top of page

ചില പൗരോഹിത്യ ചിന്തകള്‍ ഡോ. മാത്യു വാര്യാമറ്റം C.S.T.

Jul 30, 2009

4 min read

ഡC
Priestly Ordination

പൗരോഹിത്യം ഇന്ന് ഒരു വഴിത്തിരിവിലും ഏറെ അവ്യക്തതയിലും ആണ്. ഭക്തിലഹരിയും വൈകാരികമായ കോളിളക്കങ്ങളും അനുഷ്ഠാന വിധികളും മതാനുഭവത്തിന്‍റെ മുഖ്യാംശങ്ങളായി ഇന്ന് മാറിയിട്ടുണ്ട്. ആദര്‍ശങ്ങളുടെ ലോകത്ത് ഒരു വെല്ലുവിളി ഉയര്‍ത്താനാവാത്ത വിധം പൗരോഹിത്യം ഇന്ന് നിര്‍ജീവമാണ്. പരമ്പരാഗതമായ യഹൂദ പൗരോഹിത്യത്തിന്‍റെ അംശം യേശുവിന്‍റെ ജീവിതത്തില്‍ ദൃശ്യമല്ലായിരുന്നു എന്നു പറയാം. യേശുവും യഹൂദ പൗരോഹിത്യവും തമ്മിലുള്ള ബന്ധം അത്ര സൗഹാര്‍ദ്ദപരമായിരുന്നില്ല. പല പേരുകള്‍ സുവിശേഷങ്ങള്‍ അവനു നല്കുന്നുണ്ടെങ്കിലും 'പുരോഹിതന്‍' എന്ന പദം കൊടുത്തു കാണുന്നില്ല. താന്‍ പുരോഹിതനാണെന്ന് അവന്‍ അവകാശപ്പെടുന്നില്ല. യേശു ഒരു യഹൂദ പുരോഹിതനല്ലായിരുന്നു എന്ന് വ്യക്തം. ലേവിയുടെ ഗോത്രമായിരുന്നു പഴയനിയമത്തിലെ പുരോഹിത വംശം. എന്നാല്‍, യേശു യൂദാഗോത്രക്കാരനായിരുന്നു. സുവിശേഷങ്ങളില്‍ യേശുവിന്‍റെ പ്രവൃത്തികള്‍ ഏറെയും പ്രവാചക പ്രവൃത്തികളായിരുന്നു. പ്രവാചകന്മാരുമായിട്ടാണ് അവന്‍ സ്വയം താരതമ്യപ്പെടുത്തിയത്.

ഇസ്രായേലിലെ പ്രവാചകന്മാരെല്ലാവരും പൗരോഹിത്യത്തെ രൂക്ഷമായി വിമര്‍ശിച്ചവരാണ്. യേശു പുരോഹിതരെ വ്യക്തിപരമായി വിമര്‍ശിച്ചില്ലെങ്കിലും അനുഷ്ഠാനപരമായ മതത്തിനെതിരെ ശക്തമായ ആക്രമണം നടത്തി. നല്ല സമരിയാക്കാരന്‍റെ ഉപമയില്‍ ഒരു പുരോഹിതന്‍ എങ്ങനെ പെരുമാറേണ്ടിയിരുന്നു എന്ന് അവന്‍ കാണിച്ചുകൊടുക്കുകയായിരുന്നു. നല്ല സമരിയാക്കാരനെപ്പോലെ സ്വയം മറന്ന് സ്നേഹിക്കാനും ശുശ്രൂഷിക്കാനും പുരോഹിതന് സാധിക്കണം. നല്ല സമരിയാക്കാരനെപ്പോലെ തന്‍റെ അസ്തിത്വം മുഴുവനിലൂടെയും ദൈവസ്നേഹം വെളിപ്പെടുത്തുകയാണ് പുരോഹിതന്‍റെ ദൗത്യം. അര്‍പ്പണാത്മകമായ ജീവിതത്തിലും പ്രവൃത്തികളിലുമാണ് ഈ ദൗത്യം സജീവമായിരിക്കുന്നത്.

എങ്കിലും നസ്രത്തിലെ യേശു ഒരു പുരോഹിതന്‍ തന്നെ. ജറുസലെം ദേവാലയത്തില്‍ അവന്‍റെ ശക്തമായ ഇടപെടല്‍ ഉണ്ടായി. ദേവാലയ ശുദ്ധീകരണം ഇതില്‍ ഒരു പ്രധാന സംഭവമായിരുന്നു (മത്താ 21: 12-17) ജറുസലെം ദേവാലയത്തിലെ ബലിയര്‍പ്പണത്തേക്കുറിച്ചുള്ള ശക്തമായ ഒരു വിമര്‍ശനമാണ് ഈ പ്രവൃത്തി. യഹൂദപൗരോഹിത്യവുമായി അവന്‍ അകല്‍ച്ച പുലര്‍ത്തിയിരുന്നു. പ്രധാന പുരോഹിതരെല്ലാവരും സുവിശേഷത്തെ എതിര്‍ത്തവരും തിരസ്കരിച്ചവരും ആയിരുന്നു. യേശുവിന്‍റെ പുതിയ പുരോഹിത ശുശ്രൂഷയും ദേവാലയവും പഴയ സങ്കല്പങ്ങളുമായി ഒത്തു പോകുന്നവയല്ല. "ദൈവാലയത്തേക്കാള്‍ വലിയവന്‍" എന്നാണ് അവന്‍ തന്നെക്കുറിച്ചു തന്നെ പറയുന്നത്. യേശുവും ഔദ്യോഗിക പൗരോഹിത്യവും തമ്മിലുള്ള എതിര്‍പ്പു പ്രത്യക്ഷമായി പ്രകടമാകുന്നത് ദൈവാലയത്തില്‍ നിന്ന് അവന്‍ കച്ചവടക്കാരെയും നാണയ മാറ്റക്കാരെയും പുറത്താക്കുന്ന പ്രവൃത്തിയിലാണ്. പുരോഹിതര്‍ക്ക് ഉള്ളതില്‍ കൂടുതല്‍ അധികാരം തനിക്ക് ദൈവാലയത്തിന്മേല്‍ ഉണ്ടെന്ന് അവന്‍ വ്യക്തമാക്കി. ദൈവാലയത്തിന്‍റെ ദുരുപയോഗത്തെ അവന്‍ കുറ്റപ്പെടുത്തി.

ദൈവാലയ പരിസരത്തുനിന്ന് നാണയ മാറ്റക്കാരെ അടിച്ചോടിക്കുക വഴി ദൈവശുശ്രൂഷയേക്കാള്‍ ധനമോഹം ലക്ഷ്യമാക്കിയിരുന്ന ആരാധനാവ്യവസ്ഥിതിയെ അവന്‍ കടന്നാക്രമിക്കുകയായിരുന്നു. വ്യത്യസ്തങ്ങളായ രണ്ടു പൗരോഹിത്യ സങ്കല്പങ്ങള്‍ തമ്മിലുള്ള ഏറ്റുമുട്ടലാണിവിടെ കാണുന്നത്. പഴയതില്‍നിന്ന് വിഭിന്നമായ ഒരു പുതിയ പൗരോഹിത്യത്തിന്‍റെ ഉദ്ഘാടനമാണിത്. ഈ പൗരോഹിത്യത്തിന്‍റെ കേന്ദ്രസ്ഥാനം യേശുതന്നെ. ഈ പൗരോഹിത്യം യേശുവിന്‍റെ മനുഷ്യാവതാരത്തില്‍ ആരംഭിക്കുന്നു; ഉത്ഥാനത്തില്‍ പൂര്‍ത്തിയാകുന്നു.


ദൈവം മുദ്രവച്ചവര്‍

പുരോഹിതന്‍റെ വ്യക്തിത്വത്തെ ആകമാനം സ്പര്‍ശിക്കുന്ന ഒരു അഭിഷേകമാണ് പൗരോഹിത്യം. വ്യക്തിയുടെ സത്തയെ മുഴുവന്‍ പൗരോഹിത്യം ആശ്ലേഷിക്കുന്നു. ദൈവത്തിന്‍റെ പ്രവൃത്തികള്‍ ചെയ്യാന്‍ പുരോഹിതന് സാധിക്കണമെങ്കില്‍ അയാള്‍ പൂര്‍ണ്ണമായും ദൈവത്തിനുള്ളവനായിരിക്കണം. പുരോഹിതന്‍ ദൈവത്തിന്‍റെ മനുഷ്യനാണ്. ദൈവനിവേശിതമായ തന്‍റെ അസ്തിത്വത്തിന്‍റെ ഓരോ തന്തുവിലൂടെയും ദൈവത്തെ പ്രകാശിപ്പിക്കാനും പ്രസരിപ്പിക്കാനും പുരോഹിതന് കഴിയും. തന്‍റെ വ്യക്തിത്വത്തിന്‍റെ അഗാധതലങ്ങളില്‍ രൂപാന്തരം പ്രാപിച്ചവനാണ് പുരോഹിതന്‍. ദൈവം തനിക്കായി മുദ്രവച്ചവന്‍. ആദ്യം മുദ്രവയ്ക്കപ്പെട്ടവന്‍ യേശുവാണ് (യോഹ 6:7). ആത്യന്തികമായി പിതാവും യേശുവും തമ്മിലുള്ള ബന്ധത്തില്‍ നിന്നാണ് പൗരോഹിത്യം സംജാതമാകുന്നത്. പിതാവില്‍ നിന്ന് യേശുവിന് മാറ്റാനാവാത്ത അംഗീകാര മുദ്ര ലഭിച്ചു. ഇതാണ് അവനെ പുരോഹിതനും ഇടയനുമാക്കിത്തീര്‍ത്തത്. അതിനാല്‍ പൗരോഹിത്യം പ്രഥമവും പ്രധാനവുമായി ദൈവവുമായുള്ള ബന്ധത്തില്‍ അടിസ്ഥാനപ്പെടുത്തിയിരിക്കുന്നു.

എല്ലാറ്റിനും മുന്‍പായി യേശുവിലൂടെയും തുടര്‍ന്ന് പുരോഹിതനിലൂടെയും സ്വയം വെളിപ്പെടുത്തുവാനാഗ്രഹിക്കുന്ന ദൈവവുമായുള്ള അവഗാഢ ബന്ധമാണ് പൗരോഹിത്യം. തന്‍റെ പ്രതിച്ഛായ പുരോഹിതനില്‍ ആഴമായി മുദ്രപ്പെടുത്തിക്കൊണ്ട് പുരോഹിതനെ ദൈവം സ്വന്തമാക്കുന്നു. മനുഷ്യാവതാരം എന്ന സുപ്രധാന സത്യത്തിന്‍റെ വെളിച്ചത്തില്‍ വേണം പൗരോഹിത്യത്തെ കാണാന്‍. യേശുവിന്‍റെ മനുഷ്യാവതാരം എന്ന അഭിഷേകം ലോകത്തിന് ദൈവത്തെ വെളിപ്പെടുത്തുന്നു. പുരോഹിതന്‍റെ അഭിഷേകത്തിനും മറ്റൊരു ലക്ഷ്യം ഇല്ല. ഒരേ സമയം ലോകവുമായി അടുപ്പവും അകല്‍ച്ചയും ഈ അഭിഷേകം ഉള്‍ക്കൊള്ളുന്നുണ്ട്. അസ്തിത്വാത്മകതയില്‍ വേരൂന്നിയിരിക്കുന്ന (doing rooted in being) ഒരു പ്രവര്‍ത്തന ശൈലി ആയിരിക്കണം പുരോഹിതന്‍റേത്. ആഴമേറിയ വിശുദ്ധീകരണവും വേര്‍തിരിവും ഇതുള്‍ക്കൊള്ളുന്നു. പുരോഹിത ജീവിതശൈലി എന്നു പറയുമ്പോള്‍ ശിക്ഷണ നിയമങ്ങളൊ പാരമ്പര്യങ്ങളൊ അല്ല പ്രധാനം. ജീവിത യാഥാര്‍ത്ഥ്യത്തിന്‍റെ തലത്തില്‍ ഫലം പുറപ്പെടുവിക്കേണ്ട അഭിഷേകമാണ് പൗരോഹിത്യം.


ശുശ്രൂഷയുടെ മനുഷ്യന്‍

ശുശ്രൂഷാ പൗരോഹിത്യം എന്നാണ് സഭയിലെ പൗരോഹിത്യം അറിയപ്പെടുന്നത്. എന്നാല്‍ ഇവിടെ ശുശ്രൂഷയുടെ ചൈതന്യം സാധാരണ ജനത്തിന് അനുഭവവേദ്യമാണൊ എന്നതാണ് പ്രസക്തമായ ചോദ്യം! പൗരോഹിത്യത്തിന്‍റെ ഔന്നത്യത്തെക്കുറിച്ചും മഹത്വത്തെക്കുറിച്ചും അധികാരത്തെക്കുറിച്ചും ഉള്ളതുപോലെയുള്ള ഉദ്ഘോഷണം അതുള്‍ക്കൊള്ളുന്ന ശുശ്രൂഷയെക്കുറിച്ചും വിനയാന്വിതമായ സേവനത്തെക്കുറിച്ചും ഇല്ല. അധികാരത്തിന്‍റെയും ആജ്ഞയുടെയും കല്പനയുടെയും സ്വരമാണ് ഭൂരിഭാഗം പുരോഹിതരില്‍ നിന്നും കേള്‍ക്കാറുള്ളത്. അടക്കി ഭരണമാണ് ശൈലി! ദാസനും ശുശ്രൂഷകനും അടിമയും ആയിത്തീര്‍ന്ന യേശുവിന്‍റെ പൗരോഹിത്യ ശുശ്രൂഷ തന്നെയാണൊ ക്രൈസ്തവ പുരോഹിതര്‍ ജീവിക്കുന്നതെന്ന് സംശയിക്കുന്ന രീതിയിലാണ് പൗരോഹിത്യത്തിന്‍റെ ഇന്നത്തെ പ്രകടനം. ശുശ്രൂഷകരെന്നതിനേക്കാള്‍ ഭരണകര്‍ത്താക്കളും അധികാരികളുമായിട്ടാണ് പുരോഹിതര്‍ പ്രത്യക്ഷപ്പെടുന്നത്. യേശു അഭിഷേകം ചെയ്തത് ഭരണകര്‍ത്താക്കളെയല്ല, ശുശ്രൂഷകരെയും ഇടയന്മാരെയും ആണ്.

അര്‍പ്പണാത്മകമായ ജീവിതത്തിലും പ്രവൃത്തികളിലുമാണ് യേശുവിന്‍റെ പൗരോഹിത്യവും ഇടയശുശ്രൂഷയും കൂടുതല്‍ സജീവമാകേണ്ടത്. പൗരോഹിത്യശുശ്രൂഷ എത്തിച്ചേരേണ്ടത് ഏശ. 53 അവതരിപ്പിക്കുന്ന കര്‍ത്താവിന്‍റെ സഹിക്കുന്ന ദാസനിലാണ്. ഏശയ്യായുടെ സഹിക്കുന്ന ദാസന്‍ യേശുവിന്‍റെ പൗരോഹിത്യ സങ്കല്പത്തെ വളരെയേറെ സ്വാധീനിച്ചിട്ടുണ്ട്. "അവനെ കണ്ടവര്‍ അമ്പരന്നുപോയി. മനുഷ്യനെന്ന് തോന്നാത്തവിധം അവന്‍ വിരൂപനായിരുന്നു. അവന്‍റെ രൂപം മനുഷ്യന്‍റെതല്ല" (ഏശ 52:14). തന്‍റെ സഹോദരങ്ങള്‍ക്കുവേണ്ടി സഹിക്കുകയും ക്ഷതമേല്ക്കുകയും പീഡിപ്പിക്കപ്പെടുകയും ചെയ്ത കര്‍ത്തൃദാസനെപ്പറ്റി ഏശ. 53 വികാരസാന്ദ്രമായ ഭാഷയില്‍ പറയുന്നു: പൗരോഹിത്യത്തെക്കുറിച്ച് വളരെ നൂതനവും മൗലികവുമായ കാഴ്ചപ്പാടാണ് ഏശ. 53 അവതരിപ്പിക്കുന്നത്. ആത്മബലിവരെ എത്തിനില്ക്കുന്ന സേവനത്തിലും ശുശ്രൂഷയിലുമാണ് പൗരോഹിത്യം അതിന്‍റെ അര്‍ത്ഥം കാണേണ്ടത്.

"മനുഷ്യപുത്രന്‍ വന്നിരിക്കുന്നത് ശുശ്രൂഷിക്കപ്പെടാനല്ല, ശുശ്രൂഷിക്കാനും സ്വന്തം ജീവന്‍ അനേകര്‍ക്കുവേണ്ടി മോചനദ്രവ്യമായി നല്കാനുമത്രെ" (മര്‍ക്കോ 10:45). ഇതാണ് യേശുവിന്‍റെ പൗരോഹിത്യം. സ്വജീവന്‍ പോലും അര്‍പ്പിച്ചുകൊണ്ടുള്ള ബലിയും സമര്‍പ്പണവുമാണ് മനുഷ്യപുത്രന്‍ നിര്‍വ്വഹിക്കുന്നത്. പൗരോഹിത്യത്തെക്കുറിച്ചുള്ള മൗലികമായ പുതിയ നിയമദര്‍ശനം ഇവിടെ കാണാം. സാധാരണയായി പുരോഹിതന്‍ ദൈവത്തെ ശുശ്രൂഷിക്കുന്നവനാണ്; എന്നാല്‍, യേശുവിലാകട്ടെ മനുഷ്യനെ ശുശ്രൂഷിക്കുന്ന ദൈവപുത്രനാണ് പുരോഹിതന്‍. യേശുവിന്‍റെ കുരിശാരോഹണം അവന്‍റെ പൗരോഹിത്യത്തിന്‍റെ ഉച്ചാവസ്ഥയാണ്. ദൈവത്തോടും മനുഷ്യനോടുമുള്ള അര്‍പ്പണാത്മകമായ സ്നേഹം എവിടംവരെ പോകണമെന്നുള്ളതിന്‍റ ഉത്തരമാണ് കുരിശ്. സമൂഹത്തിലെ സഹിക്കുന്നവരും പുറംതള്ളപ്പെട്ടവരുമായുള്ള കൂട്ടായ്മയില്‍ പൗരോഹിത്യം വളരുകയും നിലനില്ക്കുകയും വേണം. പുരോഹിതനായിരിക്കുക എന്നാല്‍ ശിഷ്യനായിരിക്കുക, ദാസനായിരിക്കുക എന്നാണര്‍ത്ഥം. ആത്മബലിവരെ എത്തേണ്ടതാണ് ശിഷ്യത്വം. സ്വയം മറന്നുള്ള ആത്മദാനത്തിലും അതുമായി ബന്ധപ്പെട്ട പ്രവൃത്തികളിലുമാണ് യേശുവിന്‍റെ പൗരോഹിത്യം സജീവമാകേണ്ടത്.

നസ്രത്തിലെ യേശുവിനെ സംബന്ധിച്ചിടത്തോളം ഏറ്റവും വലിയ ദൈവാലയം മനുഷ്യനായിരുന്നു; സഹോദര സ്നേഹമായിരുന്നു ഏറ്റവും വലിയ നിയമം; സഹോദരങ്ങള്‍ക്കുവേണ്ടിയുള്ള ആത്മാര്‍പ്പണമാണ് ഏറ്റം ശ്രേഷ്ഠമായ ബലിയും പ്രാര്‍ത്ഥനയും. ആത്മദാന ചൈതന്യമാണ് പൗരോഹിത്യത്തിന്‍റെ ശക്തി. പുരോഹിതന്‍ അര്‍പ്പിക്കുന്ന ബലി അയാളുടെ തന്നെ ജീവിതത്തില്‍ അനുഭവവേദ്യവും യാഥാര്‍ത്ഥ്യവുമായിത്തീരുമ്പോഴാണ് ബലി അര്‍ത്ഥപൂര്‍ണ്ണമായിത്തീരുന്നത്. സ്വന്തം ജീവിതത്തില്‍ യേശു രഹസ്യം എങ്ങനെ മാംസം ധരിക്കുന്നു എന്നുള്ളതിന്‍റെ ആത്മാര്‍ത്ഥമായ ഏറ്റുപറച്ചിലും വെളിപ്പെടുത്തലും ആകണം വചന പ്രഘോഷണം.


പുരോഹിതനും പ്രവാചകനും

യേശുവിന്‍റെ പ്രവാചകദൗത്യത്തില്‍ നിന്ന് വേര്‍തിരിച്ച് പൗരോഹിത്യത്തെ കാണുക വയ്യ. പൗരോഹിത്യത്തിന് ഊര്‍ജ്ജവും ശക്തിയും ചൈതന്യവും നല്കുന്നത് പ്രവാചക ധര്‍മ്മമാണ്. പുരോഹിതന്‍റെ കാഴ്ചപ്പാടുകളും ആഭിമുഖ്യങ്ങളും വ്യക്തമാക്കുകയും തിരുത്തുകയും ചെയ്യേണ്ടത് പ്രവാചകനാണ്. പ്രവാചകന്‍റെ ഉള്‍ക്കാഴ്ചയും ആഭിമുഖ്യങ്ങളും അനുഭവാത്മകതയും ഇല്ലെങ്കില്‍ പുരോഹിതന്‍ ഒരു പൂജാരി മാത്രമായിത്തീരുന്നു. സമൂഹത്തിനായി ആത്മബലി അര്‍പ്പിക്കേണ്ടവനാണ് പുരോഹിതന്‍ എന്ന അവബോധം പ്രവാചകനില്‍ നിന്നുള്‍ക്കൊണ്ട പ്രചോദനമാണ്.

ഇസ്രായേല്‍ ചരിത്രത്തിലെ മുഖ്യധാരകളിലൊന്ന് പ്രവാചകനും പുരോഹിതനും തമ്മിലുള്ള ഏറ്റുമുട്ടലാണ്. ദൈവാനുഭവത്തിന്‍റെ നിത്യനൂതനത്വം ആണ് പ്രവാചകന്‍റെ മതം. സമൂഹം പരിപോഷിപ്പിക്കുന്ന വ്യക്തി ബന്ധങ്ങളിലും, ആദരിക്കുന്ന ധര്‍മ്മനിഷ്ഠയിലും, നട്ടുവളര്‍ത്തുന്ന നീതിബോധത്തിലും വേരൂന്നിയിരിക്കുന്നു പ്രവാചകന്‍റെ മതവും ആരാധനയും. അനുഷ്ഠാനങ്ങള്‍ക്കും ആചാരങ്ങള്‍ക്കും കര്‍മ്മ വിധികള്‍ക്കുമപ്പുറം ജീവിതബന്ധിയാണ് മതം എന്നത് പ്രവാചകന്‍റെ സന്ദേശമാണ്. പുരോഹിതര്‍ കാണാത്ത കാര്യങ്ങള്‍ കാണാന്‍ ഉള്‍ക്കാഴ്ച ഉള്ളവരാണ് പ്രവാചകര്‍. പ്രവാചക ദര്‍ശനത്തെ ആദരവോടെ പുരോഹിതന്‍ സ്വീകരിക്കണം. പുരോഹിതന്‍റെ അനുഷ്ഠാന വിധികള്‍ക്കും കര്‍മ്മങ്ങള്‍ക്കുമപ്പുറം അനുഭവത്തിന്‍റേയും ദര്‍ശനത്തിന്‍റെയും ആദര്‍ശങ്ങളുടേതുമായ ഒരു തലം മതത്തിനുണ്ട്. പ്രവാചകനാണത് ചൂണ്ടിക്കാണിക്കുന്നത്.

ജനമദ്ധ്യേയും ആരാധനാകേന്ദ്രങ്ങളിലും മതത്തിന്‍റെയും പൗരോഹിത്യത്തിന്‍റെയും വൈകല്യങ്ങളെ ചൂണ്ടിക്കാണിച്ചവരായിരുന്നു ഇസ്രായേലിലെ പ്രവാചകന്മാര്‍. ഇസ്രായേല്‍ മതത്തിന് ക്രമാതീതമായി ബാഹ്യമായ പന്തലിപ്പും ആരാധനാവിധികളുടെ കൊഴുപ്പും ഉണ്ടായിരുന്ന കാലഘട്ടങ്ങളിലാണ് ഇവയുടെ അന്തസ്സാരവിഹീനതയെ പ്രവാചകന്മാര്‍ അപലപിച്ചതും, മതത്തിന്‍റെയും പൗരോഹിത്യത്തിന്‍റെയും ആരാധനാസംരംഭങ്ങളെ പരിഹസിച്ചതും. ആരാധനാനുഷ്ഠാനങ്ങളുടെ ആഡംബരങ്ങളേക്കാള്‍ സത്യത്തേയും നീതിയേയും ആദരിക്കുന്ന സാമൂഹിക ക്രമത്തിന്‍റെ പരിരക്ഷണമാണ് മതത്തിന്‍റെ മുഖ്യധര്‍മ്മമെന്ന് പ്രവാചകന്മാര്‍ ചൂണ്ടിക്കാണിച്ചു. പൗരോഹിത്യം ഏതു ദിശയില്‍ നീങ്ങണം എന്ന് മാര്‍ഗ്ഗനിര്‍ദ്ദേശം നല്കുന്നതാണ് പഞ്ചഗ്രന്ഥത്തിലെ പുരോഹിത പാരമ്പര്യം. ബാബിലോണ്‍ വിപ്രവാസത്തില്‍ തകര്‍ന്നടിഞ്ഞ ഇസ്രായേലിന് പ്രതീക്ഷയുടെ പുതുനാമ്പുകളും ജീവനും കൊടുത്തത് അന്ന് സജീവമായി രംഗത്തുണ്ടായിരുന്ന പുരോഹിതരാണ്. ജനജീവിതത്തില്‍ ആഴ്ന്നിറങ്ങുന്ന വേരുകള്‍ പൗരോഹിത്യത്തിനുണ്ടായിരിക്കണം.

മനുഷ്യന്‍ സാബത്തിനുവേണ്ടിയുള്ളവനല്ല, പ്രത്യുത സാബത്ത് മനുഷ്യനു വേണ്ടിയുള്ളതാണ് എന്നുള്ള യേശുവിന്‍റെ പ്രഖ്യാപനവും, മനുഷ്യപുത്രന്‍ സാബത്തിന്‍റെയും കര്‍ത്താവാണെന്നുള്ള പ്രഖ്യാപനവും മനുഷ്യന്‍റെ മതാത്മക ജീവിതത്തിലെ മാര്‍ഗ്ഗരേഖകളാണ്. പൗരോഹിത്യത്തിന്‍റെ കേന്ദ്രീകൃതവും അധികാരാധിഷ്ഠിതവുമായ സുരക്ഷിതത്വത്തില്‍ നിന്ന് പ്രവാചകത്വത്തിന്‍റെ സാഹസികതയുടേയും ആത്മാര്‍പ്പണത്തിന്‍റെയും അനുഭവ തലത്തിലേയ്ക്ക് പുരോഹിതന്‍ കടന്നുവരണം. അവിടെ മാത്രമാണ് നസ്രത്തിലെ യേശുവിന്‍റെ പൗരോഹിത്യ ശുശ്രൂഷയുടെ ചൈതന്യം അനുഭവിച്ചറിയാനാകുന്നത്.

Featured Posts

bottom of page