top of page

ആചരണം (Rituals )

Jun 13, 2024

1 min read

സഖേര്‍


ശ്രമണ ബുദ്ധനില്‍ ബോബി തോമസ് പറഞ്ഞൊരു കഥയുണ്ട്. കാലാമന്മാരുടെ ഗ്രാമത്തിലെത്തിയ ബുദ്ധനോട് നാട്ടുകാര്‍ ചോദിച്ച ചോദ്യവും അതിനു ലഭിച്ച ഉത്തരവുമാണ് പ്രതിപാദ്യം. അവര്‍ ചോദിച്ചതിതാണ്: പല സന്യാസിമാരും ബ്രാഹ്മണരും ഇവിടെ വരാറുണ്ട്. അവര്‍ ഓരോരുത്തരും തങ്ങളുടെ പഠിപ്പിക്കല്‍ ശരിയെന്നും മറ്റുള്ളവരുടേത് ഭോഷ്ക്കെന്നും പറയുന്നു. ശരിയായത് ഞങ്ങള്‍ എങ്ങനെ തിരിച്ചറിയും?ഗോതമന്‍റെ മറുപടി നോക്കുക.

പരമ്പരാഗതചിന്തയുടെ പേരിലോ ഗുരുപാരമ്പര്യത്തിന്‍റെ പേരിലോ യുക്തി വിചാരത്തിന്‍റെ അടിസ്ഥാനത്തിലോ ഒന്നും സ്വീകരിക്കരുത്. ഇത് നമുക്കും സമൂഹത്തിനും എത്രമാത്രം ഗുണകരമാകുമെന്നു നോക്കി മാത്രം സ്വീകരിക്കുക.

ഒരു വ്രതകാലമൊക്കെ മുമ്പിലെത്തുന്ന നേരത്ത് പലവിധ സന്ദേഹങ്ങള്‍ ജനിക്കുന്ന കാലം കൂടെയാണത്. ഒരു വശത്ത് കഠിനവും കര്‍ക്കശവുമായ നടപടികളെക്കുറിച്ചുള്ള പ്രമാണങ്ങള്‍. പരിപാലനത്തിന്‍റെ നിര്‍ദ്ദേശങ്ങള്‍. മറുവശത്ത് ഇവയുടെ സാംഗത്യത്തെക്കുറിച്ചുള്ള ആശങ്കകള്‍. മറ്റൊന്നും കൊണ്ടല്ല, ഇത്തരം നോമ്പനുഷ്ഠാനങ്ങളില്‍ ക്രമബദ്ധരായിരിക്കുന്ന പലരിലും ഗുണകരമായ ഒരാന്തരിക പരിണാമം പ്രകടമാവുന്നില്ലേ എന്ന ചിരപുരാതനമായ ആശങ്ക തന്നെ. ക്രിസ്തുവിന്‍റെ ഭാഷയില്‍ അതിങ്ങനെയാണ് പറഞ്ഞത്. കാപട്യക്കാരനായ നിയമജ്ഞരേ, പരീശന്മാരേ, നിങ്ങള്‍ക്ക് കഷ്ടം! നിങ്ങള്‍ തുളസി, ചതകുപ്പ, ജീരകം എന്നിവയ്ക്ക് ദശാംശം കൊടുക്കുകയും ന്യായപ്രമാണത്തിലെ ഗൗരവമേറിയ കാര്യങ്ങളായ നീതി, കരുണ, വിശ്വസ്തത എന്നിവ അവഗണിക്കുകയും ചെയ്യുന്നു. അത് ചെയ്യുകയും ഇത് ത്യജിക്കാതിരിക്കുകയും വേണം. കുരുടന്മാരായ വഴികാട്ടികളേ, നിങ്ങള്‍ കൊതുകിനെ അരിച്ചെടുക്കുകയും ഒട്ടകത്തെ വിഴുങ്ങിക്കളയുകയും ചെയ്യുന്നു (മത്തായി 23:23).

ആചാര്യനും ആചരണവും ആചാരവുമൊക്കെ തര്‍ക്കവിതര്‍ക്കങ്ങള്‍ക്ക് കാരണമാകുന്ന ഏതു നേരത്തും നാമോര്‍ത്തെടുക്കേണ്ട ഒന്നുണ്ട്. നവ്യാനുഭവങ്ങളിലേക്കുള്ള മനുഷ്യന്‍റെ തുടരന്വേഷണങ്ങളുടെ ഒരു ഭാഗമായിത്തന്നെയാണ് ഓരോ ആചാരവും കടന്നുവരിക. ഹബിള്‍ സ്പേസ് ടെലസ്കോപ്പ് പോലെ.. ജോണ്‍ വെബ് ടെലസ്കോപ്പ് പോലെ.. ഇനിയുമിനിയും അവസാനിക്കാത്ത മനുഷ്യന്‍റെ അന്വേഷണത്വരയുടെ അടയാളങ്ങള്‍ പോലെ. ഒന്നു ഭൗതികതയിലും മറ്റൊന്ന് ആന്തരികതയിലേക്കുമെന്ന നേരിയ വ്യത്യാസം മാത്രം.

അതുകൊണ്ട് തന്നെ സ്വാനുഭവം പരമപ്രധാനമാണ്. നോമ്പ് തന്നെ നോക്കുക. പുതിയ അനുഭവങ്ങളുടെ വന്‍കരയിലേക്കാണ് അത് നമ്മെ കൈപിടിച്ചു നടത്തുക. അബ്രഹാം പിതാവിന്‍റെ എടുത്തുചാട്ടമൊക്കെപ്പോലെ ഇത് നമ്മുടെ അറിവുകളില്‍ നിന്നും നമ്മെ മോചിപ്പിക്കുന്നു. നമ്മില്‍തന്നെയുള്ള ആശ്രയത്വത്തില്‍ നിന്നും മോചിപ്പിക്കുന്നു. നമ്മുടേതായ താല്പര്യങ്ങളില്‍ നിന്നും കാമനകളില്‍ നിന്നും മോചിപ്പിക്കുന്നു. കുറിയവനായ സക്കേവൂസിന്‍റെ ഓട്ടം കണക്കാണിത്. യേശുവിനെക്കുറിച്ച് അയാള്‍ കേട്ടിട്ടുണ്ട്. പക്ഷേ, അത്രയും പോരായിരുന്നു അയാള്‍ക്ക്. കാണണം. അതിനാണ് ഓടിയത്. മാത്രമല്ല, പുരുഷാരം നല്‍കുന്ന സുരക്ഷിതത്വത്തില്‍ നിന്ന് അപകടകരമായ സാഹസികതയുടെ മരക്കൊമ്പിലേക്കാണ് അയാള്‍ വലിഞ്ഞു കയറിയത്. ഒരു പക്ഷേ ഇതുകൊണ്ടൊക്കെയാവുമോ തമ്പുരാന്‍ അയാളുടെ ഭവനത്തിലെത്തിയിട്ട് പറയുക, ഇവനും അബ്രഹാമിന്‍റെ മകന്‍ എന്ന്.

Featured Posts

Recent Posts

bottom of page