top of page
തന്റെ മരണം അടുത്തു എന്ന് യേശുവിന് കൃത്യമായി ബോധ്യം ഉണ്ടായിരുന്നു. ഓരോ സുവിശേഷത്തിലും അക്കാര്യം വ്യക്തമായും കൃത്യമായും യേശു പലതവണയായി ശിഷ്യരോട് പറയുന്നത് കാണാം.
തന്റെ മരണം തൊട്ടടുത്തത്തി എന്ന് പത്രോസിനും അറിയാമായിരുന്നു. അക്കാര്യം പത്രോസ് എഴുതുന്നത് ഇങ്ങനെയാണ്: "എന്തെന്നാൽ നമ്മുടെ കർത്താവായ യേശുക്രിസ്തു എനിക്ക് വെളിപ്പെടുത്തി തന്നിട്ടുള്ളത് പോലെ, കൂടാരത്തിൽ നിന്നുള്ള എൻ്റെ വേർപാടിന്റെ സമയം അടുത്തെത്തിയിരിക്കുന്നു." 2 പത്രോ. 1:14
തന്റെ മരണം തൊട്ടടുത്തെത്തിയെന്ന് പൗലോസിനും വ്യക്തമായി അറിയാമായിരുന്നു. അദ്ദേഹം അക്കാര്യം എഴുതുന്നത് ഇങ്ങനെയാണ്: "ഞാൻ ബലിയായി ചൊരിയപ്പെടേണ്ട സമയം ആസന്നമായിരിക്കുന്നു. എന്റെ വേർപാടിന്റെ സമയം സമാഗതമായി." 2 തിമോ. 4:6
ഇപ്പറഞ്ഞതൊന്നും സാധാരണമായ, കട്ടിലിൽ കിടന്നുള്ള മരണങ്ങളല്ല. വളരെ ഹിംസാത്മകമായ അന്ത്യങ്ങൾ. എന്നിട്ടും എത്ര പ്രസാദാത്മകമായാണ് അവരൊക്കെയും അതിനെ ഉൾക്കൊള്ളുന്നതും സ്വീകരിക്കുന്നതും!
ഇവിടെയൊക്കെ നോക്കിയാൽ തൊട്ടടുത്ത വാക്യത്തിൽ വലിയ മഹത്വത്തിൻ്റെ പ്രഭ ഒളിവീശുന്നതുകാണാം.
വിധി, പരിഹാസം, തുപ്പൽ, പ്രഹരം, കൊല്ലപ്പെടൽ - തൊട്ടടുത്ത ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന കാര്യങ്ങളെ യേശു സംഗ്രഹിക്കുന്നത് മേല്പറഞ്ഞ വാക്കുകളിലൂടെയാണ്. "മൂന്നു ദിവസത്തിനു ശേഷം ഉയിർത്തെഴുന്നേല്ക്കും " എന്ന് പറയുന്നിടത്താണ് അവൻ ആശയം പൂർണ്ണമാക്കുന്നത്.
കൗശലപൂർവ്വം മെനഞ്ഞെടുത്ത കല്പിത കഥകളല്ല താൻ പറഞ്ഞതെന്നും താൻ നേരിൽ കണ്ടതും കേട്ടതും അഭൗമമായിരുന്നു എന്നും പറഞ്ഞാണ് പത്രോസ് മഹത്വത്തിൻ്റെ വർണ്ണന അവസാനിപ്പിക്കുന്നത്.
പൗലോസാകട്ടെ, നീതിപൂർവ്വം വിധിക്കുന്നവൻ മഹത്ത്വത്തിൻ്റെ കിരീടം തന്നെ അണിയിക്കും എന്ന് പറഞ്ഞാണ് വാക്കുകൾ പൂർണ്ണമാക്കുന്നത്.
യേശുവിൻ്റേത് പ്രവചനമാണ്.
പത്രോസിൻ്റേത് പ്രത്യാശയാണ്.
പൗലോസിൻ്റേത് വിശ്വാസമാണ്.
Featured Posts
bottom of page