top of page

ഉത്ഥാനം

Apr 1, 2012

2 min read

ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍
Resurrection of Jesus Christ.

ക്രിസ്തുമതം ലോകത്തിനു നല്‍കുന്ന ഏറ്റവും വലിയ സദ്വാര്‍ത്ഥ യേശുവിന്‍റെ ഉത്ഥാനമാണ്. യേശുവിന്‍റെ പീഡാസഹനവും കുരിശുമരണവും കൊണ്ട് സംഭവങ്ങള്‍ തീരുന്നില്ല. ഉത്ഥിതനായവന്‍ ലോകാവസാനം വരെ നമ്മോടൊത്തു വസിക്കുന്നു. മരണത്തിന്‍റെ മേലുള്ള വിജയമാണ് ക്രിസ്തുവിന്‍റെ പ്രത്യേകത. "മരണമേ നിന്‍റെ വിജയമെവിടെ? മരണമേ നിന്‍റെ ദംശനമെവിടെ" (1 കൊറി 15/55). യേശുവിന്‍റെ പുനരുത്ഥാനം ഒരു പുതിയ സൃഷ്ടിക്കും പുതിയ ലോകക്രമത്തിനും ആരംഭം കുറിച്ചു. യേശുവിന്‍റെ കല്ലറയ്ക്കല്‍ പോയ സ്ത്രീകള്‍ ശൂന്യമായ കല്ലറ കണ്ടു (ലൂക്കാ 24/12). ഭൂമിയിലൊരു കല്ലറയില്‍ അവനെ ഒതുക്കുവാനാകില്ലെന്ന് ഉത്ഥാനം സൂചിപ്പിക്കുന്നു. ലോകത്തിലെ മഹത്വ്യക്തികളുടെ കല്ലറകള്‍ മനോഹരമായി അലങ്കരിച്ചു വച്ചിരിക്കുന്നു. കാരണം അതിന്‍റെയുള്ളില്‍ അവരുടെ ശരീരഭാഗങ്ങള്‍ വിശ്രമിക്കുന്നു. കല്ലറയുടെ മുകളില്‍ വച്ചിരിക്കുന്ന കല്ല് മരണത്തിന്‍റെ വിജയത്തെ സൂചിപ്പിക്കുന്നു. എന്നാല്‍ ഉരുട്ടി മാറ്റിയ കല്ല് മരണത്തിന്‍റെ മേലുള്ള വിജയത്തെ സൂചിപ്പിക്കുന്നു. കല്ലറയില്‍ പ്രവേശിച്ച ആര്‍ക്കും മുകളില്‍ വെയ്ക്കപ്പെട്ട കല്ല് ഉരുട്ടിമാറ്റാനാവില്ലല്ലോ. സഭാപിതാക്കന്മാര്‍ കല്ലിനെക്കുറിച്ച് ഇപ്രകാരം പറയുന്നുണ്ട്: മനുഷ്യന്‍റെ തോളില്‍ ഉരുട്ടിവെച്ച കല്ലാണ് പാപം. ഈ പാപഭാരമെന്ന കല്ല് മനുഷ്യനെ താഴേയ്ക്ക് താഴ്ത്തുന്നു. ശിരസ്സുയര്‍ത്തി ദൈവത്തെ നോക്കാനോ, വശം തിരിഞ്ഞ് മനുഷ്യനെ നോക്കാനോ കഴിയാത്തവിധം അവന്‍ തളരുന്നു. യേശു ഈ കല്ല് ഉരുട്ടി മാറ്റി. അതോടെ മനുഷ്യന് ദൈവത്തെയും മനുഷ്യനെയും സ്നേഹിക്കാന്‍ കഴിയുന്ന പുതുജീവന്‍ ലഭ്യമായി.

ലാസറിനെപ്പോലെ പഴയജീവിതത്തിലേയ്ക്ക് യേശു തിരിച്ചുവരുന്നില്ല. പുതിയ ഒരു ജീവിതത്തിലേയ്ക്ക് അവന്‍ പ്രവേശിക്കുന്നു. യേശുവിന്‍റെ ഉത്ഥാനത്തെക്കുറിച്ചുള്ള അവന്‍റെ പ്രവചനങ്ങള്‍ മാറുന്നതിനെപ്പറ്റി മാലാഖമാര്‍ സ്ത്രീകളെ ശാസിക്കുന്നു. വചനത്തെ ഓര്‍ക്കുക എന്നു പറഞ്ഞാല്‍ വചനത്തെ ഹൃദയത്തില്‍ കാത്തുസൂക്ഷിക്കുകയെന്നാണര്‍ത്ഥം. ശിഷ്യന്മാരെ ചെന്നു കണ്ട് ഈ വാര്‍ത്ത അറിയിക്കുവാന്‍ മാലാഖമാര്‍ സ്ത്രീകളെ ചുമതലപ്പെടുത്തുന്നു. അപ്പസ്തോലന്മാരുടെ അപ്പസ്തോലരായി അവര്‍ മാറുന്നു. ക്രിസ്തുവുമായുള്ള വ്യക്തിപരമായ ബന്ധം സ്ഥാപിച്ച് അവന്‍റെ സാക്ഷികളാകുവാന്‍ ഉയിര്‍പ്പ് തിരുനാള്‍ നമ്മെ ക്ഷണിക്കുന്നു. നമ്മുടെ വ്യക്തി ജീവിതത്തില്‍ ക്രിസ്തുവിനെ നാം അനുഭവിക്കണം. ഉത്ഥിതന്‍ സഭയിലും വിശുദ്ധ കൂദാശകളിലും വചനത്തിലുമെല്ലാം നിറഞ്ഞുനിന്ന് നമ്മെ വിശുദ്ധീകരിക്കുന്നു. കല്ലറയുടെ മുമ്പില്‍ ആശ്ചര്യഭരിതരായി മരച്ചു നിന്ന ശിഷ്യരെപ്പോലെയാകാതെ ഉണര്‍വ്വിന്‍റെ അരൂപിയില്‍ നമുക്കു മുന്നേറുവാന്‍ കഴിയണം.

ഉയിര്‍പ്പിനുശേഷം നടന്ന പല സംഭവങ്ങളും ഉത്ഥിതന്‍റെ ശക്തി നമുക്കു കാണിച്ചു തരുന്നു. എമ്മാവൂസിലേയ്ക്കു പോയ ശിഷ്യന്മാരെ ധൈര്യപ്പെടുത്തി അവിടുന്നു തിരിച്ചു നടത്തി. ഭയവിഹ്വലരായി കതകടച്ചിരുന്ന ശിഷ്യന്മാരെ ധൈര്യമുള്ളവരാക്കി പറഞ്ഞയച്ചു. മത്സ്യമൊന്നും കിട്ടാതെ തളര്‍ന്നിരുന്നവരെ ചാകരകൊണ്ട് നിറച്ച് അത്ഭുത സ്തംബ്ധരാക്കുന്നു. ക്രിസ്തു സന്ദേശത്തെ നിശബ്ദമാക്കാന്‍ ഇറങ്ങിതിരിച്ച സാവൂളിനെ ശക്തനായ പ്രേഷിതനാക്കുന്നു. ജീവിക്കുന്നവരുടെ ദൈവമായവന്‍ തളര്‍ന്നുപോയവര്‍ക്കെല്ലാം പുതുജീവന്‍ നല്‍കുന്നു. എമ്മാവൂസിലേക്കു മരവിച്ച മനസ്സോടെ നടന്നു പോയവരോട് വഴിയില്‍ വച്ച് വചനം പറഞ്ഞും വീട്ടില്‍ വച്ച് അപ്പം മുറിച്ചും തന്നെത്തന്നെ വെളിപ്പെടുത്തുന്നു. തങ്ങള്‍ എമ്മാവൂസിലേക്കു പോകേണ്ടവരല്ലെന്ന് അവര്‍ ആദ്യം തിരിച്ചറിഞ്ഞു. ജറുസലേമില്‍ പാര്‍ക്കേണ്ടവരാണെന്ന കാര്യം ഓര്‍മ്മയില്‍ വന്നു. തിരിച്ചറിവുകളും ഓര്‍മ്മകളും നല്‍കുന്നവനാണ് ഉത്ഥിതന്‍. നമ്മുടെയൊക്കെ ജീവിതാന്തസ്സിനെക്കുറിച്ച് നാം ഓര്‍ക്കണം. വിളിക്കനുസരിച്ച ജീവിതമാണോ നയിക്കുന്നതെന്ന് ആത്മശോധന ചെയ്യണം.

ജീവിതത്തിലെ സകല തകര്‍ച്ചകള്‍ക്കും അവസാനം ഒരു ഉയിര്‍പ്പുണ്ടാകും. ദൈവം വരച്ചവരയിലൂടെ വിശ്വസ്തതയോടെ നടക്കുന്നവര്‍ക്ക് ഏതു തകര്‍ച്ചകളുടെ മേലും വിജയം നേടാം. കുരിശുകളും കുരിശിന്‍റെ വഴികളും ജീവിതത്തില്‍ കടന്നുവരുമ്പോള്‍ അസ്വസ്ഥരാകരുത്. ഇരുള്‍ മൂടിയ രാത്രികള്‍ക്കു ശേഷം ഒരു നല്ല പ്രഭാതം കടന്നുവരുമെന്ന ശുഭപ്രതീക്ഷ കാത്തുസൂക്ഷിക്കുവാന്‍ ഉയിര്‍പ്പുതിരുനാള്‍ നമ്മെ പ്രേരിപ്പിക്കുന്നു. യേശുവിനോടുകൂടെ മരിച്ചവരെല്ലാം അവനോടൊപ്പം ഉയിര്‍പ്പിക്കപ്പെടുമെന്ന് (റോമാ 6/4) പൗലോസ് ശ്ലീഹാ നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഉത്ഥിതന്‍റെ തേജസ്സു ജീവിതത്തില്‍ വഹിച്ച് നമുക്കു മുന്നേറാം. ഉത്ഥിതന്‍ നല്‍കുന്ന സമാധാനം ഹൃദയത്തില്‍ സൂക്ഷിക്കാം. "അവന്‍ സത്യമായും ഉയിര്‍ത്തെഴുന്നേറ്റു, ഹല്ലേലൂയ്യാ" എന്ന് അനുദിനജീവിതത്തില്‍ ഏറ്റു പറയാം.

�ഫാ. ജോസഫ് പുത്തന്‍പുരയ്ക്കല്‍

0

75

Featured Posts

Recent Posts

bottom of page