top of page
വിശ്വവിഖ്യാതമായ ഒരു ചലച്ചിത്രത്തെക്കുറിച്ചല്ല ഞാനെഴുതുന്നത്. സിനിമയെ ഗൗരവതരമായി സമീപിക്കുന്ന ഒരാളുടെ സൗന്ദര്യാനുഭൂതികളെ മുഴുവന്‍ തൃപ്തിപ്പെടുത്തുന്ന ഒരു സിനിമയെക്കുറിച്ചുമല്ല ഈ കുറിപ്പ്. റോബര്‍ട്ട് അലെന്‍ മക്ര്‍മാന്‍ എന്ന അത്രയേറെ പ്രശസ്തനൊന്നുമല്ലാത്ത ഒരു ഹോളിവുഡ് സംവിധായകന്‍റെ 'റാമെന്‍ ഗേള്‍' എന്ന ചലച്ചിത്രം എന്നിട്ടും ഈ കുറിപ്പെഴുതാന്‍ എന്നെ പ്രേരിപ്പിക്കുന്നത് അത് മുന്നോട്ടുവയ്ക്കുന്ന ജീവിതത്തെക്കുറിച്ചുള്ള ചില ദാര്‍ശനിക സമീപനങ്ങള്‍കൊണ്ടാണ്.
ജാപ്പനീസ് അഭിനേതാവായ തോഷിയു കിനിഷിദ അവതരിപ്പിക്കുന്ന സെന്‍സെയ്മാസ്റ്ററും ബ്രിട്ടനിമര്‍ഫി ജീവന്‍നല്കുന്ന ആബി എന്ന അമേരിക്കന്‍ പെണ്‍കുട്ടിയുമാണ് ഈ സിനിമയിലെ കേന്ദ്രകഥാപാത്രങ്ങള്‍. ആബി ജപ്പാനിലെത്തുന്നത് അവളുടെ കാമുകന്‍റെ ഒപ്പമാണ്. ഉന്നതവിദ്യാഭ്യാസത്തെക്കുറിച്ചും ശോഭനമായ ഭാവിയെക്കുറിച്ചുമെല്ലാം സ്വപ്നങ്ങള്‍ മെനയുന്ന യുവജനങ്ങളുടെ പ്രതിനിധിയാണ് ആബി. അവളുടെ ഉള്ളില്‍ കാമുകനോടുള്ള പ്രണയം നിറഞ്ഞു നില്‍ക്കുന്നു. എന്നാല്‍ അവളുടെ സ്വപ്നങ്ങള്‍ക്ക് നിറംചാര്‍ത്താന്‍ മാത്രം വിശാലമായ ഹൃദയം ആ കാമുകനില്ല. അയാളുടെ മുന്നോട്ടുള്ള യാത്രയില്‍ ആബിയുടെ സാന്നിധ്യം അസ്വാരസ്യമുണ്ടാക്കുമെന്നും, അവള്‍ അയാള്‍ക്ക് ഭാരമാകുമെന്നും അയാള്‍ തുറന്നുപറയുന്നുണ്ട്. അവളുടെ എല്ലാ പ്രതീക്ഷകളെയും തകിടംമറിച്ച് ഒരുനാള്‍ അയാള്‍ അവളെ വിട്ടകലുന്നു.
അമേരിക്കയില്‍ ജനിച്ചുവളര്‍ന്ന ഈ പെണ്‍കുട്ടി തികച്ചും വ്യത്യസ്തമായ സാംസ്കാരിക പ്രത്യേകതകളുള്ള ഒരു പൂര്‍വ്വേഷ്യന്‍ രാജ്യത്ത് പെട്ടെന്ന് ഒറ്റപ്പെടുന്നു. ഭാഷ അറിയില്ല, വേണ്ടത്ര പരിചയങ്ങളില്ല. മഴ ആര്‍ത്തലച്ചുപെയ്യുന്ന ആ രാത്രിയില്‍ ഇനിയെന്തു ചെയ്യുമെന്നോര്‍ത്ത് തന്‍റെ ഫ്ളാറ്റിന്‍റെ ബാല്‍ക്കണിയില്‍ നില്‍ക്കുന്ന ആബി താഴെ സാധാരണമായ ഒരു ജാപ്പനീസ് റെസ്റ്റോറന്‍റ് കാണുന്നു. അവിടേയ്ക്ക് ആളുകള്‍ വരികയും പോകുകയും ചെയ്യുന്നുണ്ട്. മഴയൊന്ന് കുറഞ്ഞപ്പോള്‍ അവള്‍ ഫ്ളാറ്റില്‍നിന്നും റെസ്റ്റോറന്‍റിലേയ്ക്ക് നടക്കുന്നു. റെസ്റ്റോറന്‍റ് സമയം കഴിഞ്ഞെന്ന് കടയുടമസ്ഥന്‍ അവളോടു പറയുന്നു. ജാപ്പനീസ് ഭാഷയെന്നല്ല, ലോകത്തിലെ മറ്റേതൊരു ഭാഷയും ഇപ്പോള്‍ അവള്‍ക്ക് മനസ്സിലാകില്ല. മാനസികമായി അത്രയേറെ തകര്‍ന്ന ആബി അവിടെ നിന്നനില്‍പ്പില്‍ വിതുമ്പിക്കരയുകയും തനിക്കാരുമില്ലെന്നും താനൊന്നുമായില്ലെന്നും പതംപറഞ്ഞ് നിലവിളിക്കുകയും ചെയ്യുന്നു. അവള്‍ പറഞ്ഞതൊന്നും അയാള്‍ക്ക് മനസ്സിലായില്ല. പരിഭ്രമിച്ചുപോയ കടയുടമസ്ഥന്‍ തിടുക്കത്തില്‍ ഒരുപാത്രം സൂപ്പുണ്ടാക്കി ആബിക്ക് നല്‍കുന്നു. ചൂടുള്ള സൂപ്പ് കഴിക്കുമ്പോഴും അവളെന്തൊക്കെയോ പിറുപിറുക്കുകയും കരയുകയും ചെയ്യുന്നുണ്ട്. അവള്‍ക്ക് നന്നായി വിശന്നതുകൊണ്ടായിരിക്കാം കരഞ്ഞതെന്നാണ് കടയുടമസ്ഥന്‍ അയാളുടെ ഭാര്യയോട് പറയുന്നത്. ജപ്പാനില്‍ അതിപ്രശസ്തമായ റാമെന്‍ എന്ന സൂപ്പാണ് അവള്‍ക്ക് അയാള്‍ നല്‍കിയത്. ആ സൂപ്പ് കഴിച്ച് അവള്‍ തന്‍റെ ഫ്ളാറ്റിലേയ്ക്ക് തിരികെ പോകുന്നു.
പിറ്റേന്നുരാവിലെ വീണ്ടും ആ റെസ്റ്റോറന്‍റിലേക്ക് അവള്‍ വരുന്നു. കയത്തില്‍ മുങ്ങിത്തുടിക്കുന്നൊരാള്‍ക്ക് കച്ചിത്തുരുമ്പ് കിട്ടിയതു പോലെയാണ് ആ കടയും കടയുടമസ്ഥനും അയാളുടെ ഭാര്യയും അവള്‍ക്ക് അനുഭവപ്പെടുന്നത്. ആ റെസ്റ്റോറന്‍റില്‍ പാചകകല അഭ്യസിക്കാന്‍ ആബി ആഗ്രഹിക്കുന്നു. പ്രത്യേകിച്ച്, റാമെന്‍സൂപ്പ് തയ്യാറാക്കുന്ന രീതികള്‍ അവള്‍ക്ക് പഠിക്കണം. പാചകകലയില്‍, പ്രത്യേകിച്ച് റാമെന്‍ ഉണ്ടാക്കുന്നതില്‍ അതിവിദഗ്ദ്ധനായ സെന്‍സെയ്മാസ്റ്ററാണ് ഈ കടയുടമസ്ഥനെന്ന് അവള്‍ക്ക് മനസ്സിലായി. പക്ഷേ, ഭാഷ പ്രധാനതടസ്സം തന്നെ. ജാപ്പനീസ് നിഘണ്ടു ഉപയോഗിച്ച് അയാള്‍ പറയുന്നതു മനസ്സിലാക്കാന്‍ ആബി നടത്തുന്ന ശ്രമങ്ങള്‍ പ്രേക്ഷകരെ രസിപ്പിക്കും. പരുക്കന്‍ സ്വഭാവക്കാരനായ സെന്‍സെയ്മാസ്റ്റര്‍ അവളെ തന്‍റെ സ്ഥാപനത്തില്‍നിന്ന് ഒഴിപ്പിച്ചുവിടാന്‍ പലരീതിയില്‍ ശ്രമിക്കുന്നുണ്ട്. സൂപ്പുണ്ടാക്കാന്‍ പഠിപ്പിക്കുന്നതുപോയിട്ട് റെസ്റ്റോറന്‍റിന്‍റെ അടുക്കളഭാഗത്തേയ്ക്കുപോലും അയാള്‍ അവളെ അടുപ്പിക്കുന്നില്ല. റസ്റ്റോറന്‍റിലെ മേശകള്‍ തുടച്ചു വൃത്തിയാക്കാനും മൂത്രപ്പുര കഴുകിവെടിപ്പാക്കാനും അയാള്‍ അവളോട് ആവശ്യപ്പെടുന്നു. ഇത്തരത്തിലുള്ള ജോലികള്‍ യാതൊന്നും ചെയ്തു പരിചയമില്ലാത്ത ആബി കണ്ണീരോടെ അതെല്ലാം ചെയ്യുന്നുണ്ട്. അവള്‍ എന്തുചെയ്താലും സെന്‍സെയ്മാസ്റ്റര്‍ അതിലെല്ലാം കുറ്റം കണ്ടെത്തും. മാസ്റ്ററിന്‍റെ ഭാര്യ അവളോട് അനുകമ്പ കാണിക്കുന്നുണ്ട്. മാസ്റ്ററിന്‍റെ കണ്ണുതെറ്റുമ്പോള്‍ ആ സ്ത്രീ അവളെ ആശ്വസിപ്പിക്കാനെത്തും. ക്ഷമയുടെ നെല്ലിപ്പലക കാണുന്ന ഒരുനാള്‍ ആബി മാസ്റ്ററോട് നേരിട്ടു ചോദിക്കുന്നു - തന്നെയെന്തിനാണ് ഇത്തരത്തില്‍ കഷ്ടപ്പെടുത്തുന്നതെന്ന്. അഹന്തയുടെ വേരുകള്‍ അറുക്കാതെ ഒരാള്‍ക്കും ഒന്നിലും മാസ്റ്ററാകാനാകില്ലെന്നും ശുചിത്വം ആര്‍ജ്ജിക്കാതെ അടുക്കളയില്‍ പാചകകല ചെയ്യാനാകില്ലെന്നും അയാള്‍ മറുപടി നല്‍കുന്നു.
സെന്‍സെയ്മാസ്റ്റര്‍ എന്തുകൊണ്ടാണ് പരുക്കന്‍ സ്വഭാവക്കാരനായതെന്ന് സാവധാനത്തില്‍ ആബി മനസ്സിലാക്കുന്നു. റാമെന്‍ സൂപ്പ് എന്നത് ജപ്പാന്‍റെ സാംസ്കാരികപൈതൃകമാണെന്നും ഓരോ തലമുറയിലും അതുണ്ടാക്കുന്നതില്‍ വിദഗ്ദ്ധരായവരുണ്ടാകുമെന്നും ആബി അറിയുന്നു. ഇപ്പോള്‍ ജപ്പാനിലെതന്നെ ഏറ്റവും പ്രഗത്ഭനായ റാമെന്‍ സൂപ്പ് വിദഗ്ദ്ധനാണ് സെന്‍സെയ്മാസ്റ്റര്‍. തന്‍റെ ഏകമകന്‍ തനിക്കുശേഷം ഈ പാരമ്പര്യം ഏറ്റെടുക്കണമെന്ന് അയാള്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ തന്‍റെ ആഗ്രഹത്തിനു വിരുദ്ധമായി മകന്‍ പുതുതലമുറയുടെ പാചകരീതികള്‍ അഭ്യസിക്കാന്‍ യൂറോപ്പിലേയ്ക്കുപോകുന്നു. ഇത് സെന്‍സെയ്മാസ്റ്ററെ മാനസികമായി തളര്‍ത്തുന്നു. തനിക്കുശേഷം തന്‍റെ പാരമ്പര്യവും വൈദഗ്ദ്ധ്യവും ഏറ്റെടുക്കാന്‍ ആളില്ലല്ലോ എന്ന സങ്കടമാണ് അയാളില്‍ പരുക്കന്‍ സ്വഭാവമായി രൂപപ്പെടുന്നത്.
ജപ്പാന്‍റെയും മറ്റ് പൂര്‍വ്വേഷ്യന്‍ രാജ്യങ്ങളുടെയും ബുദ്ധമതപാരമ്പര്യവും സെന്‍ധ്യാനരീതികളും ഈ ചിത്രത്തിന്‍റെ അടിസ്ഥാനധാരയായി നമുക്കനുഭവപ്പെടും. പാചകം ചെയ്യാനാഗ്രഹിക്കുന്ന ഒരു പെണ്‍കുട്ടിയുടെയും അതിന് അവളെ എല്ലാ രീതിയിലും തയ്യാറെടുപ്പിക്കുന്ന ഒരു മാസ്റ്ററിന്‍റെയും കഥ മാത്രമല്ല 'റാമെന്‍ ഗേള്‍'. ദൗത്യങ്ങളുടെയും സമര്‍പ്പണത്തിന്‍റെയും ആഴങ്ങളെ ഓര്‍മ്മപ്പെടുത്തുന്നുണ്ട് ഈ ചിത്രം.
ഒരു ദിവസം, സെന്‍സെയ്മാസ്റ്ററിന്‍റെ അനുവാദമില്ലാതെ, അയാളുടെ അസാന്നിദ്ധ്യത്തില്‍ ആബി റാമെന്‍ സൂപ്പ് ഉണ്ടാക്കാനുള്ള ശ്രമം നടത്തുന്നു. മാസ്റ്ററുടെ ഭാര്യ അവളെ അഭിനന്ദിക്കുന്നു. മാസ്റ്ററെത്തുമ്പോള്‍ തന്‍റെ പാചകംകണ്ട് തന്നെ അഭിനന്ദിക്കണമെന്ന് ആബിക്ക് ആഗ്രഹമുണ്ട്. മാസ്റ്റര്‍ തിരിച്ചെത്തുന്നു. എന്നാല്‍ അയാള്‍ അവളുടെ പാചകം കണ്ടതായേ ഭാവിക്കുന്നില്ല. ഒടുവില്‍ മാസ്റ്ററുടെ ഭാര്യ അയാളോട് ആബി തയ്യാറാക്കിയ സൂപ്പിനെക്കുറിച്ച് പറയുന്നു. മാസ്റ്റര്‍ ഒന്നുംമിണ്ടാതെ റാമെന്‍ തയ്യാറായിരിക്കുന്ന അടുപ്പിനടുത്തേയ്ക്കുചെന്ന് അതിന്‍റെ ഗന്ധം കിട്ടാനായി ഒരുനിമിഷം നില്‍ക്കുന്നു. പിന്നെ റാമെന്‍ തയ്യാറാക്കിയ പാത്രമെടുത്ത് പാത്രം കഴുകുന്ന ഓവുചാലിലേയ്ക്ക് സൂപ്പ് ഒഴുക്കിക്കളയുന്നു. ആബിക്ക് നിയന്ത്രിക്കാനാവാത്ത സങ്കടവും ദേഷ്യവും വരുന്നു. നിങ്ങള്‍ തയ്യാറാക്കുന്ന റാമെന്‍റെ അതേ ചേരുവകള്‍തന്നെയാണ് താനും ഉപയോഗിച്ചതെന്ന് ആബി മാസ്റ്ററോട് പരിഭവിക്കുന്നു. ചേരുവകള്‍ കൊണ്ടുമാത്രം ഒരു സംസ്കാരത്തെയും പാരമ്പര്യത്തെയും നിര്‍മ്മിക്കാനും സ്വന്തമാക്കാനുമാകില്ലെന്ന് മാസ്റ്റര്‍ മറുപടിപറയുന്നു.
ഏതാനുംനാള്‍ കഴിഞ്ഞ് തന്‍റെ ഭാര്യയുടെ നിര്‍ബന്ധപ്രകാരം മാസ്റ്റര്‍ ആബിയെ റാമെന്‍സൂപ്പ് എന്ന പ്രപഞ്ചത്തിലേയ്ക്ക് നയിക്കുകയാണ്. അതൊരു പ്രപഞ്ചംതന്നെ. അതിലെ ചേരുവകകളുടെ അര്‍ത്ഥധ്വനികളിലേയ്ക്ക് മാസ്റ്റര്‍ അവളെ നയിക്കുന്നു. നിന്‍റെ നിഘണ്ടു വലിച്ചെറിയാന്‍ മാസ്റ്റര്‍ അവളോട് ആവശ്യപ്പെടുന്നു. തലച്ചോറുകൊണ്ടല്ല ഒരു സംസ്കാരത്തെ ഏറ്റെടുക്കേണ്ടത്. അതിന് ഹൃദയത്തിന്‍റെ ഊടുവഴികളിലൂടെ ഒരാള്‍ സഞ്ചരിക്കേണ്ടതുണ്ട്.
ദൂരെ ഗ്രാമത്തില്‍ താമസിക്കുന്ന തന്‍റെ അമ്മയുടെ അടുത്തേയ്ക്ക് സെന്‍സെയ്മാസ്റ്റര്‍ ആബിയെ കൊണ്ടുപോകുന്നു. ഈ ചിത്രത്തിലെ അതിമനോഹരമായ രംഗമാണ് പിന്നീടുള്ള ഏതാനും ഷോട്ടുകള്‍. റാമെന്‍ തയ്യാറാക്കുമ്പോള്‍ അതില്‍ നിന്‍റെ സ്നേഹവും കണ്ണീരും ഉണ്ടാകണമെന്ന് അമ്മ ആബിയോടു പറയുന്നു. ഞാനൊരിക്കലും സ്നേഹമെന്തെന്ന് അറിഞ്ഞിട്ടില്ലെന്ന് ആബി. തുടര്‍ന്ന് അമ്മയും ആബിയും തമ്മില്‍ നടത്തുന്ന സംഭാഷണങ്ങള്‍ സ്നേഹത്തെക്കുറിച്ചുള്ള അതിഗഹനമായ ദര്‍ശനങ്ങളാണ്. റാമെന്‍ എന്ന സൂപ്പിനപ്പുറം മനുഷ്യന്‍റെ കൊടുക്കല്‍ വാങ്ങലിന്‍റെ ദാര്‍ശനികതലമാണ് ഇവിടെ സംവിധായകന്‍ ചുരുള്‍നിവര്‍ത്തുന്നത്. നീ റാമെന്‍ ഉണ്ടാക്കാന്‍ പഠിക്കുകയല്ല, റാമെന്‍ നിന്നിലേയ്ക്കെത്തുകയാണെന്ന് അമ്മ അവളോടുപറയുന്നു. സെന്‍ ധ്യാനത്തിലേയ്ക്കു നയിക്കുന്ന ഹൈക്കുപോലെ തോന്നുന്ന അതിമനോഹരമായ സംഭാഷണങ്ങള്‍ ഈ ചിത്രത്തിലുണ്ട്. അഹത്തെ ഇല്ലാതാക്കുമ്പോള്‍ പിന്നെ ഒരാളില്‍ എന്താണ് അവശേഷിക്കുന്നത്? അവശിഷ്ടങ്ങളില്ലാത്ത അസ്തിത്വത്തിന്‍റെ അഗാധങ്ങള്‍ പാചകത്തില്‍പ്പോലും കണ്ടെത്തണമെന്ന ദര്‍ശനം എത്രയോ ധന്യമാണ്. സ്നേഹത്തോടെയുള്ള കൊടുക്കല്‍ തന്നെയല്ലേ ജീവിതം.
തന്‍റെ ആഗ്രഹങ്ങള്‍ക്കനുസരിച്ച് നില്‍ക്കാതെപോയ മകന്‍റെ സ്ഥാനത്ത് മാസ്റ്ററിപ്പോള്‍ ആബിയെയാണ് കാണുന്നത്. സുഹൃത്തുക്കളോടും വെല്ലുവിളിയുയര്‍ത്തുന്നവരോടുമൊക്കെ അയാള്‍ അത് തുറന്നുപറയുന്നുണ്ട്. അയാളുടെ സ്വപ്നങ്ങളിലേയ്ക്കും റാമെന്‍ എന്ന സൂപ്പിന്‍റെ സാംസ്കാരിക ധ്വനികളിലേയ്ക്കും ആബി എത്തിച്ചേരുന്നു. ഇതിനിടയില്‍ ഒരു ജാപ്പനീസ് യുവാവിനോടുള്ള ആബിയുടെ പ്രണയവും മനോഹരമായി ഈ ചിത്രത്തില്‍ ഇഴചേരുന്നുണ്ട്. ചിത്രത്തിനൊടുവില്‍ ആ റെസ്റ്റോറന്‍റിന്‍റെ നടത്തിപ്പില്‍ ആബി നേതൃനിരയില്‍ നില്‍ക്കുന്നത് നമ്മള്‍ കാണുന്നു.
അടുക്കള അടുക്കളമാത്രമല്ലെന്നും ഒരു പാത്രം സൂപ്പ് വെറും സൂപ്പ് മാത്രമല്ലെന്നും പറഞ്ഞുതരുന്ന 'റാമെന്‍ ഗേള്‍' എന്ന ചിത്രത്തില്‍ ക്രിസ്തീയ ദര്‍ശനത്തിന്‍റെ നിഴലുകളും വീണിട്ടുണ്ട്. ചില അര്‍ത്ഥങ്ങളും ദര്‍ശനങ്ങളും ഭാഷയെയും ബുദ്ധിയെയും അതിലംഘിക്കുന്നുവെന്ന് ഈ ചിത്രം സൂചിപ്പിക്കുന്നു. ഹൃദയംകൊണ്ട് സംവദിക്കേണ്ട ഒരുപിടി അഗാധതലങ്ങള്‍ മനുഷ്യജീവിതത്തിനുണ്ട് എന്ന് 'റാമെന്‍ ഗേള്‍' ഓര്‍മ്മപ്പെടുത്തുമ്പോള്‍ നമ്മള്‍ മറന്നുകളയുന്ന നമ്മുടെ അസ്തിത്വത്തിന്‍റെ ആഴങ്ങള്‍ വെളിവാക്കുകയാണ്. ഒരു ധ്യാനത്തിന്‍റെ വെളിപ്പെടുത്തലുകള്‍ നല്കുന്ന അതിമനോഹരമായ കാവ്യം തന്നെ 'റാമെന്‍ ഗേള്‍' എന്ന ചലച്ചിത്രം.
Featured Posts
bottom of page