top of page
വാഗ്ദാനങ്ങളുടെ ചരിത്രം പഠിപ്പിക്കുന്ന ഗ്രന്ഥമാണ് വിശുദ്ധ ബൈബിള്‍. സര്‍പ്പത്തിന്‍റെ തലതകര്‍ക്കുവാന്‍ സ്ത്രീയില്‍ നിന്നും ഒരു ശിശു പിറക്കുമെന്ന് ഉല്‍പ്പത്തിപുസ്തകത്തില്‍ നാം വായിക്കുന്നു. കന്യക ഗര്‍ഭം ധരിച്ച് ഒരു പുത്രനെ പ്രസവിക്കുമെന്ന് ഏശയ്യാ പ്രവചനത്തില്‍ നാം കാണുന്നു. കന്യകയില്‍ നിന്നു പിറവിയെടുക്കുന്ന ക്രിസ്തുവിനെ മനുഷ്യവംശം ധ്യാനിക്കുകയാണ്. ഈ ക്രിസ്തുമസ്സ് കാലഘട്ടത്തില്‍ ഏറ്റവും വലിയ മംഗളവാര്‍ത്ത ഗബ്രിയേല്‍ മാലാഖാ മറിയത്തോടു പറഞ്ഞപ്പോള്‍ മറിയം അസ്വസ്ഥയായി. മറിയത്തിന്‍റെ ആന്തരീകമായ അസ്വസ്ഥത അധികം നീണ്ടുനിന്നില്ല. എലിസബത്തിന്‍റെ ജീവിതത്തിലെ ദൈവത്തിന്‍റെ ഇടപെടലുകളെക്കുറിച്ച് മാലാഖ മറിയത്തോടു പറയുന്നു. തിരുവചനത്തിന്‍റെ ശക്തിയില്‍ മറിയം ബലം പ്രാപിക്കുന്നു. മനസാന്നിധ്യം വെടിയാത്ത മറിയം ദൈവഹിതത്തിന് സ്വയം സമര്‍പ്പിക്കുന്നു. ജീവിതത്തിലെ പിരിമുറുക്കങ്ങളുടെ നടുവില്‍ മനധൈര്യം നഷ്ടപ്പെടാത്തവരായി ജീവിക്കുവാന്‍ ദൈവത്തിന്‍റെ വചനം ഒരു വ്യക്തിയെ സഹായിക്കും. വചനത്തിന്‍റെ പൊരുള്‍ അറിയുമ്പോള്‍ ആത്മധൈര്യം ലഭിക്കും.
ആദിമപറുദീസായില്‍ അനുസരണക്കേടിലൂടെ മനുഷ്യവംശത്തിലുണ്ടായ അന്ധകാരം മാറ്റുവാന്‍ ദൈവം ആഗ്രഹിച്ചു. ഇരുട്ടുനിറഞ്ഞ ലോകത്തില്‍ പ്രകാശം പരത്തുവാനായി ദൈവം തീരുമാനിച്ചു. അതിനായി മറിയത്തിന്‍റെ ഹൃദയത്തില്‍ ദൈവം മുട്ടിവിളിച്ചു. സ്വര്‍ഗ്ഗവും ഭൂമിയും ശ്വാസമടക്കിപ്പിടിച്ച് മറിയത്തിന്‍റെ പ്രത്യുത്തരത്തിനായി കാത്തുനിന്നു. 'നിന്‍റെ ഇഷ്ടംപോലെ എന്നില്‍ നിറവേറട്ടെ' എന്നു മറിയം പറഞ്ഞപ്പോള്‍ ലോകം പ്രകാശത്തിലേക്കു പ്രവേശിച്ചു. നമ്മുടെയൊക്കെ അനുദിനജീവിതത്ില്‍ വിവിധ രീതികളിലൂടെ ദൈവം ഹൃദയകവാടത്തില്‍ വന്നുമുട്ടിവിളിക്കും. നല്ല തീരുമാനങ്ങളും ജീവകാരുണ്യപ്രവൃത്തികളും ചെയ്യുവാന്‍ നാം സന്നദ്ധരാകുമ്പോള്‍ നമ്മിലൂടെ ദൈവം പിറക്കും. ദൈവസാന്നിധ്യത്തിന് പിറവികൊടുക്കുവാന്‍ നാം സന്നദ്ധരാകണമെന്ന് മറിയം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.
സന്തോഷത്തിന്‍റെ സദ്വാര്‍ത്ത അരുളിച്ചെയ്തിട്ടു ദൂതന്‍ മറഞ്ഞുപോയി. തികച്ചും ഒരു നിശബ്ദതയുടെ ഏകാന്തതയിലേക്ക് മറിയം മാറ്റപ്പെട്ടു. ദൈവദൂതന്മാര്‍ ചുറ്റിമില്ലാത്ത ഏകാന്തതയില്‍ മാതാവ് തകര്‍ന്നില്ല. യൗസേപ്പിന്‍റെ സംശയവും ബേത്ലഹേം യാത്രും ആത്മബലത്തോടെ മറിയം അഭിമുഖീകരിച്ചു. "ഇവനു സുബോധം നഷ്ടപ്പെട്ടു" എന്ന് ജനം പറഞ്ഞപ്പോള്‍ മറിയം തളര്‍ന്നില്ല. കാല്‍വരിക്കുരിശിന്‍റെ ചുവടുവരെ മറിയം തളരാതെ നടന്നു. ഒരിക്കല്‍ ദൈവത്തിന്‍റെ ഇടപെടലുകള്‍ അനുഭവിച്ചവന്‍റെ ദൈവസാന്നിധ്യത്തിന്‍റെ മാധുര്യം നുകര്‍ന്നവര്‍ പ്രതിസന്ധികള്‍ക്കിടയില്‍ തളരില്ല. ഒരിക്കല്‍ കിട്ടിയ ബോധ്യത്തിന്‍റെയും ഒരിക്കല്‍ എടുത്ത തീരുമാനത്തിന്‍റെയും ബലത്തില്‍ മുന്നേറും. ദൈവമോ, ദൈവദൂതന്മാരോ പ്രത്യക്ഷത്തില്‍ മുമ്പിലില്ലെങ്കിലും ഒരിക്കല്‍ ലഭിച്ച വിശ്വാസവെളിച്ചത്തില്‍ പ്രയാണം നടത്തുന്നതാണ് ക്രിസ്തീയ ആത്മീയത.
'ബേത്ലഹേം' എന്ന അപ്രസക്തമായ സ്ഥലത്താണ് ക്രിസ്തു ജനിച്ചത്. മംഗളവാര്‍ത്ത മുഴങ്ങിയത് അപ്രസക്തമായ നസ്രത്തിലാണ്. തന്‍റെ സുവിശേഷ പ്രഘോഷകരമായി ക്രിസ്തു പിന്നിട്ടു തെരഞ്ഞെടുത്തത് അപ്രസക്തരായ മുക്കുവന്മാരെയാണ്. ലോകം സുപ്രധാനമെന്നു കരുതുന്നതും ദൈവത്തിന് പ്രധാനപ്പെട്ടതാകണമെന്നില്ല. മനുഷ്യന്‍ ശക്തമെന്നു കരുതുന്നതൊന്നും ദൈവത്തിന് ശക്തിയുള്ളതായി തോന്നണമെന്നില്ല. ഈ ലോകത്തിന്‍റെ കാഴ്ചപ്പാടുകള്‍ക്കു വിരുദ്ധമാണ് ദൈവത്തിന്‍റെ കാഴ്ചപ്പാടുകള്‍. മനുഷ്യര്‍ ശക്തമെന്നും സുപ്രധാനമെന്നും കരുതുന്നതിനോടു വിടചൊല്ലുന്നതാണ് ക്രിസ്തീയ ജീവിതം. ലോകത്തിലെ ബുദ്ധിമാന്മാരെ ലജ്ജിപ്പിക്കുവാന്‍ ദൈവം പാവങ്ങളെ തെരഞ്ഞെടുക്കുന്നു. ബുദ്ധിമാന്മാരില്‍ നിന്നും വിവേകമതികളില്‍ നിന്നും മറച്ചുവച്ച ദൈവരാജ്യരഹസ്യങ്ങള്‍ അവന്‍ ശിശുക്കള്‍ക്കു വെളിപ്പെടുത്തുന്നു.
ഒരു പശുത്തൊഴുത്തില്‍ കര്‍ത്താവ് മനുഷ്യനായി ജനിച്ചു. അപ്രസക്തരായ സ്ഥലം പവിത്രമായ ഒരു സംഭവത്തിനുള്ള സ്വകാര്യ ഒരുക്കം. അവിടെ ആരംഭിച്ചു. ഒരാള്‍ ജനിക്കാത്ത സ്ഥലം പ്രധാനപ്പെട്ടതാകുന്നത് ആ വ്യക്തിയുടെ ജീവിതം കൊണ്ടാണ്. ചില നല്ല മനുഷ്യരുടെ ജീവിതംവഴി അവര്‍ ജനിച്ച സ്ഥലം ശ്രദ്ധിക്കപ്പെടും. എത്രനാള്‍ നാം ജീവിച്ചു എന്നതിലല്ല എപ്രകാരം ജീവിച്ചു എന്നതിനാണ് പ്രാധാന്യം.
ഇടയന്മാരുടെ ജാഗരൂകത നാം കാത്തു സൂക്ഷിക്കണം. ആട്ടിടയന്മാര്‍ തിടുക്കത്തില്‍ അവനെ കാണുവാന്‍ പുറപ്പെട്ടു. ഒരിക്കല്‍ ദൈവാനുഭവമുണ്ടായാല്‍ തടുക്കാന്‍ പറ്റാത്ത തിടുക്കം നമ്മിലുണ്ടാവും. മന്ദോഷ്ണ പ്രകൃതിയില്‍നിന് ഉണര്‍വ്വിലേക്കു നാം കടന്നുവരും. ആത്മീയമായ മരവിപ്പില്‍ നിന്നും പുതിയ ചൈതന്യം നമ്മില്‍ പ്രവഹിക്കും. തിടുക്കത്തില്‍ച്ചെന്നവര്‍ കണ്ടത് പിള്ളക്കച്ചയില്‍ പൊതിയപ്പെട്ട ശിശുവിനെയാണ്. ദൈവത്തിന്‍റെ ദാരിദ്ര്യം പിള്ളക്കച്ചയില്‍ നാം കാണുന്നു. അങ്ങനെയുള്ള ദരിദ്രരില്‍ അവനെ കാണുവാന്‍ ക്രിസ്തുമസ് നമ്മെ ക്ഷണിക്കുന്നു.
Featured Posts
bottom of page