top of page

പൗരോഹിത്യം- ദൈവവുമായൊരു ഉടമ്പടി

Jul 30, 2009

3 min read

പഅ
Priestly Ordination

ക്രിസ്തു സംഭവത്തിന്‍റെ തുടര്‍ച്ചയായി രൂപംകൊണ്ട സഭ, ഒട്ടേറെ സ്നേഹസമൂഹങ്ങളുടെ കൂട്ടായ്മയായി വളര്‍ന്നു പന്തലിച്ചതും, ലോകം കണ്ട ഏറ്റവും നിഷ്ഠൂര മതമര്‍ദ്ദനങ്ങളെ അതിജീവിച്ച് ആര്‍ക്കും അവഗണിക്കാനാവാത്ത ധാര്‍മ്മിക ശക്തിയായി മാറിയതും, ആയിരക്കണക്കിനു സമര്‍പ്പിതരുടെ തീക്ഷ്ണമായ പ്രേഷിത പ്രവര്‍ത്തനങ്ങളിലൂടെയായിരുന്നു. ചരിത്രം പരിശോധിക്കുമ്പോള്‍, സമര്‍പ്പിതരുടെ ഈ തീക്ഷ്ണതയ്ക്കും, ആ തീക്ഷ്ണത നല്‍കുന്ന പ്രവര്‍ത്തന സജീവതയ്ക്കും കാലാകാലങ്ങളില്‍ ഏറ്റക്കുറച്ചിലുകളുണ്ടായിട്ടുണ്ടെന്നു കാണാം. പീഡനകാലഘട്ടത്തിനുശേഷം കോണ്‍സ്റ്റന്‍റൈന്‍ ചക്രവര്‍ത്തിയുടെ മാനസാന്തരത്തോടു കൂടിയുണ്ടായ അധികാരപ്രാപ്തി, സമര്‍പ്പിതജീവിതത്തിനുള്ള പ്രേരണകളെത്തന്നെ മാറ്റിമറിച്ചു. അടിസ്ഥാന വിശ്വാസതലങ്ങളില്‍ വീഴ്ചകളുണ്ടായില്ലെങ്കിലും, സമര്‍പ്പിതജീവിതം ഉപഘടകമായി നല്‍കിയ അധികാരവിനിയോഗസിദ്ധി പലര്‍ക്കും അതിനുള്ള മുഖ്യപ്രേരകശക്തിയായി. ഈ അധികാരവിനിയോഗ സാദ്ധ്യതകള്‍ സൃഷ്ടിച്ച ജീര്‍ണ്ണത സഭാഗാത്രത്തെത്തന്നെ കാര്‍ന്നു തിന്നുകൊണ്ടിരുന്നു.

മാര്‍ട്ടിന്‍ ലൂതര്‍ സഭയ്ക്കു നല്‍കിയ പരുക്കന്‍ ആഘാതത്തിന് ബൗദ്ധികതലങ്ങളുണ്ടായിരുന്നെങ്കിലും, അതിലേയ്ക്ക് അദ്ദേഹത്തെ നയിച്ചത് മുന്‍പു സൂചിപ്പിച്ച ജീര്‍ണ്ണതകളോടുള്ള വൈകാരിക ക്ഷോഭം കൂടിയായിരുന്നു എന്നു സമ്മതിച്ചേ തീരൂ. ശക്തമായ ഒരു പ്രതിനവീകരണത്തിലൂടെ (Counter-Reformation)സഭ തിരിച്ചു കൂടുതല്‍ ശക്തമായപ്പോള്‍ അതിന്‍റെ കേന്ദ്രബിന്ദുവിലും സമര്‍പ്പിതര്‍ തന്നെയായിരുന്നു. ചുരുക്കത്തില്‍ സഭയുടെ വളര്‍ച്ചയും തളര്‍ച്ചയുമെല്ലാം സമര്‍പ്പിതരുടെ പ്രതിബദ്ധതയുമായി അഭേദ്യമായി ബന്ധപ്പെട്ടു കിടക്കുന്നതായാണ് നാം കാണുന്നത്. സഭ മറ്റു സമൂഹങ്ങളാല്‍ വിലയിരുത്തപ്പെടുന്നത് വൈദികരുടെ സേവനതല്പരതയെയും ജീവിത മാതൃകകളെയും അടിസ്ഥാനപ്പെടുത്തിയാണ്.

ഈ സാഹചര്യത്തില്‍ വൈദിക പരിശീലനത്തിന്‍റെ പ്രയോഗക്ഷമത സഭയുടെ എക്കാലത്തെയും മുഖ്യ ഉല്‍ക്കണ്ഠകളിലൊന്നായിരുന്നതു സ്വാഭാവികം. ഇംഗ്ലീഷുകാര്‍ക്കു പ്രിയങ്കരമായ ഒരു ചൊല്ലുണ്ട്. വാട്ടര്‍ലൂ യുദ്ധം ഈറ്റണിലെ കളിക്കളങ്ങളില്‍ത്തന്നെ ജയിച്ചു കഴിഞ്ഞിരുന്നു. ഇംഗ്ലണ്ടിലെ ഈറ്റണ്‍ പോലുള്ള പ്രഖ്യാത പബ്ലിക് സ്കൂളുകളില്‍ യുവതലമുറയ്ക്കു നല്‍കപ്പെട്ട സമഗ്രമായ പരിശീലനമാണ് നിര്‍ണ്ണായകമായ വാട്ടര്‍ലൂ യുദ്ധത്തില്‍ വിജയം നേടുന്നതിന് അവരെ പ്രാപ്തരാക്കിയതെന്നു സാരം. നൈരന്തര്യതയാര്‍ന്ന സഭാ ദൗത്യത്തിന്‍റെ വിജയത്തിലും ഒരു സമാനഘടകം അന്തര്‍ലീനമായിട്ടുണ്ട്.

ലോകമെമ്പാടും വ്യാപിച്ചു കിടക്കുന്ന നമ്മുടെ സെമിനാരികളില്‍ നല്‍കപ്പെടുന്ന പരിശീലനത്തിന്‍റെ മേന്മയും, അതു പൂര്‍ണ്ണമായി ഉള്‍ക്കൊള്ളുന്നതില്‍ സമര്‍പ്പിത ജീവിതത്തിലേയ്ക്കു പ്രവേശിക്കുന്നവര്‍ നേടുന്ന വിജയവുമാണു സഭയുടെ മാറ്റുരച്ചു കാണിക്കുന്ന അളവുകോല്‍. ഈ പരിശീലനവും അനുബന്ധ ഘടകങ്ങളും കാലാകാലങ്ങളില്‍ സമൂഹത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ക്കനുസൃതമായി നവീകരിക്കപ്പെടേണ്ടതുണ്ട്.

വൈദിക പരിശീലനത്തെക്കുറിച്ചുള്ള വത്തിക്കാന്‍ കൗണ്‍സിലിന്‍റെ ഡിക്രി ആരംഭിക്കുന്നതു തന്നെ ഇങ്ങനെയാണ്: "സഭ മുഴുവന്‍റെയും ചിരപ്രതീക്ഷിതമായ അധുനാസനീകരണം ക്രിസ്തുവിന്‍റെ ചൈതന്യത്താല്‍ ഉത്തേജിതമായ വൈദികശുശ്രൂഷയെ വളരെയേറെ ആശ്രയിച്ചാണിരിക്കുന്നത്" അതിനാല്‍ വൈദികപരിശീലനത്തിന്‍റെ പരമപ്രാധാന്യത്തെപ്പറ്റി കൗണ്‍സില്‍ ഊന്നിപ്പറയുന്നു.

ഇപ്പോള്‍ സഭ വൈദിക വര്‍ഷം പ്രത്യേകമായി ആചരിക്കുന്നത് മേല്‍പ്പറഞ്ഞ വൈദികപരിശീലനം സെമിനാരികാലഘട്ടംകൊണ്ട് അവസാനിക്കുന്നതല്ലെന്നും, നിരന്തരമായ ആത്മപരിശോധനയിലൂടെയും കൂട്ടായ പഠനങ്ങളിലൂടെയും തങ്ങളുടെ വൈദികാന്തസ്സിന്‍റെ ചൈതന്യം കൂടുതല്‍ ഫലവത്തും അര്‍ത്ഥപൂര്‍ണ്ണവുമാക്കാനുള്ള ചുമതല വൈദികര്‍ക്കുണ്ടെന്നും അവരെ ബോധ്യപ്പെടുത്താനാണ്. ഈയവസരത്തില്‍ ഈ തലമുറയിലെ വൈദികരെക്കുറിച്ചും, അവരില്‍ നിന്ന് അല്‍മായര്‍ എന്താണു പ്രതീക്ഷിക്കുന്നതെന്നതിനെക്കുറിച്ചുമുള്ള ഒരു ചര്‍ച്ചയ്ക്ക് സവിശേഷ പ്രസക്തിയുണ്ട്.

നമ്മുടെ പ്രശസ്തമായ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കു മുന്‍കാലങ്ങളില്‍ നേതൃത്വം നല്‍കിയിരുന്ന പല വൈദികരും തങ്ങളുടെ സവിശേഷ വ്യക്തിത്വത്തിലൂടെയും, സേവനതല്പരതയിലൂടെയും സമൂഹത്തിന്‍റെ സര്‍വ്വമേഖലകളെയും സ്വാധീനിച്ചിട്ടുള്ളത് ഇത്തരുണത്തില്‍ സ്മരണീയമത്രേ. തീക്ഷ്ണമായ പ്രതിബദ്ധതയുള്ള ആയിരക്കണക്കിനു സമര്‍പ്പിതര്‍ ഇന്നും സഭയിലുണ്ട്. അതേ സമയം, ഈ പൊതുനിയമത്തിന് അപവാദമായിട്ടുള്ളവര്‍ ഏറെയുണ്ടെന്നുള്ള ദുഃഖസത്യം നാം അംഗീകരിച്ചേ പറ്റൂ. ഒരു ചങ്ങലയുടെ കരുത്ത് അതിലെ ഏറ്റവും ദുര്‍ബ്ബലമായ കണ്ണിയുടെ കരുത്താണ് എന്നാണല്ലോ ചൊല്ല്. പൊതുസമൂഹം പലപ്പോഴും സഭയെ കാണുന്നത് ഒരു ചങ്ങലയായിട്ടാണ്. അപ്പോള്‍ അതിന്‍റെ പൊതുവിലയിരുത്തല്‍ ഏറ്റവും ദുര്‍ബ്ബലമായ ആന്തരഘടകങ്ങളെ അടിസ്ഥാനപ്പെടുത്തിയായിരിക്കുമെന്നതാണ്, നമ്മുടെ വൈദികര്‍ എല്ലാവരും അടിസ്ഥാനതലങ്ങളില്‍ ബഹുമാനമാര്‍ജ്ജിക്കുന്നവരായിരിക്കണമെന്ന ആവശ്യത്തിന്‍റെ അടിസ്ഥാനം.

നമ്മുടെ മിക്കവൈദികരും സെമിനാരികളില്‍ നിന്നു പുറത്തുവരുന്നത് ആദര്‍ശശാലികളായ യുവപ്രേഷിതരായിട്ടാണ്. എന്നാല്‍ അവരില്‍ പലരും ആധുനിക സമൂഹത്തിന്‍റെ സ്വാധീനങ്ങള്‍ക്കു വഴങ്ങി തങ്ങളുടെ ദൗത്യബോധത്തില്‍ വിള്ളലുകളുണ്ടാകാന്‍ അനുവദിക്കുന്നു. ആധുനിക സാഹചര്യങ്ങള്‍ വൈദിക ശുശ്രൂഷയുടെ കാതലായ സേവനഘടകങ്ങള്‍ ഫലപ്രദമായി പ്രയോഗക്ഷമമാക്കുന്നതു ബുദ്ധിമുട്ടുള്ളതാക്കുന്നുണ്ടെന്നതു ഒരു യാഥാര്‍ത്ഥ്യമാണ്. എന്നാല്‍ അതൊന്നും, ഉണ്ടാകുന്ന ചെറുവീഴ്ചകള്‍ക്കുപോലും ന്യായീകരണമായി കാണാന്‍ തയ്യാറാകാത്ത അക്ഷമരായ ഒരു സമൂഹത്തില്‍, അവരോടൊത്താണ് ഇന്നത്തെ വൈദികര്‍ക്കു പ്രവര്‍ത്തിക്കാനുള്ളത്. വൈദികര്‍ തങ്ങള്‍ വ്യാപരിക്കുന്ന സമൂഹവുമായുള്ള ബന്ധങ്ങളില്‍ ബഹുമാനമാര്‍ജ്ജിക്കുന്നവരായിരിക്കണം. തങ്ങളുടെ അര്‍പ്പണബോധവും, നീതിനിഷ്ഠയും, നിഷ്പക്ഷതയും, സഹാനുഭൂതിയും കൊണ്ട് അവര്‍ക്ക് ഈ ബഹുമാനം നേടിയെടുക്കാന്‍ കഴിയും.

മുന്‍പു സൂചിപ്പിച്ച ബഹുമാനമാര്‍ജ്ജിക്കലിന്‍റെ അഭാവമാണു പല ഇടവകകളിലുമുണ്ടാകുന്ന കലുഷിതാന്തരീക്ഷങ്ങള്‍ക്കു കാരണം. ഏതു ഭരണസംവിധാനത്തിലും പ്രശ്നങ്ങളുണ്ടാകും. നേതൃത്വം നല്‍കുന്നവര്‍ നീതിബോധമുള്ളവരും, തങ്ങളേക്കാള്‍ എല്ലാത്തരത്തിലും ഔന്നത്യമുള്ളവരുമാണെന്ന ധാരണ ഭരണീയര്‍ക്കുണ്ടായാല്‍ പ്രശ്നങ്ങളുടെ നിര്‍ദ്ധാരണം ഏറ്റവും എളുപ്പമായി മാറും.

നമ്മുടെ വൈദികരില്‍ പലരും വളരെ ചെറിയ പ്രായത്തില്‍ ഉന്നത അധികാരസ്ഥാനങ്ങളില്‍ അവരോധിക്കപ്പെടാറുണ്ട്. തങ്ങളേക്കാള്‍ പ്രായത്തിലും, ജ്ഞാനത്തിലും, ലോകപരിചയത്തിലും ഏറെ മുതിര്‍ന്നവരെ സംബന്ധിച്ചു തീരുമാനങ്ങളെടുക്കേണ്ട തലങ്ങളിലാണ് അവര്‍ എത്തിച്ചേരുന്നത്. അധികാര വിനിയോഗത്തിനു ലഭിക്കുന്ന അവസരങ്ങള്‍, ട്രസ്റ്റിസ് എന്ന നിലയിലാണു തങ്ങള്‍ക്കു ലഭിക്കുന്നതെന്നു കാണാന്‍ അവരില്‍ ചിലര്‍ക്കെങ്കിലും കഴിയാതെ പോകുന്നു. തങ്ങളുമായി ബന്ധപ്പെടേണ്ടി വരുന്നവരോടുള്ള പെരുമാറ്റത്തില്‍ ഔദ്ധത്യത്തിന്‍റെ ബഹിര്‍സ്ഫുരണങ്ങള്‍ ആരോപിക്കാവുന്ന വൈദികര്‍ ഏറെയുണ്ട്.

സാമ്പത്തിക സുതാര്യതയുടെ അഭാവമാണ് പല വൈദികരുടെയും വിശ്വാസ്യതയ്ക്കു മങ്ങലേല്‍പ്പിക്കുന്നതും, അവരോടുള്ള ആദരവു നഷ്ടപ്പെടുത്തുന്നതും. കാനോന്‍ നിയമങ്ങള്‍ കൃത്യമായി പാലിക്കപ്പെട്ടാല്‍ ഇടവകഭരണത്തിന്‍റെ സാമ്പത്തികരംഗം പരാതികളൊന്നുമില്ലാതെ മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയയും. യഥാസമയം കണക്കുകള്‍ സൂക്ഷിക്കുകയും, അവ ബന്ധപ്പെട്ട അല്‍മായരെ ബോധ്യപ്പെടുത്തുകയും ചെയ്യുന്ന സംവിധാനം ഇടവകകളില്‍ സജീവമായാല്‍ ഒട്ടുമിക്ക പരാതികളും പരിഹരിക്കപ്പെടും. സഭയുടെ സ്വത്തുക്കളുടെ വിനിയോഗത്തില്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിത ഭരണസംവിധാനങ്ങളുണ്ടാകണമെന്ന നിയമപരിഷ്കരണ നിര്‍ദ്ദേശത്തിന്‍റെ പിന്നില്‍ അഭ്യസ്ത വിദ്യരായ കത്തോലിക്കരുണ്ടെന്നത് ഈ രംഗത്ത് വൈദികരുടെ പ്രത്യേക ചുമതലകളിലേയ്ക്കു വിരല്‍ ചൂണ്ടുന്നു.

സാമൂഹ്യ ജീവിതത്തിലെ അടിസ്ഥാന മര്യാദകള്‍ പാലിക്കുന്നതില്‍ വീഴ്ചവരുത്തുന്ന വൈദികരും കുറവല്ല. ഈ ലേഖകനുള്‍പ്പെട്ട ഒരു അല്‍മായ സംഘം ഒരു പ്രത്യേക സാമൂഹ്യ ചടങ്ങിനു നേരിട്ടു ചെന്നു പ്രമുഖരായ ചില വൈദികരെയും അല്‍മായരെയും ക്ഷണിച്ചു. ക്ഷണിച്ച അല്‍മായര്‍ എല്ലാവരും തന്നെ വന്നുചേര്‍ന്നു; വരാന്‍ കഴിയാതിരുന്ന രണ്ടുപേര്‍ വിവരം യഥാസമയം അറിയിച്ചു. വരാന്‍ കഴിയാതിരുന്ന വൈദികര്‍ യാതൊരുവിധത്തിലുള്ള പ്രതികരണവും നല്‍കിയില്ല. നമ്മുടെ വൈദികപരിശീലനത്തിലെ ഒരു വലിയ പോരായ്മയായി ഈ പ്രശ്നം ചൂണ്ടിക്കാണിച്ചത് ബന്ധപ്പെട്ട ചിലരെ അസ്വസ്ഥരാക്കിയെങ്കിലും പരാതിയുടെ ഗൗരവം അവര്‍ക്ക് അംഗീകരിക്കേണ്ടി വന്നു.

സാധാരണ മനുഷ്യരുടെ ദൈനംദിന ജീവിതത്തിലുണ്ടാകുന്ന നിരവധിയായ പ്രശ്നങ്ങളില്‍ അവര്‍ക്ക് ആശ്രയിക്കാവുന്ന ഉപദേശകരായി നമ്മുടെ വൈദികര്‍ മാറണം. അവരുടെ മുഖ്യദൗത്യം അതാണെന്ന തിരിച്ചറിവാണ് ഇന്നിന്‍റെ ആവശ്യം.

പഅ

0

0

Featured Posts

bottom of page