top of page

ചരിത്രത്തിന്‍റെ മൂവന്തിപ്രഭയില്‍ സ്ഥലകാലങ്ങളെ വകഞ്ഞുവച്ചുകൊണ്ട് വളര്‍ന്നു നില്‍ക്കുന്ന വിരാട് രൂപിയായ ഒരാളെ കുറിച്ചെഴുതുമ്പോള്‍ കൈകള്‍ വിറയ്ക്കില്ല. പക്ഷെ മരിച്ചുകൊണ്ടിരുന്ന ഒരു ലോകത്തിന് ശ്വാസം പകര്‍ന്ന ഒരാളെക്കുറിച്ച് വരിയിട്ടെഴുതുമ്പോള്‍ വാക്കുകളുടെ കൊച്ചിതളുകള്‍പോലും കൊഴിച്ചിടാനാവാതെ വിരലുകള്‍ തെന്നിമാറുന്നു. ഒരു വിശ്വാത്ഭുതപുരുഷനാണ് അസ്സീസിയിലെ വി. ഫ്രാന്‍സിസ്. കരുണയുടെ കാവല്‍ക്കാരനായ ഒരു കുബേരനെ നിങ്ങള്‍ വഴിയിലെങ്ങാനും വച്ച് കണ്ടിരുന്നോ എന്ന് ഒരു സൂഫി കവി ചോദിച്ചത് ഫ്രാന്‍സിസിനെ കുറിച്ചുതന്നെയായിരുന്നു. ആത്മീയത എന്ന സത്തയെ ഇത്രയും സര്‍ഗാത്മകമാക്കിയ വേറൊരു 'മനുഷ്യനെ' നാം കറുത്ത ചരിത്രത്തിന്‍റെ ഭൂപടത്തില്‍ കാണുകയില്ല. ഒരു മനുഷ്യന് എങ്ങനെയാണ് നിത്യഗംഭീരനായി നിലനില്‍ക്കാനാവുന്നത്. യുദ്ധത്തെ കൊണ്ട് സമാധാനം സ്ഥാപിക്കാന്‍ നിഷ്കളങ്കതയുടെ അരപ്പട്ട കെട്ടിയ വേറൊരു വിശുദ്ധനെ കുറിച്ച് ചരിത്രത്തില്‍ ഒരിടത്തും രേഖീകരണങ്ങളില്ല. അതിമാനുഷച്ഛായ വഹിക്കുന്ന ഒരാളായിട്ടല്ല ഫ്രാന്‍സിസിനെ ലോകം ചിത്രീകരിക്കുന്നത്. ഭൂമിയുടെ ചോട്ടിലുള്ള എല്ലാറ്റിനെയും വളര്‍ച്ചയുടെ പൂര്‍ണ്ണതയിലേക്കു നയിച്ച ഒരു അശ്വത്ഥവൃക്ഷമാണ് ഫ്രാന്‍സിസ്. അതുകൊണ്ടായിരിക്കണമല്ലോ ഫ്രാന്‍സിസ് പരിസ്ഥിതിയുടെ മദ്ധ്യസ്ഥനായി (Patron of Ecology) നാമകരണം ചെയ്യപ്പെട്ടത്. ക്രിസ്തുവിന്‍റെ പ്രബോധനങ്ങളില്‍ പ്രകാശിച്ചു നില്‍ക്കുന്ന ഒരാള്‍ക്കേ പരിസ്ഥിതിയുടെ വാതില്‍ ശബ്ദമില്ലാതെ തുറക്കാനാകൂ. അതുകൊണ്ടാണ് കാലവും കര്‍മ്മവും ഇന്നും ഈ പാരിസ്ഥിതികജ്ഞാനിയുടെ ദാസന്മാരായി നിലനില്‍ക്കുന്നത്.
ക്രിസ്തു എന്ന ദൈവസ്ഥിതിയിലേക്ക് ഒരാള്‍ ഉയര്‍ത്തപ്പെടണമെങ്കില്‍ ശബ്ദിക്കുന്ന സമയമണികള്‍ നോക്കി ജീവിക്കാതിരിക്കൂ എന്നു ലോകത്തോട് വിളിച്ചു പറഞ്ഞ ഒരാള്‍ എല്ലാ ഭൗതിക സത്തകളെയും അഡ്രസ് ചെയ്യുന്നത് രണ്ട് വാക്കുകള്‍ കൊണ്ടാണ്. 'സോദരാ/സോദരി' എന്നീ വാക്കുകള്‍ക്ക് പ്രപഞ്ചബന്ധുവായ കാലത്തോട് മുറിച്ചുമാറ്റാനാവാത്ത കണ്ണിചേര്‍ത്തത് ഫ്രാന്‍സീസാണ്. ഭൂമിയെ സുഭിക്ഷമായി തീറ്റിപ്പോറ്റുന്നത് നമ്മുടെ ജൈവവാസമൊക്കെയാണെന്ന തത്വബോധമാണ് ഈ പുരുഷായുസ്സ് കൈമാറിയത്. പ്രകൃതിയുടെ സൗന്ദര്യ വിജ്ഞാപനത്തിലാണ് ദൈവത്തിന്‍റെ ശോഭ കെടാതെ പടര്‍ന്നേറി നില്‍ക്കുന്നതെന്ന് ഫ്രാന്‍സിസിന്‍റെ തലയില്‍ അച്ചടിച്ചുവെച്ചിരിക്കുന്ന 'സോദരാ/സോദരി' പ്രയോഗങ്ങളില്‍ നിന്നാണ് നാം പകര്‍ന്നെടുക്കുന്നത്. ആത്മാവ് ഒരാള്‍ക്ക് വിജ്ഞാനത്തിന്‍റെ വാക്കുകള്‍ നല്‍കുമ്പോള്‍ അയാള്‍ ഒരു വിശുദ്ധ കവിയായി രൂപാന്തരപ്പെടുന്നു. പ്രകൃതിയില്‍ സ്വത്വത്തെ ലയിപ്പിച്ചെടുത്ത ഫ്രാന്‍സിസ് ശരിക്കും ഒരു ക്രിസ്തു ദാഹിയായ ഉന്മാദക്കാരനാകുന്നത് ഒരു പൊയറ്റിക് ഡിക്ഷനിലേക്ക് (Poetic diction) ആ ശരീരം കടക്കുമ്പോഴാണ്. കടലിനെ ശാന്തമാക്കിയ ക്രിസ്തുവിന്‍റെ നിശ്ശബ്ദ സാന്നിധ്യം ഫ്രാന്‍സിസിലും അങ്ങനെ രൂപം കൊള്ളുകയാണ്. ഈ വിധം തിന്മയുടെ ഭാരം കുറഞ്ഞ ഒരു മനുഷ്യനിലാണ് 'സോദരാ/സോദരീ' പ്രയോഗങ്ങള്‍ അവയുടെ ജൈവമാറ്റങ്ങള്‍ക്കു നിന്നു കൊടുക്കുന്നത്. ഈ പരസ്യവിശദീകരണത്തെ ഉദ്ധരിച്ചാല്‍ നമ്മുടെ ബുദ്ധിയെ കീഴടക്കാനും ആത്മാവിനെ പുനരുദ്ധരിക്കാനുമുള്ള ജ്ഞാനഖണ്ഡങ്ങള്‍ തുറന്നു കിട്ടും. സൗന്ദര്യം പ്രകൃതിയുടെ സത്യത്തെ ദൃഢാവരണങ്ങളാല്‍ മറച്ചുവെച്ചിരിക്കുകയാണെന്നും അതിന്‍റെ ആത്മീയമായ ആരംഭങ്ങള്‍ കാണാന്‍ ധ്യാനത്തിന്‍റെ ഒരു പുതിയ ശിരസ്സ് ആവശ്യമാണെന്നും പ്രഖ്യാപിച്ച ഒരേയൊരു വിശുദ്ധ കവിയാണ് ഫ്രാന്‍സിസ്.
കവിത ജീവിച്ച കവി
ലോകത്തെ ഒരു കവിതയായി ഭാവന ചെയ്യുക. ഒരു വലിയ ക്യാന്‍വാസായി ചിത്രീകരിക്കുക. അവിടെ ക്രിസ്തുവിന്‍റെ ഓരോരോ ഭാവങ്ങളെ കുറിച്ചും വരച്ചും വെയ്ക്കുക. ശരീരത്തിലെ എല്ലാ ഇന്ദ്രിയങ്ങളെയും ജനാലകളായി സങ്കല്‍പ്പിക്കുകയും അവയെ എപ്പോഴും പ്രകൃതിയിലേക്ക് തുറന്നു വെയ്ക്കുകയും ചെയ്യുക. ഇതൊക്കെ ഒരു സാധാരണ മനുഷ്യന്‍ കാട്ടുന്ന മാനസിക അരങ്ങുകളല്ല. ഇതു നിശ്ശബ്ദത എന്ന ആയുധത്തിന്‍റെ പ്രയോഗമാണ്. അങ്ങനെ ഫ്രാന്‍സിസ് സ്വയം ഒരു കവിതയായി മാറുകയായിരുന്നു. ഒ.പി. സുരേഷ് എന്ന കവിയുടെ 'ജലശില്‍പ്പം' എന്ന ശീര്‍ഷകത്തില്‍ ഒരു കവിതയുണ്ട്. ആ കവിതയിലെ ചില വരികള്‍ ഫ്രാന്‍സിസിന്‍റെ വെജിറ്റേറിയന്‍ സ്പിരിച്വാലിറ്റിയെ വ്യാഖ്യാനിക്കാന്‍ ഉപകരിക്കുന്നതാണ്.
എല്ലാ അറിവുകളും ആളിക്കത്തുന്നഅപാരജ്ഞാനത്തിന്‍റെ ജ്വാലകള്‍ പുതച്ചോപ്രപഞ്ചസാരങ്ങളടങ്ങിയൊതുങ്ങുന്നകുടുസ്സുകുഴിയിലേക്കിറങ്ങികിടന്നോഅവരുടെ ഓര്‍മ്മകള്‍ സൂഷുപ്തിയിലായിരിക്കും-ജലശില്പം/ഒ.പി.സുരേഷ്.പഞ്ചഭൂതങ്ങളായ ഭൂമി, ജലം, അഗ്നി, വായു, ആകാശം എന്നിവയുടെ ആത്മീയ പ്രാമാണ്യതയെ വചനങ്ങളിലൂടെ ബോധിപ്പിക്കുന്ന ഫ്രാന്‍സിസിന്‍റെ കാന്‍റിക്കിള്‍ ഓഫ് ക്രീച്ചേഴ്സ് (Canticle of creatures) എല്ലാ അറിവുകളും ആളിക്കത്തുന്ന അപാരജ്ഞാനത്തിന്‍റെ ജ്വാലകള്‍ പുതച്ചുകിടക്കുന്നവ തന്നെയാണ്. ആത്മീയ അജ്ഞാനികള്‍ക്കുള്ള ഗന്ധരസപ്രധാനമായ ജ്ഞാനങ്ങളാണ് കാന്‍റിക്കിളിലുള്ളത്.
ഫ്രാന്‍സിസ് "Mother earth'എന്ന പദത്തിന്‍റെ നിഗൂഢതയില്‍ അത്ഭുതങ്ങളെ കോര്‍ത്തുവെച്ചിട്ടുണ്ട്. പ്രപഞ്ചത്തിന്‍റെ മധുരവശീകരണങ്ങളുടെ പ്രതിരോധസ്ഥാപനമായി ഫ്രാന്‍സിസിന്‍റെ ശരീരപ്രകൃതം മാറുന്നതാണ് നാം കാണുന്നത്. പ്രപഞ്ചം എന്ന ക്യാന്‍വാസിലെ ജീവന്‍ തുടിക്കുന്ന സ്വത്വങ്ങളായി നിങ്ങള്‍ മാറുകയെന്നോ, പ്രതിമകളായി മാറാതിരിക്കുക എന്നതോ ഒക്കെയാണ് അതിന്‍റെ വിവക്ഷകള്‍. അതുകൊണ്ടുതന്നെ ഫ്രാന്‍സിസിന് പ്രകൃതി എന്ന ചുവരില്‍ തന്‍റെ ശരീരത്തെ അതിന്‍റെ പര്യായങ്ങളായി സ്ഥാനപ്പെടുത്താന്‍ കഴിഞ്ഞു. 'സോദരാ/സോദരീ' പ്രയോഗങ്ങള്‍ക്ക് ഒരുതരം ഇക്കോളജിക്കല്‍ അര്‍ത്ഥദാനങ്ങളാണുള്ളതെന്ന് കവിത തന്നെയായ ഫ്രാന്‍സിസ് പ്രവചിക്കുകയായിരുന്നു.
Brother SunSister MoonBrothers wind and AirSister WaterBrother FireSister death-St. Francis of Assisiശബ്ദസ്പര്‍ശ രൂപഗുണമുള്ള പദാര്‍ത്ഥങ്ങളെ "Brother / Sister' എന്നിങ്ങനെ സംബോധന ചെയ്യുന്നതിന്‍റെ ആത്മീയ രാഷ്ട്രീയം നമുക്ക് മനസ്സിലാകും. പക്ഷെ "Sister death' എന്ന് മരണത്തെ ദൈവഹിതപ്പെടുത്തുമ്പോള്‍ അയാള്‍ ക്രിസ്തുവിന്‍റെ അനുശാസനങ്ങളുടെ നിത്യപാലകനായി മാറുകയാണ്. ഇതിനെ മൊത്തത്തില്‍ ക്രോഡീകരിച്ചാണ് "Mother Earth' എന്ന സര്‍വ്വസഞ്ചയത്തെ ഫ്രാന്‍സിസ് പ്രകീര്‍ത്തിക്കുന്നത്. ദൈവത്തിന്‍റെ ബാക്കിയെല്ലാ മഹത്ക്രിയകളുടെയും വിവരണപത്രികയാണ് ഭൂമി എന്ന് ഫ്രാന്‍സിസിലെ വിശുദ്ധ കവി വിശ്വസിക്കുന്നു. ഭൂമി എന്ന താഴത്തെ പടവിന്‍റെ ആത്മീയഭംഗി നുകരാനാവാത്തവര്‍ക്ക് മുകളിലത്തെ പടവുകളായ സൂര്യനെയും ചന്ദ്രനെയും ഒന്നും ഭൗതികമായിപ്പോലും ഉള്‍ക്കൊള്ളാനാവില്ല എന്നു തന്നെയാണ് ഈ അഭിസംബോധനയുടെ വെറ്റ്സ്പേസ് നമുക്ക് പറഞ്ഞു തരുന്നത്.
അനുബന്ധംഅപൂര്‍വ്വം ചില കവികള്‍പ്രൈമറി സ്കൂള്‍ അധ്യാപകരെ പ്പോലെയാണ്.ഗ്രാമത്തിനു വെളിയില്‍ അവര്‍ അറിയപ്പെടാറില്ലഎങ്കിലും നിത്യം മുന്നില്‍ വന്നിരിക്കുന്നപിഞ്ചുകുഞ്ഞുങ്ങളുടെ ദൈവദീപ്തമായ കണ്ണുകള്‍അവരെ ശുദ്ധീകരിച്ചുകൊണ്ടിരിക്കും.വിശ്വപ്രസിദ്ധിയുടെയോ അനശ്വരതയുടെ യോവ്യാമോഹങ്ങളും ഉല്‍ക്കണ്ഠകളുംഇല്ലാതെ ഒരു ദിവസം അവര്‍സംതൃപ്തിയോടെ ദൈവത്തിലേക്കു പെന്‍ഷന്‍പറ്റും-പലതരം കവികള്‍/ബാലചന്ദ്രന്‍ ചുള്ളിക്കാട്
അത്ഭുതങ്ങളുടെ പേരില്‍ ലോകപ്രശസ്തനായ വിശുദ്ധ കവിയല്ല ഫ്രാന്‍സിസ്. മറിച്ച് ക്രിസ്തു എന്ന പരമപദത്തിലേയ്ക്കുള്ള മാര്‍ഗദര്‍ശനത്തിന്‍റെ കാവല്‍ക്കാരനായിട്ടാണ് ഫ്രാന്‍സിസ് ചരിത്രത്തിന്‍റെ താളില്‍ രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഈ യുറാനസില്‍ ഫലം തരുന്ന പതിരുകളുമുണ്ടെന്ന് ലോകത്തോട് വിളിച്ചു പറഞ്ഞ ഒരു പുണ്യശരീരത്തോടൊപ്പം നില്‍ക്കുകയാണ് പ്രധാനം.
Featured Posts
Recent Posts
bottom of page