top of page

വിശപ്പാണഖിലസാരമൂഴിയില്‍...

Dec 6, 2024

3 min read

വിനീത് ജോണ്‍

movie poster Vazhai

വിശപ്പ്; അതിനുമുകളില്‍ മനുഷ്യന് മറ്റൊരു വികാരമില്ല. പ്രണയവും, അസൂയയും, പകയു മൊക്കെ അത് കഴിഞ്ഞാണ്. ഒരുപാട് സിനിമകള്‍ വിശപ്പിന്‍റെ കഥപറഞ്ഞിട്ടുണ്ട്. മനുഷ്യന്‍റെ ഏറ്റവും വലിയ ആവശ്യം വിശപ്പകറ്റുക എന്നതിനാലാവാം അത്തരം സിനികളൊക്കെയും പച്ചമനുഷ്യന്‍റെ കഥയായി നമുക്കനുഭവപ്പെടാറുള്ളത്. ഇത്തരത്തില്‍ ദാരിദ്ര്യത്തിന്‍റെയും അതകറ്റാന്‍ കഠിനാധ്വാനം ചെയ്യുന്ന മനുഷ്യരുടേയും കഥപറയുന്ന സിനിമ യാണ് വാഴൈ/ തമിഴ്/ 2024/ 134 മിനിറ്റ്. "വാഴൈ" ശിവാനന്ദന്‍ (പൊന്‍വേല്‍ എം.) എന്ന കൗമാര ക്കാരന്‍റെ കഥയാണ്, അവന്‍റെ കുടുംബത്തിന്‍റെ കഥയാണ്. ഒപ്പം അവന്‍റെ ഗ്രാമത്തിന്‍റെ കഥയാണ്. എന്നാല്‍ ഇത് ശിവാനന്ദന്‍റെ മാത്രം കഥയല്ല. ഇത് മാരി സല്‍വരാജ് എന്ന തമിഴ് സിനിമ സംവിധായ കന്‍റെകൂടി കഥയാണ്. മാരി കാണുകയും, കേള്‍ക്കു കയും, അനുഭവിക്കുകയും ചെയ്ത ജീവിതം അയാള്‍ സിനിമയാക്കിയതാണ്. തന്‍റെ ആദ്യ സിനി മയായ പെരിയേറും പെരുമാളില്‍തുടങ്ങിയ അദ്ദേഹ ത്തിന്‍റെ "പൊളിറ്റിക്കല്‍ ഡ്രാമകള്‍" ഇന്ന് വാഴൈ യില്‍ എത്തി നില്‍ക്കുന്നു.


തൊണ്ണൂറുകളുടെ അന്ത്യപാദത്തില്‍ തമിഴ്നാട്ടിലെ കരുങ്കുളം എന്ന ഗ്രാമത്തിലാണ് വാഴൈയുടെ കഥ നടക്കുന്നത്. വളരെ പതിഞ്ഞ ശബ്ദത്തില്‍ ആരംഭിച്ചു അലറിവിളിക്കുന്ന ഒരു മാതൃകയിലല്ല "വാഴൈ"ക്ക് രൂപം നല്‍കിയിരിക്കു ന്നത്. മറിച്ച് ആദ്യം മുതല്‍ക്കുതന്നെ ശിവാനന്ദന്‍റെ പരിഭ്രമങ്ങളിലേയ്ക്കും ആവലാതികളിലേയ്ക്കും ആഴ്ന്നിറങ്ങിക്കൊണ്ടാണ് സിനിമ ആരംഭിക്കുന്നത്. തൊഴിലാളികളിന്മേലുള്ള ചൂഷണത്തിലേയ്ക്കും പ്രതിരോധത്തിന്‍റെ ഭാഗമായി കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂന്നിക്കൊണ്ട് മുതലാളിത്തത്തോ ടുള്ള കലഹത്തിലേയ്ക്കുമെല്ലാം വളരെ വേഗം തന്നെ സിനിമ വന്നെത്തുന്നു. ദാരിദ്ര്യമാണ് സിനിമ യിലെ മുഖ്യ വിഷയമെങ്കിലും പറഞ്ഞ് പഴകിയ വാര്‍പ്പ് മാതൃകയിലല്ല ശെല്‍വരാജ് വാഴൈ ഒരുക്കിയിരിക്കുന്നത്. ഏതൊരു ഗ്രാമീണ ജീവിതം പോലെയും കരുങ്കുളം ഗ്രാമത്തിലെ ജനങ്ങളും അവരുടെ വളര്‍ത്തു മൃഗങ്ങളും, പ്രകൃതിയും എല്ലാം അത്യധികം ഇടപഴകിയാണ് ജീവിക്കുന്നത്. ശിവാനന്ദന്‍റെയും അവന്‍റെ ഒറ്റ സുഹൃത്ത് ശേഖര്‍ ന്‍റെയും (രാഘുല്‍ ആര്‍.) ദൈവങ്ങള്‍ പോലും ആ നാട്ടിലെ പ്രാദേശിക ദൈവങ്ങളാണ്.


still from the movie Vazhai

ശിവാനന്ദന്‍ ഏറ്റവും സന്തോഷത്തോടെ ഇരിക്കുന്നത് അവന്‍റെ സ്കൂളിലാണ്. അവധി ദിവ സങ്ങള്‍ അവന് ആവലാതിയാണ്. ജീവിതത്തെക്കു റിച്ച് അവന്‍റെ അമ്മയ്ക്കുള്ള കാഴ്ചപ്പാടാണ് അത്തരമൊരു ആധി അവനില്‍ സൃഷ്ടിച്ചത്. ദാരി ദ്ര്യവും, മുതലാളി-തൊഴിലാളി തര്‍ക്കങ്ങളുമൊക്കെ യാണ് സിനിമയെ പ്രക്ഷുബ്ദ്ധമാക്കുന്നത്. രണ്ടും ഒരുപാട് സനിമകളില്‍ കണ്ടിട്ടുണ്ടെങ്കിലും വാഴൈ യില്‍ അതൊന്നുംതന്നെ മറ്റൊരു സിനിമയിലെ പ്പോലെ ആകാത്തവണ്ണം സൂക്ഷമത പാലിച്ചിട്ടുണ്ട് ശെല്‍വരാജ്. കഥ എത്രതന്നെ പ്രക്ഷുബ്ദ്ധമാ യാലും ശിവാനന്ദന്‍റെയും അവന്‍റെ ചങ്ങാതിയു ടേയും കുസൃതിയും നിഷ്കളങ്കതയും നമ്മളെ സിനിമയില്‍തന്നെ തളച്ചിടും. ഒരു കൗമാരക്കാരന് ആവന്‍റെ ടീച്ചര്‍ പൂങ്കൊടിയോട് (നിഖില വിമല്‍) തോന്നുന്ന ഇഷ്ടം മുതല്‍ ആ പ്രായത്തിലെ വികൃതി കളെല്ലാം വളരെ ലാളിത്യത്തോടെയും മനോഹ രമായും സിനിമയില്‍ സന്നിവേശിപ്പിച്ചിട്ടുണ്ട്. ശിവാനന്ദന്‍റെ മൂത്ത സഹോദരി വെമ്പും (ദിവ്യ ദുരൈസ്വാമി) അവിടെനത്തെയുള്ള തൊഴിലാളി നേതാവ് കനിയും (കലൈയരസന്‍) തമ്മിലുള്ള കാല്പനികപ്രണയം സിനിമയുടെ സൗന്ദര്യം പതി ന്മടങ്ങായി വര്‍ദ്ധിപ്പിച്ചു. പ്രക്ഷുബ്ദ്ധ രാഷ്ട്രീയവും, കൗമാരകുസൃതിയും, കാല്പനികപ്രണയവും എല്ലാംകൂടിച്ചേര്‍ന്നപ്പോള്‍ വാഴൈ രസിക്കാനും ചിന്തിക്കാനുമുള്ള ഒരു പൂര്‍ണ്ണ കലാസൃഷ്ടിയായി മാറി.


നാട്ടിന്‍പുറം നന്‍മകളാല്‍ സമൃദ്ധമെന്നത് പതിരുള്ള പഴംചൊല്ലാണെന്ന് സിനിമ നമുക്ക് കാണിച്ചു തരുന്നുണ്ട്. അതിന് ഏറ്റവും പിന്‍ബലം നല്‍കുന്നത് മാരിശെല്‍വരാജിന്‍റെ തന്നെ തിരക്കഥയാണ്. റിയലിസത്തില്‍ സിനിമാറ്റിക് ഘടകങ്ങള്‍കൂടി സംയോജിക്കുന്ന നവമാതൃകയിലാണ് "വാഴൈ" യുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. തമിഴ് സിനിമ സാധാരണയായി കൈക്കൊള്ളാറുള്ള അതിനാടകീ യത തിരക്കഥാകൃത്ത് പൂര്‍ണ്ണമായും ഉപേക്ഷിച്ചു. ദാരിദ്ര്യം മാത്രം പറഞ്ഞ് ആകെ ശോകമൂകമാകുമാ യിരുന്ന ഒരു കഥ ഹൃദയഗ്രാഹിയായ ഒരു സരസ കഥയായിമാറ്റിയതാണ് മാരി ശെല്‍വരാജിലെ പ്രതിഭയുടെ തെളിവ്.


രൂപകലാങ്കാരങ്ങളെ പരമാവധി ഒഴിവാക്കാറുള്ള മാരിശെല്‍വരാജ് പക്ഷേ ഈ സിനിമയില്‍ ഡോ. ബി. ആര്‍. അംബേദി ക്കറിന്‍റെ ചിത്രം രൂപകലാങ്കാരമായി ഉപയോഗിച്ചി ട്ടുണ്ട്. ഒരു പക്ഷേ അതിനുമുകളില്‍ മറ്റൊരു രാഷ്ട്രീയമുഖം ഇന്ത്യയില്‍ കാണിക്കാനില്ലാത്ത തിനാലും, തനിക്ക് പറയാനുള്ള രാഷ്ട്രീയം ആ ഒറ്റ മുഖചിത്രത്തോടെ പ്രേക്ഷകരിലേയ്ക്ക് എത്തിക്കാ നാകുന്നതിനാലുമാകാം ആ വ്യക്തിയെതന്നെ മാരി തിരഞ്ഞെടുത്തത്. "വാഴൈ" ഉള്‍പ്പെടെ അദ്ദേഹ ത്തിന്‍റെ "മാമന്നനും" "പെരിയേറും പെരുമാളും" എല്ലാം മുന്നോട്ട് വയ്ക്കുന്ന രാഷ്ട്രീയം അത്യന്തം സുവ്യക്തമായി കാണികളിലേയ്ക്ക് എത്തണമെന്ന നിര്‍ബന്ധത്തിലാവാം തന്‍റെ സിനിമകളില്‍ രൂപകാ ലങ്കാരങ്ങളെ വളരെ പരിമിതമായിമാത്രം അദ്ദേഹം ഉപയോഗിക്കുന്നത്.


still from the movie Vazhai

പുറമെനിന്ന് ഒരു ഇടപെടല്‍ കരുങ്കുളത്തിലെ ജനങ്ങളെത്തേടി വരുന്നതായി ഒരിക്കലും ആ സിനിമ കാണിക്കുന്നില്ല. ക്ലാസ്സില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്ക് വാങ്ങിയ ശിവാനന്ദന് ആകെ കിട്ടുന്നത് കയ്യടി മാത്രമാണ്. സ്കൂളിന്‍റെ ഭാഗത്തുനിന്ന് സക്രിയവും ക്രിയാത്മകവുമായ ഒരു ഇടപെടല്‍ ഒരിക്കലും അവനെത്തേടി വരുന്നില്ല. ഇതും സംവിധായകന്‍ ബോധപൂര്‍വ്വം നിര്‍മ്മിച്ച വേലിക്കെട്ടുകളാവാം. അടിസാഥാന വിഷയങ്ങളില്‍ ഇടപെടാതെ കൂടുതല്‍ മാര്‍ക്ക് വാങ്ങുന്ന കുട്ടിയെ അനുമോദിക്കുന്ന നഗരങ്ങളിലെ റസിഡന്‍റ്സ് അസ്സോസിയേഷന്‍റെ ഗ്രാമീണ മുഖമായി ആ ക്ലാസ്സ് മുറി മാറപ്പെടുകയായിരുന്നു. ഏറ്റവും ഒടുവിലായി 1999 ല്‍ പെട്ടമാ ഗ്രാമത്തില്‍ നടന്ന അപകടത്തെ പശ്ചാത്തലമാക്കി ശിവാനന്ദിന്‍റെ വിശപ്പിനെ ഉച്ച സ്ഥായിയില്‍ ചിത്രീകരിച്ചിരിക്കുന്നു. ഇത്തരത്തില്‍ ലളിതമായും, ദൃഢമായും അയാള്‍ക്ക് കാണികളോട് സംസാരിക്കാനാകും എന്നതാണ് അയാളെ വ്യത്യസ്തനാക്കുന്നത്. തിരക്കഥ സ്വീകരിച്ച റിയലിസവും തിരക്കഥാകൃത്തിന്‍റെ രാഷ്ട്രീയവും സിനിമയുടെ സൗന്ദര്യത്തെ ബാധിക്കാതെ എങ്ങനെ സന്നിവേശി പ്പിക്കാം എന്നതിനുദാഹരണം കൂടിയാണ് ഇത്തരം രംഗങ്ങള്‍. റിയലിസവും സിനിമാറ്റിക് ഘടകങ്ങളും കൂട്ടിയിണക്കുമ്പോള്‍ തിരക്കഥാകൃത്ത് പാലിക്കേണ്ട സൂക്ഷ്മതയാണ് ഏറ്റവും പ്രധാനപ്പെട്ടത്. രണ്ടില്‍ ഏത് കൂടിയാലും അത് എഴുത്തുകാരന്‍റെ പരാജയമാണ്. എന്നാല്‍ മാരി ശെല്‍വരാജ് എന്ന എഴുത്തുകാരന്‍ ആ വെല്ലുവിളി അനായാസമായി മറികടന്നതായി "വാഴൈ" കാണിച്ചുതരുന്നു.


തിരക്കഥകഴിഞ്ഞാല്‍ "വാഴൈ" സിനിമയില്‍ എടുത്തു പറയേണ്ടത് തേനി ഈശ്വറിന്‍റെ ഛായാഗ്ര ഹണമാണ്. ഒരു ഫ്രെയിമിലേക്ക് എങ്ങനെയാണ് ഇത്രയും സൗന്ദര്യം ആവാഹിക്കുക എന്നത് അതി ശയത്തോടെ നോക്കിനില്‍ക്കാനേ നമുക്ക് കഴിയൂ. അദ്ദേഹത്തിന്‍ സര്‍ഗാത്മകത കേവലം സൗന്ദര്യാ വാഹത്തില്‍ മാത്രമല്ല മറിച്ച് ഒരോ രംഗങ്ങളുടേയും ഭാവം അതേപടി പ്രേക്ഷകരില്‍ എത്തിക്കുതില്‍കൂടി യാണ്. കൂട്ടത്തില്‍ സന്തോഷ് നാരായണന്‍റെ സംഗീതം കൂടി ആയപ്പോള്‍ കാഴ്ചക്കാരന്‍റെ ഉള്ളലയ്ക്കുന്ന അനുഭവമായി "വാഴൈ" മാറി.


പൊന്‍വേലും രാഘുലും മികച്ച പ്രകടനം കാഴ്ചവെച്ചു. പുതുമഖങ്ങള്‍ ആയിരുന്നിട്ടും അഭിന യകലയില്‍ തഴക്കവും പഴക്കവുമുള്ള രണ്ട് കലാകാ രന്മാരെയാണ് നമുക്ക് സിനിമയില്‍ കാണാനാവുക. ശിവാനന്ദന്‍റെയും വെമ്പിന്‍റെയും അമ്മയായി വേഷ മിട്ട കര്‍ണ്ണന്‍ ജാനകി സിനിമയുടെ ഗതിനിയ ന്ത്രിക്കുന്ന കഥാപാത്രമായിരുന്നു. പക്വതയോ ടെയും കയ്യടക്കത്തോടെയും കര്‍ണ്ണന്‍ ജാനകി ആ വേഷം പൂര്‍ണ്ണതയില്‍ എത്തിച്ചു. ദിവ്യ ദുരൈ സ്വാമിയും, കലൈയരസനും ആ ഗ്രാമീണരായി മാറുകയായിരുന്നു. പ്രതിനായകവേഷത്തില്‍ വരുന്ന കഥാപാത്രങ്ങളും അഭിനയത്തില്‍ മികച്ചു തന്നെ നിന്നു. അഭിനേതാക്കളും പിന്നണി പ്രവര്‍ത്തകരും എല്ലാം ചേര്‍ന്ന് 134 മിനിറ്റില്‍ ഒരുപറ്റം മനുഷ്യരുടെ ഉള്ളു പൊള്ളുന്നൊരു കഥ അതിമനോഹരമായി പറഞ്ഞു വെച്ചിരിക്കുന്നു.


ഡിസ്നി + ഹോട്ട്സ്റ്റാറും, നാവി സ്റ്റുഡിയോസും, ഫ്രോമേഴ്സ് മാസ്റ്റര്‍ പ്ലാന്‍ പ്രൊഡക്ഷനുചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചിരിക്കുന്നത്. ഡ്രീം ബിഗ് ഫിലിംസ് ആണ് കേരളത്തില്‍ സിനിമ വിതരണം ചെയ്തി രിക്കുന്നത്. 5 കോടി മുതല്‍ മുടക്കി ചിത്രീകരിച്ച സിനിമ 40 കോടിയിലധികം വാരിക്കൂട്ടി.


കുറിപ്പ്: വ്യക്തികളുടേയും സ്ഥലങ്ങളുടേയും പേരിന്‍റെ ഉച്ചാരണത്തില്‍ മാറ്റമുണ്ടാകാം.

വിനീത് ജോണ്‍

0

5

Featured Posts

Recent Posts

bottom of page