
അമേരിക്കയിലും യൂറോപ്പിലും പള്ളികളിൽ ആളുകൾ കുറയുന്നു എന്ന് മാത്രമല്ലേ സാധാരണ നാം കേൾക്കുന്നുള്ളൂ? കുറേപ്പേർക്ക് വിശ്വാസം നഷ്ടമായിരിക്കുന്നു എന്നത് ശരി. അവരെക്കൂടാതെ വേറെ കുറേ പേർക്ക് ദൈവവിശ്വാസം ഉണ്ടെങ്കിൽത്തന്നെയും അവർ ആരാധനാലയങ്ങളിൽ പോകുന്നില്ല എന്നതും ശരി. എന്നാൽ, ബാക്കിയുള്ളവർ എവിടെ പോകുന്നു എന്ന് ആരെങ്കിലും ആലോചിച്ചിട്ടുണ്ടോ? ലോകമെമ്പാടും കത്തോലിക്കാ സഭയെ കത്തോലിക്കർ എന്നുതന്നെയാണ് പറയുന്നത്. മറുവശത്ത് ആങ്ഗ്ലിക്കൻ, പ്രസ്ബിറ്റേറിയൻ, എപ്പിസ്കോപ്പേലിയൻ, ബാപ്റ്റിസ്റ്റ്, മെത്തഡിസ്റ്റ്, പെൻ്റകോസ്റ്റൽ, മോർമൺ, യഹോവാ സാക്ഷികൾ എന്നിങ്ങനെ കുറേ പ്രോട്ടസ്റ്റൻ്റ് സഭാവിഭാഗങ്ങളും അവയുടെ ഉപവിഭാഗങ്ങളും അവയുടെ റിഫോർമ്ഡ് വിഭാഗങ്ങളും ഉണ്ട്. അതുപോലെ, ബൈസൻ്റൈൻ, അലക്സാണ്ഡ്രിയൻ, യുക്രേനിയൻ, റഷ്യൻ, എത്തിയോപിയൻ, ഓറിയൻ്റൽ ഒക്കെയായി ഓർത്തഡോക്സ് സഭകളുടെ ഒരു മൂന്നാം ഗണവുമുണ്ട്. അത്രയുമേ ഉള്ളോ? തീർച്ചയായും അല്ല. ഒരു നാലാം വിഭാഗം കൂടി ഉണ്ട് എന്ന കാര്യം പൊതുവേ ശ്രദ്ധിക്കപ്പെടാറില്ല. നോൺ-ഡിനോമിനേഷണൽ സഭകൾ എന്നറിയപ്പെടുന്ന ഒരു വലിയ പറ്റം സഭകളുടേതായ നാലാം വിഭാഗം ആണത്. അവർ ഒന്നാം വിഭാഗമായി മാറിക്കൊണ്ടിരിക്കുകയുമാണ്!
അമേരിക്കയിൽ 2010 -ൽ 34,000 -ൽ പരം നോൺ-ഡിനോമിനേഷണൽ സഭകൾ ഉണ്ടായിരുന്നത് പത്തു വർഷം കൊണ്ട് 2020 ആകുമ്പോഴേക്ക് 10,000 -ൽ അധികം വർദ്ധിച്ച് 45,000 ആയി മാറി. കത്തോലിക്കാ സഭ അടക്കമുള്ള വ്യവസ്ഥാപിത ഡിനോമിനേഷനൽ സഭകളിൽ ആളുകൾ കുറയുമ്പോഴും അവരിൽ നല്ലൊരു പങ്കും എത്തിച്ചേരുന്നത് നോൺ-ഡിനോമിനേഷണൽ സഭകളിൽ ആണെന്ന കാര്യം നാം പലപ്പോഴും ഓർക്കാറില്ല. അമേരിക്കയിൽ പതിമൂന്ന് ശതമാനത്തോളം മനുഷ്യർ നോൺ ഡിനോമിനേഷണൽ സഭകളിൽ സജീവമാണ് എന്നാണ് കണക്കുകൾ പറയുന്നത്. അത് കത്തോലിക്കാ സഭ അടക്കമുള്ള ഡിനോമിനേഷണൽ സഭകളെക്കാൾ കൂടുതലാണ്. കേരളത്തിൽത്തന്നെ ഹെവൻലി ഫീസ്റ്റും ബ്ലെസ്സിംഗ്സ് മിനിസ്ട്രിയും പോലുള്ള നോൺ ഡിനോമിനേഷനൽ സഭകളിൽ വലിയ പുരുഷാരങ്ങൾ തിങ്ങിനിറയുന്നത് എവിടെനിന്നുള്ള ചോർച്ചയാണെന്ന് ആരും പറയാതെ തന്നെ നമുക്ക് മനസ്സിലാവും. ഇത്തരം നോൺ-ഡിനോമിനേഷണൽ സഭകളിൽ എത്തിച്ചേരുന്ന വലിയൊരു വിഭാഗവും ചെറുപ്പക്കാരാണ് എന്നതും കാണാതിരുന്നുകൂടാ.
കത്തോലിക്കാ സഭയെയും ഇതര ഡിനോമിനേഷണൽ സഭകളെയും വിട്ട് നോൺ-ഡിനോമിനേഷണൽ സഭകളിലേക്ക് ചേക്കേറാൻ ആളുകളെ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ എന്തെല്ലാമാണ്?
1 പ്രതിഷ്ഠിതമായ വിശ്വാസപ്രമാണങ്ങളെക്കാൾ അത്തരം സഭകളിൽ അയവും വഴക്കവും ഉണ്ട്.
2 മറ്റ് സഭകളെ, അഥവാ വിശ്വാസങ്ങളെ കുറ്റപ്പെടുത്താനും കൊച്ചാക്കാനും അവർ താൽപര്യം കാണിക്കുന്നില്ല.
3 വ്യക്ത്യധിഷ്ഠിതമായ ബന്ധത്തിന് അത്തരം സഭകളിൽ കൂടുതൽ പ്രാധാന്യം കാണാനുണ്ട്.
4 പരമ്പരാഗതമായ ആരാധനാ സമ്പ്രദായങ്ങളിൽ നിന്ന് വ്യത്യസ്തമായി നവീന സമ്പ്രദായങ്ങളും ആധുനിക രീതികളും അവർ പ്രാവർത്തികമാക്കുന്നു.
5 കാർക്കശ്യം കാട്ടാതിരിക്കുകയും കൂടുതൽ സ്വാതന്ത്ര്യം അനുവദിക്കപ്പെടുകയും ചെയ്യുന്നു.
6 ഒറ്റ വ്യക്തിയിൽ കേന്ദ്രീകരിച്ചാണ് എല്ലാ കാര്യങ്ങളും എന്നിരിക്കിലും ഹയരാർക്കിക്കലായ ഉച്ചനീചത്വ ഘടനകളുടെ അഭാവം അവിടെയുണ്ട്.
7 അന്തരികമായ പടല പിണക്കങ്ങളും ഗ്രൂപ്പിസങ്ങളും രാഷ്ട്രീയക്കളികളും അവിടെ ഇല്ല.
8 പാട്ടുപാടാനും ആമേൻ പറയാനും ശരീരം ഇളക്കാനും ഒക്കെ ആണെങ്കിൽത്തന്നെയും, സമൂഹത്തിൻ്റെ ഭാഗഭാഗിത്വവും പങ്കാളിത്തവും അത്തരം സഭകളിൽ കൂടുതൽ ഉണ്ടെന്ന് അവിടെ ചെല്ലുന്നവർക്ക് ഒരു തോന്നലുണ്ടാവുന്നു.
9 ദൈവ വചനത്തെയും ആത്മീയ തത്ത്വങ്ങളെയും ജീവിതത്തിന്റെ യാഥാർത ്ഥ്യങ്ങളുമായി ബന്ധപ്പെടുത്താൻ അത്തരം സഭകൾ ശ്രദ്ധിക്കുന്നു.
മേൽപ്പറഞ്ഞവയാണ് നോൺ ഡിനോമിനേഷനൽ സഭകളിലേക്ക് ആളുകൾ പോകുന്നതിനുള്ള കാരണങ്ങൾ എങ്കിൽ കത്തോലിക്കാ സഭ അടക്കമുള്ള എല്ലാ മുഖ്യധാരാ സഭകളും നല്ലൊരു ആത്മ പരിശോധനയ്ക്കും സ്വയം വിമർശനത്തിനും സന്നദ്ധമാകേണ്ടതുണ്ട് എന്ന് തോന്നുന്നു.
അല്ലെങ്കിൽ, ഇപ്പോൾ ഉള്ളതിനേക്കാൾ കുറച്ചുകൂടി അപ്രസക്തവും അർത്ഥമില്ലാത്തതുമായ കാര്യങ്ങളെക്കുറിച്ച് നമുക്ക് പരസ്പരം ശണ്ഠകൂടാം!
അല്ലെങ്കിൽ, മനുഷ്യനിർമ്മിതവും സാംസ്കാരികബദ്ധവുമായ കുറേ ആചാരങ്ങളെ കൂടി കെട്ടിയെഴുന്നുള്ളിക്കാം! ഏതാണ് വേണ്ടത്?