top of page

ബനഡിക്ട്പതിനാറാമനെ ഓര്‍മ്മിക്കുമ്പോള്‍...

May 14, 2023

3 min read

ടോം മാത്യു
picture of cardinal prefect

കര്‍ദ്ദിനാള്‍ പ്രീഫെക്ട്


ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ കാലം മാര്‍പാപ്പ പദവിയില്‍ ഇരുന്ന, സഭാജീവിതത്തിന് കനപ്പെട്ട സംഭാവനകള്‍ നല്‍കിയ ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ വിശ്വസ്ത സഹപ്രവര്‍ത്തകരില്‍ ഒരാളായി 23 വര്‍ഷം റാറ്റ്സിംഗര്‍ പ്രവര്‍ത്തിച്ചു. രണ്ട് വ്യക്തിത്വങ്ങളുടെയും വ്യത്യസ്തതകളെ അംഗീകരിക്കുന്നതിനൊപ്പം മാര്‍പാപ്പായും പ്രീഫെക്ടും തമ്മിലുള്ള ബന്ധം ഉറച്ചതും ഉദാരവും ഊഷ്മളവുമായിരുന്നു. അത് പരസ്പരബഹുമാനത്തിലും ആദരവിലും അടിയുറച്ചതുമായിരുന്നു. സഭാചരിത്രത്തിലെ ജോണ്‍പോള്‍ രണ്ടാമന്‍ യുഗത്തിലെ സുപ്രധാന വ്യക്തിത്വങ്ങളിലൊന്നായി കര്‍ദ്ദിനാള്‍ റാറ്റ്സിംഗര്‍, മാര്‍പാപ്പ പദവിക്ക് വിശ്വസ്തതയോടെ വ്യാഖ്യാനങ്ങള്‍ നല്‍കി. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ പ്രബോധനങ്ങള്‍ക്ക് റാറ്റ്സിംഗര്‍ ദൈവശാസ്ത്രവേരുകളുടെ പിന്തുണ നല്‍കി. മഹാനായ പോപ്പും മഹാനായ പ്രിഫെക്ടും തമ്മിലുള്ള അത്യസാധാരണമാം വിധം ഫലപ്രദമായ അതിശക്തമായ ആ കൂട്ടുകെട്ട് ലോകസംസാരത്തിന് ഹേതുവായതില്‍ അസ്വഭാവികതയൊന്നുമില്ലല്ലോ.


റാറ്റ്സിംഗറുടെ ഇക്കാലയളവിലെ പ്രവര്‍ത്തനങ്ങള്‍ അത്യധികം മതിപ്പുളവാക്കുന്നതായി. സഹപ്രവര്‍ത്തകരെ നയിക്കുന്നതിനും അവരെ കേള്‍ക്കുന്നതിനും അത്യസാധാരണമായ ഉദ്ഗ്രഥന ശേഷിയില്‍ അവരുടെ സംഭാവനകള്‍ക്ക് മാര്‍ഗനിര്‍ദ്ദേശം നല്‍കുന്നതിലും അദ്ദേഹം ബദ്ധശ്രദ്ധനായിരുന്നതിനാല്‍ അക്കാലത്തെ രേഖകളൊക്കെയും കൂട്ടായ്മയുടെ പ്രതിഫലനമായി മാറി. വത്തിക്കാന്‍ സൂനഹദോസിനുശേഷം സഭയില്‍ ചര്‍ച്ചകളെല്ലാം ദൈവശാസ്ത്രപരമായി തീവ്രമായിരുന്നതിനാല്‍ അതു പക്ഷേ ഒട്ടും എളുപ്പമായിരുന്നില്ല.


ഇക്കാലയളവിലെ ഏറ്റവും ശ്രദ്ധേയമായ മൂന്നുസംഭവങ്ങളില്‍ ഏറ്റവും പ്രധാനം, 1980 കളുടെ ആദ്യം സഭയെ പിടിച്ചുകുലുക്കിയ വിമോചനദൈവശാസ്ത്രത്തില്‍, വിശ്വാസതിരുസംഘം നടത്തിയ ഇടപെടലായിരുന്നു. ലാറ്റിന്‍ അമേരിക്കന്‍ ദൈവശാസ്ത്രചിന്താധാരയില്‍ മാര്‍ക്സിയന്‍ തത്ത്വചിന്ത ചെലുത്തിയ സ്വാധീനത്തില്‍ മാര്‍പാപ്പയ്ക്കുണ്ടായിരുന്ന അത്യധികമായ ഉത്കണ്ഠ ഉള്‍ക്കൊണ്ട തിരുസംഘത്തലവന്‍ അത്യന്തം സങ്കീര്‍ണവും അതിസൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതുമായ വിഷയത്തെ സധൈര്യം അഭിമുഖീകരിച്ചു.


വിമോചനദൈവശാസ്ത്രത്തിന്‍റെ ഋണാത്മകമായ മാര്‍ഗഭ്രംശങ്ങള്‍ ചൂണ്ടിക്കാട്ടുന്ന 1984ലെ  ആദ്യ പ്രബോധനരേഖയും (ഇന്‍സ്ട്രക്ഷന്‍) അതിന്‍റെ ധനാത്മകവശങ്ങളുടെ മൂല്യം തിരിച്ചറിയുന്ന 1986ലെ രണ്ടാമത്തെ പ്രബോധന രേഖയുമായിരുന്നു അതിന്‍റെ ഫലം. വിമര്‍ശനാത്മക പ്രതികരണങ്ങളും - പ്രത്യേകിച്ച് ആദ്യരേഖയോട് - സജീവ സംവാദങ്ങളും- ബ്രസീലിയന്‍ ദൈവശാസ്ത്രജ്ഞന്‍  ലെയനാര്‍ഡോ ബോഫ് പോലുള്ള വിവാദ ദൈവശാസ്ത്രജ്ഞരില്‍ നിന്നടക്കം - ഒട്ടും കുറവായിരുന്നില്ല. വിശ്വാസതിരുസംഘത്തിന്‍റെ എല്ലാ തലവന്മാര്‍ക്കും ഏറ്റുവാങ്ങേണ്ടിവന്നതുപോലെതന്നെ മുരടനായ സെന്‍സര്‍, യാഥാസ്ഥിതികത്വത്തിന്‍റെ സൂക്ഷിപ്പുകാരന്‍. സ്വതന്ത്രമായ ദൈവശാസ്ത്രഗവേഷണങ്ങളുടെ എതിരാളി എന്നീ വിശേഷണങ്ങള്‍ ലഭിക്കുന്നതിന്     റാറ്റ്സിംഗര്‍ക്കുണ്ടായിരുന്ന സാംസ്കാരിക ഔന്നത്യം ഒട്ടും തടസ്സമായില്ല. ജര്‍മ്മന്‍കാരനായിരുന്നതിനാല്‍ അല്‍പവും ബഹുമാന്യമല്ലാത്ത 'പാന്‍സര്‍ കര്‍ദ്ദിനാള്‍' (പട്ടാളകര്‍ദ്ദിനാള്‍) എന്ന ഇരട്ടപ്പേരും അദ്ദേഹത്തിനു വീണുകിട്ടി.


ഏറെ വര്‍ഷങ്ങള്‍ക്കുശേഷം വിശ്വാസതിരുസംഘത്തിന്‍റെ മറ്റൊരു പ്രമാണരേഖയും ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചു. ജൂബിലി വര്‍ഷമായ രണ്ടായിരത്തില്‍ പ്രസിദ്ധീകൃതമായ, എല്ലാവരുടെയും രക്ഷയില്‍ യേശുവിന്‍റെ പ്രാമാണ്യം വിശദീകരിക്കുന്ന യേശുമിശിഹായുടെ പ്രഖ്യാപനം(Declaration of Dominus Jesus)ആയിരുന്നു അത്. സഭാ ഐക്യത്തിന്‍റെയും മറ്റു മതങ്ങളുമായുള്ള സംവാദത്തിന്‍റെയും വക്താക്കളായിരുന്നു ഇക്കുറി വിമര്‍ശകര്‍. അപ്പോഴും, സഭാവിശ്വാസത്തിന്‍റെ ചില അനിവാര്യ മേഖലകളെ ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ടാക്കിയേക്കാവുന്ന തെറ്റിദ്ധാരണകളില്‍ നിന്നും തെറ്റായ വഴികളില്‍ നിന്നും സംരക്ഷിക്കപ്പെടണമെന്ന ജോണ്‍ പോള്‍ രണ്ടാമന്‍റെ ഉദ്ദേശ്യങ്ങളോട് തികച്ചും ചേര്‍ന്നുപോകുന്നതായിരുന്നു റാറ്റ്സിംഗറുടെ നിലപാടെന്നതിന് ഒരു സംശയവും ഉണ്ടായിരുന്നില്ല.


ഏറെ ചര്‍ച്ചചെയ്യപ്പെട്ടതും അചിരേണ സമവായത്തിലേക്കും സാര്‍വ്വത്രിക അംഗീകാരത്തിലേക്കും നയിച്ചതുമായ കത്തോലിക്കാ സഭയുടെ പുതിയ വേദപാഠമായിരുന്നു മൂന്നാമത്തെ ഉദ്യമം. കത്തോലിക്കാ വിശ്വാസത്തിന്‍റെ സമഗ്രവും സമ്പൂര്‍ണവും സൂക്ഷ്മവുമായ പാഠം സൂനഹദോസുകളുടെ പുതുക്കലുകളുടെ വെളിച്ചത്തില്‍ സമകാലത്തിന്‍റെ ഭാഷയ്ക്കു യോജിച്ച വിധത്തില്‍ തയ്യാറാക്കാന്‍ 1982ലെ സിനഡ് നിര്‍ദ്ദേശിച്ചു. കര്‍ദ്ദിനാള്‍ റാറ്റ്സിംഗറെയും അദ്ദേഹം അധ്യക്ഷം വഹിക്കുന്ന സംഘത്തെയും മാര്‍പാപ്പ ആ ദൗത്യത്തിന്‍റെ ചുമതലയേല്‍പ്പിച്ചു. ദൈവശാസ്ത്രപരവും പൗരോഹിത്യപരവുമായ  സംവാദങ്ങള്‍ക്കും സംഘര്‍ഷങ്ങള്‍ക്കും സാക്ഷ്യം വഹിച്ച ഒരു കാലഘട്ടത്തിനൊടുവില്‍, കുറച്ചുവര്‍ഷങ്ങള്‍കൊണ്ട് 1992 ആയപ്പോഴേക്കും പൊതുവേ സ്വീകാര്യമാകും വിധം ഈ ദൗത്യം പൂര്‍ത്തീകരിക്കാന്‍ കഴിഞ്ഞതിനെ അത്ഭുതം എന്നല്ലാതെ വിശേഷിപ്പിക്കാന്‍ ആവില്ല. അടിസ്ഥാനപ്രമാണങ്ങളില്‍ അചഞ്ചല കാഴ്ചപ്പാടും ക്രൈസ്തവജീവിതത്തിന്‍റെ എല്ലാ മേഖലകളെക്കുറിച്ചുമുള്ള ഉത്തമബോധ്യവും ചേര്‍ന്ന അത്യസാധാരണ ആധികാരികതയ്ക്കു മാത്രമേ ഈ ഉദ്യമത്തെ നയിക്കാനും ഫലപ്രാപ്തിയില്‍ എത്തിക്കാനും കഴിയുമായിരുന്നുള്ളൂ. കാലത്തിന്‍റെ പ്രതീക്ഷകള്‍ക്കൊപ്പം അത് ഉയര്‍ന്നുനിന്നു. 'ക്രൈസ്തവികതയ്ക്ക് ഒരാമുഖം' എഴുതിയ ഗ്രന്ഥകാരനില്‍ 25 വര്‍ഷം മുന്‍പ് നാം തിരിച്ചറിയുകയും ആരാധിക്കുകയും ചെയ്ത അതേ മൂല്യങ്ങള്‍ തന്നെയല്ലേ ഇതും. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ കാലത്തിന്‍റെ ഏറ്റവും നിര്‍ണായകവും ഗുണാത്മകവുമായ സംഭാവനയാണ്, സഭാജീവിതത്തിനായുള്ള സുരക്ഷിതവും മൂല്യവത്തുമായ പഠനോപകരണമായ വേദപാഠം. ഫ്രാന്‍സിസ് മാര്‍പാപ്പ അടിക്കടി അതില്‍നിന്ന് ഉദ്ധരിക്കുന്നത് വെറുതെയല്ല.


അങ്ങനെ റാറ്റ്സിംഗറുടെ ദീര്‍ഘമായ ഔദ്യോഗികജീവിതത്തിന്‍റെ, പൗരോഹിത്യഭാഷയില്‍ അതിപ്രധാനമായ രണ്ട് മുന്‍ഘട്ടങ്ങളിലെന്നപോലെ അപ്രതീക്ഷിതവുമായ, അവസാനഘട്ടത്തിലേക്ക് നാം പ്രവേശിക്കുന്നു. അപ്രതീക്ഷിതമെന്നു പറഞ്ഞാലും ജോണ്‍പോള്‍ രണ്ടാമന്‍റെ മരണത്തെത്തുടര്‍ന്ന് അദ്ദേഹത്തെ മാര്‍പാപ്പാ സ്ഥാനത്തേക്ക് പരിഗണിക്കാന്‍ കാരണങ്ങള്‍ പലതുമുണ്ടായിരുന്നു താനും. മുന്‍ മാര്‍പാപ്പയുമായുണ്ടായിരുന്ന ദീര്‍ഘകാലത്തെ സൗഹൃദപൂര്‍ണമായ സഹപ്രവര്‍ത്തനം, ബൗദ്ധികവും ആത്മീയവുമായ ഔന്നത്യം, അധികാരത്തോടുള്ള നിര്‍മ്മമത. അങ്ങനെ 2005 ഏപ്രില്‍ 19 ന് എഴുപത്തിയെട്ടാം വയസ്സില്‍ കത്തോലിക്കാസഭയുടെ 265-ാമത് മാര്‍പാപ്പയായി ജോസഫ് റാറ്റ്സിംഗര്‍ സ്ഥാനമേറ്റു. ബെനഡിക്ട് എന്ന നാമധേയത്തില്‍, ആ പേരില്‍ മാര്‍പാപ്പ പദവി വഹിച്ച പതിനാറാമനായി സ്ഥാനമേല്‍ക്കുമ്പോള്‍ സെന്‍റ് പീറ്റേഴ്സ് ചത്വരത്തില്‍ തടിച്ചുകൂടിയ ജനങ്ങള്‍ക്കു മുന്നില്‍, "ദൈവത്തിന്‍റെ മുന്തിരിത്തോട്ടത്തിലെ എളിയവനും വിനീതനുമായ സേവകനെ"ന്ന് അദ്ദേഹം സ്വയം പരിചയപ്പെടുത്തി.


എട്ടുവര്‍ഷക്കാലം മാത്രം നീണ്ട ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പയുടെ അജപാലനകാലം ചടുലമായ പ്രവര്‍ത്തനരീതികളാല്‍ അദ്ദേഹത്തിന്‍റെ പ്രായത്തെ മറികടന്ന് ചരിത്രത്തില്‍ ഇടം നേടി. വത്തിക്കാനിലെ പതിവ് ആഘോഷങ്ങള്‍ക്കും ആചരണങ്ങള്‍ക്കും പുറമേ ലോകശ്രദ്ധ ആകര്‍ഷിച്ച 24  വിദേശപര്യടനങ്ങള്‍. അഞ്ചുഭൂഖണ്ഡങ്ങളിലായി പരന്നുകിടക്കുന്ന 24 രാജ്യങ്ങളില്‍ സന്ദര്‍ശനം. ഇറ്റലിക്കുള്ളില്‍ മാത്രം 29 പര്യടനം. മെത്രാന്മാരുടെ സിനഡിന്‍റെ അഞ്ച് സമ്മേളനങ്ങള്‍. മൂന്ന് സാധാരണ പൊതുസിനഡുകള്‍ - ജോണ്‍ പോള്‍ രണ്ടാമന്‍ വിളിച്ചുചേര്‍ത്ത വിശുദ്ധകുര്‍ബാനയെക്കുറിച്ചുള്ള സിനഡിന്‍റെ തുടര്‍ച്ച (2005), ദൈവവചനത്തെക്കുറിച്ചുള്ള 2008 ലെ സിനഡ്, പുതിയ സുവിശേഷവത്കരണത്തെക്കുറിച്ചുള്ള 2012 ലെ സിനഡ്.


2009ല്‍ ആഫ്രിക്കയിലെ സഭയ്ക്കുവേണ്ടിയും 2010ല്‍ മധ്യപൂര്‍വ്വ ഏഷ്യയിലെ സഭയ്ക്കുവേണ്ടിയും പ്രത്യേകം സിനഡുകള്‍. 2012 ലെ പൊതുസിനഡ് ഒഴിച്ച് ബാക്കിയെല്ലാം അവയുടെ അന്ത്യത്തില്‍ പുറത്തുവന്ന അതിപ്രധാനമായ അപ്പസ്തോലിക പ്രബോധനങ്ങളാല്‍ ശ്രദ്ധേയമായി.


മൂന്ന് ചാക്രികലേഖനങ്ങള്‍ അടക്കമുള്ള പ്രധാന പ്രബോധനരേഖകള്‍. അവയില്‍ ചൈനയിലെ കത്തോലിക്കര്‍ക്കുള്ള കത്ത് (പെന്തക്കോസ്ത് 2007)  അതിപ്രധാനം. 'വിശ്വാസവര്‍ഷ'ത്തെ അദ്ദേഹം തന്നെ വിശേഷിപ്പിച്ചത് എങ്ങനെയെന്ന് വ്യക്തമാക്കാതെ പോകുന്നത് ഒരുപക്ഷേ അനീതിയാവും. ബെനഡിക്ട് പതിനാറാമന്‍റെ അജപാലനകാലത്തിന്‍റെ പ്രധാന നാഴികക്കല്ലെന്തെന്ന പീറ്റര്‍ സീവാള്‍ഡിന്‍റെ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടിയില്‍ അതിനുള്ള ഉത്തരമുണ്ട്. വിശ്വാസത്തിലേക്ക് നവ്യമായൊരു പ്രോത്സാഹനത്തിനും വിശ്വാസചൈതന്യത്തിലുള്ള ജീവിതത്തിനും ക്രിസ്തുവിലൂടെ ദൈവത്തെ കണ്ടെത്തുന്നതിനും അതുവഴി വിശ്വാസത്തിന്‍റെ കാതല്‍ കണ്ടെത്തുന്നതിനും പ്രേരകമായ വിശ്വാസവര്‍ഷത്തില്‍ അതു വ്യക്തമാണെന്ന് ഞാന്‍ കരുതുന്നു എന്നായിരുന്നു ആ മറുപടി..


അദ്ദേഹത്തിന്‍റെ അജപാലനകാലത്തിന്‍റെ മുന്‍ഗണനകളിലേക്ക് തുറക്കുന്ന താക്കോല്‍ ഈ വാക്കുകളിലുണ്ട്. ഫ്രഞ്ച് ആര്‍ച്ച്ബിഷപ്പ് മാര്‍സല്‍ ലെഫെബ്വറിനാല്‍ അഭിഷേകം ചെയ്യപ്പെടുകയും, വില്യംസണ്‍ വിവാദത്തില്‍ ഉള്‍പ്പെടുകയും ചെയ്ത മെത്രാന്മാരുടെ പുറത്താക്കല്‍ പിന്‍വലിച്ചതിനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളുടെയും ആക്രമണങ്ങളുടെയും പശ്ചാത്തലത്തില്‍ 2009 മാര്‍ച്ച് 10ന് മെത്രാന്മാര്‍ക്കയച്ച (Letter to the Bishop)ഹൃദയസ്പര്‍ശിയും ഋജുവും തീവ്രവുമായ ഇടയലേഖനത്തില്‍ ബെനഡിക്ട് പതിനാറാമന്‍ അതു വ്യക്തമാക്കുന്നുണ്ട്. അദ്ദേഹത്തിന്‍റെ സഭാഭരണത്തിന്‍റെ സാക്ഷ്യമായി ഇതിനെ കണക്കാക്കാം. "ലോകത്ത് പലയിടത്തും വിശ്വാസദീപം ഇനി ജ്വലിക്കാനാവാത്ത വിധം കെട്ടുപോകുന്ന നമ്മുടെ  ഈ കാലത്ത് ദൈവസാന്നിധ്യം ഈ ലോകത്ത് ഉറപ്പാക്കുക എന്നതും ജനങ്ങള്‍ക്ക് ദൈവസാന്നിധ്യം അനുഭവവേദ്യമാക്കുക എന്നതുമാണ് അതിപ്രധാനം. ഏതെങ്കിലുമൊരു ദൈവമല്ല, സീനായില്‍ വെളിപ്പെട്ട ദൈവം. അവസാനംവരെയും നിലനിന്ന സ്നേഹ(യോഹ. 13 :1)ത്തില്‍ നാം തിരിച്ചറിഞ്ഞ മുഖത്തിനുടമായ ദൈവം. കുരിശില്‍ മരിച്ച് ഉയിര്‍ത്ത യേശുക്രിസ്തുവില്‍ നാം കണ്ട ദൈവം."


അദ്ദേഹത്തിന്‍റെ ചാക്രികലേഖനങ്ങളുടെ വിഷയവും വിവരണവും ഈ ചട്ടക്കൂട്ടിനുള്ളില്‍ നിന്നുകൊണ്ടാണെന്ന് കാണാന്‍ വിഷമമില്ല. ബോധപൂര്‍വ്വം എണ്ണം പരിമിതപ്പെടുത്തിയ ചാക്രികലേഖനങ്ങളില്‍ അദ്ദേഹം ദൈവശാസ്ത്രമൂല്യങ്ങളായ സാര്‍വ്വലൗകിക സ്നേഹം (ദൈവം സ്നേഹമാകുന്നു Deus Coritas Est 2005 ), പ്രത്യാശ (പ്രത്യാശയില്‍ രക്ഷ Spe Salus 2007 ), വിശ്വാസം (വിശ്വാസദീപം Lumen Fidei  അപൂര്‍ണം) എന്നിവയ്ക്ക് ഊന്നല്‍ നല്കുകയും ചെയ്തു.


ഫ്രെഡറിക്കോ ലൊംബാര്‍ഡി എസ്. ജെ.

(മൊഴിമാറ്റം: ടോം മാത്യു)



Featured Posts

Recent Posts

bottom of page