top of page
“The idea is not to live forever… But maybe to help another live a little longer…””
അവളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ സാധിച്ചതിലുള്ള സന്തോഷം എത്രയെന്ന് പറഞ്ഞറിയിക്കാനാവില്ല. പിന്നീട് വന്ന ഓണം, ക്രിസ്മസ് തുടങ്ങിയ വിശേഷദിവസങ്ങളിലൊക്കെ അവളും ഞാനും ഒരുമിച്ചിരുന്ന് സംസാരിച്ചു, ഭക്ഷണം കഴിച്ചു. ഒരപ്പനു തന്‍റെ മകളോട് എന്തുമാത്രം വാത്സല്യം ഉണ്ടാകുമെന്ന്, ഒരു മകള്‍ക്ക് അപ്പനെ എത്രയധികം സ്നേഹിക്കാനാകുമെന്ന്, ജന്മം നല്കാതെ കര്‍മ്മം കൊണ്ട് അപ്പനായ ഞാന്‍ തിരിച്ചറിഞ്ഞ നിമിഷങ്ങളായിരുന്നു അതൊക്കെ. സ്വജീവന്‍ ആടുകള്‍ക്കുവേണ്ടി നല്കിയ ഇടയന്‍റെ ബലിയാണ് ആ കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താന്‍ എന്‍റെ ശരീരത്തിന്‍റെ ഒരു ഭാഗം മുറിച്ചുനല്കാന്‍ കരുത്തേകിയത്" ഒരു പെണ്‍കുട്ടിക്കുവേണ്ടി വൃക്ക ദാനം ചെയ്ത ഫാ. ചെറിയാന്‍ നേരെവീട്ടിലിന്‍റെ വാക്കുകളാണിത്.
ഒരു മനുഷ്യന്‍ തന്‍റെ സ്നേഹിതന്മാര്‍ക്കുവേണ്ടി സ്വജീവന്‍ അര്‍പ്പിക്കുന്നതിനെക്കാള്‍ വലിയ സ്നേഹമില്ല എന്നരുളിച്ചെയ്ത് സ്വന്തം പ്രാണന്‍ അനേകരുടെ മോചനദ്രവ്യമായി പകുത്തുനല്കിയ ക്രിസ്തുവും പോളണ്ടിലെ നാസി തടവറയില്‍ തന്നോടൊപ്പമുണ്ടായിരുന്ന ഒരു തടവുകാരനെ വധിക്കാനായി ജര്‍മ്മന്‍ സൈനികര്‍ കൊലക്കളത്തില്‍ നിര്‍ത്തിയപ്പോള്‍, തന്‍റെ ഉറ്റവരെയോര്‍ത്തു വിലപിച്ച ആ മനുഷ്യന്‍റെ മോചനദ്രവ്യമായി സൈന്യത്തിനു സ്വജീവന്‍ നല്കിയ മാക്സ്മില്യന്‍ കോള്‍ബെയുമൊക്കെ ഒരു ഓര്‍മ്മപ്പെടുത്തലാണ്; അപരനുവേണ്ടി ബലിയാകുക, ബലിയേകുക.
***
തടവറയിലടയ്ക്കപ്പെട്ട ചക്രവര്‍ത്തി വളരെ നാളുകള്‍ക്കു ശേഷം മോചിപ്പിക്കപ്പെട്ടു. അദ്ദേഹം തന്‍റെ രാജ്യത്തെ അവസാനത്തെ ചക്രവര്‍ത്തിയായിരുന്നു. രാജ്യം നഷ്ടപ്പെട്ട ചക്രവര്‍ത്തി വിനോദയാത്രികനായി. ഒരിക്കല്‍ അദ്ദേഹം തന്‍റെ പഴയ കൊട്ടാരം സന്ദര്‍ശിക്കാനിടയാകുന്നു. വിനോദസഞ്ചാരികളോട് ഗൈഡ് ആ കൊട്ടാരത്തിന്‍റെ ഭംഗിയെപ്പറ്റി വാചാലനായി. അവസാനം ചക്രവര്‍ത്തിയെപ്പറ്റി ഗൈഡ് ഇത്രമാത്രം പറഞ്ഞു: "ഇവിടത്തെ അവസാന ചക്രവര്‍ത്തി അധികാരമേല്‍ക്കുമ്പോള്‍ അഞ്ച് വയസ്സുമാത്രമായിരുന്നു പ്രായം. 1967ല്‍ അയാള്‍ തുറുങ്കിലടയ്ക്കപ്പെട്ടു."
ഗൈഡിന്‍റെ നാവില്‍ നിന്ന് തന്‍റെ ഭരണകാലഘട്ടത്തെക്കുറിച്ച് ഏറെ പ്രതീക്ഷിച്ച ചക്രവര്‍ത്തി ചിന്താകുലനായി. തന്‍റെ നീണ്ട കാലയളവിലെ ഭരണപരിഷ്കാര ങ്ങളൊന്നും ആര്‍ക്കും ഒരുപകാരവും ഉണ്ടാക്കിയില്ല. രണ്ടു വാചകങ്ങളില്‍ വളരെ സാധാരണമായി എന്നെ സംഗ്രഹിച്ചു. വര്‍ണ്ണപ്പൊലിമകള്‍ നിറഞ്ഞ തന്‍റെ ബാഹ്യജീവിതം ആര്‍ക്കും ഒരുപകാരവും നല്കിയില്ലെന്നു ബോധ്യമായ ചക്രവര്‍ത്തി, ദാനമായി കിട്ടിയ ജീവിതം അപരന് ഉപകാരപ്രദമായ രീതിയില്‍ ചെലവിടാന്‍ തീരുമാനിച്ചു.
***
സംഭവബഹുലമായ ജീവിതമായിരിക്കാം ഒരു പക്ഷേ നിങ്ങള്‍ നയിക്കുന്നത്. ഒടുക്കം സംഗ്രഹിക്കുമ്പാള്‍ രണ്ടോ മൂന്നോ വാക്യങ്ങളില്‍ നിങ്ങളുടെ ജീവിതം ഒതുക്കപ്പെടും. ലോകത്ത് അനേകം മനുഷ്യര്‍, തങ്ങള്‍ ജീവിക്കുകയാണെന്ന് അവര്‍ പോലും അറിയാതെ ജീവിക്കുന്നുണ്ട്. ചിലര്‍ അധികാരത്തിലും സമ്പത്തിലും മാത്രം ജീവിക്കുന്നു. ധൂര്‍ത്തിലും ദുഷ്കര്‍മ്മങ്ങളിലും ആറാടി ജീവിക്കുന്നു മറ്റൊരു കൂട്ടര്‍. അപരകേന്ദ്രീകൃത നിസ്വാര്‍ത്ഥരായി ജീവിക്കുന്നവരുമുണ്ട്; മരണം വിടവാങ്ങലല്ലാത്തവര്‍. മരണത്തിലും ഉയിരേകുന്നവര്‍.
ജീവിതകാലത്തും ലോകത്തില്‍ നിന്ന് വേര്‍പിരിയുന്ന അവസാന നിമിഷങ്ങളിലും സ്വശരീരത്തിന്‍റെ ഒരു ഭാഗം പകുത്തുനല്കി, മറ്റ് ജീവിതങ്ങളെ -ബന്ധുക്കളെയോ, സുഹൃത്തുക്കളെയോ, യാതൊരു പരിചയമില്ലാത്തവരെയോ- മരണമുഖത്തുനിന്ന് ജീവസ്പന്ദനങ്ങളിലേക്ക് നയിച്ച എത്രയോ മനുഷ്യര്‍! ലോക അവയവദാനദിനമായ ആഗസ്റ്റ് പതിമൂന്നാം തീയതിയുള്ള ഔപചാരിക ഓര്‍മ്മിക്കലുകള്‍ക്കപ്പുറം ആ ജീവിതങ്ങളുടെ തുടിപ്പ് മിടിച്ചുകൊണ്ടേയിരിക്കുന്നു. "എന്‍റെ മകന്‍ മരിച്ചെങ്കിലും അഞ്ചുപേരിലൂടെ അവന്‍ ഇന്നും ഈ ലോകത്ത് ജീവിക്കുന്നു"ണ്ടെന്ന് എത്ര സംതൃപ്തിയോടെയാണ് ഒരു അമ്മ പറയുന്നത്. മകന്‍റെ മരണത്തെ ജീവദാനമെന്ന പുണ്യമാക്കാന്‍ മനസ്സൊരുക്കിയ ദൈവത്തിനോട് ആ അമ്മയ്ക്ക് നന്ദി മാത്രം. മരണപ്പെട്ട ഉറ്റവരുടെ ശരീരം ആരുടെയൊക്കെയോ ഉറ്റവര്‍ക്കുവേണ്ടി കീറിമുറിച്ചു നല്കാന്‍ കൃപ ലഭിച്ച എത്രയോ അമ്മമാരും അച്ഛന്മാരും മക്കളും ജീവിതപങ്കാളികളുമുണ്ടിവിടെ. ജീവിച്ചിരിക്കുമ്പോള്‍ തന്നെ അവയവദാനത്തിലൂടെ അപരജീവിതങ്ങളില്‍ കരുത്തേകി പുഞ്ചിരി പടര്‍ത്തിയവരുമേറെ...
***
ജോലി കഴിഞ്ഞുവന്ന അമ്മ രണ്ട് കൈകളിലും ആപ്പിളുമായി നില്ക്കുന്ന കുഞ്ഞിനോട് ഒരാപ്പിള്‍ തനിക്കു തരാമോയെന്നു ചോദിച്ചു കൈനീട്ടി. പെട്ടെന്ന് കുഞ്ഞ് ഒരാപ്പിളില്‍ കടിച്ചു. അടുത്ത ആപ്പിള്‍ തനിക്കു കിട്ടുമെന്ന് പ്രതീക്ഷിച്ച് അമ്മ വീണ്ടും കൈനീട്ടി. അതിലും കുഞ്ഞു കടിച്ചു. അമ്മയ്ക്കു സങ്കടം വന്നു. അവസാനം കുഞ്ഞ് ഒരാപ്പിള്‍ അമ്മയുടെ നേര്‍ക്കുനീട്ടി ചിരിച്ചുകൊണ്ടു പറഞ്ഞു: "അമ്മ ഇതു കഴിച്ചോ. ഇതിനാണ് ഒത്തിരി മധുരമുള്ളത്."
തകരാറിലായ അവയവത്തിനു പകരം മറ്റൊന്നിനായി കാത്തിരുന്ന,് ഒടുവില്‍ വിടപറഞ്ഞു പോകേണ്ടി വരുന്നവര്‍ നിരവധിയാണ്. ക്ഷീണിച്ചുവന്ന അമ്മയ്ക്ക് ഏറ്റവും നല്ല ആപ്പിള്‍ നീട്ടിയ കുഞ്ഞിനെപ്പോലെ, അണയാനായി ആളിനില്‍ക്കുന്ന ജീവിതത്തിന് ഒരു അവയവം പകുത്തുനല്കി ജീവബലം പകരാനുള്ള ഇച്ഛാശക്തി എത്രപേര്‍ക്കുണ്ട്! സ്വന്തം ശരീരത്തിന്‍റെ ആരോഗ്യം ഓരോരുത്തരുടെയും ഉത്തരവാദിത്വമാണ്. മറ്റൊരു ജീവന്‍ പൊലിയാതിരിക്കാനുള്ള ജീവാംശമായി, കരുത്തുള്ള തന്‍റെ ശരീരത്തിന്‍റെ ഒരംശം പങ്കുവയ്ക്കുക ധാര്‍മ്മിക ഉത്തരവാദിത്വമാണ്. അവയവമാറ്റ ശസ്ത്രക്രിയയിലൂടെ ജീവന്‍ പിടിച്ചുനിര്‍ത്താന്‍ കാത്തിരിക്കുന്നവര്‍ക്ക് ആവശ്യമായ അവയവം ദാനമായി നല്‍കുന്നത് ഒരു വിശുദ്ധകര്‍മ്മമാണ്, മാംസം പകുത്തു നല്കിയ അതേ ബലിയുടെ പുനരര്‍പ്പണം.
ആഗസ്റ്റ് മാസവുമായി ബന്ധപ്പെട്ട് പ്രധാനമെന്നു കരുതുന്ന ചില ചിന്തകള്‍ -അവയവദാനദിനം, സ്വാതന്ത്ര്യദിനം, പരിശുദ്ധ കന്യാമറിയത്തിന്‍റെ സ്വര്‍ഗാരോപണം, വി. ക്ലാരയുടെ ഓര്‍മ്മദിനം - വായനക്കാരുമായി ഈ ലക്കം പങ്കുവയ്ക്കുന്നു. അവയവദാനത്തെക്കുറിച്ചുള്ള സംശയങ്ങള്‍ ദൂരീകരിക്കാനും കൂടുതല്‍ അറിവുകള്‍ നേടാനുമുപകരിക്കുന്ന അനുഭവക്കുറിപ്പുകളും വൈദ്യശാസ്ത്രപരമായ ലേഖനങ്ങളും, വിശുദ്ധ ജീവിതത്തെയും ഭാരതാംബയെയും കുറിച്ചുള്ള ധ്യാനങ്ങളും.
സ്വാതന്ത്ര്യദിനത്തിന്‍റെയും പരിശുദ്ധ കന്യാമറിയത്തിന്‍റെ സ്വര്‍ഗാരോപണതിരുനാളിന്‍റെയും മംഗളങ്ങള്‍ ഏവര്‍ക്കും സ്നേഹത്തോടെ ആശംസിക്കുന്നു.
പ്രിന്‍സ് കരോട്ടുചിറയ്ക്കല്‍
Featured Posts
bottom of page