top of page
തിരുവനന്തപുരത്തിന്‍റെ പ്രാന്തപ്രദേശമായ കായംകുളം ദേശത്ത്നിന്നുള്ള 'ദയാലുവും ശൂരനുമായ കള്ളന്‍' എന്ന വിശേഷണത്തിനുടമയാണ് കായംകുളം കൊച്ചുണ്ണി.
തികഞ്ഞ അര്‍പ്പണബോധത്തോടെ ഒരു ധനികന്‍റെ കടയില്‍ ജോലിചെയ്തിരുന്ന കൊച്ചുണ്ണിയെ കടയുടമയ്ക്കു നന്നേ ബോധിച്ചു. ഉപഭോക്താക്കളോട് എങ്ങനെ മര്യാദയോടും സത്യസന്ധതയോടും കൂടെ പെരുമാറാമെന്ന് ഇക്കാലത്ത് കൊച്ചുണ്ണി ശീലിച്ചു.
ഒരു വൈകുന്നേരം കടയുടെ താക്കോല്‍ കൊടുത്ത് കൊച്ചുണ്ണി തന്‍റെ വീട്ടിലേയ്ക്കു മടങ്ങാനൊരുങ്ങുകയായിരുന്നു. അപ്പോള്‍ ഒരാള്‍ തിരക്കിട്ട് വ്യാപാരിയെത്തേടി വന്നു.
"കട അടച്ചോ മുതലാളി?" അയാള്‍ അക്ഷമയോടെ ചോദിച്ചു.
"അതെ, എന്തെങ്കിലും ആവശ്യമുണ്ടോ?" കടയുടമ.
"എനിക്ക് അത്യാവശ്യമായി കുറച്ച് ശര്‍ക്കര വേണമായിരുന്നു. എന്‍റെ കുഞ്ഞിന്‍റെ പിറന്നാളാണ് "
"ഉം... നോക്കട്ടെ" എന്നു പറഞ്ഞ് കടയുടമ കൊച്ചുണ്ണിയെ തിരിച്ചു വിളിച്ച് ആവശ്യപ്പെട്ടു:
"കൊച്ചുണ്ണീ, ഇയാളെക്കൂട്ടി കടയിലേയ്ക്കു പോയി ആവശ്യമുള്ളത്രയും ശര്‍ക്കര എടുത്തുകൊടുക്കൂ..."
കടയുടെ അടുത്തെത്തിയപ്പോഴാണ് താക്കോലെടുത്തിട്ടില്ല എന്ന കാര്യം അവനോര്‍ത്തത്. ആലോചിച്ച് സമയം കളയാതെ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു. കളരിയില്‍ പഠിച്ച ചില അഭ്യാസമുറകള്‍ അവനോര്‍മ വന്നു. കടയുടെ പിന്‍ഭിത്തിയിലൂടെ മുകളില്‍ക്കയറി തട്ടുവഴി ശര്‍ക്കര സൂക്ഷിച്ചിരുന്ന മുറിയിലെത്തി ആവശ്യത്തിന് ശര്‍ക്കരയുമായി പുറത്തിറങ്ങി വന്നു. ആ മനുഷ്യന്‍ പണം നല്‍കിയിട്ട് സന്തോഷത്തോടെ മടങ്ങി. തിരികെച്ചെല്ലുമ്പോള്‍ മുതലാളി അക്ഷമയോടെ അങ്ങോട്ടുമിങ്ങോട്ടും നടക്കുന്നതാണ് കണ്ടത്.
"നീ താക്കോല്‍ കൊണ്ടുപോയില്ല അല്ലേ?" അദ്ദേഹം ചോദിച്ചു.
"മുതലാളീ, ഞാന്‍ കടയ് ക്കുള്ളില്ക്കയറി ശര്‍ക്കര എടുത്തുകൊടുത്തു." പണം നീട്ടിക്കൊണ്ട് കൊച്ചുണ്ണി പറഞ്ഞു.
അടുത്തദിവസം താക്കോലെടുക്കാന്‍ ചെന്നപ്പോള്‍ മുതലാളി നേരത്തെ തന്നെ കടയിലേക്കു പോയിരിക്കുന്നു എന്നാണ് അറിഞ്ഞത്. ആശങ്കയോടെ ചെന്ന കൊച്ചുണ്ണിയോട് മുതലാളി പറഞ്ഞു, "ഇന്നലെ രാത്രി മുഴുവന്‍ ഞാന്‍ നീ ചെയ്ത പ്രവൃത്തിയെക്കുറിച്ചാലോചിക്കുകയായിരുന്നു. എങ്ങനെയാണ് എനിക്കിനി നിന്നെ വിശ്വസിക്കാനാകുക? തലേന്നത്തെ പ്രവൃത്തി നീയിനി ആവര്‍ത്തിക്കില്ലെന്നാരു കണ്ടു? ഇതാ, ഇത്രനാള്‍ ജോലി ചെയ്തതിന്‍റെ കൂലി, പൊയ്ക്കോളൂ"
താന്‍ വിശ്വസ്തതയോടെ ചെയ്ത കാര്യത്തെക്കുറിച്ച് മുതലാളി നേര്‍വിപരീതമായി കരുതിയല്ലോ... പണം അവിടെത്തന്നെ വച്ച് കൊച്ചുണ്ണി വിഷണ്ണനായി നടന്നകന്നു. തന്‍റെ സത്യസന്ധത കേവലം പണത്തിന്‍റെയും സ്ഥാനമാനങ്ങളുടെയും ഇല്ലായ്മയിലൂന്നി സംശയിക്കപ്പെട്ട ഈ സംഭവം ധനികരോടും അധികാരി വര്‍ഗ്ഗത്തിനോടും കടുത്ത വിരോധിയായി കൊച്ചുണ്ണിയെ മാറ്റി. അങ്ങനെ ഒരു കള്ളന് പിറവിയെടുക്കാനാവശ്യമായ എല്ലാ സാമൂഹിക പരിസരങ്ങളും അവിടെയുണ്ടായിരുന്നു. മറ്റൊരു റോബിന്‍ ഹുഡ്! ധനികരുടെ സമ്പത്ത് കവര്‍ന്നെടുത്ത് പാവങ്ങള്‍ക്കും ആവശ്യക്കാര്‍ക്കും നല്‍കിപ്പോന്ന ആദര്‍ശധീരനായ കള്ളന്‍. ധനികനെയും പാവപ്പെട്ടവനെയും സമൂഹത്തില്‍ സമതുലിതാവസ്ഥയിലെത്തിക്കാനുള്ള ശ്രമങ്ങളായിരുന്നു പിന്നീട് ആ കള്ളന്‍റേതെന്നു പറയാം. സ്വത്തിന്‍റെ ഏറ്റക്കുറച്ചിലുകളുടെ അളവുകോലിന്മേലാണ് മേല്‍ക്കോയ്മയും അടിച്ചമര്‍ത്തലുമുണ്ടാകുന്നതെന്നും പാവപ്പെട്ടവനെക്കൊണ്ട് തങ്ങളുടെ ലാഭേച്ഛക്കായി ജോലികള്‍ ചെയ്യിക്കുകയും പിന്നീട് അവനെ അവിശ്വാസത്തോടെ നോക്കിക്കാണുകയുമാണ് ചെയ്യുന്നതെന്നുമുള്ള യാഥാര്‍ത്ഥ്യത്തെ ചോദ്യം ചെയ്യാതിരിക്കാന്‍ കൊച്ചുണ്ണിക്കു കഴിഞ്ഞില്ല.
കൊച്ചുണ്ണിയുടെ പിതാവ് ഒരു കള്ളനായിരുന്നു. കടുത്ത ദാരിദ്ര്യത്തിന്‍റെ ചട്ടക്കൂട്ടിലാണ് കൊച്ചുണ്ണി വളര്‍ന്നുവന്നത്.
ബ്രിട്ടീഷുകാര്‍ മലബാര്‍ മേഖലകളിലൊക്കെ തങ്ങളുടെ ആധിപത്യം സ്ഥാപിച്ചു തുടങ്ങിയ അക്കാലത്ത് 'തങ്ങള്‍' എന്നൊരാള്‍ സന്ധ്യാസമയങ്ങളില്‍ മാപ്പിളപ്പയ്യന്‍മാരെ കളരിപ്പയറ്റ് അഭ്യസിപ്പിക്കാന്‍ ആരംഭിച്ചത്. തങ്ങളുടെ നാടിനെ മറ്റാരും കീഴ്പ്പെടുത്താതെ കാത്തുസൂക്ഷിക്കാന്‍ യുവാക്കളെ പ്രാപ്തരാക്കുക എന്നൊരു ലക്ഷ്യവും ഇതിനുണ്ടായിരുന്നു. ഇതറിഞ്ഞ കൊച്ചുണ്ണി തങ്ങളെ സമീപിച്ച് തന്‍റെ ആഗ്രഹമറിയിച്ചു. പക്ഷേ അദ്ദേഹം കൊച്ചുണ്ണിയെ പഠിപ്പിക്കാന്‍ തയ്യാറായില്ല. 'ഇവനീ അഭ്യാസങ്ങളൊക്കെ പഠിച്ചാല്‍ എന്തിനാണ് ഉപയോഗിക്കുകയെന്നാരു കണ്ടു' എന്ന ചിന്തയായിരുന്നു തങ്ങളുടേത്. ഒരു തെറ്റും ചെയ്യാതെ അപമാനമേല്‍ക്കേണ്ടി വന്നതില്‍ മനം നൊന്ത കൊച്ചുണ്ണിക്ക് വാശിയായി. ഇരുട്ടുവീഴാന്‍ തുടങ്ങുമ്പോള്‍ തങ്ങള്‍ ക്ലാസാരംഭിക്കും. കൊച്ചുണ്ണിയാകട്ടെ, ആ സമയത്ത് അടുത്തുള്ള പൊന്തക്കാട്ടില്‍ ഒളിഞ്ഞിരുന്ന് അഭ്യാസങ്ങള്‍ കണ്ടു പഠിക്കാന്‍ തുടങ്ങി. ഇത് കുറേനാള്‍ തുടര്‍ന്നു. പക്ഷേ ഒരിക്കല്‍ അവന്‍ പിടിക്കപ്പെട്ടു. അവര്‍ അവനെ തങ്ങളുടെ മുമ്പില്‍ ഹാജരാക്കി. ദേഷ്യം പൂണ്ട തങ്ങള്‍ അവനോട് കണ്ടുപഠിച്ച മുറകളൊക്കെ ചെയ്തുകാണിക്കാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ കൊച്ചുണ്ണിയുടെ അഭ്യാസപ്രകടനങ്ങള്‍ കണ്ട് തങ്ങള്‍ അത്ഭുതാഹ്ളാദപരതന്ത്രനായി. ഇത്ര മെയ്വഴക്കവും ശൗര്യവും ചടുലതയും തന്‍റെ ശിഷ്യന്മാര്‍ക്കാര്‍ക്കും കണ്ടിട്ടേയില്ല! ക്ലാസില്‍വന്ന് തുടര്‍ന്ന് പഠിക്കാന്‍ അദ്ദേഹം കൊച്ചുണ്ണിയെ ക്ഷണിച്ചു പിന്നാലെ അറബിക്, തമിഴ്, മലയാളം, ഭാഷകളില്‍ കൊച്ചുണ്ണി പ്രാവീണ്യം നേടി. അന്നത്തെക്കാലത്ത് ഒരു മുസ്ലീംയുവാവ് ഇതൊക്കെ പഠിക്കുക എന്നത് അപൂര്‍വ്വമായിരുന്നു.
കവര്‍ച്ചയിലൂടെ ആവശ്യത്തിലധികം പണം കുമിഞ്ഞുകൂടിയപ്പോള്‍ അത് ചെലവാക്കാന്‍ പലവഴികള്‍ തേടേണ്ടിവന്നു. മദ്യവും സ്ത്രീകളും കൊച്ചുണ്ണിക്ക് ഒഴിവാക്കാനാവാത്ത ദൗര്‍ബല്യമായി. എന്നിരുന്നാലും ദരിദ്രരോടുള്ള ദയാവായ്പ് വിട്ടുകളയാത്ത കൊച്ചുണ്ണി തന്‍റെ സംഘാംഗങ്ങളിലൊരാളായ മമ്മദ് പാവപ്പെട്ടവരെ പിടിച്ചുപറിക്കുന്നു എന്നറിഞ്ഞ് അയാളെ ഗ്രൂപ്പില്‍ നിന്ന് പുറത്താക്കി.
ഒരിക്കല്‍ കൂട്ടുകാരന്‍ കൊച്ചുപിള്ള അദ്ദേഹത്തിന്‍റെ അമ്പായില്‍ വീട്ടില്‍ കൂട്ടുകാരെല്ലാം ചേര്‍ന്നുള്ള ഒരാഘോഷവേള ഒരുക്കി. സ്വസ്ഥമായിരുന്ന് മദ്യം കഴിച്ച് കഴിച്ച് കൊച്ചുണ്ണി ബോധരഹിതനായി. മറ്റുള്ളവര്‍ ചേര്‍ന്ന് അയാളെ പിടിച്ചുകെട്ടി. പൊലീസെത്തി കൊച്ചുണ്ണിയെ കൊണ്ടുപോയ ി. ദീര്‍ഘനാളത്തെ ഏകാന്തത്തടവിന് ശിക്ഷിക്കപ്പെട്ടുവെങ്കിലും ഏതാണ്ട് മൂന്നുമാസങ്ങള്‍ക്കുശേഷം രോഗിയായിത്തീര്‍ന്ന കൊച്ചുണ്ണി ജയിലില്‍ വച്ച് നാല്പതാം വയസില്‍ (1859 ല്‍) മരിച്ചു.
ഊടുവഴികളിലൂടെ തെന്നിയും വീണും നടക്കുമ്പോഴും നന്മചെയ്യാന്‍ ഒരു ശ്രമം കൂടി നടത്തിയിട്ടുണ്ട് കൊച്ചുണ്ണി. അതുകൊണ്ടുതന്നെയാവാം ജനഹൃദയങ്ങളില്‍ അയാള്‍ക്കിപ്പോഴും വീരപരിവേഷമുള്ളത്. കൊച്ചുണ്ണിക്കഥകള്‍ തലമുറകളിലേക്ക് പകര്‍ന്നൊഴുകുന്നു. കൊച്ചുണ്ണിക്ക് ഒരു സ്മരകം കോഴഞ്ചേരിയില്‍ സ്ഥാപിച്ചിട്ടുണ്ട്. അങ്ങനെ കേരളാ റോബിന്‍ഹുഡ് അവിടെ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു.
Featured Posts
bottom of page