top of page
ഈശോ ശിഷ്യന്മാരുടെ കാലുകള്‍ കഴുകി പരിശുദ്ധ കുര്‍ബാന സ്ഥാപിച്ച ദിവസമാണ് പെസഹാ. വി. കുര്‍ബാന പരികര്‍മ്മം ചെയ്യപ്പെടുന്നതു പുരോഹിതരിലൂടെ ആയതിനാല്‍ അത് പൗരോഹിത്യ സ്ഥാപനദിനം കൂടിയാണ്. 'പെസഹാ' എന്ന വാക്കിന്‍റെ അര്‍ത്ഥം 'കടന്നു പോകല്‍' എന്നാണ്. താന്‍ ഒറ്റികൊടുക്കപ്പെട്ട തന്‍റെ ആ അവസാന 'പെസഹാ രാത്രിയില്‍' ഈശോ സങ്കടകരമായ ജീവിതാനുഭവങ്ങളിലൂടെ കടന്നുപോയി. ക്രിസ്തു ഒരിക്കല്‍ മാത്രം കടന്നുപോയ അത്തരം പ്രതിസന്ധി കളിലൂടെ ഏതൊരു പുരോഹിതനും ഒത്തിരിയേറെ തവണ തന്‍റെ ജീവിതത്തില്‍ കടന്നുപോകേണ്ടി വരുന്നുണ്ട്. എന്നാല്‍ കൈയ്പ്പേറിയ ആ അനുഭവങ്ങളെ അതിജീവിക്കാന്‍ ക്രിസ്തു കാണിച്ചുതന്ന മാതൃക തങ്ങളുടെ ജീവിതത്തില്‍ പിന്തുടരാന്‍ സാധിക്കുന്നുണ്ടോ എന്ന് ഓരോ പുരോഹിതനും ആത്മപരിശോധ ചെയ്യേണ്ടതാണ്.
1. ഏകാന്തതയുടെ കടന്നു പോകല്‍
തന്നോടൊപ്പം ആരുമില്ല എന്നു ക്രിസ്തു തിരിച്ചറിഞ്ഞ രാത്രിയാണ് പെസഹാ. കൂടെ കൂട്ടിക്കൊണ്ടുവന്ന ഏതാനും പേര്‍ മാറി നിന്ന് ഉറങ്ങുന്നു. കൂട്ടത്തിലൊരാള്‍ ഒറ്റികൊടുക്കുകയും മറ്റൊരാള്‍ തള്ളിപ്പറയുകയും ഇനിയുമുള്ളവര്‍ ഉപേക്ഷിക്കുകയും ചെയ്തപ്പോള്‍ ഏതൊരു മനുഷ്യനും അടിസ്ഥാനപരമായി ഏകനാണ് എന്നുള്ള അസ്തിത്വപരമായ പ്രതിസന്ധിയെ കുറെക്കൂടി ആഴത്തില്‍ ഈശോ അനുഭവിച്ചിരിക്കും.തന്‍റെ പൗരോഹിത്യയാത്രയില്‍ ഒരു പുരോഹിതന്‍ അനുഭവിക്കുന്ന ഏറ്റവും വലിയ സങ്കട ങ്ങളിലൊന്ന് അവന്‍റെ ഈ ഏകാന്തത തന്നെയാണ്. തന്‍റെ കുടുംബാംഗങ്ങളും അധികാരികളും താന്‍ സ്നേഹിച്ച സുഹൃത്തുക്കളും അജഗണവും തന്‍റെ ആത്മാര്‍ത്ഥത തിരിച്ചറിയാനകാതെ കല്ലെറിയുകയും കടന്നാക്രമിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന അവസ്ഥ. ശക്തിപ്പെടുത്താന്‍ ഒരു മാലാഖ പോലും കൂട്ടിനില്ലാത്ത ഇത്തരത്തിലുള്ള ചില ഒറ്റപ്പെടലിന്‍റെ രാത്രികളിലാണ് ഒരു പുരോഹിതന്‍ ഏറ്റവും ദുര്‍ബലനായി മാറ്റപ്പെടുന്നത്.
പൗരോഹിത്യം ഉപേക്ഷിച്ചുപോയ ഒരു സുഹൃത്തിനെ അടുത്തിടെ കാണാനിടയായി. തന്‍റെ ആ തീരുമാനത്തിന് കാരണമായി അവന്‍ പറഞ്ഞത് അവന്‍റെ ജീവിതത്തിലെ മടുപ്പിക്കുന്ന ഏകാന്തതയാണ്. വളരെ ആവേശത്തോടെ തിരുപ്പട്ടം സ്വീകരിച്ചവര്‍, അതിലും തീക്ഷ്ണതയോടെ പൗരോഹിത്യ ജീവിതം ആരംഭിച്ചവര്‍ ഒറ്റപ്പെടലിന്‍റെ ഏതാനും 'പെസഹാ രാത്രികളെ' കടന്നുപോകാന്‍ കഴിവില്ലാതെ വല്ലാതെ ഉലഞ്ഞു പോകുന്നു.
തന്‍റെ ജീവിതത്തിലെ ഇത്തരം നിമിഷങ്ങളെ ക്രിസ്തു അതിജീവിച്ചത് ദൈവ
പിതാവുമായുള്ള സംഭാഷണം കൊണ്ടാണ്. വചനം പറയുന്നത് അപ്പോള്‍ അവനെ ശക്തിപ്പെടുത്താന്‍ സ്വര്‍ഗത്തില്‍ നിന്നും ഒരു ദൂതന്‍ പ്രത്യക്ഷപ്പെട്ടു എന്നാണ് (ലൂക്ക 22:43). ജീവിതത്തിലെ ഏകാന്തതയുടെ ദുര്‍ബല നിമിഷങ്ങളെ പ്രാര്‍ത്ഥനകൊണ്ട് ശക്തിപ്പെടുത്തുക എന്നുള്ളതാണ് ക്രിസ്തു നമ്മെ പഠിപ്പിക്കുന്ന പാഠം. അതുകൊണ്ടാണ് ഫ്രാന്‍സിസ് മാര്‍പാപ്പ പറഞ്ഞത് 'ദൈവവുമായുള്ള സൗഹൃദവും സല്ലാ പവുമാണ് പൗരോഹിത്യ ഏകാന്തതയെ മറികടക്കുവാനുള്ള കുറുക്കുവഴി' എന്ന്. ആ ദൈവിക സൗഹൃദം അവസാനിക്കുന്നിടത്താണ് ഒറ്റപ്പെടല്‍ സമ്മാനിക്കുന്ന ഇടര്‍ച്ചകളിലേക്ക് ഒരോ പുരോഹിതനും കാലിടറി വീഴുന്നത്.
2. ശുശ്രൂഷയുടെ കടന്നു പോകല്‍
സ്വന്തം ശരീരരക്തങ്ങള്‍ ഭക്ഷണ പാനീയങ്ങളായി നല്‍കി ഈശോ വിശുദ്ധകുര്‍ബാന സ്ഥാപിച്ച രാത്രിയാണ് പെസഹാ. യോഹന്നാന്‍റെ സുവിശേഷത്തില്‍ കുര്‍ബാന സ്ഥാപന വിവരണത്തിനു പകരം ഈശോ ശിഷ്യന്മാരുടെ കാലു കഴുകുന്ന ശുശ്രൂഷയാണ് ശ്ലീഹ അവതരിപ്പിച്ചിരിക്കുന്നത്. ആ അര്‍ത്ഥ ത്തില്‍ വി. കുര്‍ബാനയുടെയും പൗരോഹിത്യത്തി ന്‍റെയും സ്ഥായിയായ ഭാവം കാലുകഴുകലിന്‍റെ ഈ ശുശ്രൂഷാമനോഭാവമാണ്. അപരനുവേണ്ടി മുറിയപ്പെടാന്‍ ഒരു ക്രിസ്തുശിഷ്യന്‍ തയ്യാറാകണം. എന്നുവെച്ചാല്‍ 'കുര്‍ബാന' അര്‍പ്പിക്കുന്ന പുരോഹിതന്‍ 'കുര്‍ബാന' ആയി മാറണം എന്നു ചുരുക്കം.
അടുത്തിടെ തന്‍റെ ഒരു വൃക്ക മറ്റൊരു സഹോദര വൈദികന് നല്കിയ ഒരു പുരോഹിതനെ പരിചയപ്പെടുവാന്‍ ഇടയായി. അതിനു പ്രചോദനമായി അദ്ദേഹം പറഞ്ഞത്: 'ക്രിസ്തു തന്‍റെ ശരീരം മുഴുവന്‍ മുറിച്ചു നല്‍കിയില്ലേ..? അപ്പോള്‍ പിന്നെ അവനെ അനുഗമിക്കുന്ന നമ്മള്‍ ഒരു അവയവമെങ്കിലും പകുത്തു നല്‍കേണ്ടേ..!' എന്നാണ്.
ശിഷ്യന്മാരുടെ കാലുകള്‍ കഴുകിയ ശേഷം 'ഞാന്‍ നിങ്ങള്‍ക്കൊരു മാതൃക നല്‍കിയിരി ക്കുന്നു' എന്നാണ് ക്രിസ്തു പറയുന്നത് (യോഹ 13:15). മറ്റുള്ളവര്‍ക്കുള്ള മാതൃക നല്‍കിക്കൊണ്ട് ജീവിക്കുക എന്നുള്ളതാണ് പൗരോഹിത്യവും സന്യാസവും ഇന്നു നേരിടുന്ന വലിയ വെല്ലുവിളി. മദര്‍ തെരേസയുടെ മരണവിവരം അറിഞ്ഞു ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പ പറഞ്ഞത് 'ലോകത്തിനു ചൂണ്ടിക്കാണിക്കാന്‍ ഒരു മാതൃക നഷ്ടപ്പെട്ടിരിക്കുന്നു' എന്നാണ്.
മാതൃകയാകേണ്ടവര്‍ ഇടറി വീഴുന്ന കാലഘട്ടമാണിത്. ആടുകളല്ല, ഇടയന്മാര്‍ വഴിതെറ്റുന്ന കെട്ട കാലം. ഈ നാളുകളില്‍ അധികാരത്തിന്‍റെയും ധാര്‍ഷ്ട്യത്തിന്‍റെയും പുരുഷ മേല്‍ക്കോയ്മയുടെയുമൊക്കെ ചിലന്തി വലകള്‍ക്കുള്ളില്‍ കുടുങ്ങി കിടക്കുന്ന വൈദികര്‍ പൗരോഹിത്യ ജീവിതത്തിന്‍റെ തനിമയായ എളിമയുടെ സേവനമനോഭാവം വീണ്ടെടുക്കുവാനും ഏറ്റെടുത്ത പൗരോഹിത്യം ശുശ്രൂഷയുടേതാണെന്നുള്ള (Ministerial Priesthood) അവബോധത്തിലേക്ക് ഉയരുവാനും ക്രിസ്തുവിന്‍റെ 'പെസഹാ' സഹായകമാകണം.
3. അനുസരണത്തിന്‍റെ കടന്നുപോകല്‍
ഗത്സെമന്‍ തോട്ടത്തില്‍ വെച്ച് പിതാവിനോട് തന്‍റെ സഹനങ്ങളെ എടുത്തു മാറ്റുവാനായി മാനു ഷികമായി ബലഹീനനായ ഈശോ പ്രാര്‍ഥിക്കു ന്നുണ്ട്. എന്നാല്‍ വീണ്ടും 'പിതാവേ എന്‍റെ ഹിതമല്ല അങ്ങയുടെ ഹിതം നിറവേറട്ടെ' (ലൂക്ക22:43) എന്നു പറയുന്ന അനുസരണത്തിന്‍റെയും കീഴ്വഴക്കത്തിന്‍റെയും വാക്കുകളാലാണ് ഈശോ തന്‍റെ പ്രാര്‍ ത്ഥന അവസാനിപ്പിക്കുന്നത്. എന്നുപറഞ്ഞാല്‍ അപ്രതീക്ഷിതവും വേദനാജനകവുമായ ജീവിത അനുഭവങ്ങള്‍ കടന്നുവരുമ്പോള്‍ ക്രിസ്തുവിനെ പോലെ അസ്വസ്ഥരാകാനും അഭിപ്രായം പറയാനും തര്‍ക്കിക്കാനും അപേക്ഷിക്കാനും കണ്ണീരൊഴുക്കാനുമുള്ള അവകാശം എല്ലാ പുരോഹിതര്‍ക്കുമുണ്ട്. എന്നാല്‍ അതിന്‍റെയെല്ലാം അവസാനം ക്രിസ്തു കാണിച്ചു തന്നതുപോലെ ഒരു അനുസരണത്തിന്‍റെയും വിധേയപ്പെടലിന്‍റെയും കീഴ്വഴക്കത്തില്‍ ആയിരിക്കണം എന്നു മാത്രം. 'പാത്രിസ് കോര്‍ദേ' എന്ന തന്‍റെ അപ്പസ്തോലിക പ്രബോധനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വി. യൗസേപ്പിതാവിനെ ക്കുറിച്ചു പറയുന്നതുപോലെ എല്ലാ കാര്യങ്ങളിലും വ്യക്തതയുള്ള ഒരു അനുസരണത്തിന്‍റെ ആത്മീയതയല്ല മറിച്ച് എല്ലാത്തിലും ദൈവഹിതം തിരിച്ചറിഞ്ഞു തര്‍ക്കങ്ങളില്ലാതെ അനുസരിച്ചു എന്ന താണ് വി. യൗസേപ്പിതാവിന്‍റെ പ്രത്യേകത. ഈ ഒരു അനുസരണ ശൈലി സ്വന്തമാക്കാനുള്ള ബാധ്യത ഓരോ പുരോഹിതനും ഉണ്ട്. ഓരോ നിമിഷവും ദൈവഹിതത്തിനു കീഴ്വഴങ്ങി ജീവിച്ച പ. കന്യകാ മറിയം തന്നെയാണ് ഈ കാര്യത്തില്‍ പുരോഹിതര്‍ക്ക് വലിയ മാതൃക.
തന്‍റെ അവസാന പെസഹാ രാത്രിയില്‍ ക്രിസ്തു കടന്നുപോയ ഏകാന്തതയുടെയും എളി മപ്പെടലിന്‍റെയും അനുസരണത്തിന്‍റെയും അനുഭവങ്ങളെ ക്രിസ്തു സ്വീകരിച്ചതുപോലെ സ്വീകരിക്കാനുള്ള ഉത്തരവാദിത്വം ഓരോ പുരോഹിതനുമുണ്ട്. അപ്പോഴാണ് അവന്‍ മറ്റൊരു ക്രിസ്തുവും അവന്‍റെ ജീവിതം യഥാര്‍ത്ഥ 'പെസഹാ'യുമായി മാറുന്നത്.
Featured Posts
bottom of page