top of page
രാത്രി എട്ടുമണികഴിഞ്ഞ സമയം. ഒരു മരണവീട്ടില്‍ ചെന്നതായിരുന്നു. എത്തിയ സമയത്തു മഴയില്ലായിരുന്നെങ്കിലും പ്രാര്‍ത്ഥനകഴിഞ്ഞ് പോരാറായപ്പോള്‍ മഴ ശക്തിപ്പെട്ടു. റോഡില്‍നിന്നും പത്തിരുനൂറുമീറ്ററു മുകളിലാണു വീട്. അന്നു മുഴുവന്‍ മഴയായിരുന്നതുകൊണ്ട്, വണ്ടികളു കയറിയിറങ്ങി വീട്ടിലേയ്ക്കുള്ള വഴി മുഴുവന്‍ ഉഴുതുമറിച്ച കണ്ടംപോലെ ആയിക്കഴിഞ്ഞിരുന്നു. അതുകൊണ്ട് വണ്ടി റോഡില്‍തന്നെ പാര്‍ക്കുചെയ്തിട്ടു നടന്നായിരുന്നു വീട്ടിലെത്തിയത്. മഴയൊന്നുകുറഞ്ഞിട്ടു പോകാമെന്നു കരുതി ഞാന്‍ മുറ്റത്തെ പന്തലില്‍തന്നെ നിന്നു. ഞാന്‍ നില്ക്കുന്നതുകണ്ട വീട്ടുകാരില്‍ പലരുംവന്ന് പോകാന്‍കുടയും, ഇരിക്കാന്‍ കസേരയും, കഴിക്കാന്‍ ഭക്ഷണവുമൊക്കെ ഓഫര്‍ ചയ്തു. അവരെയൊക്കെ ഒഴവാക്കിക്കൊണ്ട് പന്തലിന്‍റെ മൂലയിലേക്കു മാറിനിന്നു. അവിടെ കേറ്ററിങ്ങുകാരുടെ മൂന്നാലു കാലിളകുന്ന മേശകളും, കുടിവെള്ളം നിറച്ച ഡ്രമ്മും കുറെ ഡിസ്പോസിബിള്‍ ഗ്ലാസുകളും വച്ചിട്ടുണ്ടായിരുന്നു. അതിനടുത്ത് അവിടിവിടെയായി ചിലരൊക്കെ ഇരിപ്പുണ്ടായിരുന്നു. ഞാനടുത്തേക്കുചെല്ലുന്നതുകണ്ട് വലിച്ചുകൊണ്ടിരുന്ന ബീഡി കളയാന്‍തുടങ്ങിയ ഒരു കാരണവരെ തടഞ്ഞ് ഞാനടുത്തിരുന്നു.
"മഴയും തണുപ്പുമൊക്കെയല്ലെ ചേട്ടാ, ബീഡി കളയേണ്ട."
ഞാനങ്ങനെ പറഞ്ഞെങ്കിലും അങ്ങേര് അത് അപ്പഴെ താഴെയിട്ടു ചവിട്ടിക്കെടുത്തി. മഴയൊന്നു ശമിക്കുന്നതുവരെ വല്ലതും സംസാരിക്കാന്‍വേണ്ടി ഞാനങ്ങേരുടെ വിവരങ്ങളൊക്കെചോദിച്ചറിഞ്ഞു. ആ ഇടവകക്കാരന്‍തന്നെയാണ്. അറിയുന്നവര്‍ ആരു മരിച്ചാലും വൈകുന്നേരം കുറെനേരം ആ വീട്ടിലെത്തി ചെലവഴിക്കുക ചെറുപ്പകാലത്ത് അപ്പന്‍ പഠിപ്പിച്ചശീലമാണ്. ഇന്നതൊന്നും ആരും ചെയ്യാറില്ല. പണ്ടൊക്കെ മരണവിവരമറിഞ്ഞാലപ്പോള്‍ത്തന്നെ നാട്ടുകാരെത്തി, കമുകുംമുളയും വെട്ടി പന്തലിടും, വരുന്നവര്‍ക്കൊക്കെ കുടിക്കാന്‍ കടുംകാപ്പി തിളപ്പിച്ചിട്ടിരിക്കും. മേശപ്പുറത്തൊരു മുറത്തിനകത്ത് ഇഷ്ടം പോലെ ബീഡീം തീപ്പെട്ടീം കാണും. നേരത്തെ വന്നിട്ടുപോയാലും അടക്കിന് എല്ലാവരുമെത്തും. ഇന്നതൊന്നുമില്ലല്ലോ. വന്നെന്നുവരുത്താന്‍വേണ്ടി പ്ലാസ്റ്റിക് കവറിലിട്ട് പേരുമെഴുതിയ പൂച്ചെണ്ടും വച്ചിട്ട് നേരത്തെ സ്ഥലംവിടും."കുട്ടിയച്ചന്‍ചേട്ടോ, ഈയിടെയെങ്ങാനും വല്ല ധ്യാനോംകൂടിയോ, ചുണ്ടത്തു ബീഡിയില്ലല്ലോ?" ചുമന്നുകൊണ്ടുവന്ന പ്ലാസ്റ്റിക് കസേരകള്‍ ഇറക്കിവച്ചുകൊണ്ട് ഒരു ചെറുപ്പക്കാരന്‍റെ ചോദ്യം."പണ്ടത്തെ ഓര്‍മ്മവച്ച് ഇവിടെക്കാണുമെന്നുകരുതി കൊണ്ടുവന്നില്ലെടാ മോനേ."
"എന്നാ ഞാനിപ്പോത്തന്നെ പിള്ളേരെവിളിച്ച് വേഗംവന്ന് ഒരു ഫോട്ടോ എടുത്തുവയ്ക്കാന്‍ പറയാം. മരിക്കുമ്പം പത്രത്തില്‍ കൊടുക്കാന്‍പോലും ചുണ്ടത്തുബീഡിയില്ലാത്ത ഒരു ഫോട്ടോയില്ലെന്ന് ഇന്നാളവരു പറയുന്നതുകേട്ടു."
"ഇവന്മാരു ചുമ്മാ എന്നെ വാരുന്നതാ അച്ചാ."
"എന്നാലും എത്രയെണ്ണം വലിക്കും ഒരു ദിവസം?"
"അങ്ങനെയൊന്നുമില്ലച്ചാ, എന്നാലും ഒരു പത്തുമുപ്പതെണ്ണം."
"കൈയ്യിലില്ലാഞ്ഞിട്ടൊന്നുമായിരിക്കില്ല. നോക്കട്ടെ." കസേര നിരത്തിയിട്ടുവന്ന അവന്‍ കാരണവരുടെ അടുത്തിരുന്ന മടക്കുകുടയുടെ കെട്ടഴിച്ചു.
"ഈ മടക്കുകുടയാണു കുട്ടിയച്ചന്‍ചേട്ടന്‍റെ ബീഡിലോക്കറ്. ഇതിനകത്തു രണ്ടുപായ്ക്കറ്റെങ്കിലും കാണും. ഞങ്ങളു പലപ്പഴും കമ്പനികൂടുന്നതാ." അതിനകത്തു രണ്ടു പായ്ക്കറ്റുണ്ടായിരുന്നു. അവനൊരെണ്ണമെടുത്തു കത്തിക്കാനൊരുങ്ങി. ആ സമയത്താണ് പ്രാര്‍ത്ഥനകഴിഞ്ഞു പോകാനിറങ്ങിവന്ന അടുത്തുള്ള മഠത്തിലെ മൂന്നാലു സിസ്റ്റേഴ്സ് വന്നത്.
"വേണ്ടെടാ കൊച്ചേ, ഇപ്പം കത്തിക്കണ്ടാ, അച്ചനിരുന്നതുകൊണ്ടാ ഞാനും വലിക്കാഞ്ഞത്."
"ഓ, പിന്നേ, ഇപ്പോ കേരളം തനി മാവേലിനാടായില്ലേ. 'മാവേലി നാടു വാണിടുംകാലം മാനുഷരെല്ലാരുമൊന്നുപോലെ' എന്നല്ലേ പറയുന്നത്. ഇപ്പമിവിടെയെന്നാവ്യത്യാസം, ജയില്‍പുള്ളീം, കള്ളന്മാരും, കള്ളക്കേസുകാരും, മെത്രാനും, കര്‍ദ്ദിനാളും, അച്ചനും, കന്യാസ്ത്രീം എല്ലാരും ഒരുപോലായില്ലേ, എന്നതാ വ്യത്യാസം, ഇവരുടെ മുമ്പിലിരുന്ന് വലിച്ചാലല്ല, എന്നാകുണ്ടാമണ്ടി കാണിച്ചാലും ഇവര്‍ക്കുവല്ലോം മിണ്ടാന്‍ പറ്റുവോ? ആ പരുവത്തിലായില്ലേ എല്ലാം." അവന്‍ ഒരു ബീഡീം കത്തിച്ചു വലിച്ചോണ്ടു പോകുന്നതുകണ്ടു.
"ഇടവകയിലെ ഏറ്റവും നല്ല പയ്യന്മാരിലൊരുത്തനായിരുന്നു ഇവന്‍. അവരൊക്കെയിപ്പോള്‍ ഇതുപോലായി. സഭയെ നശിപ്പിക്കാനുള്ള പിശാചിന്‍റെ തന്ത്രമാ ഇതൊക്കെ." ഒരു പ്രായമുള്ള സിസ്റ്ററിന്‍റെ സങ്കടം. അതുകേട്ടു പൊട്ടിച്ചിരിക്കാന്‍ മുട്ടിയെങ്കിലും ഒരു ചുമയിലൊതുക്കി."ലോകാവസാനത്തിന്‍റെ ലക്ഷണമാണെന്ന് ........... അച്ചന്‍ പറയുന്നതു ശരിയാ." വേറൊരു സീനിയര്‍ സിസ്റ്റര്‍.
"നാച് ന ജാനേ അംഗന്‍ രേടാ" ഞാന്‍ വീണ്ടും അതുതന്നെ ആവര്‍ത്തിച്ചു പറഞ്ഞു. ഞാന്‍ പറഞ്ഞത് ആര്‍ക്കും മനസ്സിലായില്ല.
"ഞാന്‍ പറഞ്ഞത് ഭാഷാവരോം പ്രവചനോം ഒന്നുമല്ല. പക്കാ ഹിന്ദിയാണ്. ഹിന്ദി റ്റീച്ചറു പണ്ടു പഠിപ്പിച്ച ഒരു ഹിന്ദി പഴഞ്ചൊല്ല് ഓര്‍മ്മയില്‍ വന്നതു പറഞ്ഞെന്നേയുള്ളു. അതിന്‍റെ പരിഭാഷ; നൃത്തം അറിയാത്തതിന് സ്റ്റേജ് (അങ്കണം) ശരിയല്ലെന്നു പഴിക്കുക, എന്നാണ്. കാട്ടിക്കൂട്ടുന്നതിനൊക്കെ മറ്റാരെയെങ്കിലും പഴിക്കാനാണല്ലോ എല്ലാവര്‍ക്കും തിടുക്കം. നാട്ടില്‍ വിലസുന്ന ചില അച്ചന്മാരടക്കമുള്ള ആള്‍ദൈവങ്ങള്‍ വിളമ്പുന്ന, ചെകുത്താന്‍റെ തട്ടിപ്പാണ്, ലോകാവസാനത്തിന്‍റെ അടയാളമാണ് എന്നൊക്കെയുള്ള വിഡ്ഢിത്തങ്ങള്‍ തൊണ്ടതൊടാതെ വിഴുങ്ങിയിട്ടു ഛര്‍ദ്ദിച്ചുനടക്കുന്ന നിങ്ങളൊക്കെയാണ് സിസ്റ്ററേ, ഇപ്പളാ ബീഡീം വലിച്ചുപോയ ചെറുപ്പക്കാരെ സൃഷ്ടിക്കുന്നത്. കുറെനാളായിട്ടു സഭയില്‍ നടക്കുന്ന നാറുന്ന സംഭവങ്ങളുടെ ഉത്തരവാദി പിശാചും ലൂസിപ്പറുമൊന്നുമല്ല. കുട്ടിയച്ചന്‍ചേട്ടന് ഇവരോടു ഞാനീപറയുന്നതിനിടയ്ക്ക് വലിക്കാം കേട്ടോ."
അതുകേട്ടപാടെ അങ്ങേരു ബീഡീം ലൈറ്ററും എടുക്കുന്നതുകണ്ടു. എന്‍റെ മൊബൈലില്‍ ബൈബിള്‍ സ്റ്റോറുചെയ്തിട്ടുള്ളതുകൊണ്ട് ഞാന്‍ ലൂക്കാ 14:25-35 പെട്ടെന്നെടുത്തു വായിച്ചു.
"വലിയ ജനക്കൂട്ടം അവന്‍റെ അടുത്തുവന്നു. അവന്‍ അവരോടു പറഞ്ഞു: സ്വന്തം പിതാവിനെയും, മാതാവിനെയും, ഭാര്യയെയും, മക്കളെയും, സഹോദരന്മാരെയും, സഹോദരിമാരെയും എന്നല്ല, സ്വജീവനെത്തന്നെയും വെറുക്കാതെ എന്‍റെയടുത്തുവരുന്ന ആര്‍ക്കും എന്‍റെ ശിഷ്യനായിരിക്കുവാന്‍ സാധിക്കുകയില്ല. സ്വന്തം കുരിശു വഹിക്കാതെ എന്‍റെ പിന്നാലെ വരുന്നവന് എന്‍റെ ശിഷ്യനായിരിക്കുവാന്‍ കഴിയുകയില്ല. ഗോപുരം പണിയാന്‍ ഇഛിക്കുമ്പോള്‍ അതു പൂര്‍ത്തിയാക്കാന്‍വേണ്ട വക തനിക്കുണ്ടോ എന്ന് ആദ്യമേതന്നെ അതിന്‍റെ ചെലവു കണക്കുകൂട്ടിനോക്കാത്തവന്‍ നിങ്ങളിലാരുണ്ട്? അങ്ങനെ ചെയ്യുന്നില്ലെങ്കില്‍ അടിത്തറ കെട്ടിക്കഴിഞ്ഞ് പണി മുഴുവനാക്കാന്‍ കഴിയാതെവരുമ്പോള്‍ കാണുന്നവരെല്ലാം അവനെ ആക്ഷേപിക്കും, അവര്‍ പറയും; ഈ മനുഷ്യന്‍ പണി ആരംഭിച്ചു, പക്ഷേ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞില്ല. അല്ലെങ്കില്‍ ഇരുപതിനായിരം ഭടന്മാരോടുകൂടി തനിക്കെതിരെ വരുന്നവനെ പതിനായിരംകൊണ്ടു നേരിടാന്‍ സാധിക്കുമോ എന്ന് ആദ്യമെ ആലോചിക്കാതെ മറ്റൊരു രാജാവിനോടു യുദ്ധത്തിനു പോകുന്ന ഏതു രാജാവാണുള്ളത്? അതു സാധ്യമല്ലെങ്കില്‍ അവന്‍ ദൂരത്തായിരിക്കുമ്പോള്‍ത്തന്നെ ദൂതന്മാരെ അയച്ച് സമാധാനത്തിനപേക്ഷിക്കും. ഇതുപോലെ തനിക്കുള്ളതെല്ലാം ഉപേക്ഷിക്കാതെ നിങ്ങളിലാര്‍ക്കും എന്‍റെ ശിഷ്യനാവുക സാധ്യമല്ല. ഉപ്പ് നല്ലതുതന്നെ, എന്നാല്‍ ഉറകെട്ടുപോയാല്‍ അതിന് എങ്ങനെ ഉറകൂട്ടും? മണ്ണിനോ വളത്തിനോ അത് ഉപകരിക്കുകയില്ല. ആളുകള്‍ അതു പുറത്ത് എറിഞ്ഞുകളയുന്നു. കേള്‍ക്കാന്‍ ചെവിയുള്ളവന്‍ കേള്‍ക്കട്ടെ."
"ഞാന്‍ സ്വന്തംനിലയില്‍ പറഞ്ഞാല്‍ നിങ്ങള്‍ക്കു ബോദ്ധ്യം വരാന്‍ സാധ്യതയില്ലാത്തതുകൊണ്ടാണ് ഞാന്‍ തിരുവചനംതന്നെ വായിച്ചത്. സിസ്റ്റര്‍മാരെ, തണ്ടുംതടീം ആരോഗ്യോം വിദ്യാഭ്യാസോം കുടുംബോം കുലീനത്വോം ഒക്കെ അനുകൂലഘടകങ്ങളാണെങ്കിലും അതൊന്നുമല്ല ശിഷ്യരാകാനുള്ള മാനദണ്ഡം. ശിഷ്യരാകാന്‍ ആഗ്രഹിക്കുന്നവര്‍ മുന്‍ഗണന കൊടുക്കേണ്ടതെന്തിനാണെന്ന് കര്‍ത്താവുതന്നെ പറയുന്നതു കേട്ടല്ലോ. ഇത് എല്ലാവരെക്കൊണ്ടും സാധിക്കുന്നതല്ല. അതിനുള്ള അര്‍ഹതയും യോഗ്യതയും ഉണ്ടോ എന്ന് അളന്നു തിട്ടപ്പെടുത്തിയിട്ടുവേണം ഇറങ്ങിപ്പുറപ്പെടാന്‍ എന്ന് കര്‍ത്താവ് ശക്തമായ ഭാഷയില്‍തന്നെ പറഞ്ഞിരിക്കുന്നു, വ്യക്തതവരുത്താനുതകുന്ന ഉദാഹരണങ്ങളും കൂട്ടിച്ചേര്‍ത്തു. പ്ലാനുണ്ടാക്കാനുള്ള കഴിവുപോരാ, അതു പൂര്‍ത്തിയാക്കാനുള്ള വിഭവശേഷിയുണ്ടോ എന്നു പരിശോധിച്ചിട്ടേ പണി തുടങ്ങാവൂ എന്ന്. അല്ലെങ്കില്‍ പൂര്‍ത്തിയാക്കാന്‍ കഴിയാതെവരുമ്പോള്‍ പരിഹസിക്കപ്പെടുമെന്ന്. ഇരുപതിനായിരത്തിനെ പതിനായിരംകൊണ്ടു നേരിടാന്‍ പറ്റില്ലെങ്കില്‍ പയറ്റാനിറങ്ങരുതെന്ന്. ഇതൊന്നും നോക്കാതെ മറ്റെന്തിനൊക്കെയോവേണ്ടി സന്യാസത്തെയും പൗരോഹിത്യത്തെയും ദുരുപയോഗിച്ചവരു സൃഷ്ടിച്ചതാണ് ഇന്നത്തെ ദുരവസ്ഥ.
ഇതിനോടു ചേര്‍ത്ത് ഞാനൊരു ഉദാഹരണം പറയാം. ഇന്നു സഭയില്‍ അരങ്ങേറുന്ന നാണംകെട്ട നാടകങ്ങളുടെ മുഴുവന്‍ ഉറവിടം അതിലൂടെ കണ്ടെത്താം. പിശാചും തട്ടിപ്പും ലോകാവസാനോം ഒന്നുമല്ലെന്ന് അപ്പോള്‍ മനസ്സിലാകും.
വില്‍പനയ്ക്ക് ഉദ്ദേശിച്ച് ഉത്പാദിപ്പിക്കുന്ന ഏത് ഉല്പന്നത്തിനോടുമൊപ്പം ഒരു അവലംബരേഖ അതായത് 'യൂസേഴ്സ് മാനുവല്‍' ഉണ്ടായിരിക്കണം എന്നുള്ളത് ആഗോള കമ്പോള നിയമമാണ്. അതായത് നാം വാങ്ങിക്കുന്ന മൊട്ടുസൂചിക്കാണെങ്കില്‍പോലും അതിനോടൊപ്പം ഇങ്ങനെ ഒരു ആധികാരികരേഖ ഉണ്ടായിരിക്കണമെന്നാണു നിയമം. ഉല്പന്നത്തിന്‍റെ പരിപൂര്‍ണ്ണ സേവനം ഉപഭോക്താവിനു ലഭിക്കുവാനുള്ള ഉദ്ദേശ്യമാണ് ഈ നിയമത്തിനു പിന്നില്‍. ഒരു പേന വാങ്ങുമ്പോള്‍പോലും അതിനോടൊപ്പമുള്ള യൂസേഴ്സ്മാനുവലില്‍ അതുപേനയാണ്, എഴുതാനുള്ളതാണ്, അതുപയോഗിക്കേണ്ടതെപ്രകാരമാണ്, കേടുപറ്റിയാല്‍ നന്നാക്കുന്നതെവിടെയാണ്, ഉപയോഗശൂന്യമായാല്‍ ഉപേക്ഷിക്കേണ്ടത് എവിടെയാണ് എന്നുവരെയുള്ള കാര്യങ്ങള്‍ അതില്‍ കാണും. എന്നാല്‍ യൂസേഴ്സ് മാനുവല്‍ നോക്കാതെ അതിന്‍റെ ആകൃതികണ്ടിട്ട് ആ പേനകൊണ്ടു പല്ലിടകുത്താനും, തലചൊറിയാനും, ആരുടെയെങ്കിലും പള്ളക്കിട്ടുകുത്താനും, മണ്ണിളക്കാനുമൊക്കെ ഉപയോഗിച്ചാല്‍ എന്തായിരിക്കും സംഭവിക്കുക? അതുതന്നെയാണ് ഇപ്പോളീകാണുന്ന അച്ചനും കന്യാസ്ത്രീം മെത്രാനും കര്‍ദ്ദിനാളും ഒക്കെയുള്‍പ്പെട്ട കുട്ടകളികളുടെ മുഴുവന്‍ കാരണം. അപ്രിയ സത്യങ്ങള്‍ പറയുന്നത് ആര്‍ക്കും ഇഷ്ടപ്പെടില്ലായിരിക്കാം.
അതായത്, ഓരോരുത്തര്‍ക്കും അസ്തിത്വം നല്കുമ്പോള്‍ത്തന്നെ തമ്പുരാന്‍ ഓരോരുത്തരിലും ഒരു യൂസേഴ്സ് മാനുവല്‍ ചേര്‍ത്തുവച്ചിട്ടുണ്ട്. അതില്‍ സമര്‍പ്പിതരുടേയും ശിഷ്യരുടേതുമായ യൂസേഴ്സ് മാനുവലിന്‍റെ സാമാന്യ രൂപമാണ് ഞാന്‍ വായിച്ച സുവിശേഷഭാഗത്തു കര്‍ത്താവു പറയുന്നത്. അതു നോക്കിവായിച്ചു യോഗ്യതയുണ്ടോ എന്നു സ്വയംപരിശോധിച്ചുറപ്പുവരുത്താതെ പണിയാനിറങ്ങിയവരാണ് ഇന്ന് നാറിക്കൊണ്ടിരിക്കുന്ന താറുമാറുകളുടെ ഉറവിടം. സമര്‍പ്പിതജീവിതത്തിനും പൗരോഹിത്യജീവിതത്തിനും ഇറങ്ങിപ്പുറപ്പെടുന്നവരില്‍നിന്നു തമ്പുരാന്‍ പ്രതീക്ഷിക്കുന്നതെന്തെല്ലാമാണെന്നു യൂസേഴ്സ് മാനുവലില്‍ വായിച്ചറിയാഞ്ഞിട്ടോ, അറിഞ്ഞിട്ടും അവഗണിച്ചതുകൊണ്ടോ ഉണ്ടായിട്ടുള്ള സ്വയംകൃത അനര്‍ത്ഥങ്ങളാണ് കന്യാസ്ത്രീമാരിലൂടെയും അച്ചന്മാരിലൂടെയും മെത്രാന്മാരിലൂടെയുമൊക്കെ നാമിന്നു കണ്ടുകൊണ്ടിരിക്കുന്നത്, അല്ലാതെ പിശാചിന്‍റെ തട്ടിപ്പല്ല; കൈയ്യിലിരിപ്പിന്‍റെ തകരാറു തന്നെയാണെന്നര്‍ത്ഥം. മഴ മാറി. ഞാന്‍പോകട്ടെ. അപ്രിയ സത്യങ്ങള്‍ പറയാതിരിക്കുകയാണ് ബുദ്ധി, എങ്കിലും ആരെങ്കിലും എപ്പോളെങ്കിലും വല്ലപ്പോഴുമെങ്കിലും അതു പറഞ്ഞില്ലെങ്കില്‍ ചെകുത്താന്‍റെ ചെലവില്‍ യഥാര്‍ത്ഥകുറ്റവാളികള്‍ തടിയൂരും. അതുകൊണ്ടു പറഞ്ഞാണ്, ഗുഡ്നൈറ്റ്."
ഞാന്‍ തിരിഞ്ഞുനോക്കാതെ വിട്ടുപോന്നു.
Featured Posts
bottom of page