സംശയിക്കുന്ന തോമ്മാ

സർവസമ്പൂർണനായ ദൈവത്തെ സൃഷ്ടിക്കു പ്രേരിപ്പിച്ച കാരണം എന്താണ്? നന്മപൂർണനായ ദൈവം, എല്ലാറ്റിൻ്റെയും സ്രഷ്‌ടാവും കാരണഭൂതനുമായ ദൈവം എന്തിനു തിന്മക്കു ജന്മം നൽകി? ഭൂതഭാവിവർത്തമാനകാലങ്ങൾ എല്ലാം അറിയുന്ന ദൈവം മനുഷ്യരെ സൃഷ്ടി ക്കുന്നതിനു മുമ്പേ അറിഞ്ഞിരുന്നല്ലോ അവരിൽ കുറെപേർ തിന്മ ചെയ്യുമെന്ന് പിന്നെ എന്തിന് അവരെ സൃഷ്ടിച്ചു? അപ്പോൾ അവിടന്നു തന്നെയല്ലെ അവരുടെ പാപത്തിനും നാശത്തിനും ഉത്തരവാദി? അസ്സീസിയിലൂടെ ഉത്തരം പ്രതീക്ഷിക്കുന്നു.
Binoy George,
Ahmedi-61003,
Kuwait
പ്രിയപ്പെട്ട ബിനോയ്,
വളരെ വിഷമം പിടിച്ച ചില ചോദ്യങ്ങളാണ് ബിനോയ് മറുനാട്ടിൽനിന്ന് എഴുതി അയച്ചിരിക്കുന്നത്. പണ്ടു മുതൽ പലരും ചോദിച്ചിട്ടുള്ളതും ഇന്നുവരെ ആർക്കും പൂർണവും തൃപ്തികരവു മായ വിധത്തിൽ ഉത്തരം നൽകാൻ കഴിയാത്തതുമായ ചോദ്യങ്ങളാണിവ. ചില സൂചനകൾ നൽകുകയും, ഉത്തരം കണ്ടെത്തിയേക്കാവുന്ന ദിശകൾ ചൂണ്ടിക്കാണിക്കുകയും മാത്രമാണു സാധ്യമായിട്ടുള്ളത്.
അനുമാനങ്ങൾ മാത്രം
ഒന്നാമത്തെ ചോദ്യം, സർവസമ്പൂർണനായ ദൈവത്തെ സൃഷ്ടിക്കു പ്രേരിപ്പിച്ച കാരണം എന്താണെന്നാണല്ലോ. സ്വതന്ത്രനും സ്വയം ശാസനാധികാരമുള്ളവനുമായ മനുഷ്യനെ ഒരു പ്രവൃത്തിക്കു പ്രേരിപ്പിക്കുന്ന കാരണമെന്തെന്നു കൃത്യമായി പറയുവാൻ നമുക്കാർക്കും കഴിയുകയില്ല. യുക്തിയുടെയും മനഃശാസ്ത്രത്തിന്റെയും മറ്റും സഹായത്തോടെ ചില അനുമാനങ്ങൾ നടത്തുവാൻ മാത്രമേ നമുക്കു കഴിയൂ.
മനഃശാസ്ത്രവും മറ്റു മനുഷ്യവിജ്‌ഞാനീയശാസ്ത്രങ്ങളും മനുഷ്യൻ്റെ ഒരു പ്രവൃത്തിക്കു പിന്നിലുണ്ടാകാവുന്ന നിഗൂഢങ്ങളായ അനേകം കാരണങ്ങളെപ്പറ്റി പറയുന്നുണ്ട്. അങ്ങനെ, നമ്മെപ്പോലെ നമ്മോടൊപ്പം ജീവിക്കുന്ന നമ്മുടെ സഹോദരങ്ങളായ മനുഷ്യരുടെ പ്രവൃത്തികൾക്ക് അവരെ പ്രേരിപ്പിക്കുന്ന കാരണങ്ങളെന്തെന്നു വ്യക്‌തമായും കൃത്യമായും പറയുവാൻ നമുക്കാവില്ലെങ്കിൽ, സർവ്വാതിശായിയും (Transcedent) സർവ്വതന്ത്രസ്വതന്ത്രനുമായ ദൈവത്തെ ഏതെങ്കിലുമൊരു പ്രവൃത്തിക്കു പ്രേരിപ്പിച്ച കാരണമെന്തെന്നു നിശ്ചിതമായി പറയുവാൻ നമുക്കു കഴിയുകയില്ലെന്നതു വ്യക്തമാണല്ലോ. നമ്മെ പോലെ ലക്ഷ്യം, മാർഗം, ഫലം, ലാഭം, നഷ്ടം തുടങ്ങിയവയെപ്പറ്റിയെല്ലാം കണക്കുകൂട്ടലുകൾ നടത്തി പ്രവർത്തിക്കുന്നവനുമല്ല ദൈവം. അതിനാൽ, സർവ്വസമ്പൂർണനായ ദൈവം ഈ പ്രപഞ്ചത്തെയും ഇതിലെ ചരാചരങ്ങളെയും വിശിഷ്യ മനുഷ്യരെയും എന്തിനു സൃഷ്ടിച്ചു എന്ന ചോദ്യത്തിനു കൃത്യമായ ഉത്തരം നൽകുവാൻ ഒരു മനുഷ്യനുമാവില്ല. ദൈവിക വെളിപാടു നൽകുന്ന സൂചനകളും ദൈവശാസ്ത്രത്തിൻ്റെ ഉൾക്കാഴ്ച്‌ചകളും കണക്കിലെടുത്തു കൊണ്ട് ചില അനുമാനങ്ങൾ നടത്തുവാൻ മാത്രമേ നമുക്കു കഴിയൂ.
ദൈവത്തിന്റെ മഹത്വീകരണം
ദൈവം എന്തിനുവേണ്ടി മനുഷ്യനെയും ഈ പ്രപഞ്ചത്തെ മുഴുവനെയും സൃഷ്ടിച്ചു എന്ന ചോദ്യത്തിനുള്ള ഉത്തരത്തെ ആശ്രയിച്ചിരിക്കും മനുഷ്യൻറെയും ഈ പ്രപഞ്ചത്തിൻ്റെയും അർഥവും ലക്ഷ്യവും. എന്താണ് ഈ അർഥവും ലക്ഷ്യവും? വിശുദ്ധ പുസ്‌തകം പറയുന്നു ഈ അർഥവും ലക്ഷ്യവും ദൈവം തന്നെയാണെന്ന്, മറ്റു വാക്കുകളിൽ പറഞ്ഞാൽ, ദൈവത്തിൻ്റെ മഹത്വീകരണമാണെന്ന് (ഉദാ. ഏശ 48,11: ഫെബ്രാ 2,10. P.O.C വിവർത്തനം ഇവിടെ അത്ര ശരിയല്ല. "ആർക്കുവേണ്ടിയും ആരുമൂലവും എല്ലാം നിലനില്ക്കുന്നുവോ" എന്നത് മൂലത്തിൽ ദൈവത്തെയാണ് പരാമർശിക്കുന്നത്, ക്രിസ്‌തുവിനെയല്ല). അതിനാൽ, സൃഷ്ടികർമത്തിൻ്റെ അർഥവും ലക്ഷ്യവും പ്രഥമവും പ്രധാനവുമായി ദൈവം തന്നെയാണ്, അഥവാ ദൈവത്തിൻ്റെ മഹത്വീകരണമാണ്. ഓരിജൻ തുടങ്ങിയ സഭാപിതാക്കന്മാർ വിശ്വാസത്തിന്റെ ഈ ബോധ്യത്തെ ഊന്നിപ്പറയുന്നുണ്ട്. ഒന്നാം വത്തി ക്കാൻ സുനഹദോസും ഇതു സ്ഥിരീകരിക്കുന്നു. (If 1. Neuner & 1. Dupuis (ed.), The Christian Faith in the Doctrinal Documents of the Catholic Church, T.P. I. Bangalore 1982[4], nos, 412, 418 [pp. 124-25]).
ചില തെറ്റിദ്ധാരണകൾ
ദൈവം അവിടുത്തെ മഹത്വത്തിനുവേണ്ടി സൃഷ്ടിച്ചുവെന്നു പറയുമ്പോൾ, ദൈവത്തിന്റെ മഹത്വം മനുഷ്യരെ ആശ്രയിച്ചാണു നിലകൊള്ളുന്നതെന്നും സൃഷ്ടികർമം ദൈവത്തിൻ്റെ ഒരാവശ്യമായിരുന്നുവെന്നും മറ്റുമുള്ള ചില തെറ്റിദ്ധാരണകൾ ഉണ്ടാകുവാൻ ഇടയുണ്ട്. സർവ്വസമ്പൂർണനായ ദൈവത്തിന്റെ സത്താപരമായ (essential) മഹത്വത്തിന് സൃഷ്ടി കർമം വഴി ഒരു വർധനവും ഉണ്ടാകുന്നില്ല; സൃഷ്ടിക്കാതിരുന്നെങ്കിൽ ഒരു കുറവും ഉണ്ടാകുമായിരുന്നില്ല. അവിടത്തെ മഹത്വം ബാഹ്യമായി പ്രകടമാകുക മാത്രമാണ് സൃഷ്ടികർമ്മം വഴി സംഭവിക്കു ന്നത്. അതുപോലെതന്നെ, അവിടത്തെ പൂർണതയോ സൗഭാഗ്യമോ മഹത്വമോ നേടുന്നതിനു ഉള്ള ഒരാവശ്യമായിരുന്നില്ല സൃഷ്ടികർമം. കാരണം അവിടന്നു സർവ്വസമ്പൂർണനാണെന്നതു തന്നെ. മനുഷ്യനെയും ഈ പ്രപഞ്ചത്തെയും ദൈവം സൃഷ്ടിച്ചത് എന്തെങ്കിലും ആവശ്യത്തിൻ്റെ പേരിലല്ലെങ്കിൽ അത് അവിടത്തെ പരിപൂർണമായ സ്വാതന്ത്ര്യത്തിന്റെ ഒരു പ്രവൃത്തിയാണെന്നും വ്യക്തമാണല്ലോ.
ദൈവത്തിന്റെ മഹത്വീകരണം = മനുഷ്യരുടെ സൗഭാഗ്യം
സൃഷ്ടികൾകത്തിന്റെ പ്രഥമവും പ്രധാനവുമായ ലക്ഷ്യം ദൈവത്തിൻ്റെ മഹത്വീകരണമാണെന്നു പറയുമ്പോൾ സ്വാർഥമായ ലക്ഷ്യത്തോടെയല്ലേ അപ്പോൾ ദൈവം എല്ലാറ്റിനെയും സൃഷ്ടിച്ചതെന്ന ചോദ്യമുയർന്നേക്കാം. നമ്മയും സ്നേവുമായ ദൈവത്തിൻ്റെ മഹത്വം ബാഹ്യമായി പ്രത്യക്ഷമാകുന്നത്, ഈ നന്മയും സ്നേഹവും മനുഷ്യനുമായി പങ്കുവെക്കുകയും, അങ്ങനെ അവനുമായി സ്നേഹത്തിന്റെ, രക്ഷയുടെ ഒരു കൂട്ടായ്‌മ സ്ഥാപിക്കുകയും ചെയ്യുമ്പോഴാണ്. അതിനാൽ, തന്റെ മഹത്വികരണത്തിനായി ദൈവം മനുഷ്യനെ സൃഷ്ടിച്ചുവെന്നു പറയുന്നതും. മനുഷ്യനുമായി തന്റെ നന്മയും സ്നേഹവും പങ്കുവെയ്ക്കുവാൻ അവനെ സൃഷ്ടിച്ചുവെന്നു പറയുന്നതും ഒന്നു തന്നെയാണെന്നു പറയാം. "ജീവിക്കുന്ന മനുഷ്യനാണ് ദൈവത്തിന്റെ മഹത്വം എന്നത്രേ വി. ഇറേനേവൂസ് പറയുന്നത്. മനുഷ്യർ സൗഭാഗ്യത്തിലും പൂർണതയിലും ജീവിക്കുമ്പോൾ ദൈവം അതുവഴി മഹത്വീകരിക്കപ്പെടുന്നു. സ്നേഹിക്കുന്ന വ്യക്തിയുടെ ഏറ്റവും വലിയ നിർവൃതിയാണല്ലോ തൻറെ സ്നേഹത്തിനു വിഷയമായ വ്യക്തിസൗഭാഗ്യത്തിൽ, പൂർണതയിൽ ജീവിക്കുന്നുവെന്ന അവബോധം. ദൈവത്തിന്റെ നിർവൃതിയും മഹത്വീകരണവുമാണ് താൻ സ്നേഹിക്കുന്ന വ്യക്തിയുടെ സൗഭാഗ്യവും പൂർണ്ണതയും. ഒരു വ്യത്യാസം മാത്രം: സ്നേഹിക്കുന്നതുകൊണ്ട്, സ്നേഹമായതുകൊണ്ട്, ഈ സ്നേഹത്തിൻ്റെ വിഷയത്തെ, അഥവാ മനുഷ്യനെ ആദ്യമായിത്തന്നെ ദൈവം സൃഷ്ടിക്കുന്നു; സൃഷ്ടിച്ചുകൊണ്ട് അവനെ സ്നേഹിക്കുന്നു.
ദൈവം നന്മയാണെന്നു പറഞ്ഞല്ലോ നന്മയുടെ സ്വഭാവമാണ്; സ്വയം പ്രസരിപ്പിക്കുകയെന്നത്. അതുപോലെതന്നെ, സ്നേഹത്തിൻ്റെ സ്വഭാവമാണ് സ്നേഹിക്കുന്ന വ്യക്തിയെ വളർത്തുകയും ഉയർത്തുകയും ചെയ്യുകയെന്നത്. സ്നേഹത്തിൻ്റെ കാര്യത്തിൽ, സ്നേഹത്തിന്റെ വിഷയമായ വ്യക്തിയെ ഒന്നാമതായി അവിടന്നു സൃഷ്ടിക്കുന്നു; എന്നിട്ട് ആ വ്യക്തിയെ വളർത്തുകയും ഉയർത്തുകയും ചെയ്യുന്നു. ദൈവത്തിന്റെ ഈ സ്വഭാവത്തിന്റെ പ്രകാശനം തന്നെയാണ് അവിടത്തെ മഹത്വീകരണം. അതിനാൽ, ദൈവം മനുഷ്യനെ സൃഷ്ടിച്ചത് അവിടത്തെ മഹത്വീകരണത്തിനു വേണ്ടിയാണെന്നു പറയുന്നതും മനുഷ്യന്റെ സൗഭാഗ്യത്തിനും നന്മക്കും വേണ്ടിയാണെന്നു പറയുന്നതും തമ്മിൽ യാതൊരു വൈരുദ്ധ്യവുമില്ല.
പഴയ നിയമത്തിൽ
ദൈവത്തിന്റെ മഹത്വീകരണവും മനുഷ്യന്റെ സമഗ്രമായ രക്ഷ അഥവാ സൗഭാഗ്യവുമാണ് സൃഷ്ടിയുടെ അർഥവും ലക്ഷ്യവുമായി പഴയനിയമം അവതരിപ്പിക്കുന്നത് ഈ അർഥവും ലക്ഷ്യംവും സാക്ഷാത്ക്കരിക്കുന്നതിനുള്ള ഉപാധിയായിരുന്നു സീനായ് മലയിൽവെച്ച് ദൈവവും ഇസ്രയേൽ ജനതയും തമ്മിൽ നടന്ന ഉടമ്പടി. ഉൽപത്തി പുസ്തകത്തിലെ ആദ്യത്തെ അദ്ധ്യായങ്ങൾ മനുഷ്യന്റെയും ഈ പ്രപഞ്ചത്തിൻ്റെയും സൃഷ്ടിയെ വിവരിക്കുന്നതുതന്നെ സീനായ് മലയിൽവെച്ചു സ്ഥാപിതമായ ഉടമ്പടിയുടെ പശ്‌പാത്തലത്തിലും മാതൃകയിലുമാണ് സൃഷ്ടികർമം തന്നെ രക്ഷാകരചരിത്രത്തിന്റെ ഉത്ഘാടനവും ഉടമ്പടിയുടെ മുന്നോടിയുമായിട്ടാണ് ഉൽപത്തി പുസ്തകത്തിന്റെ കർത്താവു കാണുന്നത്. അങ്ങനെ, സൃഷ്ടികർമത്തിൻ്റെ ലക്ഷ്യം ഉടമ്പടിയുടെ വിശ്വസ്തമായ പാലനത്തിലൂടെ സൗലഭ്യമാകുന്ന രക്ഷയാണ്. അതുവഴി ദൈവം മഹത്വീകരിക്കപ്പെടുകയും മനുഷ്യൻ സമഗ്രമായ സൗഭാഗ്യത്തിലെത്തിച്ചേരുകയും ചെയ്യുന്നു.
പുതിയ നിയമത്തിൽ
എന്നാൽ, സീനായ്മലയിൽ വെച്ചുസ്ഥാപിതമായ ഉടമ്പടിയിലൂടെ ദൈവത്തിന്റെ മഹത്വീകരണവും മനുഷ്യരുടെ സമഗ്രരക്ഷയും സാക്ഷാത്കരിക്കപ്പെട്ടില്ല. കാരണം, മനുഷ്യകുലത്തിന്റെ രക്ഷയുടെ ഉപകരണങ്ങളും പ്രതീകങ്ങളുമായി ദൈവം തിരഞ്ഞെടുത്ത ഇസ്രായേൽ ജനം ഈ ഉടമ്പടിയോടു വിശ്വസ്തത പാലിച്ചില്ല. അപ്പോഴാണ് അനാദിമുതൽതന്നെ ദൈവം തയ്യാറാക്കിയിരുന്ന രക്ഷാകര പദ്ധതി പ്രവാചകന്മാരിലൂടെ ക്രമേണ അവിടുന്ന് അനാവരണം ചെയ്തതും, ഒരു പുതിയ ഉടമ്പടി വാഗ്ദാനം ചെയ്തതും (ഉദാ. ജറെ. 31, 23-40, 32, 37-42; ഏശ. 65, 17-18; 66,22). ഈ വാഗ്ദാനത്തിൻ്റെ പൂർത്തീകരമാണ് ദൈവപുത്രന്റെ മനുഷ്യാവതാരവും ജീവിതവും പീഢാസഹനവും മരണവും ഉയിർപ്പുമെല്ലാം. ദൈവത്തിൻ്റെ മഹത്വീകരണത്തിൽ തൻ്റെ ജീവിതത്തിന്റെ അർഥവും ലക്ഷ്യവും ദർശിച്ച യേശുനാഥൻ മനുഷ്യൻറെ സമഗ്രമായ രക്ഷയ്ക്കും സൗഭാഗ്യത്തിനുംവേണ്ടി സ്വയം സമ്പൂർണമായി ചെലവഴിച്ചു, ബലിയായിത്തീർന്നു. അങ്ങനെ, ദൈവത്തിന്റെ മഹത്വീകരണം എന്തിലാണ് അടങ്ങിയിരിക്കുന്നതെന്നു വ്യക്തമാക്കിക്കൊണ്ട് മനുഷ്യനായ ദൈവപുത്രൻ മനുഷ്യത്വത്തെ അതിന്റെ അത്യുദാത്തമായ മാനങ്ങളിലേക്ക് ഉയർത്തി. യഥാർഥമായ മനുഷ്യത്വമെന്തെന്ന് അവിടന്നു വെളിപ്പെടുത്തി. രണ്ടാം വത്തിക്കാൻ കൗൺസിൽ പറയുന്നതുപോലെ "അവസാനത്തെ ആദമായ ക്രിസ്‌തു പിതാവിൻ്റെയും അവിടത്തെ സ്നേഹത്തിന്റെയും മഹാരഹസ്യങ്ങളുടെ ആവിഷ്ക്കരണം വഴി മനുഷ്യനുതന്നെ മനുഷ്യനെ വെളിപ്പെടുത്തുകയും അവന്റെ പരമമായ വിളിയെ വ്യക്തമാക്കുകയും ചെയ്തു." (സഭ ആധുനികലോകത്തിൽ, നമ്പർ 22). അങ്ങനെ സൃഷ്ടിയുടെ അർഥവും ലക്ഷ്യവും ദൈവത്തിന്റെ മഹത്വീകരണവും മനുഷ്യൻ്റെ സമഗ്രരക്ഷയും - മനുഷ്യനായ ദൈവപുത്രൻ മൂർത്തരൂപമണിഞ്ഞു. അതുകൊണ്ടാണ് മനുഷ്യാവതാരം ചെയ്ത ദൈവപുത്രൻ തന്നെയാണ് സൃഷ്ടിയുടെ അന്ത്യവും ലക്ഷ്യവുമെന്നു സൂചിപ്പിച്ചുകൊണ്ട് കൊളോസോസ്‌കാർക്കുള്ള ലേഖനത്തിന്റെ കർത്താവു പറയുന്നത് അവനിൽ സ്വർഗത്തിലും ഭൂമിയിലുമുള്ള ദൃശ്യവും അദൃശ്യവുമായ എല്ലാ വസ്തുക്കളും സൃഷ്ടിക്കപ്പെട്ടു. സിംഹാസനങ്ങളോ ആധിപത്യങ്ങളോ ശക്തികളോ അധികാരങ്ങളോ എന്തുമാകട്ടെ, എല്ലാം അവനിലൂടെയും അവനുവേണ്ടിയുമാണ് സൃഷ്ടിക്കപ്പെട്ടത്. അവനാണ് എല്ലാറ്റിനും മുമ്പുള്ളവൻ; അവനിൽ സമസ്തവും സ്ഥിതി ചെയ്യുന്നു” (കൊളോ 1. 16-17). ചുരുക്കിപറഞ്ഞാൽ, ക്രിസ്തുനാഥനും ക്രിസ്തുനാഥനിലൂടെയുള്ള സമഗ്രമായ മനുഷ്യരക്ഷയുമാണ് ദൈവത്തെ മഹത്വപ്പെടുത്തുന്നത്. അതുതന്നെയാണ് ക്രൈസ്തവവീക്ഷണത്തിൽ സൃഷ്ടിയുടെ അർഥവും ലക്ഷ്യവും. അതിനുവേണ്ടിയാണ് ദൈവം മനുഷ്യനെയും ഈ പ്രപഞ്ചത്തെയും സൃഷ്‌ടിച്ചതെന്നു വേണം പറയുവാൻ
തുടരും
അസ്സീസി മാസിക, ജൂലൈ 1994
ഈ ലേഖനത്തിൻ്റെ തുടർച്ച വായിക്കാം