top of page

പൗരോഹിത്യം ബൈബിളില്‍

Dec 11, 2023

2 min read

ഡോ. മൈക്കിള്‍ കാരിമറ്റം

പുരോഹിതാ! 1


two persons

ആമുഖം

"എത്ര സമുന്നതം ഇന്നു പുരോഹിതാ

നീ ഭരമേറ്റ വിശിഷ്ടസ്ഥാനം!

അഗ്നിമയന്മാര്‍, സ്വര്‍ഗ്ഗാരൂപികള്‍

ആയതിലത്ഭുതമാര്‍ന്നിടുന്നു.

കീര്‍ത്തിതനത്രെ ഗബ്രിയേല്‍ എന്നും

ശുദ്ധമിഖായേല്‍ പരമോന്നതനും.

എങ്കിലുമിന്നു പുരോഹിതനിരയോ-

ടവരെയെല്ലാം തുലനം ചെയ്താല്‍

ദൈവികദൂതന്മാരവരണിയും

പദവികള്‍ നിതരാം നിസ്സാരങ്ങള്‍."

"ആരും തര്‍ക്കിക്കേണ്ട, കുറ്റപ്പെടുത്തുകയും വേണ്ട, പുരോഹിതാ നിനക്കെതിരെയാണ് എന്‍റെ ആരോപണം. പട്ടാപ്പകല്‍ നീ കാലിടറി വീഴും. പ്രവാചകനും രാത്രി നിന്നോടൊപ്പം കാലിടറി വീഴും. അജ്ഞത നിമിത്തം എന്‍റെ ജനം നശിക്കുന്നു. നീ വിജ്ഞാനം തിരസ്കരിച്ചതുകൊണ്ട് എന്‍റെ പുരോഹിതനായിരിക്കുന്നതില്‍ നിന്ന് നിന്നെ ഞാന്‍ തിരസ്കരിക്കുന്നു" (ഹോസി4, 4-6).

സീറോ മലബാര്‍ സഭയുടെ ആരാധനക്രമത്തില്‍ പുരോഹിതാഭിഷേകവുമായി ബന്ധപ്പെട്ട ഒരു ഗാനമാണ് ആദ്യം ഉദ്ധരിച്ചിരിക്കുന്നത്. പൗരോഹിത്യത്തിന് സഭ കല്പിക്കുന്ന പ്രാധാന്യത്തിന്‍റെയും ഔന്നിത്യത്തിന്‍റെയും ഏറ്റം വ്യക്തമായൊരു പ്രഘോഷണമാണിത്. മുഖ്യദൂതന്മാരുടേതിനേക്കാള്‍ ശ്രേഷ്ഠമാണ് പുരോഹിതന്‍റെ സ്ഥാനം എന്ന് അര്‍ത്ഥശങ്കക്കിടയില്ലാതെ പ്രഘോഷിക്കുന്നു. അതേസമയം ബൈബിളിലൂടെ കടന്നുപോകുമ്പോള്‍ പൗരോഹിത്യത്തെയും പുരോഹിതന്മാരെയും കുറിച്ച് അല്പം വ്യത്യസ്തമായൊരു ചിത്രം പ്രകടമാകുന്നതിന്‍റെ ഉദാഹരണമാണ് പ്രവാചകനും പുരോഹിതനുമായിരുന്ന ഹോസിയാ പ്രവാചകനിലൂടെ ദൈവം ഉയര്‍ത്തുന്ന വിമര്‍ശനം. ഈ പശ്ചാത്തലത്തില്‍ പൗരോഹിത്യത്തെക്കുറിച്ച് ബൈബിളില്‍ കാണുന്ന ആധികാരികമായ പ്രബോധനം അടുത്തു പരിശോധിക്കാനുള്ള ഒരു ശ്രമമാണ് ഈ ലേഖനപരമ്പര.

"ജനങ്ങളില്‍ നിന്ന് ജനങ്ങള്‍ക്കുവേണ്ടി തിരഞ്ഞെടുക്കപ്പെടുന്ന പ്രധാന പുരോഹിതന്‍ ദൈവികകാര്യങ്ങള്‍ക്ക് നിയമിക്കപ്പെടുന്നത് പാപപരിഹാരത്തിനായി ബലികളും കാഴ്ചകളും അര്‍പ്പിക്കാനാണ്" (ഹെബ്രാ. 5,1). സമഗ്രമായ ഒരു നിര്‍വ്വചനം പോലെ അവതരിപ്പിച്ചിരിക്കുന്ന ഈ തിരുവചനം പൗരോഹിത്യത്തിന്‍റെ കാതല്‍ എന്തെന്ന് വ്യക്തമാക്കുന്നു. ജനത്തിനുവേണ്ടി ദൈവത്തിന്‍റെ മുമ്പില്‍ ബലികളും കാഴ്ചകളും സമര്‍പ്പിക്കുക, അതാണ് പുരോഹിത ധര്‍മ്മം.

പുരോഹിതന്‍ എന്ന വാക്കിന്‍റെ മൂലാര്‍ത്ഥവും അതുതന്നെയാണല്ലോ. 'മുന്നില്‍ നില്ക്കുന്നവന്‍' അഥവാ 'മുന്നില്‍ നിര്‍ത്തപ്പെടുന്നവന്‍'. ജനത്തിനും ദൈവത്തിനും ഇടയില്‍ മധ്യസ്ഥനായി നില്ക്കുന്നവന്‍, ജനത്തിനുവേണ്ടി ദൈവത്തിനുമുമ്പില്‍ കാഴ്ചകള്‍ അര്‍പ്പിക്കുന്നവന്‍, ദൈവത്തിന്‍റെ നാമത്തില്‍ ജനത്തെ ആശീര്‍വദിക്കുന്നവന്‍ ഇതൊക്കെയാണ് പൗരോഹിത്യധര്‍മ്മമായി പൊതുവേ മനസ്സിലാക്കുന്നത്. എന്നാല്‍ ഇതു മാത്രമാണോ എന്ന ചോദ്യം പ്രസക്തമാക്കുന്ന അനേകം സംഭവങ്ങളും വിവരണങ്ങളും പ്രഖ്യാപനങ്ങളും ബൈബിളില്‍ കാണാം.

പറുദീസായില്‍ നിന്ന് പുറത്താക്കപ്പെട്ട ആദാമിന്‍റെ ആദ്യസന്തതികള്‍, കായേനും ആബേലും ദൈവത്തിനു കാഴ്ചയര്‍പ്പിച്ചതായി ബൈബിളില്‍ വിവരിക്കുന്നുണ്ട്. മുകളില്‍ കൊടുത്തിരിക്കുന്ന നിര്‍വ്വചനമനുസരിച്ച് അവര്‍ ചെയ്തത് പുരോഹിതശുശ്രൂഷയായിരുന്നു. എന്നാല്‍ ബലിയര്‍പ്പണത്തിന്‍റെ തൊട്ടുപിന്നാലെ വരുന്നത് ചരിത്രത്തില്‍ ആദ്യത്തെ കൊലപാതകമാണ്. ദൈവത്തിനു ബലിയര്‍പ്പിച്ച കായേന്‍ സഹോദരനെ വധിക്കുന്നു. അങ്ങനെ ആദ്യപുരോഹിതന്‍റെ കൈകള്‍ സഹോദരന്‍റെ രക്തത്താല്‍ കളങ്കിതമാകുന്നു. പഴയനിയമം പുതിയനിയമത്തിനു വഴിമാറുന്ന നിര്‍ണ്ണായക ദിശാസന്ധിയില്‍ രണ്ടു പ്രധാന പുരോഹിതന്മാരെ കാണുന്നു, അന്നാസും കയ്യാഫാസും. അവരാണ് മനുഷ്യനായി അവതരിച്ച ദൈവപുത്രന് വധശിക്ഷ വിധിച്ചത്. അങ്ങനെ കായേനും കയ്യഫാസും തമ്മില്‍ ഒരു സാമ്യവും ഉടലെടുക്കുന്നു. പൗരോഹിത്യത്തിന്‍റെ രണ്ടു വികലദൃശ്യങ്ങള്‍, രണ്ടു ദുഃഖമുഹൂര്‍ത്തങ്ങള്‍.

ഇവയ്ക്കു മധ്യേ അനേകം പുരോഹിത ചിത്രങ്ങള്‍ ബൈബിള്‍ അവതരിപ്പിക്കുന്നുണ്ട്. ലോകം മുഴുവന്‍ വഴിതെറ്റിയപ്പോഴും വിശ്വസ്തനും വിശുദ്ധനുമായി നിന്ന ഏക വ്യക്തിയാണ് നോഹ. പ്രളയാനന്തരം ദൈവത്തിനു ബലിയര്‍പ്പിക്കുകയും ദൈവത്തിന്‍റെ അനുഗ്രഹവും വാഗ്ദാനവും സ്വീകരിക്കുകയും ചെയ്ത ആ നോഹ തന്നെയാണ് മദ്യപിച്ച്, ലക്കുകെട്ട്, സ്വയം വിവസ്ത്രനാക്കി കൂടാരത്തില്‍ ഉറങ്ങുകയും അതു കണ്ടതിന്‍റെ പേരില്‍ സ്വന്തം മകനെ ശപിച്ച് വീണ്ടും വിനാശത്തിനു തുടക്കം കുറിക്കുകയും ചെയ്തത് (ഉല്‍പ. 9, 18-27).

ദൈവസ്വരത്തിന് നിരന്തരം കാതോര്‍ക്കുകയും മടികൂടാതെ, ചോദ്യം ചെയ്യാതെ എപ്പോഴും അനുസരിക്കുകയും ഏകമകനെപ്പോലും ബലികഴിക്കാന്‍ സന്നദ്ധനാവുകയും ചെയ്ത അബ്രാഹവും, പ്രധാനപുരോഹിതനായി പ്രത്യേകം നിയുക്തനായിട്ടും ജനത്തെ ഒന്നടങ്കം വിഗ്രഹാരാധനയിലേക്കു നയിച്ച അഹറോനും, ഏകമകളെ ബലിയര്‍പ്പിച്ച ജെഫ്തായും സ്വധര്‍മ്മം മറന്ന ഏലിയും പുത്രന്മാരും, ജനത്തെ ഒന്നടങ്കം വെല്ലുവിളിച്ചുകൊണ്ട് ഒറ്റക്കുനിന്ന് ദൈവഹിതം ആരായുകയും അനുസരിക്കുകയും ചെയ്ത സാമുവേലും എല്ലാം പൗരോഹിത്യത്തിന്‍റെ നാള്‍വഴികളില്‍ നാം കണ്ടുമുട്ടുന്ന വ്യക്തിത്വങ്ങളാണ്.

രാജഭരണത്തിന്‍റെ ആവിര്‍ഭാവത്തോടെ പൗരോഹിത്യവും രാജത്വവും തമ്മില്‍ രൂപപ്പെട്ട ബന്ധം പലപ്പോഴും വഴിതെറ്റുകയും പൗരോഹിത്യം രാജത്വത്തിന്‍റെ അനീതികള്‍ക്കും അക്രമങ്ങള്‍ക്കും കൂട്ടുനില്‍ക്കുകയും കുടപിടിക്കുകയും ചെയ്യുന്ന സാഹചര്യം രൂപപ്പെട്ടു. അപ്പോഴാണ് പാറയെ തകര്‍ക്കുന്ന കൂടംപോലെ, ചുടുചാരമാക്കുന്ന അഗ്നിപോലെ ശക്തമായ ദൈവവചനവുമായി പ്രവാചകന്മാര്‍ രംഗപ്രവേശം ചെയ്യുന്നത്. പൗരോഹിത്യം ആചാരാനുഷ്ഠാനങ്ങളില്‍ ഒതുങ്ങി; പ്രവാചകന്മാര്‍ വചനപ്രഘോഷകരായി രംഗപ്രവേശം ചെയ്തു. ഒരുമിച്ചുപോകേണ്ട ദൗത്യത്തില്‍ ഭിന്നിപ്പുണ്ടായി. ഈ സാഹചര്യത്തിലാണ് ദേവാലയത്തിനും പൗരോഹിത്യത്തിനും ബലിയര്‍പ്പണത്തിനുമെതിരേ അതികഠിനമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്.

പൗരോഹിത്യത്തിന്‍റെ ഈ ചരിത്രം യേശുക്രിസ്തു എന്ന നിത്യപുരോഹിതനില്‍ പുതിയൊരു ദിശയിലേക്കു നീങ്ങുന്നു. എന്താണ് പുരോഹിതധര്‍മ്മം, ആരാണ് പുരോഹിതന്‍ എന്ന് യേശുവില്‍നിന്ന് പഠിക്കണം. "എന്‍റെ ഓര്‍മ്മയ്ക്കായി ഇതു ചെയ്യുവിന്‍" എന്ന കല്പനയിലൂടെ നല്കപ്പെടുന്ന പുതിയ ദൗത്യം പൗരോഹിത്യത്തിന്‍റെ യഥാര്‍ത്ഥ ചിത്രത്തിലേക്ക് വെളിച്ചം വീശും. "തിരഞ്ഞെടുക്കപ്പെട്ട വംശവും രാജകീയപൗരോഹിത്യവും" (പത്രോ. 2,9) ഈ അന്വേഷണവഴിയിലെ ഒരു സുപ്രധാന താവളമാണ്. ഉല്‍പത്തി മുതല്‍ വെളിപാടുവരെയുള്ള 73 ഗ്രന്ഥങ്ങളില്‍ വെളിപ്പെടുന്ന പൗരോഹിത്യചിത്രം അപഗ്രഥിക്കാനാണ് തുടര്‍ന്ന് ശ്രമിക്കുന്നത്.

ഡോ. മൈക്കിള്‍ �കാരിമറ്റം

0

4

Featured Posts

Recent Posts

bottom of page