ മേധാവിത്വത്തിന്‍റെ കാലഘട്ടത്തിലുള്ള മുതലാളിത്തം) യാഥാര്‍ത്ഥ്യത്തിന്‍റെ പ്രതിഫലനമാണ് ഈ ചലനങ്ങളെല്ലാം. രണ്ടാംലോകമഹായുദ്ധാനന്തര കാലഘട്ടത്തില്‍ കോളനികള്‍ ഇല്ലാതായിക്കൊണ്ടിരുന്നു; തൊഴിലവസരം വര്‍ദ്ധിപ്പിക്കുന്നതിനുവേണ്ടി മുതലാളിത്തം, കെയിന്‍സിന്‍റെ ഡിമാന്‍റ് മാനേജ്മെന്‍റ് നടപടികള്‍ സ്വീകരിച്ചു; അതിന്‍റെ ഫലമായി ഉയര്‍ന്ന ഉല്പാദനവളര്‍ച്ചയുണ്ടായി; തൊഴിലാളികളുടെ ഉല്‍പാദനക്ഷമത വര്‍ദ്ധിച്ചു; വികസിത മുതലാളിത്തരാജ്യങ്ങളില്‍ ഉയര്‍ന്ന നിരക്കിലുള്ള യഥാര്‍ത്ഥ വേതനവളര്‍ച്ചയുമുണ്ടായി. അതിന്‍റെ ഫലമായി ദാരിദ്ര്യത്തെ സഹജമായി ജനിപ്പിക്കുന്ന വ്യവസ്ഥയല്ല മുതലാളിത്തം എന്നും ഇനി അഥവാ അസമത്വം വര്‍ദ്ധിക്കുന്നുവെങ്കില്‍ത്തന്നെ, ഗവണ്‍മെന്‍റിന്‍റെ ഇടപെടലിലൂടെ അത് ഇല്ലാതാക്കാന്‍ കഴിയും എന്നും കേവലമായ ദാരിദ്ര്യത്തില്‍ അത് വര്‍ദ്ധനയൊന്നും ഉണ്ടാക്കാന്‍ പോകുന്നില്ല എന്നുമുള്ള ധാരണയും ഉണ്ടായി. കൊളോണിയലിസത്തിന്‍റെ കാലഘട്ടത്തില്‍ മൂന്നാംലോകരാജ്യങ്ങളില്‍ എത്രയോ വര്‍ഷങ്ങളായി കടുത്ത ദാരിദ്ര്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയായിരുന്നു എന്ന വസ്തുത, രണ്ടാംലോകയുദ്ധാനന്തരമുണ്ടായ, "പരിഷ്കരിച്ച മുതലാളിത്ത"ത്തെ സംബന്ധിച്ച കോലാഹലത്തിനിടയില്‍ വിസ്മരിക്കപ്പെട്ടു. (ഉദാഹരണത്തിന് ഇരുപതാംനൂറ്റാണ്ടിന്‍റെ തുടക്കത്തില്‍ ബ്രിട്ടീഷ് ഇന്ത്യയിലെ പ്രതിവര്‍ഷ ആളോഹരി ഭക്ഷ്യധാന്യ ലഭ്യത ഏതാണ്ട് 200 കിലോഗ്രാം ആയിരുന്നത് സ്വാതന്ത്ര്യം ലഭിക്കുന്ന സന്ദര്‍ഭമായപ്പോഴേക്ക് 136 കിലോഗ്രാം ആയി കുറഞ്ഞിരുന്നു.)
ധനമൂലധനം പിന്‍വാങ്ങിത്തുടങ്ങിയ അത്യസാധാരണമായ ഒരു കാലഘട്ടത്തിന്‍റെ ഉല്‍പന്നമായിരുന്നു ആ കാലഘട്ടം; കിഴുക്കാംതൂക്കായ ഒരു മാര്‍ഗ്ഗത്തിന്‍റെ ഒത്തമുകളില്‍ ഇരിക്കുന്ന അവസ്ഥ; ആഗോളസോഷ്യലിസ്റ്റ് വിപ്ലവം ഉണ്ടായേക്കുമോ എന്ന ഭീഷണി ലോകത്തെയാകെ വിഴുങ്ങിയ കാലഘട്ടം; അതിനാല്‍ മുതലാളിത്തത്തിന്‍റെ നിലനില്‍പ്പിനുവേണ്ടി സൗജന്യങ്ങള്‍ നല്കിക്കൊണ്ടിരുന്ന കാലം; മുതലാളിത്തത്തിന്‍റെ സാധാരണമായ സഹജപ്രവണതകളൊന്നും പ്രതിഫലിപ്പിക്കാത്ത കാലം. എന്നിട്ടും പഴയകാലത്തിന്‍റെ പ്രത്യയശാസ്ത്രപരമായ സ്വാധീനം നിലനിന്നിരുന്നുതാനും. എന്നാല്‍ മൂലധനത്തിന്‍റെ കേന്ദ്രീകരണത്തോടും ആഗോളവല്‍ക്കൃതമായ ധനമൂലധനത്തിന്‍റെ ആവിര്‍ഭാവത്തോടുംകൂടി, മുതലാളിത്തത്തിന്‍റെ യഥാര്‍ത്ഥസ്വഭാവം, കോളനി ഭരണകാലത്തിലേതെന്നപോലെ, ഒരിക്കല്‍ക്കൂടി തുറന്നുകാട്ടപ്പെട്ടിരിക്കുന്നു. അത് കെയിന്‍സിന്‍റെ ഡിമാന്‍റ്-മാനേജ്മെന്‍റ് സിദ്ധാന്തത്തെയും (അതിന്‍റെ ഇന്നത്തെ പേരാണ് ധനപരമായ ചെലവുചുരുക്കല്‍) ഏതെങ്കിലും തരത്തിലുള്ള ദേശീയ സാമ്പത്തികനയം അനുവര്‍ത്തിച്ചുവന്ന മൂന്നാംലോകരാജ്യങ്ങളിലെ നിയന്ത്രിത വ്യവസ്ഥകളേയും ചുരുട്ടിക്കൂട്ടി വെച്ചിരിക്കുന്നു; ലോകത്തെയാകെ നവലിബറലിസത്തിന്‍റെ മാറാലയില്‍ പൊതിഞ്ഞിരിക്കുന്നു; അതുകാരണം മുതലാളിത്തത്തിന്‍റെ സഹജമായ പ്രവണതകള്‍ നിയന്ത്രണരഹിതമായി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. മാര്‍ക്സ് ചൂണ്ടിക്കാണിച്ചതുപോലെ, സമ്പത്തിന്‍റെ വളര്‍ച്ച ഒരു ധ്രുവത്തിലും ദാരിദ്ര്യം മറു ധ്രുവത്തിലും കേന്ദ്രീകരിക്കുന്ന അവസ്ഥ ഇതുമൂലം സംജാതമാകുന്നു. ഒരിക്കല്‍കൂടി, ലോകത്തൊട്ടാകെ പ്രതിശീര്‍ഷ ഭക്ഷ്യധാന്യ ലഭ്യത ഇടിയുന്നതായും ലോകദാരിദ്ര്യത്തിന്‍റെ അളവ് വര്‍ദ്ധിക്കുന്നതായും നാം കാണുന്നു. കേവലമായ ദാരിദ്ര്യം വര്‍ദ്ധിക്കുന്നു എന്നതിന്‍റെ വ്യക്തമായ തെളിവാണല്ലോ അത്.
അവിതര്‍ക്കിതമായ വസ്തുത
ദാരിദ്ര്യത്തെ ജനിപ്പിക്കുന്ന മുതലാളിത്ത സ്വഭാവം, അവിതര്‍ക്കിതമായ ഒരു വസ്തുതയാണ്. ഇടതു പ്രത്യയശാസ്ത്രത്തിന്‍റെ ആണിക്കല്ല് അതാണ്. ഇടതുപക്ഷത്തിന്‍റെ അവസാനത്തെക്കുറിച്ച് എത്ര ഘോരഘോരം പ്രഖ്യാപനം നടത്തിയാലും ശരി, മുതലാളിത്തത്തിന്‍റെ വിജയത്തെക്കുറിച്ച് എത്ര കൊട്ടിഘോഷിച്ചാലും ശരി, സോഷ്യലിസത്തിന്‍റെ തകര്‍ച്ചയെക്കുറിച്ച് എത്രമാത്രം ആഘോഷിച്ചാലും ശരി, മേല്‍പ്പറഞ്ഞ വസ്തുത നിലനില്‍ക്കുന്നിടത്തോളം കാലം, മനുഷ്യവിമോചനത്തിനായുള്ള ഇടതുപക്ഷ പ്രത്യയശാസ്ത്രത്തിന്‍റെ മര്മസ്ഥാന ം നിലനില്‍ക്കുകതന്നെ ചെയ്യും.
പോപ്പ് ഫ്രാന്‍സിസിന്‍റെ പ്രഖ്യാപനം, വളരെ വ്യത്യസ്തവും അസാധാരണവുമായ ഒരു കോണില്‍ നിന്നാണ് വരുന്നതെങ്കില്‍ത്തന്നെയും ദാരിദ്ര്യത്തെ ജനിപ്പിക്കുന്ന മുതലാളിത്ത സ്വഭാവത്തെ അതു തുറന്നുകാട്ടുന്നു. അതിനാല്‍ ഇടതുപക്ഷം അതിനെ സ്വാഗതം ചെയ്യേണ്ടതാണ്. പോപ്പ് ഒരു സോഷ്യലിസ്റ്റ് അല്ല. എന്നാല്‍ അദ്ദേഹത്തിന്‍റെ ആരംഭബിന്ദുവും നമ്മുടേതും ഒരേയിടത്ത് കൂടിച്ചേരുന്നു. അത് നവലിബറലിസത്തിന്‍റെ മാപ്പുസാക്ഷികളും എന്തുചെയ്തിട്ടായാലും വളര്‍ച്ച കൈവരിക്കണമെന്ന് വാദിക്കുന്നവരും മുന്നോട്ടുവയ്ക്കുന്ന ആരംഭബിന്ദുവില്‍ നിന്ന് തികച്ചും വ്യത്യസ്തമാണത്. ഇക്കാര്യത്തില്‍ പോപ്പ് ഫ്രാന്‍സിസിന് പറയാനുള്ളത് ഉദ്ധരിക്കുന്നത് ഉച ിതമായിരിക്കും:
"സ്വതന്ത്ര വിപണിയാല്‍ പ്രോത്സാഹിപ്പിക്കപ്പെടുന്ന സാമ്പത്തിക വളര്‍ച്ച ലോകത്തില്‍ കൂടുതല്‍ നീതി ലഭ്യമാക്കുകയും സര്‍വരേയും ഉള്‍പ്പെടുത്തുകയും ചെയ്യുന്നതില്‍ അനിവാര്യമായും വിജയിക്കുകതന്നെ ചെയ്യും എന്നനുമാനിക്കുന്ന, കിനിഞ്ഞിറങ്ങല്‍ സിദ്ധാന്തത്തെ ചില ആളുകള്‍ ഇപ്പോഴും ന്യായീകരിക്കുന്നുണ്ട്.എന്നാല്‍ വസ്തുതകളാല്‍ ഒരിക്കലും സമര്‍ത്ഥിക്കപ്പെട്ടിട്ടില്ലാത്തതാണ് ഈ അഭിപ്രായം. സാമ്പത്തികാധികാരം കയ്യാളുന്നവരുടെയും നിലവിലുള്ള സാമ്പത്തിക വ്യവസ്ഥയുടെ പ്രവര്‍ത്തനത്തിന്‍റെയും നന്മയില്‍ കാപട്യപൂര്‍വ്വം വിശ്വാസം അര്‍പ്പിക്കുകയാണ് അത് ചെയ്യുന്നത്".
സോഷ്യലിസ്റ്റ് റിപ്പബ്ലിക് ആണെന്ന് ഭരണഘടനയിലൂടെ പ്രഖ്യാപിച്ചിട്ടുള്ള നമ്മുടേതുപോലുള്ള ഒരു രാജ്യത്ത് ഭരണവ്യവസ്ഥയുടെ അഭിപ്രായം റോമന്‍ കത്തോലിക്കാപള്ളിയുടെ തലവന്‍റേതിനേക്കാള്‍ എത്രയോ കൂടുതല്‍ വലത്തോട്ട് നീങ്ങിയതാണ് എന്നത് വിരോധാഭാസം തന്നെ. എന്നാല്‍ സാമ്പത്തികാധികാരങ്ങള്‍ കയ്യാളുന്നവരുടെ നന്മയില്‍ വിശ്വാസമര്‍പ്പിക്കുന്നതിനെതിരായി മുന്നറിയിപ്പ് നല്‍കുന്ന പോപ്പ് ഫ്രാന്‍സിസിന്‍റെ വാക്കുകളെ അത് സമര്‍ത്ഥിക്കുക മാത്രമാണ് ചെയ്യുന്നത്.
Featured Posts
Recent Posts
bottom of page