top of page

"ദൈവം സ്നേഹമാണ് " എന്ന് നമ്മൾ എങ്ങനെയാണ് അറിയുന്നത് എന്ന് ഒരു കുട്ടി ചോദിച്ചിരുന്നു.
യേശുവിലൂടെയാണ് നമുക്കത് വെളിപ്പെട്ടു കിട്ടുന്നത്. ദൈവം നമ്മെ ഒത്തിരി സ്നേഹിച്ചുവെന്നും സ്നേഹിച്ചു കൊണ്ടിരിക്കുന്നു എന്നും ഇനിയും സ്നേഹിക്കും എന്നതുമാണ് അത്. ഉപാധികളില്ലാതെയാണ് ദൈവം എല്ലാവരെയും സ്നേഹിക്കുന്നത്. സ്നേഹത്തിന്റെ വിവിധ പ്രകാരങ്ങളെ, ഉള്ളടക്കങ്ങളെ നാം യേശുവിൽ കണ്ടെത്തുന്നുണ്ട്. നിരുപാധികം സ്നേഹിക്കാനും ശത്രുവിനെയും സ്നേഹിക്കാനും അവൻ നമ്മെ ഉദ്ബോധിപ്പിച്ചു. സ്നേഹികൾക്ക് വേണ്ടി ജീവൻ ബലി കഴിക്കുന്നതാണ് സ്നേഹത്തിന്റെ ഏറ്റവും ഉദാത്തമായ രൂപം എന്നും അവൻ നമ്മെ പഠിപ്പിച്ചു. സ്നേഹത്തിൽ ത്യാഗമുണ്ട്. സ്നേഹത്തിൽ സ്വയം ശൂന്യവൽക്കരണം ഉണ്ട്. സ്നേഹത്തെ പ്രതി സ്വയം ബലികൊടുക്കുന്നതാണ് സ്നേഹം. അഹം ഇല്ലാതാകുമ്പോൾ ബാക്കിയാകുന്നതാണ് സ്നേഹം. ഇങ്ങനെയൊക്കെ പറയുമ്പോഴും അതൊന്നും കുട്ടികൾക്ക് മനസ്സിലാകുന്നുണ്ടായിരുന്നില്ല.
വേറെ ഒരു രീതിയിലും ദൈവം സ്നേഹമാണ് എന്നതിലേക്ക് നമുക്ക് എത്തിച്ചേരാൻ കഴിയും എന്ന് ഞാൻ പറഞ്ഞു. ലോകത്തിൽ ഇന്ന് 800 കോടി ജനങ്ങൾ ഉണ്ട്. ഈ 800 കോടി ജനങ്ങൾ ഒന്നിനൊന്ന് വ്യത്യസ്തരാണ്. കറുപ്പോ വെളുപ്പോ തവിട്ടു നിറമോ ബാഹ്യ സൗന്ദര്യമോ എല്ലാവർക്കും ഉള്ളതല്ല. മതം എല്ലാവർക്കും ഒന്നല്ല. അറിവും അഭിപ്രായവും വിദ്യാഭ്യാസവും സ്വഭാവവും ഭാഷയും ശരീരപ്രകൃതിയും ശരീരഘടനയും ഭക്ഷണക്രമവും സംസ്കാരവും എല്ലാവർക്കും ഒന്നല്ല. രക്ത ഗ്രൂപ്പുകൾ പോലും വ്യത്യസ്തമാണ്. പക്ഷേ, ലോകത്തുള്ള 800 കോടി മനുഷ്യരെയും ഒന്നാക്കുന്ന പ്രധാന ഘടകം എല്ലാവർക്കും സ്നേഹമുണ്ട്, സ്നേഹിക്കാനുള്ള കഴിവുണ്ട്, സ്നേഹം സ്വീകരിക്കാനുള്ള അഭിനിവേശവുമുണ്ട് എന്നതാണ്.
സ്നേഹം അടിസ്ഥാനപരമായി ബന്ധമാണ്. മനുഷ്യരിൽ ഉള്ള അത്രയും സ്ഥായിയല്ല ഇതര ജന്തുക്കളിലെ സ്നേഹത്തിന്റെ അളവും അഭിനിവേശവും. ജന്തുക്കളിലും സസ്യങ്ങളിൽ പോലും സ്നേഹം ഉണ്ട് എന്ന് വാദിച്ചാൽ പോലും പാറയിലും മണലിലും ജലത്തിലും വായുവിലും സ്നേഹമുണ്ട് എന്ന് ഒരുപക്ഷേ നമുക്ക് പറയാൻ കഴിഞ്ഞെന്ന് വരില്ല. പക്ഷേ അവയും ബന്ധത്തിലാണ്. ഒന്നിനൊന്ന് ബന്ധത്തിലല്ലാതെ ഈ പ്രപഞ്ചത്തിൽ യാതൊന്നുമില്ല. ഓരോ അണുവിലും (ആറ്റത്തിലും) ഉള്ളത് ബന്ധമാണ്. പ്രോട്ടോൺ, ന്യൂട്രോൺ, ഇലക്ട്രോൺ, പോസിട്രോൺ, ന്യൂട്രിനു എന്നിത്യാദി സബ്ആറ്റമിക് പാർട്ടിക്ക്ൾസ് തമ്മിലുള്ള ബന്ധമാണ് ഒരു ആറ്റത്തെ ആറ്റം ആക്കുന്നത്. അണുവിനെ അണുവാക്കുന്നതും നിലനിർത്തുന്നതും മാറ്റിത്തീർക്കുന്നതും അതേ ബന്ധമാണ്. അതുകൊണ്ടുകൂടിയാണ് ദൈവം സ്നേഹമാണ് എന്ന് നമുക്ക് പറയാനാവുന്നത്.
മനുഷ്യർ എന്ന നിലയിൽ നാം ഓരോരാളും വ്യത്യസ്തരാണ് എന്ന് പറഞ്ഞല്ലോ. നമ്മുടെ അവബോധത്തിൽ ഒത്തിരി വ്യത്യാസമുണ്ട്. 'സ്നേഹമാണ് നാം' എന്ന അവബോധത്തിൽ വളരുന്നതനുസരിച്ച് നാം അതായിത്തീരാൻ ശ്രമിക്കണം. നാം ചെയ്യുന്ന ഓരോ പ്രവൃത്തിയും സ്നേഹപൂർവ്വം ആയിരിക്കണം. വായിക്കുമ്പോൾ സ്നേഹപൂർവ്വം വായിക്കണം; സംസാരിക്കുമ്പോൾ സ്നേഹപൂർവ്വം സംസാരിക്കണം; കളികളിൽ ഏർപ്പെടുമ്പോൾ സ്നേഹപൂർവ്വം കളിക്കണം; അധ്വാനിക്കുമ്പോൾ സ്നേഹപൂർവ്വം അധ്വാനിക്കണം; പ്രാർത്ഥിക്കുമ്പോൾ സ്നേഹപൂർവ്വം പ്രാർത്ഥിക്കണം; വിശ്രമിക്കുമ്പോൾ സ്നേഹപൂർവ്വം വിശ്രമിക്കണം. അങ്ങനെ ജീവിതം സ്നേഹമായി മാറണം.
Featured Posts
bottom of page