
ദൈവവുമായി ബന്ധപ്പെടുവാന്‍ മനുഷ്യനു ലഭിച്ചിരിക്കുന്ന വഴിയാണ് പ്രാര്‍ത്ഥന. ജീവിതത്തെ രൂപാന്തരപ്പെടുന്ന ശക്തിയാണ് പ്രാര്‍ത്ഥന. പ്രാര്‍ത്ഥനയുടെ വിവിധ രീതികളെക്കുറിച്ചു വിശുദ്ധ ബൈബിള്‍ നമ്മെ പഠിപ്പിക്കുന്നുണ്ട്. യേശുവിനെക്കുറിച്ചു ബൈബിളില്‍ പറയുന്ന ഏക ടൈംറ്റേബിള്‍ അവന്‍ പതിവുപോലെ പ്രാര്‍ത്ഥിക്കുവാന്‍ പോയി എന്നതാണ്. ഏകാന്തതയില്‍ ശാന്തനായി പ്രാര്‍ത്ഥിച്ചാണ് കുരിശു വഹിക്കുവാനുള് ള ശക്തി യേശു ആര്‍ജ്ജിച്ചത്. പ്രാര്‍ത്ഥന നമ്മുടെ പതിവാകണം. പഴയ കാലങ്ങളില്‍ കൃത്യമായി പതിവായി പ്രാര്‍ത്ഥിച്ചിരുന്ന പാരമ്പര്യം നമുക്കുണ്ടായിരുന്നു. കുട്ടികളെ പ്രാര്‍ത്ഥിക്കുവാന്‍ പഠിപ്പിച്ച പതിവ് ഇന്ന് അന്യം നിന്നു പോയിരിക്കുന്നു. വ്യക്തിപരമായും സമൂഹമായും പ്രാര്‍ത്ഥിക്കുന്ന പതിവിലേക്കു നാം തിരിച്ചു പോകണം.
യഥാര്‍ത്ഥത്തില്‍ പ്രാര്‍ത്ഥിക്കുമ്പോള്‍ നമ്മില്‍ എന്താണ് സംഭവിക്കുന്നത്? പ്രാര്‍ത്ഥനാ വിഷയത്തിലലല്ല പിന്നെയോ പ്രാര്‍ത്ഥിക്കുന്ന വ്യക്തിയിലാണ് മാറ്റം വരുത്തുക. "കാസാ മാറ്റിത്തരണമേ" എന്ന് കര്‍ത്താവ് പ്രാര്‍ത്ഥിച്ചു. കാസാ കുടിക്കുവാനുള്ള ശക്തി യേശുവിന് ലഭിച്ചു. 'മുള്ളു' മാറ്റിത്തരണമേ എന്നു പൗലോസ് പ്രാര്‍ത്ഥിച്ചു. ഏതു മുള്ളിന്‍റെയും കുത്തേറ്റ് തളരാതിരിക്കാന്‍ അവന്‍റെ കൃപ മതി എന്നു കര്‍ത്താവ് ഓര്‍മ്മിപ്പിച്ചു. മാരകമായ രോഗം മാറ്റണമേ എന്നു പ്രാര്‍ത്ഥിക്കുമ്പോള്‍ ആ രോഗത്തെ തളരാത്ത മനസ്സോടെ നേരിടുവാനുള്ള ശക്തി എനിക്കു ലഭിക്കുന്നു. നമ്മള്‍ ശരിക്കും പ്രാര്‍ത്ഥിക്കുമ്പോള്‍ താബോര്‍ മലയില്‍ സഭവിച്ച കാര്യങ്ങള്‍ (മത്താ. 17:1-8) നമ്മില്‍ ആവര്‍ത്തിക്കും. താബോര്‍ മലമുകളില്‍ യേശു പ്രാര്‍ത്ഥിച്ചപ്പോള്‍ അവന്‍റെ മുഖം പ്രകാശിക്കുകയും അവന്‍റെ വസ്ത്രങ്ങള്‍ വെട്ടിത്തിളങ്ങുകയും ചെയ്തു. ഉള്ളില്‍ വെറുപ്പുണ്ടെങ്കില്‍ മുഖം വീര്‍ത്തിരിക്കും. ഉള്ളില്‍ നിരാശയാണെങ്കില്‍ മുഖം വരണ്ടിരിക്കും. ഉള്ളില്‍ പ്രാര്‍ത്ഥനയുണ്ടെങ്കില്‍ മുഖം പ്രകാശിച്ചിരിക്കും. ദൈവീകചൈതന്യം പ്രാര്‍ത്ഥന വഴി ഹൃദയത്തില്‍ നിറയുമ്പോള്‍ നമ്മുടെ മുഖം പ്രകാശിച്ചിരിക്കും.
താബോര്‍ മലരൂപാന്തരീകരണത്തിന്‍റെ മലയാണ്. ഒരു വലിയ വ്യക്തത ആ മലമുകളിലെ പ്രാര്‍ത്ഥനയില്‍ വച്ചു ക്രിസ്തു ശിഷ്യര്‍ക്കു പകര്‍ന്നു കൊടുത്തു. പ്രവാചകനായ ഏലിയായേയും നിയമം നല്‍കിയ മോശയേയും കാണിച്ചിട്ടു ദൈവം പറയുന്നു "ഇനി ഇവന്‍ പറയുന്നതു കേള്‍ക്കുക, യേശുവിന്‍റെ വരവോടെ പ്രവാചകന്മാരും നിയമവും കടന്നുപോയി. ഇനി സുവിശേഷത്തിന്‍റെ പുതിയവത്സരം. ഇന്നലെകളില്‍ സംഭവിച്ചതെല്ലാം ഇന്നത്തെ നന്മയ്ക്ക് വേണ്ടിയാണെന്നുള്ള തിരിച്ചറിവു ശിഷ്യര്‍ക്കു ലഭിക്കുന്നു. എന്‍റെ ബുദ്ധിക്കും യുക്തിക്കും അഗ്രാഹ്യമായ പലതും ദൈവം എന്‍റെ നന്മയ്ക്കുവേണ്ടി ക്രീകരിക്കുമെന്ന തിരിച്ചറിവു പ്രാര്‍ത്ഥന നമുക്കു സമ്മാനിക്കുന്നു.
"ഭയപ്പെടേണ്ട" എന്ന സ്വരമാണ് അവസാനമായി ഉയര്‍ന്നത്. ആഴമായ പ്രാര്‍ത്ഥനാ അനുഭവമുള്ളവര്‍ക്ക് ഒന്നിനെയും ഭയമില്ല. ദൈവഭയം മാത്രമാണ് അവരെ നയിക്കുന്നത്. ഭാവിയെക്കുറിച്ചോ, രോഗത്തെക്കുറിച്ചോ സമ്പത്തിനെക്കുറിച്ചോ ഒന്നും ആകുലതയില്ല. പ്രാര്‍ത്ഥന കഴിഞ്ഞ തോമാശ്ലീഹാ പറഞ്ഞു "നമുക്കും അവനോടൊപ്പം പോയി മരിക്കാം". ഗത്സമനിലെ പ്രാര്‍ത്ഥന കഴിഞ്ഞ് യേശു പറഞ്ഞു: "എന്നെ ഒറ്റി കൊടുക്കുവാന്‍ വരുന്നവന്‍റെ കയ്യിലേക്ക് സ്വയം ഏല്പിച്ചു കൊടുക്കാം". താബോര്‍ മലമുകളില്‍ വെച്ചു പറഞ്ഞു: "ധൈര്യമായിരിക്കുക. താഴ്വരയിലെക്കു പോകാം. മതപീഢകരുടെ മുമ്പില്‍ ആദിമസഭയെ പിടിച്ചു നിറുത്തിയത് ഈ ധാര്യമായിരുന്നു" "ഭയപ്പെടേണ്ടാ ഞാന്‍ കൂടെയുണ്ട്" (ഏശ. 43:5) എന്നു പറഞ്ഞവന്‍ ലോകാവസാനംവരെ കൂടെ നടക്കുന്നവനാണ്. പ്രാര്‍ത്ഥനയില്‍ ഈ ധൈര്യമാണ് നമുക്കു ലഭിക്കുന്നത്.
യോഹന്നാന്‍റെ സുവിശേഷം 4-ാമധ്യായത്തില്‍ ശതാധിപന്‍ വഴിയില്‍ വച്ചു പ്രാര്‍ത്ഥിച്ചപ്പോള്‍ വീട്ടില്‍ അത്ഭുതം നടന്നു.
മഴ പെയ്യുന്നതുപോലെയാണ് പ്രാര്‍ത്ഥന. സമുദ്രത്തിലെ വെള്ളം നിരാവി ആയി ഉയര്‍ന്ന് മഴ മേഘമായി കെട്ടി കിടക്കും. പിന്നീട് മഴത്തുള്ളിയായി പെയ്തിറങ്ങുകയും ഒരമ്മയുടെ, ഒരപ്പന്‍റെ പ്രാര്‍ത്ഥന നീരാവി പോലെ ഉയരും. ദൂരെയുള്ള മനുഷ്യനില്‍ അനുഗ്രഹമായി പെയ്തിറങ്ങും. ആര്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കുന്നുവോ അവരുടെമേല്‍ അനുഗ്രഹമായി കൃപചൊരിയും. ഒരു സ്വിച്ച് ഓണ്‍ ചെയ്യുമ്പോള്‍ കുറച്ചു അകലെയുള്ള ട്യൂബ് തെളിയുന്നു. ഫാന്‍ കറങ്ങുന്നു. ഇതുപോലെയാണ് പ്രാര്‍ത്ഥനയില്‍ സംഭവിക്കുന്നത്.
പ്രാര്‍ത്ഥനയ്ക്ക് ഉത്തരം ലഭിക്കണമെങ്കില്‍ വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കണം. വി. മത്തായിയുടെ സുവിശേഷം 9-ാമധ്യായത്തില്‍ വിശ്വാസം കൊണ്ടുവരുന്ന അത്ഭുതം നാം വായിക്കുന്നുണ്ട്. ജനക്കൂട്ടത്തിന്‍റെ തിരക്കിനിടയില്‍ രക്തസ്രാവമുള്ള സ്ത്രീ അവന്‍റെ വസ്ത്രത്തിന്‍റെ വിളുമ്പില്‍ തൊട്ടു. ആ നിമിഷം രോഗം വിട്ടു മാറി. യേശു പറഞ്ഞു: "നിന്‍റെ വിശ്വാസം നിന്നെ രക്ഷിച്ചിരിക്കുന്നു". ഞാന്‍ ചോദിക്കുന്ന കാര്യം ദൈവം എനിക്കു നടത്തി തരുമെന്ന ദൃഢവിശ്വാസത്തോടെ ഞാന്‍ പ്രാര്‍ത്ഥിക്കണം. പ്രത്യാശിക്കുന്നവ ലഭിക്കുമെന്നുള്ള ഉറപ്പാണല്ലോ വിശ്വാസം. കൊച്ചുകുഞ്ഞുങ്ങള്‍ സ്വന്തം അമ്മയില്‍ വിശ്വസിക്കുന്നതുപോലെ ദൈവത്തില്‍ നാം വിശ്വസിക്കണം. ആ നിഷ്കളങ്ക വിശ്വാസത്തോടെ പ്രാര്‍ത്ഥിക്കുന്ന ആത്മാക്കളെ ദൈവം മറക് കില്ല.
ദൈവത്തോടു ചേര്‍ന്നിരുന്ന പ്രാര്‍ത്ഥിക്കുന്നവര്‍ക്ക് ദൈവം കാണുന്നതുപോലെ മനുഷ്യരെ കാണുവാന്‍ കഴിയും. ദൈവത്തിന്‍റെ മനസ്സും, കണ്ണും, കാതും പ്രാര്‍ത്ഥനവഴി നമുക്കു ലഭിക്കും. ശാന്തശീലവും വിനീതഹൃദയവുമുള്ള വ്യക്തികളായി നമ്മെ രൂപാന്തരപ്പെടുത്തുന്നത് പ്രാര്‍ത്ഥനയാണ്. യേശുവിന്‍റെ മാതൃക പിന്തുടര്‍ന്ന് പ്രാര്‍ത്ഥനാ ചൈതന്യത്തില്‍ നമുക്കും മുന്നേറാം. നിത്യപിതാവിന്‍റെ മുമ്പില്‍ നിരന്തരം പ്രാര്‍ത്ഥിക്കുന്ന യേശു നമ്മുടെ മാതൃകയായിരിക്കട്ടെ.