
മീനുക്കുട്ടിയേ.. എന്ന് നീട്ടി വിളിക്കാനാണ് അമ്മ എനിക്ക് മീനാക്ഷി എന്ന് പേരിട്ടത്... ശ്ശെ ഈ നാട്ടിന്‍പുറത്തായതുകൊണ്ടല്ലേ എനിക്ക് ഇങ്ങനൊരു പേര് കിട്ടിയത്. ലിന്‍ഡ എന്നോ അമീഷയെന്നോ ഉള്ള പേര് മതിയായിരുന്നു എനിക്ക്. എന്ത് സ്റ്റൈല്‍ ഉള്ള പേരാണ് അതൊക്കെ. പക്ഷേ കൈയ്യില്‍ ഒറ്റരൂപ ഇറുക്കിപ്പിടിച്ചു കൊണ്ട് അമ്മ മീനുക്കുട്ടിയേ..എന്ന് വിളിക്കുമ്പൊ ഭയങ്കര രസാ..
ഊഹിച്ചത് തെറ്റിയില്ല. വിളിക്കു പിറകേ, ദാ നിനക്ക് ഒറ്റരൂപ...എന്ന് അമ്മ കൈനീട്ടി.. കറുപ്പില്‍ വെളുത്ത പൊട്ടുള്ള പാവാട അങ്ങോട്ടും ഇങ്ങോട്ടും ഇളക്കി ഒറ്റരൂപ വാങ്ങി. 'നൈസില്‍' എന്ന പൗഡറിന്‍റെ ടിന്‍ തുളച്ചു അച്ഛന്‍ ഉണ്ടാക്കി തന്ന ബാങ്കില്‍ നിക്ഷേപിച്ചു.
'നൈസില്‍', ലോകത്ത് ഏറ്റവും മോശം മണം ഉള്ള പൗഡര്‍ അതായിരിക്കും. പക്ഷേ ചൂട് കാലമായാല്‍ അമ്മ മേലാകെ അത് പൂശിത്തരും. 'ഇല്ലെങ്കി തൊലിയൊക്കെ ചോന്ന് തിണര്‍ക്കും കുട്ടിയേ ഈ ചൂടത്ത്...' അമ്മ പറയും..
ചൂടുകുരു മാറ്റാനുള്ള മരുന്ന് പൗഡര്‍ ആണത്രേ അത്.. എന്തിനാണ് മരുന്നുകള്‍ക്കൊക്കെ ഇത്ര കെട്ട മണവും കെട്ട രുചിയും കൊടുക്കുന്നത്.. ഫെപ്പാനില്‍ എന്ന് പേരുള്ള ഇളം റോസ് നിറമുള്ള മരുന്നു കാരണമാണ് എനിക്ക് പനിയെ ഇഷ്ടമല്ലാതായത്. ആ മുരുന്നില്ലായിരുന്ന െങ്കില് എത്ര എത്ര പനികളെ ഞാന്‍ വിളിച്ചു വരുത്തിയേനെ.
മണം കൊള്ളില്ലെങ്കിലും ഇളം നീല കുഴല്‍ പോലെയുള്ള ആ ടിന്നും അതിന്‍റെ കടും നീല അടപ്പും കാണാന്‍ നല്ല ചേലാണ്. കടും നീല അടപ്പ് തുറന്നാല്‍ വെള്ള നിറമുള്ള മറ്റൊരു അടപ്പ്. അത് തുറക്കുക അല്പം പ്രയാസമാണ്. അതിലാണ് ഒറ്റരൂപ ഇടാന്‍ പാകത്തിന് അച്ഛന്‍ നീളന്‍ തുള ഇട്ടു തന്നത്. ടിന്‍ നിറയും വരെ തുറക്കരുത് എന്നും പറഞ്ഞിട്ടുണ്ട്.
നീളന്‍ തുളയില്‍ പപ്പടക്കോല് കയറ്റി, ചരിച്ചു പിടിച്ചിട്ടു തഴത്തേക്ക് അമര്‍ത്തിയാല്‍ വെള്ള അടപ്പ് 'ഡപ്പ്' എന്ന് തുറന്ന് വരും.
ഒറ്റ രൂപ ടിന്നിലേക്കിട്ട് ഒന്നു കുലുക്കി നോക്കി. ഇപ്പൊ ഒരു പത്തു രൂപ ആയിട്ടുണ്ടാകും... ടിന്‍ തുറന്ന ് ഒന്നു എണ്ണി നോക്കിയാലോ.. ?
വേണ്ട പപ്പടക്കോലും ചോദിച്ചോണ്ട് അങ്ങോട്ട് ചെന്നാല്‍ അമ്മ വീണ്ടും പരീക്ഷാക്കാര്യം എടുത്തിടും. ആരും അറിയാത്ത നേരം അതൊന്ന് തുറന്ന് നോക്കണം...
ആരും കാണാതെ ഒന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് അമ്മ പറയുന്നത്. ഭഗവാന്‍ ശ്രീ കൃഷ്ണന്‍ എല്ലാം കാണുന്നുണ്ടത്രേ.. അതാ എനിക്ക് ഭഗവാന്‍ ശ്രീ കൃഷ്ണനെ ഇഷ്ടമല്ലാത്തത്. എന്‍റെ ക്ലാസിലെ വിനോദ് കുമാറിനെപ്പോലെ എപ്പോഴും ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കാന്‍ കൃഷ്ണന് ഒരു നാണോം ഇല്ലേ.. എത്ര തവണ ടീച്ചര്‍മാര്‍ അവനെ വഴക്ക് പറഞ്ഞിരിക്കുന്നു ടീച്ചേഴ്സ് റൂമില്‍ ഒളിഞ്ഞു നോക്കിയതിന്. ഭഗവാന്‍ കൃഷ്ണനെ വഴക്ക് പറയാന്‍ ഈ ലോകത്ത് ആരും ഇല്ലേ..?
നോക്കണോ..? അല്ലെങ്കില്‍ വേണ്ട നിറയട്ടെ.. എന്നിട്ടു നോക്കാം...നിറയുമ്പോ ഒരു 50 രൂപയെങ്കിലും ഉണ്ടാകും..അത് വച്ച് വിഷുവിന് പടക്കം മേടിക്കാം.. അല്ലെങ്കില്‍ വേണ്ടഉണ്ണിനായരുടെ കടേന്ന് ബബിള്‍ഗം മേടിക്കാം. അല്ലങ്കില്‍ അതും വേണ്ട തലയില്‍ വയ്ക്കണ 'റ' വാങ്ങിയാലോ... ചിത്രശലഭം പതിപ്പിച്ചത്... ജീവന്‍ തോന്നണ തരം ചിത്രശലഭം ഉളളത്.
റോസിലി മാത്യുsiന്‍റെ അഹങ്കാരം അതോടെ തീരട്ടേ.. ഗള്‍ഫില്‍ അച്ഛനുള്ളോര്‍ക്കു മാത്രല്ല ചിത്രശലഭം പതിപ്പിച്ച 'റ' ഉണ്ടാവ്വ എന്നൊരു ധാരണയുണ്ടല്ലോ ആ കുട്ടിക്ക്. അതങ്ങട് പൊളിഞ്ഞടുങ്ങട്ടേ..
എറണാകുളത്തു പോയാല്‍ ജീവന്‍ തോന്നണ ചിത്രശലഭം പതിപ്പിച്ച 'റ' കിട്ടും എന്ന് ഞാന്‍ പറഞ്ഞപ്പോ എന്താരു പുച്ഛം ആയിരുന്നു ആ കുട്ടിക്ക്. ഇവിടത്തെ '