top of page

സ്തുതിയുയരുന്ന ഹൃദയം

Jan 1, 2014

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Singing praise to God.

ഓര്‍മ്മകള്‍ നമ്മെ സ്വാധീനിക്കുന്നുണ്ട്. ദുഃഖത്തിന്‍റെ ഓര്‍മ്മകള്‍ നമ്മെക്കൊണ്ടു ദുഃഖഗാനങ്ങള്‍ പാടിപ്പിക്കും. സന്തോഷമുള്ള ഓര്‍മ്മകള്‍ നമ്മെക്കൊണ്ടു സ്തോത്രഗാനങ്ങള്‍ പാടിപ്പിക്കും. മനസ്സിലെ ഓര്‍മ്മകള്‍ നമ്മുടെ നാവിലൂടെ പുറത്തു വരും. പരിശുദ്ധമറിയത്തിന്‍റെ മനസ്സില്‍ നിറഞ്ഞുനിന്ന ഓര്‍മ്മകള്‍ മാതാവിനെക്കൊണ്ടു സ്തോത്രഗീതം പാടിപ്പിച്ചു. മൂന്ന് ഓര്‍മ്മകളാണ് മാതാവിന്‍റെ മനസ്സില്‍ നിറഞ്ഞുനിന്നത്! ഒന്നാമതായി, മറിയത്തിന്‍റെ മനസ്സിലുണ്ടായിരുന്ന ഓര്‍മ്മ ദൈവം അവളുടെ ജീവിതത്തില്‍ ചെയ്ത പ്രവൃത്തികളെക്കുറിച്ചായിരുന്നു. 'ശക്തനായവന്‍ എനിക്ക് വലിയ കാര്യങ്ങള്‍ ചെയ്തിരിക്കുന്നു' എന്നാണ് മറിയം പറഞ്ഞത്! നിസ്സാരപ്പെട്ടവളും പാവപ്പെട്ടവളുമായ മറിയത്തെ ദൈവപുത്രന്‍റെ മാതാവാക്കി ദൈവം ഉയര്‍ത്തി. ഇതിലും വലുതായി എന്തുകാര്യമാണുള്ളത്? ദൈവത്തിന്‍റെ ഈ പ്രവൃത്തി മറിയത്തെ ആനന്ദിപ്പിച്ചു. നമ്മുടെയൊക്കെ ജീവിതത്തിലേക്കു തിരിഞ്ഞുനോക്കുമ്പോള്‍ ഇതുതന്നെയല്ലേ പറയുവാന്‍ കഴിയൂ? നമ്മുടെ യോഗ്യതകള്‍ പരിഗണിക്കാതെ നമ്മെ അനുഗ്രഹിക്കുന്ന ദൈവം. ജീവിതപങ്കാളി, മക്കള്‍, ഭവനം, സമ്പത്ത് എന്നിവയെല്ലാം ദൈവത്തിന്‍റെ ദാനമല്ലേ? ദൈവകൃപ മാത്രമാണ് നമ്മുടെ ബലം. അര്‍ഹിക്കാത്ത ഭാഗ്യങ്ങള്‍ നമ്മുടെ ജീവിതത്തില്‍ ദൈവം വര്‍ഷിച്ചതിനെ ഓര്‍ത്ത് നാം ദൈവത്തിനു നന്ദി പറയണം.


രണ്ടാമതായി, മറിയം കണ്ടത് പാവപ്പെട്ടവരില്‍ ദൈവം ചെയ്ത പ്രവൃത്തികളാണ്. "ദരിദ്രരെ അവിടുന്നു സമ്പന്നരാക്കി" എന്നാണ് മറിയം പാടിയത്. ദരിദ്രരായ ജോവാക്കിമിനെയും അന്നയെയും ദൈവം അനുഗ്രഹിച്ചത് മറിയം കണ്ടു. ഒന്നുമില്ലാത്തവരും ഒന്നുമല്ലാത്തവരുമായ വ്യക്തികളെ ദൈവം തെരഞ്ഞെടുത്ത് ഉയര്‍ത്തിയത് മറിയം കണ്ടിരുന്നു. ദരിദ്രരായ ആട്ടിടയരെ പ്രവാചകരായി ഉയര്‍ത്തിയ ദൈവം. ഇടയച്ചെറുക്കനെ രാജാവാക്കിയ ദൈവം. ഇതെല്ലാം മാതാവിന്‍റെ മനസ്സിലുണ്ടായിരുന്നു. പഴയനിയമത്തിലെ യഹോവയുടെ പാവങ്ങളെ മറിയത്തിനു പരിചയമുണ്ടായിരുന്നു. എല്ലാമുണ്ടായിട്ടും ഒന്നും വേണ്ടെന്നുവച്ചു ജീവിക്കുവാന്‍ ഈ ചിന്തകള്‍ മറിയത്തിനു ശക്തി നല്‍കി. ദൈവകുമാരന്‍റെ മാതാവിന് ആഗ്രഹമുള്ളതൊക്കെ സ്വന്തമാക്കാം. പക്ഷേ മറിയം ഇതൊന്നും ആഗ്രിക്കുന്നില്ല. ഏശയ്യാ 64/8 ല്‍ പറയുന്നതുപോലെ മറിയം പറഞ്ഞു: "ഞാന്‍ കളിമണ്ണാണ്. ദൈവം കുശവനും, അവനിഷ്ടമുള്ളതുപോലെ അവന്‍ വാര്‍ത്തെടുക്കട്ടെ," ഈ ഭൂമിയില്‍ ഒന്നുമില്ലാത്തവരായി നാം കാണപ്പെട്ടേക്കാം. ഒന്നുമില്ലാത്തവനും ആരുമില്ലാത്തവനും ദൈവം കാവലുണ്ടാകും. ഇല്ലായ്മകളെക്കുറിച്ച് ആകുലപ്പെടരുത്. സൃഷ്ടിയില്ലെങ്കിലും സ്രഷ്ടാവ് സ്വന്തമായുണ്ടെന്ന് ഓര്‍ത്താല്‍ നാം മറിയത്തെപ്പോലെ സ്തോത്രഗീതം പാടും.


മൂന്നാമതായി, തന്‍റെ ജനമായ ഇസ്രായേലിന്‍റെ മേല്‍ ദൈവം വര്‍ഷിച്ച അനുഗ്രഹങ്ങളെയോര്‍ത്ത് മറിയം സ്തുതിഗീതം പാടുന്നു. 40 വര്‍ഷം മരുഭൂമിയില്‍ അലഞ്ഞപ്പോള്‍ ദൈവം നല്‍കിയ പരിപാലനയെ മറിയം ഓര്‍ത്തു. ഭരിക്കുവാന്‍ രാജാക്കന്മാരെയും തിരുത്തുവാന്‍ പ്രവാചകന്മാരെയും വിശുദ്ധീകരിക്കുവാന്‍ പുരോഹിതരെയും നല്‍കിയ ദൈവം. ആവശ്യങ്ങളില്‍ തന്‍റെ ജനത്തിന്‍റെ കൂടെ നടന്ന ദൈവം. വിശന്നപ്പോള്‍ മന്നയായും ദാഹിച്ചപ്പോള്‍ വെള്ളമായും മാംസത്തിനു വേണ്ടി കൊതിച്ചപ്പോള്‍ കാടപക്ഷിയായും കടന്നുവന്ന ദൈവം. വെയില്‍ വന്നപ്പോള്‍ മേഘമായും ഇരുട്ടു വന്നപ്പോള്‍ ദീപസ്തംഭമായും ഒപ്പം നടന്ന ദൈവം. ഇതെല്ലാം മറിയത്തിന്‍റെ ഹൃദയത്തെ ജ്വലിപ്പിച്ചു. ഇന്നത്തെ നമ്മുടെ ജീവിതസാഹചര്യങ്ങളിലും ദൈവത്തിന്‍റെ ഇടപെടലുകള്‍ നാം കണ്ടെത്തണം. വ്യക്തികളിലും സമൂഹത്തിലും ഓരോരോ നന്മകള്‍ കാണുമ്പോള്‍ നാം ദൈവത്തെ സ്തുതിക്കണം. അപരന്‍റെ നന്മകള്‍ എനിക്കു വരാനിരിക്കുന്ന നന്മയുടെ സൂചനയായി ഞാന്‍ കാണണം. ലോകത്തിലുള്ള ഏതു മനുഷ്യന്‍റെയും നൊമ്പരം നമ്മുടെ നൊമ്പരമായി കാണുവാനും ഏതൊരുവന്‍റെയും സന്തോഷം എന്‍റെ സന്തോഷമായി കാണുവാനും കഴിയുമ്പോള്‍ നമ്മുടെ ഹൃദയം നന്മയാല്‍ നിറയും. ആ സന്തോഷത്തില്‍നിന്നും പുറത്തു വരുന്ന വാക്കുകള്‍ സ്തോത്രഗീതങ്ങളായി ഉയരട്ടെ. ഒരു പുതിയ വര്‍ഷത്തില്‍ ഒരു പുതിയ ഹൃദയം നമ്മില്‍ വളരട്ടെ.

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

0

Featured Posts

bottom of page