
കമ്യൂണിസം ഒരു പാര്‍ട്ടിയുടേതായതാണ് പ്രശ്നമായത്. കമ്യൂണിസം എല്ലാവരുടേതും ആകേണ്ടതായിരുന്നു. കമ്യൂണിസം തെറ്റാണെന്നു പറഞ്ഞാല്‍ ബൈബിള്‍ തെറ്റാണെന്നു പറയേണ്ടി വരും. കമ്യൂണിസം ഉട്ടോപ്പിയയാണെന്ന് പറഞ്ഞാല്‍ ക്രിസ്തുവിന്‍റെ മലയിലെ പ്രസംഗം ഉള്‍പ്പടെയുള്ള എല്ലാ പ്രബോധനങ്ങളും വെറും ഉട്ടോപ്പിയയാ ണെന്ന് പറയേണ്ടിവരും. വാസ്തവത്തില്‍, ഉട്ടോപ്പിയകള്‍ സാധ്യമാകുമ്പോള്‍ മാത്രം സംഭവി ക്കുന്നതാണ് ദൈവരാജ്യവും കമ്യൂണിസവും. ദൈവരാജ്യം ഉണ്ട് എന്നാല്‍ ഇല്ല എന്ന അവസ്ഥയില്‍ നില്‍ക്കുന്നു. കമ്യൂണിസമാകട്ടെ പരാജയപ്പെട്ടു വിസ്മൃതിയിലാണ്ടു. മനുഷ്യന്‍ പരാജയപെട്ടതു കൊണ്ടാണ് കമ്യൂണിസം പരാജയപ്പെട്ടത്. മനുഷ്യന്‍റെ അത്യാഗ്രഹത്തെ ചൂഷണം ചെയ്യാന്‍ കഴിഞ്ഞതുകൊണ്ട് മുതലാ ളിത്ത വ്യവസ്ഥിതി ഇപ്പോഴും വിജയിച്ചുകൊണ്ടി രിക്കുന്നു. മനുഷ്യന്‍റെ അത്യാഗ്രഹം എപ്പോള്‍ അവസാനിക്കുന്നുവോ അപ്പോള്‍ മാത്രം വന്നു ചേരുന്ന കാര്യങ്ങളാണ് ദൈവരാജ്യവും കമ്യൂണിസവും. അതുകൊണ്ടു തന്നെ ഇതു രണ്ടും ഉട്ടോപ്പിയകളായി എല്ലാക്കാലവും നിലനിന്നേക്കാം.
തത്വചിന്തകന്മാരായ ഹാര്‍റ്റും നെഗ്രിയും (Hardt & Negri) ചേര്‍ന്നെഴുതിയ 'എംപയര്‍' ഇരുപത്തൊന്നാം നൂറ്റാ ണ്ടിന്‍റെ കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ എന്നാണറിയ പ്പെടുന്നത്. സാമ്രാജ്യത്ത പരമാധികാരത്തെ എങ്ങനെ തോല്‍പ്പിക്കാം എന്നാണ് ഗ്രന്ഥകര്‍ത്താ ക്കള്‍ ഈ പുസ്തകത്തിലൂടെ അന്വേഷിക്കുന്നത്. പരമാധികാര നിഷ്ഠൂരതയെ എങ്ങനെ നേരിടാം, അതിന്‍റെ വിക്രിയകളെ എങ്ങനെ തുരത്താം, എപ്രകാരം അതിന്‍റെ മുന്നേറ്റങ്ങളെ നിഷ്ഫല മാക്കാം ഇതൊക്കെയാണ് ഹാര്‍റ്റും നെഗ്രിയും ഈ പുസ്തകത്തില്‍ ലക്ഷ്യമിടുന്നത്. സാമ്രാജ്യത്വത്തെ തോല്‍പ്പിക്കാനും അപകടരഹിതമാക്കാനും നമ്മുടെ മുമ്പിലുള്ള വ്യത്യസ്തങ്ങളായ മാര്‍ഗ്ഗങ്ങളായി ഗ്രന്ഥകര്‍ത്താക്കള്‍ പരിചയപ്പെടുത്തുന്നത് നിരാകര ണത്തെയും പരിത്യജിക്കലിനെയും പിന്‍വാങ്ങലി നെയും പുറപ്പാടിനെയുമാണ്. നിയന്ത്രണത്തി ന്‍റെയും അധികാരത്തിന്‍റെയും ശൃംഖലാവ്യൂഹത്തെ നമ്മള്‍ വിട്ടുപോകല്‍ കൊണ്ട് നേരിടണം, എന്നു വെച്ചാല്‍ അധികാരത്തിന്‍റെ എല്ലാ ഇടങ്ങളെയും സ്വയമേവ വിട്ടുപേക്ഷിക്കുന്നു, അനുശാസന കാലത്ത് അട്ടിമറിയായിരുന്നു പ്രധാന പ്രതിരോധ മാര്‍ഗ്ഗം. സാമ്രാജ്യത്ത അടക്കിവാഴലിന്‍റെ കാലത്ത് വിട്ടുപോകലാണ് പ്രധാന വര്‍ഗ്ഗസമരം. ഈ പുറപ്പാടിന് ഒഴിഞ്ഞുപോവുക എന്നര്‍ത്ഥമില്ല. ഇവിടെത്തന്നെ നിന്നുകൊണ്ട് പലായനത്തിന്‍റെ ഭൂരേഖകളെ സൃഷ്ടിക്കാന്‍ നമുക്ക് സാധിക്കും.
ആരാണ് ഈ നവകമ്യൂണിസത്തിന്‍റെ ആനന്ദത്തെ സാക്ഷാത്ക്കരിച്ചത്? ഹാര്‍റ്റിന്‍റെയും നെഗ്രിയുടെയും ഉത്തരം വി. ഫ്രാന്‍സിസ് അസ്സീസി എന്നാണ്. പാവപ്പെട്ടവനോടും അടിച്ചമര്‍ത്തപ്പെട്ടവ നോടും അനുരൂപം പ്രാപിച്ചു കൊണ്ട് ഫ്രാന്‍സിസ് മുതലാളിത്ത സമ്പദ്വ്യവസ്ഥിതിയുടെ ഉള്‍ക്കളി കളെ എതിര്‍ത്തു നിന്നു. ഗ്രന്ഥകര്‍ത്താക്കളെ സംബന്ധിച്ച് ഇത് ഏറെ വിപ്ലവാത്മകമായ പ്രവൃത്തി യാണ്. ഒരു കമ്യൂണിസ്റ്റ് വിപ്ലവകാരിയെപ്പോലെ ഫ്രാന്‍സീസ് ജനത്തിന്‍റെ ദാരിദ്ര്യം ഇല്ലാതാക്കുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിക്കുവേണ്ടി പരിശ്രമിച്ചു. അദ്ദേഹം സ്ഥാപിച്ച സഭ തന്നെ ആരും ഒന്നിന്‍റെ ഉടമയാകാതെ എല്ലാം പങ്കുവെച്ച് ജീവിക്കുന്ന ഒരു പുതിയ സാമൂഹ്യ സമ്പദ് വ്യവസ്ഥിതിയില്‍ ജീവിക്കുന്നതായിരുന്നു. എല്ലാ നിയന്ത്രണ വ്യവസ്ഥിതിയെയും നിരാകരിച്ചുകൊണ്ട് ശരീര ത്തിന്‍റെ പീഡനത്തിനു പകരം ആനന്ദ സാന്ദ്രമായ ഒരു ജീവിതശൈലിയെ വെച്ചുകൊണ്ട് പ്രകൃതി യെയും മൃഗങ്ങളെയും സഹോദരി ചന്ദ്രനെയും സഹോദരന്‍ സൂര്യനെയും പാടങ്ങളിലെ പക്ഷികളെയും പാവപ്പെട്ടവനെയും ചൂഷണം ചെയ്യ പ്പെടുന്ന എല്ലാവരെയും ഒരുമിപ്പിച്ച് അഴിമതിയു ടെയും അധികാരത്തിന്‍റെയും ശക്തികള്‍ക്കെതിരെ അണിനിരന്നു.
ഫ്രാന്‍സിസിന് അനുസരണം പോലും കലഹമായിരുന്നു. സഭയുടെയും ലോകത്തിന്‍റെയും അധികാരവ്യവസ്ഥിതിക്കെതിരെ സുവിശേഷം അക്ഷരാര്‍ത്ഥത്തില്‍ അനുസരിച്ചുകൊണ്ട് അദ്ദേഹം കലഹിച്ചുകൊണ്ടിരുന്നു. സുവിശേഷങ്ങളുടെ കമ്യൂണിസത്തെ ജീവിച്ച ഫ്രാന്‍സിസില്‍ ഒരിക്കല്‍ ക്കൂടി ഈ ഉത്തരാധുനിക കാലഘട്ടത്തില്‍ നമ്മള്‍ നമ്മളെത്തന്നെ കണ്ടുമുട്ടുന്നു, അധികാരത്തിന്‍റെ ദുരവസ്ഥക്കെതിരെ ജീവിതത്തിന്‍റെ ആനന്ദമുതി രുന്നതായി തിരിച്ചറിയുന്നു. ഈ വിപ്ലവത്തെ ഉന്മൂലനം ചെയ്യാന്‍ അധികാര ദുഷ്പ്രഭുത്വത്തിന് ഒരിക്കലും സാധിക്കില്ല, കാരണം കമ്യൂണിസവും വിപ്ലവവും സാഹോദര്യവും വേരുന്നിയിരിക്കുന്നത് സ്നേഹത്തിലും ലാളിത്യത്തിലും നിഷ്കളങ്കതയി ലുമാണ്. ഇതുകൊണ്ടാണ് ഒരു കമ്യൂണിസ്റ്റായിരി ക്കുന്നതില്‍ നിയന്ത്രണാതീതമായ ആനന്ദമുള്ളത്.
പ്രൊട്ടസ്റ്റന്‍ഡ് ചിന്തകനായ പോള്‍ റിക്കര്‍ വി. ഫ്രാന്‍സിസിനെക്കുറിച്ച് നടത്തുന്ന നിരീക്ഷണം ശ്രദ്ധേയമാണ്. ഫ്രാന്‍സീസ് ഒരിക്കലും മിതവ്യയത്തെ ഒരു സദ്ഗുണമായി അവതരിപ്പിക്കുന്നില്ല. ഒരു സദ്ഗുണത്തിനേക്കാള്‍ ശക്തമായ ഒരു മാര്‍ഗ്ഗമാണ് മിതവ്യയം എന്നറിഞ്ഞ് അതിനെ ഉപരോധത്തിന്‍റെ ഉപാധിയായി ഫ്രാന്‍സിസ് സ്വീകരിക്കുന്നു. ഇല്ലായ്മയെ ഭയക്കുന്ന പരമമായ സ്വത്തവകാശത്താല്‍ നയിക്കപ്പെടുന്ന, ധനതത്വത്തിലൂന്നിയ ആധുനികകാലത്തിന്‍റെ സങ്കല്പങ്ങളെ മിതവ്യയംകൊണ്ട് നേരിടാന്‍ ഫ്രാന്‍സ്സീസ് പ്രേരിപ്പിക്കുന്നു. അങ്ങനെ ധാരാളിത്തത്തിനും സുഭിക്ഷതയ്ക്കും എതിരേയുള്ള വെല്ലുവിളിയായി ഫ്രാന്‍സിസിന്‍റെ ജീവിതം മാറുന്നു. തനിക്കു ദാനമായി കിട്ടിയതെല്ലാം മറ്റുള്ളവര്‍ക്ക് ദാനമായി നല്‍കിക്കൊണ്ട് ഫ്രാന്‍സ്സീസ് അവകാശമില്ലായ്മയുടെ പുതിയൊരു ജീവിതശൈലി പ്രദാനം ചെയ്യുന്നുവെന്ന് റിക്കര്‍ മനസ്സിലാക്കുന്നു.
ഫ്രാന്‍സിസിന്‍റെ ഈ വിപ്ലവം വീണ്ടും സഭയില്‍ നടപ്പിലാക്കാന്‍ വേണ്ടിയാണ് ബെര്‍ഗോലിയോ പോപ്പായപ്പോള്‍ ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ചത്. തന്‍റെ സിംഹാസനത്തില്‍ ഇരുന്നുകൊണ്ട് കര്‍ദ്ദിനാള്‍മാരുടെ അഭിനന്ദനം സ്വീകരിക്കുന്നതിനു പകരം എഴുന്നേറ്റ് നിന്നു കൊണ്ട് ആദരം സ്വീകരിച്ചത്. വളരെ പ്രത്യേകമായ വിധത്തില്‍ തുന്നിയ ചുവന്ന ളോഹയ്ക്കു പകരം സാധാരണമായ വെളുത്ത പോപ്പിന്‍റെ വസ്ത്രം ധരിച്ചുകൊണ്ട് ജനത്തെ അഭിമുഖീകരിച്ചത്. സാധാരണയായി ഒരു പോപ്പ് ധരിക്കാറുള്ള സ്വര്‍ണ്ണ കുരിശിനു പകരം അദ്ദേഹം കര്‍ദ്ദിനാളായിരുന്ന പ്പോള്‍ ധരിച്ചിരുന്ന അതേ ഇരുമ്പുകൊണ്ടുള്ള കുരിശ് അദ്ദേഹം ധരിച്ചത്. അതിലും അത്ഭുതപ്പെടുത്തുന്നതായിരുന്നു അദ്ദേഹത്തിന്‍റെ മാനവികത, ജനങ്ങളെ പ്രാര്‍ത്ഥിച്ചനുഗ്രഹിക്കുന്ന തിനു മുന്‍പ് അദ്ദേഹം ജനങ്ങളുടെ പ്രാര്‍ത്ഥനക്കായ് അപേക്ഷിച്ചു. ആരുടെ കാലാണ് ഒരു പുരോഹിതന്‍ കഴുകേണ്ടതെന്ന് കാണിച്ചു തന്നു. ബ്രസീലുകാര നായ കര്‍ദ്ദിനാള്‍ ക്ലൗഡിയോ ഹ്യുമസ് അദ്ദേഹ ത്തിന്‍റെ കാതില്‍ പറഞ്ഞു, 'പാവപ്പെട്ടവനെ മറക്കരുത്.' അങ്ങനെ പാവപ്പെട്ടവനെ മറക്കാതിരി ക്കാനായി അദ്ദേഹം ഫ്രാന്‍സിസ് എന്ന പേരു സ്വീകരിച്ചുകൊണ്ട് പറഞ്ഞു, "സമൂഹവും സഭാധി കാരികളും ആര്‍ഭാടത്തിലും അഹന്തയിലും വ്യര്‍ത്ഥതയിലും മുഴുകിയിരുന്നപ്പോള്‍ ഇതിനെ തിരായി ദാരിദ്ര്യം എന്ന ആശയവുമായി അദ്ദേഹം വന്നു. ഫ്രാന്‍സിസ് ചരിത്രത്തെ മാറ്റിമറിച്ചു." മഹാപ്രതാപവാനും ശക്തനും സമ്പന്നനുമായ ഇന്നസെന്‍റ് മൂന്നാമന്‍ പാപ്പയുടെ കാലത്താണ് ഫ്രാന്‍സിസ് ഈ വിപ്ലവ ജീവിതത്തിന് തുടക്കമിട്ടത്. പിന്നീട് സുവിശേഷത്തിലധിഷ്ഠിതമായ ഫ്രാന്‍സി സിന്‍റെ നിയമാവലിക്ക് അംഗീകാരം നല്‍കിക്കൊണ്ട് സഭയുടെ തെറ്റുകള്‍ തിരുത്തപ്പെടേണ്ടതാണെന്ന് ഇന്നസെന്‍റ് പാപ്പ മനസ്സിലാക്കി.
തന്‍റെ സന്ദേശങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പോകുന്ന ഒരു ചെറിയ അജഗണത്തെ ക്രിസ്തു സ്വപ്നം കണ്ടതുപോലെയാണ് ഫ്രാന്‍സിസ് അപ്രധാന മനുഷ്യരുടെ സഭ സ്ഥാപിച്ചത്. തന്‍റെ സഭാംഗങ്ങള്‍ മൈനേഴ്സ് ആയിരിക്കണമെന്ന് പറയുമ്പോള്‍ അതു സത്യത്തിനു വേണ്ടിയുള്ള നിലപാടായി മാറുന്നു. കാരണം സത്യമെന്താണെന്ന് മനസ്സിലാക്കുന്നത് അപ്രധാനരും ന്യൂനപക്ഷവുമെന്ന് പറഞ്ഞു നമ്മള്‍ തള്ളിമാറ്റുന്ന മനുഷ്യരാണ്. സമൂഹത്തിലെ പ്രധാന മനുഷ്യര്‍ സത്യത്തെ ഓരങ്ങളിലേക്ക് തള്ളിനീക്കി ചതിയിലും ചൂഷണത്തിലും അഭിരമിക്കുന്നതു കണ്ടപ്പോഴാണ് ഫ്രാന്‍സിസ് തന്‍റെ സുഹൃത്തു ക്കളോട് പറഞ്ഞത് 'വരൂ, നമുക്ക് സമൂഹത്തിന്‍റെ ഓരങ്ങളില്‍ പോയി ജീവിക്കാം'. എപ്പോഴാണ് എന്തെങ്കിലും അതിന്‍റെ അധീനപ്രദേശങ്ങള്‍ വിട്ടുകൊണ്ട് ദേശാന്തരത്തിനൊരുങ്ങുന്നത് അപ്പോഴത് അപ്രധാനപക്ഷമായി മാറുന്നുവെന്ന് തത്വചിന്തകനായ ഡെല്യൂസ് എഴുതുന്നു. കാഫ്കയെ സംബന്ധിച്ച് ന്യൂനപക്ഷം അഥവാ അപ്രധാനപക്ഷം ഇനി വരാനിരിക്കുന്ന ഒരു സമൂഹമാണ്. വി. ഫ്രാന്‍സിസ് സഞ്ചരിച്ചത് ഇനിയും വരാനിരിക്കുന്ന ഒരു കാലത്തിലേക്കായിരുന്നു. ഇനിയും വരാനിരിക്കുന്ന കാലം മനുഷ്യന്‍റെതാണ്, കമ്യൂണിസത്തിന്‍റെതാണ്, ദൈവരാജ്യത്തി ന്‍റെതാണ്.
"ഫ്രാന്‍സിസിന് അനുസരണം പോലും കലഹമായിരുന്നു. സഭയുടെയും ലോകത്തിന്‍റെയും അധികാരവ്യവസ്ഥിതിക്കെതിരെ സുവിശേഷം അക്ഷരാര്‍ത്ഥത്തില്‍ അനുസരിച്ചുകൊണ്ട് അദ്ദേഹം കലഹിച്ചുകൊണ്ടിരുന്നു. സുവിശേഷങ്ങളുടെ കമ്യൂണിസത്തെ ജീവിച്ച ഫ്രാന്‍സിസില്‍ ഒരിക്കല്‍ക്കൂടി ഈ ഉത്തരാധുനിക കാലഘട്ടത്തില്‍ നമ്മള്‍ നമ്മളെത്തന്നെ കണ്ടുമുട്ടുന്നു"