top of page

നിഷ്ക്കളങ്കതയുടെ വീണ്ടെടുപ്പ്

Oct 1, 2010

2 min read

റ്റോണി ഡിമെല്ലോ
Image : Kids playing
Image : Kids playing

"സത്യമായി ഞാന്‍ നിങ്ങളോടു പറയുന്നു, നിങ്ങള്‍ മാനസാന്തരപ്പെട്ട് ശിശുക്കളെപ്പോലെ ആകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കുകയില്ല" (മത്തായി 18:3)

ഒരു കുഞ്ഞിന്‍റെ കണ്ണുകളിലേക്കു നോക്കുമ്പോള്‍തന്നെ നാം കാണുന്നതു നിഷ്കളങ്കതയാണ്. കുഞ്ഞിന് കള്ളംപറയാനോ മുഖംമൂടിയണിയാനോ അറിയില്ലല്ലോ. കുഞ്ഞ്എന്താണോ അതില്‍നിന്നു വ്യത്യസ്തമായി അഭിനയിക്കാനും അവള്‍ക്കാകില്ല. ഒരു നായ നായാണ്, ഒരു റോസപ്പൂ റോസപ്പൂവാണ്; ഒരു നക്ഷത്രം നക്ഷത്രമാണ്; എല്ലാം എന്താണോ അതാണ്. കുഞ്ഞുങ്ങള്‍ പ്രകൃതിയോടു ചേര്‍ന്നുനില്ക്കുന്നു- അഭിനയിക്കാനറിയാതെ. പക്ഷേ മുതിര്‍ന്നവര്‍ക്ക് അതിനാകില്ല. അവര്‍ മറ്റെന്തൊക്കെയോ ആണെന്നു ഭാവിക്കുന്നു.

1). സത്യംപറഞ്ഞതിന്, സ്വന്തം വികാരങ്ങളും വിചാരങ്ങളും അതേപടി പ്രകടിപ്പിച്ചതിനൊക്കെ ഒരു കുഞ്ഞ് ശിക്ഷിക്കപ്പെടുമ്പോള്‍ ആ കുഞ്ഞ് താനെന്താണോ അതു മറച്ചുപിടിക്കാന്‍ നിര്‍ബന്ധിക്കപ്പെടുന്നു. അങ്ങനെ അവളുടെ നിഷ്കളങ്കത ചോര്‍ന്നുപോകുന്നു. താമസംവിനാ അവളും മുതിര്‍ന്നവരെപ്പോലെ പറഞ്ഞുതുടങ്ങും: "ഞാനാരാണെന്ന് എനിക്കറിയില്ല". ഒരുപാടുനാള്‍ ഒരു പാടുപേരില്‍നിന്നു സത്യം മറച്ചുവച്ചു ശീലിച്ചതുമൂലം അവള്‍ തന്നില്‍നിന്നുതന്നെ അതു മറച്ചുവച്ചുപോകുന്നു. കുട്ടിക്കാലത്തെ നിഷ്കളങ്കത അല്പമെങ്കിലും നിങ്ങളില്‍ അവശേഷിക്കുന്നുണ്ടോ? ഒരു കുഞ്ഞിനു തുണിയുരിഞ്ഞു നില്ക്കാനാവുന്നതുപോലെ, ഏതെങ്കിലും ഒരു വ്യക്തിയുടെ മുമ്പില്‍ നിങ്ങള്‍ക്കു നിങ്ങളാകാനും മറയില്ലാതെ പ്രത്യക്ഷപ്പെടാനുമാകുമോ?

2). കുഞ്ഞുങ്ങള്‍ക്ക് വേറൊരു രീതിയിലും നിഷ്കളങ്കത നഷ്ടപ്പെടുന്നുണ്ട്, അതു കുറച്ചുകൂടി സൂക്ഷ്മമാണെന്നു മാത്രം. മറ്റെന്തൊക്കെയോ ആയിത്തീരാനുള്ള ആഗ്രഹം അവരെ ഗ്രസിക്കുമ്പോള്‍ അവരുടെ നിഷ്കളങ്കതയ്ക്കു ഇടിവുതട്ടുന്നു.

പ്രകൃതി വിധിച്ചതില്‍നിന്നു വിഭിന്നമായി എന്തൊക്കെയോ ആയിത്തീരാന്‍ ശ്രമിക്കുന്ന ജനക്കൂട്ടത്തെയാണു നാം നിത്യവും കണ്ടുമുട്ടുന്നത്. ആര്‍ക്കും പാട്ടുകാരനോ, പാചകക്കാരനോ, മെക്കാനിക്കോ, ആശാരിയോ, പൂന്തോട്ടക്കാരനോ, ഗവേഷകനോ ഒന്നും ആകേണ്ട. എല്ലാവര്‍ക്കും പ്രശസ്തരും പ്രബലരും വിജയശ്രീലാളിതരുമാകണം. അവര്‍ ശ്രദ്ധിക്കുന്നത് ആത്മനിര്‍വൃതിയിലല്ല, പ്രകടനപരതയിലാണ്, തന്നെത്തന്നെ മഹത്ത്വവത്കരിക്കുന്നതിലാണ്. തങ്ങളെന്താണോ അതിനൊരിക്കലുമാകാതെ, ആളുകളുടെ മുമ്പില്‍ അഭിനയിച്ചു തീര്‍ക്കുന്ന, നിഷ്കളങ്കത കളഞ്ഞുകുളിച്ചവരെയാണു നാം കണ്ടുകൊണ്ടിരിക്കുന്നത്.

മറ്റാരെങ്കിലുമൊക്കെ ആയിത്തീരണമെന്ന ആഗ്രഹംകൂടാതെ ഒരു ചിന്തയെങ്കിലും ചിന്തിക്കാനോ, ഒരു പ്രവൃത്തിയെങ്കിലും പ്രവൃത്തിക്കാനോ നിങ്ങള്‍ക്കാകുന്നുണ്ടോ? ആരാലും അറിയപ്പെടാത്ത ഒരു വിശുദ്ധനോ ആത്മീയാചാര്യനോ ആകണമെന്നാഗ്രഹിക്കുമ്പോഴും മുന്‍പറഞ്ഞതില്‍നിന്നു നിങ്ങള്‍ക്കു മോചനമുണ്ടോ?

കുഞ്ഞുങ്ങള്‍, മൃഗങ്ങളെപ്പോലെ, പ്രകൃതിയോട് ഇണങ്ങിനിന്ന് അവരെന്താണോ അതായിത്തീരുന്നു. ശിശുസഹജമായ നൈര്‍മല്യം കാത്തുസൂക്ഷിക്കുന്ന മുതിര്‍ന്നവര്‍ക്കും മറ്റാരുടെയും ഇഷ്ടാനിഷ്ടങ്ങള്‍ നോക്കാതെ, നിയതിയുടെ നിശ്ചയത്തിനു സ്വയം വിട്ടുകൊടുക്കാനാകുന്നു. അവര്‍ക്കതിനു സാധിക്കുന്നതു ജന്മവാസനകള്‍കൊണ്ടല്ല. പിന്നെയോ തങ്ങളെക്കുറിച്ചും ചുറ്റുവട്ടത്തെക്കുറിച്ചുമുള്ള നിരന്തര അവബോധത്തിലൂടെയാണ്. അവബോധത്തില്‍ നിന്നുണ്ടാകുന്ന ഒരുവളുടെ വളര്‍ച്ച അഹംഭാവത്തില്‍ നിന്നുണ്ടാകുന്നതില്‍നിന്നു തികച്ചും വ്യത്യസ്തമായിരിക്കും. ആ വളര്‍ച്ചയില്‍ തിന്മകള്‍ ഒഴിവാക്കപ്പെടുന്നതു പ്രകൃതിയുടെ നിര്‍ദ്ദേശപ്രകാരമായിരിക്കും.

3). ആരെയെങ്കിലും അനുകരിക്കാന്‍ കുഞ്ഞുങ്ങളെ നിരന്തരം പഠിപ്പിക്കുന്നതാണ് അവരുടെ നിഷ്കളങ്കതയെ കളങ്കപ്പെടുത്തുന്ന മൂന്നാമത്തെ കാര്യം. ഒരുവളോട് ആരുടെയെങ്കിലും കാര്‍ബണ്‍ കോപ്പിയാകാന്‍ നിര്‍ദ്ദേശിക്കുന്നതോടെ അവളില്‍ ജ്വലിക്കുന്ന അനന്യതയുടെ നാളത്തെ നിങ്ങള്‍ ഊതിക്കെടുത്തുകയാണ്. നിങ്ങള്‍ മറ്റാരെങ്കിലും -അയാളെത്ര മഹാനും വിശുദ്ധനും ആയിക്കൊള്ളട്ടെ- ആയിത്തീരാന്‍ തീരുമാനിക്കുന്ന നിമിഷം നിങ്ങള്‍ നിങ്ങളുടെ തനിമയെ വഞ്ചിക്കുന്നു, മലീമസമാക്കുന്നു.

ഒരുപാടു ഭയങ്ങളാല്‍ മൂടപ്പെട്ടുകിടക്കുന്ന, നിങ്ങളിലെ തനിമയുടെ കനലിനെക്കുറിച്ചൊന്നു ധ്യാനിക്കുക. എത്രയോ സങ്കടകരമാണത്! നിങ്ങള്‍ നിങ്ങളായിരുന്നാല്‍ മറ്റുള്ളവര്‍ നിങ്ങളെ തിരസ്ക്കരിക്കുമെന്നു നിങ്ങള്‍ ഭയക്കുന്നു. യാന്ത്രികമായി അന്യരെ അനുകരിക്കാതെ നിങ്ങള്‍ക്കിഷ്ടമുള്ള രീതിയില്‍ ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും വസ്ത്രം ധരിക്കുന്നതും അവരുടെ പരിഹാസത്തിനു കാരണമാകുമെന്നും നിങ്ങള്‍ പേടിക്കുന്നു. നിങ്ങളുടെ ചിന്തകളും പ്രവൃത്തികളും മാത്രമല്ല, നിങ്ങളുടെ പ്രതികരണങ്ങളും വികാരങ്ങളും മനോഭാവങ്ങളും മൂല്യങ്ങളും കൂടിയും അന്യരോടു പൊരുത്തപ്പെട്ടുപോകുന്നതാക്കാന്‍ നിങ്ങള്‍ എത്രമാത്രം ശ്രമിക്കുന്നു! നിങ്ങളുടെ തനിമയില്‍ കളങ്കംവീഴ്ത്തുന്ന ഈ പ്രക്രിയയില്‍നിന്നു പുറത്തുകടക്കാന്‍ നിങ്ങള്‍ ധൈര്യപ്പെടുന്നതേയില്ല. സമൂഹത്തിലോ സംഘടനയിലോ അംഗത്വം നേടുന്നതിനു നിങ്ങള്‍ അവശ്യം കൊടുക്കേണ്ടിവരുന്ന വിലയിതാണ്. അതു കൊടുക്കുന്നതുവഴി മറ്റുള്ളവരാല്‍ നിയന്ത്രിക്കപ്പെടുന്നവരുടെ ലോകത്തിലേക്കു നിങ്ങള്‍ പ്രവേശിക്കുന്നു. അതോടൊപ്പം ശിശുതുല്യമായ നിഷ്കളങ്കതയ്ക്ക് അവകാശപ്പെട്ടിരിക്കുന്ന സ്വര്‍ഗരാജ്യം നിങ്ങള്‍ക്കന്യമാവുകയും ചെയ്യുന്നു.

4). അവസാനമായി, അപരരോട് നിങ്ങള്‍ മത്സരിക്കുന്നതും അവരെ നിങ്ങളുമായി താരതമ്യം ചെയ്യുന്നതും നിങ്ങളിലെ നിഷ്കളങ്കതയെ നശിപ്പിക്കുന്നു. അതുവഴി നിങ്ങളിലെ ലാളിത്യത്തിനു -ഋജുത്വത്തിനു- പകരമായി മറ്റാരുടെയത്രയെങ്കിലും നല്ലവളായിത്തീരാനുള്ള അത്യാഗ്രഹത്തെ പ്രതിഷ്ഠിക്കുന്നു.

എന്തുകൊണ്ടാണ് കുട്ടികള്‍ക്ക് അവരുടെ നൈര്‍മല്യത്തെ കാത്തുസൂക്ഷിക്കാനും സ്വര്‍ഗ്ഗരാജ്യത്തിന്‍റെ ആനന്ദമനുഭവിക്കാനുമാകുന്നത്? കാരണം സ്വയം ജീവിക്കുന്നതില്‍ കൂടുതല്‍ മറ്റുള്ളവരുടെ കൈയടിക്കും പ്രശംസാ വചനങ്ങള്‍ക്കുംവേണ്ടി അഭിനയിക്കുന്നവരുടെ ലോകത്തിലേക്ക് അവരിനിയും വലിച്ചെടുക്കപ്പെട്ടിട്ടില്ല. താന്‍ താനായിരിക്കുന്നതിലെ സൗന്ദര്യം മറന്ന് ചിത്തഭ്രമം പിടിപെട്ടാലെന്നപോലെ മറ്റുള്ളവരുമായി താരതമ്യം ചെയ്യാനും മത്സരിക്കാനും അവരിനിയും തയ്യാറായിട്ടില്ല. മറ്റുള്ളവരെ ഏതുവിധേനയും പരാജയപ്പെടുത്തിയും നാണംകെടുത്തിയും നശിപ്പിച്ചും സ്വന്തമാക്കുന്ന പൊള്ളയായ വിജയങ്ങള്‍ക്കുവേണ്ടി അവരിനിയും ശ്രമിച്ചുതുടങ്ങിയിട്ടില്ല.

ഭൂമിയിലെ ഈ നരകത്തെക്കുറിച്ച് നിങ്ങള്‍ക്കു വേണ്ടുംവിധം മനസ്സിലാക്കാനായാല്‍, അതു നിങ്ങളില്‍ നിറയ്ക്കുന്ന ശൂന്യതയും തീവ്രവേദനയും ഗ്രഹിക്കാനായാല്‍, നിങ്ങളറിയാതെ നിങ്ങളില്‍ മാറ്റത്തിനുവേണ്ടിയുള്ള അദമ്യമായ ആഗ്രഹം ഉടലെടുക്കും. അന്ധകാരംനിറഞ്ഞ ഈ ലോകത്തോട് ഉള്ളില്‍ വെറുപ്പു ശക്തമാകും. അതു നിങ്ങളെ വരിഞ്ഞുമുറുക്കിയിരിക്കുന്ന കപടതയുടെയും അടിമത്തത്തിന്‍റെയും ചങ്ങലകള്‍ തകര്‍ക്കും. അങ്ങനെ ശിശുക്കള്‍ക്കും ജ്ഞാനികള്‍ക്കും സ്വന്തമായ നിഷ്കളങ്കതയുടെ സ്വര്‍ഗ്ഗരാജ്യത്തിലേക്കു നിങ്ങള്‍ പ്രവേശിക്കും.

Featured Posts

Recent Posts

bottom of page