top of page

ജീവന്‍റെ സംരക്ഷണവും അവയവദാനവും

Aug 2, 2022

3 min read

ബമ
donate organs  and help others

ഒരു വ്യക്തിക്ക് സാധാരണ ജീവിതം അസാധ്യമാക്കും വിധം അവയവങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകുകയും ജീവന്‍ അപകടത്തിലാകുകയും ചെയ്യുമ്പോഴാണ് അവയവദാനത്തിന് ആവശ്യമുണ്ടാകുന്നത്. അവയവദാനം രണ്ടുവിധത്തിലാണ് നിര്‍വ്വഹിക്കപ്പെടുന്നത്. മരണാനന്തരവും ജീവിച്ചിരിക്കുന്ന അവസ്ഥയിലും. മരണാനന്തരമുളള  അവയവദാനം ഏറ്റവും പ്രോത്സാഹിപ്പിക്കേണ്ടതാണ്. മരിച്ച ഒരു വ്യക്തിയുടെ അവയവങ്ങള്‍ ജീവിച്ചിരിക്കുന്നവര്‍ക്ക് പ്രയോജനപ്പെടുത്താനുള്ള ഉദ്യമങ്ങള്‍ അനുകരണീയമാണ്. എന്നാല്‍ ഈ ആധുനികകാലഘട്ടത്തിലും നമ്മുടെ നാട്ടില്‍ മരണാനന്തരമാണെങ്കിലും അവയവദാനത്തിന് മരണത്തിനു മുമ്പ് ആ വ്യക്തിയുടെ സമ്മതം ആവശ്യമാണ്. അതുപോലെ ബന്ധുക്കളുടെ സഹകരണവും. ഈ മേഖലയില്‍ കൂടുതല്‍ ബോധവല്‍ക്കരണ പ്രവര്‍ത്തനങ്ങളിലൂടെ മരണാനന്തര അവയവദാനത്തിന്‍റെ ആവശ്യകതയെ സംബന്ധിച്ചുള്ള ബോധ്യം സമൂഹം കൈവരിക്കേണ്ടതാണ്. മനുഷ്യജീവന്‍റെ മഹത്ത്വവും ജീവന്‍ സംരക്ഷിക്കാന്‍ ഓരോ വ്യക്തിക്കും സാധിക്കുന്ന എല്ലാ പ്രവൃത്തികളും ഗുണപരമായി ദൈവഹിതപ്രകാരമുള്ളതാണ്. ഇന്ന് മസ്തിഷ്കമരണം സംഭവിക്കുന്നവരുടെ അവയവങ്ങള്‍ ഇപ്രകാരം ദാനം ചെയ്യപ്പെടുന്ന ഒറ്റപ്പെട്ട സംഭവങ്ങള്‍ രേഖപ്പെടുത്തുന്നുണ്ട്. ഈ മേഖലയില്‍ ആവശ്യമായ സാങ്കേതിക അറിവുകളും സമയാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളും ഇന്നു വേണ്ടവിധം കാര്യക്ഷമമായി നടപ്പിലാക്കുവാന്‍ നമ്മുടെ നാട്ടിലെ സംവിധാനങ്ങള്‍ വളര്‍ന്നിട്ടില്ല എന്നത് ദുഃഖകരമായ ഒരു യാഥാര്‍ത്ഥ്യമാണ്. ആയതിനാല്‍ മരണാനന്തരമുള്ള അവയവദാനപ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ വ്യക്തമായ അറിവും അതിന് അനുകൂലമായ സംവിധാനങ്ങളും ബലപ്പെടുത്തി മനുഷ്യജീവന്‍ സംരക്ഷിക്കാന്‍ ആവശ്യമായ നടപടികള്‍ക്ക് ബന്ധപ്പെട്ട എല്ലാവരുടെയും ഭാഗത്തുനിന്നും സത്വരമായ നടപടികള്‍ ഉണ്ടാകുകയും സമൂഹം അതിനോട് ഭാവാത്മകമായി പ്രതികരിക്കുകയും വേണം.

അവയവദാനത്തിന്‍റെ മറ്റൊരു വശമാണ് ജീവിച്ചിരിക്കുന്ന ഒരാള്‍ തന്‍റെ ജീവന് അപകടമില്ലെന്ന് ഉറപ്പുവരുത്തി മറ്റൊരു വ്യക്തിയെ സഹായിക്കുന്നതിനായി ആ വ്യക്തിയുടെ ജീവന്‍ സംരക്ഷിക്കുന്നതിനായി ജീവിച്ചിരിക്കുന്ന അവസ്ഥയില്‍ത്തന്നെ നടത്തുന്ന അവയവദാനം. ജീവിച്ചിരിക്കുന്ന ഒരു വ്യക്തി അവയവദാനം നടത്തുമ്പോള്‍ വലിയ ജാഗ്രതയും കൃത്യമായ ആരോഗ്യനിര്‍ണ്ണയവും വളരെ പ്രധാനപ്പെട്ടതാണ്. മറ്റൊരാളുടെ ജീവന്‍ സംരക്ഷിക്കുമ്പോള്‍തന്നെ തന്‍റെ ജീവന് അപകടമില്ലെന്ന് ഉറപ്പുവരുത്തേണ്ടതാണ്. ഒരു വ്യക്തി ജീവിച്ചിരിക്കുമ്പോള്‍ അവയവദാനത്തിന് യോഗ്യനാണെന്ന് വൈദ്യശാസ്ത്ര പരിശോധനകള്‍ തെളിയിക്കേണ്ടതാണ്. കൃത്യമായ മാനസിക-ശാരീരിക വൈദ്യശാസ്ത്ര പരിശോധനകള്‍ക്കുശേഷം വൈദ്യശാസ്ത്രവിദഗ്ദ്ധന്മാരാണ് ഒരു വ്യക്തിക്ക് ജീവിച്ചിരിക്കുമ്പോള്‍ അവയവദാനത്തിന് ആവശ്യമായ മാനസിക-ശാരീരിക ക്ഷമതയുണ്ടോയെന്ന് വിധി പറയേണ്ടത്. ഇപ്രകാരം തന്‍റെ ജീവനും ആരോഗ്യത്തിനും അപകടം ഉണ്ടാവില്ലെന്ന് നിര്‍ണ്ണയിക്കപ്പെട്ടശേഷം മാത്രമേ ഒരു വ്യക്തിക്ക് ജീവിച്ചിരിക്കുമ്പോള്‍ അവയവദാനം ചെയ്യാനാവൂ. 60 വയസ്സിനു താഴെ പ്രായമുള്ള, രോഗങ്ങള്‍ ഒന്നുമില്ലാത്ത, സ്ഥിരമായി മരുന്നുകള്‍ ഉപയോഗിക്കാത്ത, മറ്റു ശസ്ത്രക്രിയകള്‍ക്ക് വിധേയമാകാത്ത ഒരു വ്യക്തിക്ക് വൈദ്യശാസ്ത്രപരിശോധനകള്‍ അനുകൂലമാണെങ്കില്‍ അവയവദാനം സാധ്യമാണ്.

മരണാനന്തരമുള്ള അവയവങ്ങളുടെ ലഭ്യതയില്ലായ്മയും അവയവങ്ങള്‍  തകരാറിലായി ജീവന്‍ അപകടത്തിലായിരിക്കുന്നവരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ദ്ധനവുമാണ് ജീവിച്ചിരിക്കുന്ന അവസ്ഥയിലുള്ള അവയവദാനം അനിവാര്യമാക്കുന്നത്. ഇന്ന് അവയവമാറ്റ ശസ്ത്രക്രിയയിലൂടെ ജീവന്‍ നിലനിര്‍ത്താന്‍ ആഗ്രഹിക്കുന്ന രോഗികളുടെ എണ്ണത്തിലുള്ള വര്‍ദ്ധനവ് ആശങ്കപ്പെടുത്തുന്നതാണ്. ഇപ്രകാരം തന്‍റെ അവയവങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും തകരാറിലായി ജീവന്‍ നിലനിര്‍ത്താന്‍ ക്ലേശിക്കുന്ന നമ്മുടെ സഹോദരങ്ങളെ സംരക്ഷിക്കുവാന്‍ സമൂഹത്തിന് കടമയുണ്ട്. തന്‍റെ ജീവനും ആരോഗ്യത്തിനും ക്ഷതം സംഭവിക്കാതെ ജീവിച്ചിരിക്കുന്ന ഒരു വ്യക്തി വൈദ്യശാസ്ത്രം അനുവദിക്കുന്ന വിധത്തില്‍ നടത്തുന്ന അവയവദാനം തീര്‍ച്ചയായും മഹത്തായ ഒരു പ്രവൃത്തിയാണ്. ഒരു വ്യക്തിയുടെ അവയവങ്ങള്‍ തകരാറിലായി എന്നതുമൂലം ജീവിക്കാനുള്ള ആ വ്യക്തിയുടെ അവകാശം നിഷേധിക്കപ്പെടുവാന്‍ പാടില്ല. ദൈവം മനുഷ്യനോട് പ്രകടമാക്കുന്ന ഔദാര്യമാണ് അവയവങ്ങളുടെ പ്രവര്‍ത്തനക്ഷമത. മനുഷ്യന്‍റെ അവയവങ്ങള്‍ ഭാഗികമായി പ്രവര്‍ത്തിക്കുമ്പോഴും മനുഷ്യന് ജീവന്‍ സാധ്യമാക്കാന്‍ തക്കവിധമുള്ള ദൈവത്തിന്‍റെ കരുതലാണ് ഓരോ മനുഷ്യവ്യക്തിയുടെയും ശരീരത്തില്‍ കാണപ്പെടുന്നത്.

ദൈവം മനുഷ്യശരീരത്തില്‍ നിക്ഷേപിച്ചിരിക്കുന്ന ഈ ജീവന്‍റെ തത്വം അതായത് അവയവങ്ങള്‍ ഭാഗികമായി പ്രവര്‍ത്തിക്കുമ്പോഴും മനുഷ്യന് സാധാരണജീവിതം സാധ്യമാക്കുന്ന സവിശേഷത സൃഷ്ടിയില്‍ കാണുന്ന ദൈവമനസ്സിന്‍റെ മഹത്ത്വമാണ്. ഒരു വ്യക്തിക്ക് രോഗം വഴിയോ, അപകടങ്ങള്‍ വഴിയോ. അതുമല്ലെങ്കില്‍ ജന്മനാ തന്നെയോ അവയവങ്ങള്‍ക്ക് ന്യൂനതകളുണ്ടായാലും ജീവന്‍ നിലനിര്‍ത്താനാവുന്ന ഒരു തത്ത്വമാണ് മനുഷ്യശരീരത്തില്‍ ദൈവം നിക്ഷേപിച്ചിരിക്കുന്നത്. ന്യൂനതകളുടെ അഭാവത്തില്‍ ആരോഗ്യസ്ഥിതി അനുവദിക്കുന്നെങ്കില്‍, വൈദ്യശാസ്ത്രനിര്‍ണ്ണയങ്ങള്‍ക്ക് വിധേയമായി മറ്റൊരു വ്യക്തിയുടെ അവയവങ്ങള്‍ പൂര്‍ണമായും പ്രവര്‍ത്തനരഹിതമാകുമ്പോള്‍, ദൈവം തന്‍റെമേല്‍ നിക്ഷേപിച്ചിരിക്കുന്ന ഈ ജീവന്‍റെ തത്ത്വം  സഹോദരനുമായി പങ്കുവയ്ക്കുന്നത് സൃഷ്ടിയില്‍ തന്നെയുള്ള ദൈവഹിതത്തിന്‍റെ സ്വഭാവപ്രകാരമുള്ള പ്രവൃത്തിയാണ്. കൂടുതല്‍ വ്യക്തമായിപ്പറഞ്ഞാല്‍ മനുഷ്യജീവന്‍ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വത്തിന്‍റെ നിര്‍വഹണമാണ്. അതുപോലെ സ്രഷ്ടാവിന്‍റെ പരിപാലനയിലുള്ള അചഞ്ചലമായ വിശ്വാസത്തിന്‍റെ ഉത്തമ ദൃഷ്ടാന്തവുമാണ്. നാളെ തന്‍റെ അവയവങ്ങള്‍ക്ക് എന്തെങ്കിലും ന്യൂനതകള്‍ സംഭവിച്ചേക്കുമോ എന്നു ചിന്തിച്ച് ഇന്ന് ജീവന്‍ അപകടത്തിലായ ഒരു സഹോദരനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം വിസ്മരിക്കുന്നതും വിശ്വാസരാഹിത്യം തന്നെ. തനിക്കുള്ളതൊന്നും തന്‍റെ സ്വന്തമല്ലെന്നും എല്ലാം ദൈവദാനമാണെന്നും മനുഷ്യന് ഓര്‍മ്മയുണ്ടാവണം. ഒപ്പം തന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതിന് അമിതമായ ഉത്കണ്ഠ ആവശ്യമില്ല മറിച്ച് ദൈവഹിതപ്രകാരം ദൈവത്തില്‍ ആശ്രയിക്കുകയും ശരണപ്പെടുകയുമാണ് ആവശ്യമായിരിക്കുന്നത്. തനിക്കുള്ളത് തനിക്ക് മാത്രമായിട്ടുള്ളതാണെന്ന ചിന്ത മനുഷ്യനെ കൂടുതല്‍ സ്വാര്‍ത്ഥനാക്കുകയും തനിക്കുതന്നെ തന്‍റെ സുരക്ഷിതത്വവും സൗഖ്യവും ഉറപ്പുവരുത്താനാവുമെന്ന മിഥ്യാധാരണയ്ക്ക് അടിമപ്പെടുകയും ചെയ്യുന്നു. സഹോദരനുവേണ്ടി ജീവന്‍ ബലികഴിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന് പഠിപ്പിച്ച ഈശോനാഥന്‍റെ ഉദ്ബോധനത്തെ സാധൂകരിക്കുന്ന പ്രവൃത്തിയാണ് ജീവിച്ചിരിക്കുമ്പോഴുള്ള അവയവദാനം.

അവയവങ്ങള്‍ സ്വീകരിക്കുന്ന വ്യക്തിയും പ്രധാനമായ ഏതാനും വസ്തുതകള്‍ ഗ്രഹിക്കേണ്ടതായുണ്ട്. അവയവങ്ങളുടെ സ്വീകര്‍ത്താവും ദാതാവും തമ്മില്‍ ജനിതകഘടനകളുടെ ചേര്‍ച്ച വൈദ്യശാസ്ത്രപരമായി വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടാണ് ഏറ്റവും അടുത്ത ബന്ധുക്കള്‍ത്തന്നെ അവയവദാനം ചെയ്യുന്നതാണ് ഉത്തമം എന്ന് വ്യക്തമാക്കപ്പെടുന്നത്. എന്നാല്‍ ഇവിടെയും അവയവങ്ങളുടെ ലഭ്യതയില്ലാതെ വരുമ്പോള്‍ ഏതൊരാളുടെയും അവയവങ്ങള്‍ സ്വീകരിക്കേണ്ട സാഹചര്യമുണ്ടാകുന്നു. ആയതിനാല്‍ ഒരു വ്യക്തിയുടെ അവയവം മറ്റൊരാള്‍ അതായത് ബന്ധുക്കളല്ലാത്തവര്‍ നല്കുമ്പോള്‍ ശാരീരിക ചേര്‍ച്ചയ്ക്ക് മരുന്നുകളെ കൂടുതലായി ആശ്രയിക്കേണ്ടി വരുന്നു. അവയവങ്ങളുടെ സ്വീകര്‍ത്താവിന്‍റെ സാമാന്യപ്രായം 60 വയസ്സില്‍ താഴെയായിരിക്കുന്നതാണ് ഉത്തമം. ദാതാവും സാമാന്യമായി 60 വയസ്സിനു താഴെയുള്ള വ്യക്തിയാവണം. അവയവങ്ങള്‍  സ്വീകരിച്ച വ്യക്തി മരുന്നുകളുടെ ഉപയോഗത്തിലും ജീവിതരീതികളുടെ അനുഷ്ഠാനത്തിലും വൈദ്യശാസ്ത്രവിദഗ്ദ്ധരുടെ ഉപദേശങ്ങള്‍ സ്വീകരിക്കുകയും കൃത്യമായ  കാലയളവില്‍ മെഡിക്കല്‍ ചെക്കപ്പ് നടത്തിക്കൊണ്ടിരിക്കുകയും വേണം. സ്വീകര്‍ത്താക്കള്‍ ലഹരിവസ്തുക്കളുടെ ഉപയോഗം പൂര്‍ണമായും ത്യജിക്കണം. അപ്രകാരം സംരക്ഷിച്ചാല്‍ അവയവങ്ങള്‍ സ്വീകരിച്ച വ്യക്തികള്‍ക്ക് ജീവിതാവസാനംവരെ സാധാരണ ജീവിതം സാധ്യമാണ്.

ആയതിനാല്‍ അവയവദാനത്തിലൂടെ നമ്മുടെ സഹോദരങ്ങളുടെ ജീവന്‍ രക്ഷിക്കാന്‍ ആരോഗ്യമുള്ളവര്‍ തയ്യാറാവണം. വൈദ്യശാസ്ത്രപ്രകാരം വിവിധ പരിശോധനകള്‍ക്കുശേഷം ആരോഗ്യവാനായ ഒരു വ്യക്തി അവയവദാനത്തിന് യോഗ്യനാണെന്ന് വിദഗ്ദ്ധര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയാല്‍ അവയവദാനം സാധ്യമാണ്. മറ്റൊരുവന്‍റെ ജീവന്‍ സംരക്ഷിക്കുന്നതിനേക്കാള്‍ വലിയ സ്നേഹമില്ലെന്ന് ഈശോ പഠിപ്പിച്ച ബോധ്യം അവയവദാനത്തിലൂടെ ജീവന്‍ രക്ഷിക്കുവാന്‍ മുന്നോട്ടിറങ്ങുന്നതിന് പ്രചോദനമാകണം, അവയവങ്ങള്‍ പൂര്‍ണ്ണമായും തകരാറിലായി ജീവന്‍ അപകടത്തിലായിരിക്കുന്നവരുടെ എണ്ണത്തിലുണ്ടായിരിക്കുന്ന വര്‍ദ്ധനവ് അവയവദാത്തിന്‍റെ ആവശ്യകത വ്യക്തമാക്കുന്നു.

പാലാ രൂപതയുടെ  സഹായ മെത്രാനായ മാര്‍ ജേക്കബ് മുരിക്കന്‍ 2016 ജൂണ്‍ ഒന്നിന് സൂരജ് എന്ന യുവാവിന് വൃക്ക ദാനമായി നല്‍കി.     

ബമ

0

1

Featured Posts

bottom of page