
ഓരോ സ്ഥലത്തുകൂടിയും നടക്കുമ്പോൾ ഞാൻ പലപ്പോഴും അത്ഭുതപ്പെടാറുണ്ട്, ഞാൻ നടക്കുന്ന, ഈ മണ്ണിന് അടിയിൽ, ഇതേ ഭൂമിക്കടിയിൽ - ഞാൻ അറിയാത്ത എന്തെന്ന് രഹസ്യങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടാവും എന്ന്. കൂടുതൽ കൂടുതൽ പഴക്കമുള്ള ഫോസിലുകളും ചരിത്രത്തിൻ്റെ ശേഷിപ്പുകളും അന്തർഭൗമ പാതകളും മറ്റും മറ്റും ലോകത്തിന്റെ മിക്കവാറും എല്ലാ കോണുകളിൽ നിന്നും പുതുതായി കണ്ടെടുക്കപ്പെടുന്നുണ്ടല്ലോ. അങ്ങനെ നോക്കുമ്പോൾ, നാം മേഞ്ഞു നടക്കുന്ന ഈ തുണ്ട് ഭൂമിക്ക് കീഴിൽ എന്തെന്ത് നിധികുംഭങ്ങൾ മറഞ്ഞിരിക്കുന്നുണ്ടാവാം!
തൻ്റെ പിതാവിനെയും സഹോദരനെയും കബളിപ്പിച്ചതിനു ശേഷം യാക്കോബ് അവരിൽനിന്ന് ഒളിച്ചോടുന്നുണ്ട്. മാർഗ്ഗമധ്യേ , അവൻ എത്തിച്ചേർന്ന സ്ഥലത്ത് രാത്രി കിടന്നുറങ്ങുന്നു. ഒരു നീളമുള്ള കല്ല് തലയണയാക്കി വച്ചാണ് അവൻ ഉറങ്ങുന്നത്. നിദ്രയിൽ അവന് ദൈവത്തിൻ്റെ ദർശനം ഉണ്ടായി. സ്വർഗ്ഗത്തെയും ഭൂമിയെയും ബന്ധിപ്പിക്കുന്ന ഒരു കോവണിയോ അതുപോലുള്ള എന്തോ അവൻ കണ്ടു. സ്വർഗ്ഗത്തിൽ തന്റെ സിംഹാസനത്തിൽ ഇരിക്കുന്ന ദൈവത്തെയും. തൻ്റെ മുത്തച്ഛനായ അബ്രഹാത്തിന് നൽകിയ വാഗ്ദാനം ദൈവം തന്നോടും ആവർത്തിക്കുന്നതായാണ് അവൻ കണ്ടത്. ഏതായാലും ആ സ്വപ്നം അയാളെ മഥിച്ചുകളഞ്ഞു. ദൈവം പ്രത്യേകമായി സ്പർശിച്ച ഇടമാണ് അത് എന്ന് അയാൾക്ക് തോന്നി. അതുകൊണ്ടാണ് തനിക്ക് ഈ ദർശനം ഉണ്ടായത് എന്നും അയാൾ അനുമാനിച്ചു.
ഇസ്രായേലിൻ്റെ ചരിത്രത്തിൽ മറ്റാരും ചെയ്യാത്ത ഒരു കാര്യം യാക്കോബ് അവിടെ ചെയ്തു. അന്നാട്ടിലെ വിജാതീയരായ കാനാൻകാർ ചെയ്യും പോലെ, അയാൾ താൻ തലയണയായി ഉപയോഗിച്ച ആ നീണ്ട കല്ല് ഒരു തൂണായി കുത്തിനിർത്തി, അതിന്മേൽ എണ്ണയൊഴിച്ചു. ആ സ്ഥലത്തിന് ബഥേൽ (ദൈവത്തിൻ്റെ ആലയം) എന്ന് പേരിട്ട ശേഷം യാക്കോബ് ദൈവത്തോട് ഒരു പ്രതിജ്ഞ ചെയ്യുന്നു (ഉല്പ. 28.18). പിന്നീട് അയാളുടെ പ്രവൃത്തിയെ ഓർമ്മിപ്പിച്ചുകൊണ്ട് ദൈവം തന്നെത്തന്നെ അയാൾക്ക് പരിചയപ്പെടുത്തുന്നതും (31) യാക്കോബ് തന്റെ പ്രതിജ്ഞ നിറവേറ്റുന്നതിനായി അവിടെ തിരിച്ചെത്തുന്നതും കാണാം (35). അബ്രഹാത്തിന് ദൈവം പ്ര ത്യക്ഷപ്പെട്ട സ്ഥലം തന്നെ ആയിരുന്നു അത് എന്നാണ് നാം ആദ്യത്തെ സൂചനകളിൽ നിന്ന് മനസ്സിലാക്കുന്നത്.
എത്ര പൂർവ്വ സ്പർശനങ്ങൾ ഉൾക്കൊണ്ട മണ്ണാണിത്! ചരിത്രം സ്പന്ദിക്കുന്ന, ചരിത്രത്തിൻ്റെ ദൈവ-സാന്നിധ്യങ്ങൾ!