top of page
മാര്‍ച്ച് 16, 2003 ഒരു ഞായറാഴ്ചയായിരുന്നു. എരിയെല്‍ ഷാരോണ്‍ ഇസ്രായേലിലും യാസിര്‍ അരഫാറ്റ് പലസ്തീനയിലും അധികാരത്തിലിരിക്കുന്ന കാലം. ചെമ്പന്‍മുടിയും ചാരക്കണ്ണുകളുമുള്ള ഒരു യുവതി ഗാസയിലെ റാഫാ എന്ന ഗ്രാമത്തില്‍ വസിക്കുന്ന സമീര്‍ നസറള്ളയുടെ വീടിനെ ലക്ഷ്യമാക്കി ധൃതിയില്‍ പോകുകയാണ്. തനിക്കും കൂട്ടുകാര്‍ക്കും മഴയത്തും വെയിലിലും പലപ്പോഴും അഭയമായിരുന്ന നസറള്ളയുടെ വീട് തകര്‍ത്തുകളയാന്‍ ഇസ്രായേലി പട്ടാളം തയ്യാറെടുക്കുന്നു എന്നറിഞ്ഞുകൊണ്ടാണ് അവള്‍ അങ്ങോട്ട് കുതിക്കുന്നത്. അവളുടെ കൈയില്‍ ഒരു മൈക്കും ഇരുട്ടില്‍ തിളങ്ങുന്ന കോട്ടും മാത്രമുണ്ടായിരുന്നു. ഏതാനും മിനിട്ടുകള്‍ക്കുശേഷം റെയ്ച്ചല്‍ കൊറീ (Rachel Corrie) എന്ന അമേരിക്കന്‍ യുവതി ഉടഞ്ഞ തലയും നുറുങ്ങിയ എല്ലുകളും കീറിപ്പോയ ശ്വാസകോശങ്ങളുമായി ജീവനറ്റ് മണ്ണിനടിയില്‍ കിടക്കുന്നതാണ് അവളുടെ കൂട്ടുകാര്‍ കണ്ടത്.
'വിസ്തൃതമായ ഈ ഭൂതലത്തില്‍ എവിടെയാണ്, ഏതാണ് നമ്മുടെ വഴി? നമ്മുടെ പ്രവൃത്തികള്‍ അന്യരെ എങ്ങനെ ബാധിക്കും? മനുഷ്യരാശിയോട് നമുക്കുള്ള കടപ്പാട് എന്താണ്?' ഗാസയിലെ ഒരു പലസ്തീനി സുഹൃത്തിന്‍റെ വീട് നശിപ്പിക്കാനെത്തിയ ഇസ്രായേല്‍ പട്ടാളത്തിന്‍റെ കൂറ്റന്‍ മണ്ണിളക്കിയന്ത്രത്തെ (a Caterpillar D9 bulldozer) കൈ വിരിച്ചുനിന്ന് തടയാന്‍ ശ്രമിക്കവേ, കൊല്ലപ്പെട്ട റെയ്ച്ചല്‍ കൊറീ (Rachel Corrie)യുടെ ചോദ്യങ്ങളാണിത്. പലസ്തീനയിലെ ജനങ്ങള്‍ ആറേഴു ദശാബ്ദങ്ങളായി നേരിട്ടുകൊണ്ടിരിക്കുന്ന ബഹുമുഖഹത്യകളില്‍ സഹതപിച്ചും പ്രതിരോധിച്ചും അഹിംസാപരമായി ഇടപെടുന്നതിനായി അവിടെയെത്തിയതായിരുന്നു റെയ്ച്ചല്‍ കൊറീ. തങ്ങളുടെ രക്തസാക്ഷിയെന്ന് ഇത്തിഫാദയും* അവിവേകിയായ ഒരു ഭ്രാന്തിയെന്ന് ഇസ്രായേലി ഭരണകൂടവും അവളെ വിളിച്ചു. എന്നാല്‍, വിവേകമെന്നത് പലപ്പോഴും ഭയത്തിന്‍റെ വേറൊരു പേരാണെന്ന് ചിലരെയെങ്കിലും നിശ്ശബ്ദമായി റെയ്ച്ചല്‍ കൊറീ പഠിപ്പിക്കുന്നുണ്ട്. ഈ ഇരുപത്തിമൂന്നുകാരി തന്‍റെ ജീവന്‍ എന്തിനുവേണ്ടി പണയപ്പെടുത്തി എന്നതിന് അവളുടെ സുഹൃത്തുക്കളില്‍ പലര്‍ക്കുംപോലും ഇന്നും ഒരുത്തരമില്ല.
എഴുപതില്‍പ്പരം വര്‍ഷങ്ങളായി ഇസ്രായേല്‍ പലസ്തീനികളോട് ചെയ്യുന്ന ക്രൂരത എത്രമാത്രമെന്ന് അറിയാത്തവര്‍ ഇല്ല. ഇംഗ്ലണ്ടിന്‍റെയും അമേരിക്ക യുടെയും സഹായത്തോടെ പലസ്തീനായുടെ മണ്ണില്‍, 1948-ല്‍ ഇസ്രായേല്‍ എന്ന രാജ്യം സ്ഥാപിതമായി. മറ്റേതു ജനതയെയും പോലെ പലസ്തീനികള്‍ തങ്ങള്‍ക്കാകുംവിധം ചെറുത്തുനില്‍പ്പ് തുടങ്ങി. ഈ ചെറുത്തുനില്‍പ്പിന്‍റെ ശരിയായ അര്‍ത്ഥം യഹൂദ അധിനിവേശത്തിനു ചുക്കാന്‍ പിടിച്ചവനും ആദ്യ പ്രധാനമന്ത്രിയുമായിരുന്ന ബെന്‍ ഗുറിയെന്‍ തന്നെ ഇങ്ങനെ മനസ്സിലാക്കിയിരുന്നു. 'നമ്മള്‍ നേരിടുന്നത് ഭീകരതയെയല്ല, യുദ്ധത്തെയാണ്. അത് നമുക്കുമേല്‍ അറബികള്‍ പ്രഖ്യാപിച്ച ഒരു ദേശീയയുദ്ധമാണ്. തങ്ങളുടെ ജന്മഭൂമിയില്‍ ജൂതര്‍ നടത്തുന്നു എന്ന് അവര്‍ കരുതുന്ന കടന്നുകയറ്റത്തിനെതിരെയുള്ള പലസ്തീനികളുടെ ചെറുത്തുനില്‍പ്പാണത്. അവരില്‍ ആരെങ്കിലും തളര്‍ന്നാല്‍, മറ്റുള്ളവര്‍ എത്തുന്നു. അറബികളാണ് കടന്നാക്രമണക്കാരെന്നും നമ്മള്‍ പ്രതിരോധിക്കുകയാണെന്നും പറയുമ്പോള്‍, അത് അര്‍ദ്ധസത്യമാണ്. രാഷ്ട്രീയമായി നമ്മള്‍ കടന്നാക്രമണക്കാരും അവര്‍ പ്രതിരോധിക്കുന്നവരും ആണ്.' ** നിജസ്ഥിതി ഇതാണെങ്കിലും ഇന്നുവരെ അവിടെ നീതിനടപ്പാക്കാന്‍ UNO യ്ക്കോ അമേരിക്കക്കോ സാധിച്ചിട്ടില്ല. സാമൂഹിക, രാഷ്ട്രീയ, സാമ്പത്തിക അസ്തിത്വമുള്ള ഒരു ജനതയെന്നനിലയില്‍ പലസ്തീന്‍കാരുടെ അനുദിനജീവിതത്തെ താറുമാറാക്കുന്ന പ്രക്രിയ ഇന്നും തുടര്‍ന്നു കൊണ്ടിരിക്കുന്നു. ഉടന്‍തന്നെ ഒരു പലസ്തീന്‍ രാഷ്ട്രം രൂപപ്പെടുമെന്ന് ഇടയ്ക്കിടയ്ക്ക് ഒബാമയുള്‍പ്പെടെയുള്ള അമേരിക്കന്‍ പ്രസിഡന്‍റുമാര്‍ പറഞ്ഞുകൊണ്ടിരുന്നതല്ലാതെ ഒന്നും ചെയ്യാന്‍ അവര്‍ക്കായില്ല.
ഇത്തരുണത്തില്‍ നീതിക്കുവേണ്ടി സംസാരിക്കാതെയും ഇടപെടാതെയുമിരിക്കുക ഒരു പാപമാണെന്നും ഇസ്രായേലിന്‍റെ ജനഹത്യക്ക് സമ്മതം മൂളുകയാണെന്നും ഉള്ള തിരിച്ചറിവില്‍ സ്വന്തം സാന്നിദ്ധ്യത്തിലൂടെ പ്രതിരോധത്തില്‍ പങ്കുകൊള്ളാന്‍ ധൈര്യം കാണിക്കുന്നവരില്‍ അമേരിക്കക്കാരും ഉണ്ട്. പലപ്പോഴും നമുക്ക് അപ്രായോഗികമെന്നും അവിവേകമെന്നും തോന്നുന്ന എടുത്തുചാട്ടങ്ങള്‍ക്ക് ഇവരില്‍ പലരും മടി കാണിക്കുന്നുമില്ല. International Solidartiy Movement (ISM) എന്ന സന്നദ്ധസംഘടനയുടെ ഭാഗമായിരുന്നു റെയ്ച്ചല്‍ കൊറീ. സമാധാനപരമായ മാര്‍ഗങ്ങളിലൂടെ തങ്ങളുടെ ചെറുത്തുനില്പില്‍ ഭാഗം ചേരാന്‍ എല്ലാ രാജ്യത്തുള്ള മനുഷ്യരോടും അഭ്യര്‍ഥിക്കുന്നുണ്ട്. ഈ പ്രസ്ഥാനത്തെ രണ്ടു തവണ സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനു നാമനിര്‍ദ്ദേശം ചെയ്തിട്ടുണ്ട്. 2002-നു ശേഷം ഒരു ഡസനില്‍പരം ISM അംഗങ്ങള്‍ കൊല്ലപ്പെടുകയോ ഗുരുതരമായി അപകടപ്പെടുകയോ ചെയ്തിട്ടുണ്ട്.
കാറ്റുപിടിക്കാത്ത പാറകള്‍ നിറഞ്ഞിരുന്ന ഈ ഭൂമിയെ മൃദുലയിതളുകളുള്ള പൂക്കള്‍ വിരിയുന്ന പറുദീസയാക്കി മാറ്റാന്‍ കോടാനുകോടി കാലങ്ങള്‍ വേണ്ടിവന്നു. മണ്ണുമാന്തികള്‍കൊണ്ട് ഒരു ഗോത്രത്തെയോ ജനതയെയോ മുഴുവന്‍ ചെറുപ്രാണികളെപ്പോലെ തുടച്ചുമാറ്റാമെന്നത് നവീനകാല പണക്കാരുടെയും അധികാരവെറിയന്മാരുടേയും കണ്ടുപിടിത്തമാണ്. ഇന്ത്യയിലും നാമിതിനു സാക്ഷികളാണല്ലോ. എന്നാല്‍, ഈ ഭൂമിയില്‍ ഒരിക്കലും നശിച്ചുപോകില്ലാത്ത ഒരു വംശം പലസ്തീന്‍കാരായിരിക്കും. കാരണം, സഹനത്തിന്‍റെ തീച്ചൂളയില്‍ ഇത്രയും ശോധന ചെയ്യപ്പെട്ടവര്‍ വേറെയില്ലെന്ന് പറയാം.
സ്നേഹത്തിനു വേണ്ടി മനുഷ്യന്‍ നല്‍കുന്ന വില പലപ്പോഴും ഭ്രാന്തുപോലെ കാണപ്പെടും. സ്നേഹത്തിന്‍റെ ഏറ്റവും വലിയ തെളിവ് സ്വന്തം ജീവന്‍ ത്യജിക്കുകയാണ്. റെയ്ച്ചല്‍ കൊറീയുടെ ജീവത്യാഗം പലസ്തീന്‍കാര്‍ക്കുള്ള മോചനദ്രവ്യമാണ്. മനുഷ്യചരിത്രത്തിലെ അനേകായിരം നിര്‍മലരായ മാതാപിതാക്കളുടെ, സ്ത്രീകളുടെ, ബാലികമാരുടെ, കുഞ്ഞുങ്ങളുടെ ത്യാഗബലികളുടെ വന്‍കടലിനെ തന്‍റെ വ്യക്തിജീവന്‍ എന്ന ചിമിഴിലേയ്ക്ക് അവള്‍ സംഗ്രഹിച്ചിരിക്കുന്നു. മാനവരാശിയുടെ സംസ്കാരം, ബലികൊടുത്തവരുടെ സംസ്കാരമാണെന്നു ഫാ. ബോബി ജോസ് കട്ടിക്കാട് നിരീക്ഷിക്കുന്നുണ്ട്. എല്ലാ ബലിക്കും ശേഷം ഐശ്വര്യം സംഭവിക്കുമെന്നും. യേശുവിന്‍റെ ബലി പൂര്‍ത്തിയായപ്പോള്‍ പാറകള്‍ പിളര്‍ന്നു എന്ന ഐതിഹ്യത്തെ ഇതിന്‍റെ രൂപകമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. സഹസ്രാബ്ദങ്ങള്‍ പഴക്കമുള്ള വന്‍സംസ്കാരങ്ങളെ ബോംബുകള്‍കൊണ്ട് വെറും ചാരമാക്കിക്കളയുന്ന അമേരിക്കന്‍ നിഷ്ഠൂരതക്കും സ്വാര്‍ത്ഥഭ്രാന്തിനും മുമ്പില്‍ ഈ ബാലികയുടെ അല്‍പഭ്രാന്തിന് എന്ത് വില എന്ന് നാം ചോദിച്ചേക്കാം. ശരിയാണ്. ഹിംസയുടെ നശീകരണശക്തി അപരിമേയമാണ്. എന്നാല്‍ ഇത്തരം ബലികളുടേത് അതിനെ രൂപാന്തരപ്പെടുത്തും. ഇന്നല്ലെങ്കില്‍ നാളെ മനുഷ്യവര്‍ഗ്ഗം ശാന്തിയിലേക്കും മഹത്വത്തിലേക്കും ചെന്നെത്തും എന്ന പ്രത്യാശയുടെ കിരണങ്ങളാണ് ഇത്തരം മനുഷ്യസ്നേഹികള്‍.
മണ്ണുമാന്തിയന്ത്രം ഓടിച്ചിരുന്നയാള്‍ കൈവിരിച്ച് മുമ്പില്‍നിന്ന ചെറുപ്പക്കാരിയെ കണ്ടിട്ടും വകവയ്ക്കാതെ മുന്നോട്ടു ചെന്ന് അവളെ കൊലപ്പെടുത്തിയതാണോ എന്നതിനെപ്പറ്റി തര്‍ക്കം തുടരുകയായിരുന്നു. റെയ്ച്ചലിന്‍റെ മരണത്തെത്തുടര്‍ന്ന് അവളുടെ മാതാപിതാക്കള്‍ അമേരിക്കയിലും ഇസ്രായേലിലും നടത്തിയ നിയമയുദ്ധം നിഷ്ഫലമായി. ഈ ആഗസ്റ്റ് 28-ന് പുറപ്പെടുവിച്ച വിധിയില്‍ ഇസ്രായേല്‍ കോടതി സൈന്യത്തെ കുറ്റവിമുക്തമാക്കുകയും നഷ്ടപരിഹാരം നല്കാന്‍ ഇസ്രായേലിനു ബാദ്ധ്യതയില്ലെന്നു കണ്ടെത്തുകയുമാണ് ചെയ്തത്.
റെയ്ച്ചല്‍ ഏതു തരം സ്ത്രീയായിരുന്നു എന്നു മനസ്സിലാക്കാന്‍ അവളുടെ ഡയറിയും അവള്‍ അമ്മയ്ക്ക് എഴുതിയിരുന്ന മെയിലുകളും ജോഷ്വ ഹാമര്‍ നടത്തിയ ഗവേഷണങ്ങളും മാത്രമേ നമുക്കുള്ളൂ. 'ഞാന്‍ ഡാന്‍സ് ചെയ്യും, ബാസ്കററ്ബോള്‍ കളിക്കും. എനിക്ക് പറയാന്‍ ധാരാളം കഥകള്‍ ഉണ്ടായിരിക്കും. വെറുതെ കുറെ വാക്കുകളുടെ കൂമ്പാരമായിരിക്കില്ല ഞാന്‍', റെയ്ച്ചല്‍ ഒരിക്കല്‍ അമ്മയ്ക്കെഴുതി. അവള്‍ ഒരു കലാകാരി അല്ലെങ്കില്‍ എഴുത്തുകാരിയാകാന്‍ ആഗ്രഹിച്ചിരുന്നു. ജന്മസ്ഥലമായ ഒളിമ്പിയയില്‍ പരിസ്ഥിതിബോധം വളര്‍ത്താന്‍വേണ്ടി നടത്തിയ ഒരു പരെയ്ഡില്‍ ഒരു പ്രാവിന്‍റെ വേഷമണിഞ്ഞാണ് റെയ്ച്ചല്‍ പങ്കെടുത്തത്.
1990-ല്‍ പതിനൊന്നു വയസ്സുള്ളപ്പോള്‍ റെയ്ച്ചല്‍ ഇങ്ങനെ കുറിച്ചിട്ടു: 'എനിക്കൊരു വക്കീലാകണം. ഒരു പക്ഷേ ഒരു നര്‍ത്തകി, ഒരഭിനേത്രി. എനിക്ക് ഭാര്യയും അമ്മയും ബാലസാഹിത്യകാരിയുമാകണം. എനിക്കൊരു കവിയും പിയാനിസ്റ്റുമാകണം. ചിലപ്പോള്‍ ഞാനൊരു പരിസ്ഥിതി പ്രവര്‍ത്തകയോ മനുഷ്യാവകാശ പോരാളിയോ അല്ലെങ്കിലൊരു മനശ്ശാസ്ത്രജ്ഞയോ ആദ്യത്തെ സ്ത്രീപ്രസിഡന്‍റു തന്നെയോ ആയേക്കാം.'
ISM പോരാളിയായി പ്രവര്‍ത്തിക്കവേ, ഒരിക്കല്‍ മാധ്യമപ്രവര്‍ത്തകരോട് അവള്‍ പറഞ്ഞത് അവിടത്തെ അന്തരീക്ഷത്തെ നന്നായി ചിത്രീകരിക്കുന്നുണ്ട്: 'ഒരു ജനതയുടെ അതിജീവനത്തിനുള്ള കരുത്തിനെ കരുതിക്കൂട്ടി നശിപ്പിക്കുന്ന രീതികളാണ് ഞങ്ങള്‍ ഇവിടെ കാണുന്നത്. ഇത് ഭയാനകം തന്നെ. ഇവിടെ സംഭവിക്കുന്നത് എന്തെന്ന് മനസ്സിലാക്കാന്‍ അല്‍പസമയം വേണ്ടിവരും. ഈ മനുഷ്യര്‍ തങ്ങളുടെ മനസ്സിന്‍റെ സമനില കാത്തുസൂക്ഷിക്കാനും സന്തോഷം കാണിക്കാനും ശ്രമിക്കുന്നുണ്ട്. ഇവരോടോത്തു ഭക്ഷണത്തിനിരിക്കുമ്പോള്‍ എനിക്കറിയാം, പുറത്ത് പട്ടാളം ഞങ്ങളെ വളഞ്ഞിട്ടുണ്ടെന്നും എന്നോടൊത്തു ഭക്ഷിക്കുന്നവരെ ഉന്മൂലനം ചെയ്യാന്‍ അവര്‍ വട്ടം കൂട്ടുകയാണെന്നും.'
റാഫായില്‍വച്ച് അവളുടെ സുഹൃത്തായിത്തീര്‍ന്ന നയെല എന്ന പതിനേഴുവയസ്സുകാരിയുടെ ഡയറിയില്‍ റെയ്ച്ചല്‍ ഇങ്ങനെ കുറിച്ചിട്ടു: 'കരുണയുള്ളവരും ധൈര്യശാലികളും തന്‍റേടികളും സുന്ദരികളുമായ നിന്നെപ്പോലുള്ളവരുടെ ജീവിതത്താല്‍ ഞങ്ങള്‍ ഉന്മേഷിതരാവണം. നിങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കപ്പെടട്ടെ. അവനവനിലുള്ള വിശ്വാസം കാത്തുസൂക്ഷിക്കുക. ഒരിക്കലും തോല്‍ക്കരുത്. വളരെ സ്നേഹത്തോടെ, ബഹുമാനത്തോടെ, റെയ്ച്ചല്‍, ഒളിമ്പിയ, വാഷിങ്ടണ്‍.'
കര്‍ക്കശമായ രാജ്യാതിര്‍ത്തികളെ ആഗ്രഹിക്കുന്നവര്‍ അവയെ ഉണ്ടാക്കാനും സംരക്ഷിക്കാനുമായി സൈന്യങ്ങളെ വിന്യസിക്കുന്നു. മനുഷ്യര്‍ തമ്മില്‍ അതിര്‍ത്തികള്‍ വേണ്ടെന്നു ചിന്തിക്കുന്നവര്‍ അവയെ പ്രതിരോധിക്കുന്നു. ഓരോ തവണയും ഇത്തരം സന്നദ്ധഭടന്മാരില്‍ ഒരാള്‍ മരിച്ചുവീഴുമ്പോള്‍ അതിര്‍ത്തികള്‍ ഓരോന്നായി മാഞ്ഞുപോകുകയാണ്.
* ചെറുത്തുനില്‍പ്പ് എന്നര്‍ത്ഥമുള്ള അറബി വാക്ക്
** ഐജാസ് അഹമ്മദ്, മലയാളം വാരിക, ഒക്ടോബര്‍ 7, 2011
Featured Posts
bottom of page