top of page

പ്രാര്‍ത്ഥനയുടെ ഫലങ്ങള്‍

Feb 17, 2023

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
A woman is praying to God

ഉണരുന്ന മനസ്സിലെ വിരിയുന്ന കവിതപോലെയാണ് പ്രാര്‍ത്ഥന. നിരാശയുടെ നീര്‍ച്ചൂഴിയില്‍പ്പെട്ടുഴറുമ്പോള്‍ പ്രാര്‍ത്ഥന ശക്തിയായി കടന്നുവരും. പ്രതീക്ഷ നഷ്ടപ്പെട്ട മനസ്സുകള്‍ക്ക് പ്രത്യാശ പകരുന്നതും പ്രാര്‍ത്ഥന തന്നെയാണ്. വിശുദ്ധ ബൈബിളിലുടനീളം പ്രാര്‍ത്ഥന വഴി ശക്തിപ്രാപിക്കുന്ന വ്യക്തിത്വങ്ങളെ കാണാം. പ്രവാചകന്മാരും രാജാക്കന്മാരും പുരോഹിതരുമെല്ലാം ഇപ്രകാരം ശക്തി സ്വീകരിച്ചു ജീവിതത്തിലെ പ്രതികൂലസാഹചര്യങ്ങളെ അതിജീവിക്കുന്നതായി കാണാം. ധ്യാനപൂര്‍വ്വമായ ഒരു യാത്രയിലൂടെ പ്രാര്‍ത്ഥനയില്‍ ലഭിക്കുന്ന സമ്മാനങ്ങളെ കണ്ടെത്താനാവും.

ഒന്നാമതായി ജീവിതത്തിനും ദര്‍ശനങ്ങള്‍ക്കും ഉണര്‍വ്വു നല്‍കുന്നതും പ്രാര്‍ത്ഥനയാണ്. സീനായ് മലമുകളില്‍ പ്രാര്‍ത്ഥിച്ചതിനുശേഷം ഉണര്‍വ്വുള്ളവനായി മോശ ഇറങ്ങിവന്നു. നാല്‍പ്പതുവര്‍ഷത്തെ മരുഭൂമി യാത്രയ്ക്കുശേഷം ഉണര്‍വ്വുള്ള ജനതയായി രൂപാന്തരപ്പെട്ടു. ഉണര്‍വ്വോടുകൂടി ജനതയെ നയിക്കുവാന്‍ ജോഷ്വായെ ശക്തിപ്പെടുത്തിയതു പ്രാര്‍ത്ഥനയാണ്. പരിശുദ്ധാത്മാവിന്‍റെ വരവിനായി ശിഷ്യന്മാര്‍ പ്രാര്‍ത്ഥനാനിരതരായി കഴിഞ്ഞു. അതിനുശേഷം ഉണര്‍വ്വുള്ള മനുഷ്യരായി അവര്‍ ലോകത്തിന്‍റെ മുമ്പില്‍ പ്രത്യക്ഷപ്പെടും പ്രാര്‍ത്ഥനയില്‍ എന്താണ് സംഭവിക്കുന്നത്? നിര്‍വീര്യമായ ജീവകോശങ്ങള്‍ക്ക് പ്രാര്‍ത്ഥനയില്‍ ഉത്തേജനം ലഭിക്കുന്നു.  രക്തധമനികളിലും നാഡീഞരമ്പുകളിലും ദൈവാത്മാവു പ്രവര്‍ത്തിച്ചു തുടങ്ങും. സ്വപ്നങ്ങള്‍ നഷ്ടപ്പട്ടവര്‍ക്ക് ദൈവത്തോടു ചേര്‍ന്നു സ്വപ്നങ്ങള്‍ മെനയാനാവും. ചൂടില്‍ തളര്‍ന്നു വരുന്നയൊരാള്‍ തണുപ്പുള്ള മുറിയില്‍ കയറിയാലുള്ള ആശ്വാസം പ്രാര്‍ത്ഥനയില്‍നിന്നു ലഭിക്കും. ഉറങ്ങിയുറഞ്ഞു കിടക്കുന്ന ജീവിതത്തിന്‍റെ എല്ലാ തലങ്ങളിലും ഒരു ചലനം സംഭവിക്കുന്നു. രൂപരഹിതമായ പ്രപഞ്ചത്തിനു മുകളില്‍ തത്തിക്കളിച്ച ദൈവചൈതന്യം  എന്‍റെയുള്ളിലും ചലിച്ചുതുടങ്ങും.

ജീവിതത്തില്‍ സംഭവിക്കുന്നതിനെക്കുറിച്ചെല്ലാം   ഒരു വ്യക്തത ലഭിക്കുന്നതാണ് രണ്ടാമത്തെ തലം. "എനിക്കു നിന്നെക്കുറിച്ച് ഒരു പദ്ധതിയുണ്ട്. നിന്‍റെ നാശത്തിനല്ല, നന്മയ്ക്കായുള്ള പദ്ധതിയാണ്" (ജെറെമിയാ 29/11). "ദൈവത്തെ സ്നേഹിക്കുന്നവര്‍ക്ക് അവിടുത്തെ പദ്ധതിയനുസരിച്ച് വിളിക്കപ്പെട്ടവര്‍ക്ക് അവിടുന്ന് സകലതും നന്മയ്ക്കായി പരിണമിപ്പിക്കുന്നു"(റോമ 8/28). ഇന്നലെകളില്‍ സംഭവിച്ചതെല്ലാം നല്ലതിനാണെന്നറിയുന്നു. ഇപ്പോള്‍ സംഭവിക്കുന്നതും നാളെ സംഭവിക്കാനിരിക്കുന്നതും നന്മയ്ക്കാണെന്ന തിരിച്ചറിവുണ്ടാകുന്നു. മരുഭൂമിയില്‍ നാല്പതു വര്‍ഷം അലഞ്ഞത് കരളുറപ്പുള്ള വ്യക്തികളായി മാറ്റാനായിരുന്നുവെന്ന വ്യക്തത ഇസ്രായേല്‍ക്കാര്‍ക്കു ലഭിക്കുന്നു. കെടാവിളക്കിലെ എണ്ണ വിശ്വസ്തതയോടെ ഒഴിച്ചുകൊണ്ടിരുന്ന സാമുവേലിനെ പുരോഹിതനാക്കി മാറ്റിയ യഹോവായെ നാം കാണുന്നു. അപ്പന്‍റെ ആട്ടിന്‍പറ്റത്തെ വിശ്വസ്തതയോടെ നോക്കിയ ദാവിദീനെ രാജാവായി മാറ്റുന്നു. ഏല്പിക്കപ്പെടുന്ന ജോലികള്‍ വിശ്വസ്തതയോടെ പൂര്‍ത്തീകരിക്കുന്നവരെ ദൈവം വലിയ കാര്യങ്ങള്‍ ഏല്പിക്കുമെന്ന വ്യക്തത പ്രാര്‍ത്ഥനയില്‍ നമുക്കു ലഭിക്കുന്നു. ഒന്നും ആകസ്മികമല്ലെന്നും എല്ലാറ്റിന്‍റെയും പിറകില്‍ ദൈവത്തിന്‍റെ അദൃശ്യകരങ്ങളുണ്ടെന്നുമുള്ള വ്യക്തത. എന്‍റെ ശിരസ്സിലെ ഓരോ മുടിനാരും എണ്ണി തിട്ടപ്പെടുത്തുന്ന ദൈവത്തിന്‍റെ കരങ്ങളിലാണ് എന്‍റെ ജീവിതമെന്നുള്ള വ്യക്തത. ജീവിതാനുഭവങ്ങളെ ദൈവം കാണുന്ന കണ്ണുകളിലൂടെ കാണുവാനും ദൈവം വിലയിരുത്തുന്നതുപോലെ വിലയിരുത്തുവാനുമുള്ള ബലം ലഭിക്കുന്നു. ഞാന്‍  അതിരുകാണുമ്പോള്‍ ദൈവം അനന്തത കാണുന്നുവെന്നുള്ള വ്യക്തത പ്രാര്‍ത്ഥിക്കുന്ന വ്യക്തിക്കു ലഭിക്കുന്നു.

പ്രാര്‍ത്ഥനയുടെ മറ്റൊരു ഫലം ആത്മധൈര്യമാണ്. ഏതു പ്രതിസന്ധികളെയും ധൈര്യത്തോടെ നേരിടുവാനുള്ള ശക്തി എനിക്കു ലഭിക്കുന്നു. ചെറുതും വലുതുമായ പല സംഭവങ്ങളും നമ്മെ ഉലയ്ക്കുമ്പോള്‍ പ്രാര്‍ത്ഥന നമുക്കു ധൈര്യം പകരുന്നു. പ്രാര്‍ത്ഥന കഴിഞ്ഞു ധൈര്യത്തോടെ തോമാശ്ലീഹാ സഹനത്തിന് സ്വയം സമര്‍പ്പിക്കുന്നു. ഗത്സെമനിലെ പ്രാര്‍ത്ഥന കഴിഞ്ഞ് ധൈര്യത്തോടെ കുരിശിന്‍റെ വിരിമാറിലേക്ക് യേശു കടന്നുചെല്ലുന്നു. സാധാരണയായി നമുക്കില്ലാത്ത ഒരു ആത്മബലം പ്രാര്‍ത്ഥന നമുക്കു നല്‍കുന്നു. ആദിമസഭയുടെ സകല പ്രവര്‍ത്തനങ്ങളിലും ഈ ധൈര്യം നാം കാണുന്നുണ്ട്. റോമന്‍ ചരിത്രത്തെ കിടുകിടാ വിറപ്പിച്ച ചക്രവര്‍ത്തിമാരുടെ മുമ്പില്‍ എത്ര ധൈര്യത്തോടെയാണ് മുക്കുവരായ ശിഷ്യഗണം പ്രസംഗിച്ചത്. ബലവാനായ ദൈവത്തോടു ചേര്‍ന്നു നില്‍ക്കുമ്പോള്‍ നാം ശക്തരായി മാറും.

പ്രാര്‍ത്ഥന നമ്മെ രൂപാന്തപ്പെടുത്തും. താബോര്‍ മലയുടെ മുകളില്‍ പ്രാര്‍ത്ഥിച്ചുകൊണ്ടിരുന്നപ്പോള്‍ യേശു രൂപാന്തരപ്പെട്ടു. സീനായ് മലയില്‍നിന്നും ഇറങ്ങിവന്ന മോശ രൂപാന്തരപ്പെട്ട മനുഷ്യനായിത്തീര്‍ന്നു. പ്രാര്‍ത്ഥിക്കുന്ന മനുഷ്യനെ പ്രാര്‍ത്ഥന മണക്കും. അസ്സീസിയിലെ ഫ്രാന്‍സിസിനെക്കുറിച്ചു പറയുന്നത് അദ്ദേഹം പ്രാര്‍ത്ഥിക്കുകയല്ല പിന്നെയോ പ്രാര്‍ത്ഥന തന്നെയാണെന്നാണ്. പ്രാര്‍ത്ഥനയുടെ ഗന്ധമുള്ളവര്‍ ചുറ്റുമുള്ളവരെയും രൂപാന്തരപ്പെടുത്തും. മാതാപിതാക്കള്‍ പ്രാര്‍ത്ഥിക്കുന്നതു കാണുമ്പോള്‍ മക്കളും പ്രാര്‍ത്ഥിച്ചു തുടങ്ങും. ലോകം തരാത്ത ആത്മധൈര്യം ദൈവം നമുക്കു നല്‍കും. നമ്മുടെയുള്ളിലുള്ളവന്‍ ലോകത്തിലുള്ളവനേക്കാള്‍ ശക്തനാണ്.


�ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

0

Featured Posts

Recent Posts

bottom of page